ദുരൂഹത നിറഞ്ഞ വീട്
വൈകിട്ട് നാല് മണിയായി.
കൊച്ചടുക്കളയില്‍ അമ്മുവും അപ്പുവും ഒത്തുകൂടി. അവിടെയാണ് കുളിരന്റെ പ്രധാന വാസസ്ഥലം. ചാമ്പല്‍ക്കൂട്ടില്‍ കുളിരനെ കണ്ടില്ല. അവന് ഇതുവരെ വന്നില്ലേ? കാത്തിരുന്ന് മടുത്ത് കുളിരന് ഇങ്ങോട്ടുപോന്നു എന്നാണ് കരുതിയത്.
ചില പൊരിഞ്ഞ ചിന്തകളിലായിരുന്നു അപ്പുവും അമ്മുവും. രാവിലെ നടത്തിയ അന്വേഷണയാത്രയെ മുന്‍നിര്‍ത്തിയുള്ളതായിരുന്നു അത്.
അമ്മു തന്റെ നിഗമനങ്ങള്‍ പങ്കുവച്ചു. അത് ഇവയായിരുന്നു: പശുക്കുട്ടിയെ രാത്രിയിലാണ് കൊണ്ടുപോയിരിക്കുന്നത്.
ഉല്‍സവം കഴിഞ്ഞതിന്റെ പിറ്റേന്ന് രാത്രിയിലാണ് മോഷണം നടന്നിരിക്കുന്നത്. പതിവിലും കൂടുതല്‍ ഗാഢമായ ഉറക്കത്തിലാണ് എല്ലാവരും. രാത്രി പുറത്തിറങ്ങുന്നവര്‍ കുറവാണ്. ആ ദിവസം മോഷണത്തിനായി മനപ്പൂര്‍വം തിരഞ്ഞെടുത്തതാണ്.
അപ്പുവിന് ദേഷ്യംവന്നു. അവന് ഹോംവര്‍ക്ക് ചെയ്യുകയായിരുന്നു. അതിനിടയിലാണ് അമ്മു വിളിച്ചുകൊണ്ട് വന്നിരിക്കുന്നത്. ഇതുപറയാനായിട്ടാണോ ഇവള് വിളിച്ചത്.
”എല്ലാം ശരി. പശുക്കുട്ടിയെ കള്ളന്മാര് കൊണ്ടുപോയില്ലേ. അവര്‍ അതിനെ ദൂരെ എവിടെയെങ്കിലും കൊണ്ടുപോയി വിറ്റുകാണും. ഇനി അതിനു പുറകേ പോയിട്ടെന്താ?” അപ്പു തലചൊറിഞ്ഞു.
”എന്റെ കണക്കുകൂട്ടല്‍ ശരിയാണെങ്കില്‍ പശുക്കുട്ടി ഗ്രാമത്തിന് പുറത്തേക്ക് പോയിട്ടില്ല.”
അപ്പുവിന്റെ കണ്ണുകള്‍ വിടര്‍ന്നു.
”എങ്ങനെ മനസ്സിലായി?”
”നമ്മള് പോയ വഴിയില്‍ ഒരു പിക്കപ്പ് വാന്‍ കിടന്നത് നീ കണ്ടില്ലേ?”
”ഉവ്വ്, കേടായ ഒന്ന്. അടുത്ത് അതിന്റെ ആള്‍ക്കാരും ഉണ്ടായിരുന്നല്ലോ.”
”ഞാന്‍ അതിലേക്ക് എത്തിവലിഞ്ഞ് നോക്കിയിരുന്നു.”
”എന്നിട്ട്?”
”അതിനകത്ത് പശുവിന്റെ ചാണകം കിടപ്പുണ്ട്.”
”നീ പറയുന്നത് പശുക്കുട്ടിയെ അതിലാണ് കൊണ്ടുപോയത് എന്നാണോ?”

”അതുതന്നെ.”
”നേരത്തേ ഏതെങ്കിലും പശുവിനെ കയറ്റിയതാണെങ്കിലോ?”
”ആകാന്‍ സാധ്യത കുറവാണ്. ആ ചാണകം അത്ര ഉണങ്ങീട്ടില്ല.”
”അതിനര്‍ഥം പശുക്കുട്ടി ഇവിടെ എവിടെയോ ഉണ്ടെന്നാണോ?”
”ഞാന്‍ പറഞ്ഞില്ലേ അപ്പൂ, പ്രതീക്ഷയുണ്ട്. ഉറപ്പില്ല. നമുക്ക് അന്വേഷിക്കണം. വണ്ടികേടായതിനാല് അതിനെ എവിടെയെങ്കിലും ഒളിപ്പിച്ചിരിക്കാം.”
”എവിടെയാണെന്ന് വല്ല പിടിയും ഉണ്ടോ?”
”നീ റെഡിയാക്. നമുക്കൊരിടംവരെ പോണം. മറ്റാരും അറിയണ്ട. ചില അന്വേഷണങ്ങള്‍ വേണം.”
”അമ്മ തിരക്കില്ലേടീ?”
”ഇരുട്ടുന്നതിനുമുന്പ് നമുക്ക് തിരിച്ചുവരാം.”
അപ്പോഴേക്കും കുളിരന് ഓടിപ്പാഞ്ഞെത്തി. അമ്മുവിനുനേരെ കുതിച്ചുചെന്നു.
”എന്നെപ്പറ്റി വല്ല വിചാരോം നിനക്കുണ്ടോ. ചത്തോ ജീവിച്ചിരിപ്പുണ്ടോന്ന് അന്വേഷിച്ചോ?”
”നിന്നെത്തിരക്കി അമ്പലത്തിനു മുന്നീ എത്രനേരംനിന്നു. നിന്നെക്കാണാനില്ല. കൂടെ വരാന്‍ വിളിച്ചതല്ലേ?”
”എന്റെമ്മോ ഒരു പട്ടി എന്നെപ്പിടിക്കാന്‍ വന്നമ്മൂ. ആനേടത്രേം ഉണ്ട്. ഞാനിത്രേംനേരം മരത്തില്‍ കയറി ഇരിക്കാരുന്നു. അവന് പോയാലല്ലേ താഴത്തിറങ്ങാന്‍ പറ്റൂ”
”വേഗം റെഡിയാവ്. നമുക്കൊരിടംവരെ പോണം.”
”നിങ്ങളോടൊപ്പം ഒരിടത്തേക്കും എന്നെ പ്രതീക്ഷിക്കേണ്ട. ഞാന്‍ വരില്ല.”
പശുക്കുട്ടിയെ അന്വേഷിച്ചുള്ള യാത്രയാണെന്ന് കേട്ടപ്പോ കുളിരനും ആവേശമായി.
”നീയുള്ളതല്ലേടാ ഞങ്ങള്‍ക്ക് ധൈര്യം.” അമ്മു കൂട്ടിച്ചേര്‍ത്തു. അതുകേട്ടതോടെ കുളിരന് കൂടുതല്‍ പ്രസാദിച്ചു.
”നിങ്ങള്‍ റെഡിയായിക്കോ. ഞാന്‍ എന്തേലും കഴിച്ചിട്ട് വരാം.” കുളിരന് അടുക്കളയെ ലക്ഷ്യമാക്കി നീങ്ങി. അമ്മാമ്മ അവനെയും കാത്തിരിപ്പാണ്.
പാന്റ്സും ഷര്‍ട്ടുമാണ് അമ്മു ധരിച്ചത്. അപ്പുവിന്റെ പഴയതൊന്നായിരുന്നു അത്. സാഹസയാത്രയ്ക്ക് പറ്റിയ വേഷം ഇതാണ്. അവള് അഭിപ്രായപ്പെട്ടു. ഉല്‍സവപ്പറമ്പില്‍ നിന്നും വാങ്ങിയ തൊപ്പി തലയില്‍ വച്ചു. പാന്റ്സിന്റെ പോക്കറ്റില്‍ തോക്കും തിരുകിവച്ചു.
”തോക്ക് എന്തിനാടീ അമ്മൂ” അപ്പു കളിയാക്കി.
”ഇരിക്കട്ടെ. നമ്മള് ഡിറ്റക്റ്റീവുകളാ. പശുക്കുട്ടിയെ തേടിപ്പോകുന്ന ഡിറ്റക്റ്റീവുകള്‍. അവരുടെ കയ്യില്‍ തോക്കുണ്ടാവും. തലയില്‍ തൊപ്പീം!”
അതുകേട്ടപാടെ അപ്പുവും ഓടിപ്പോയി തോക്കെടുത്തു. തൊപ്പി തലയില്‍ തിരുകി.
കുഞ്ഞൊരു തൊപ്പി തനിക്കും ആവാമായിരുന്നെന്ന് കുളിരന് തോന്നി.
”നമ്മള് എവിടേക്കാടീ അമ്മൂ പോകുന്നത്?”
”രാവിലെ പോയില്ലേ അതേ വഴി.”
”ആ പാറപ്പുറത്തേക്കോ?”
”അല്ല, അതിന് താഴേക്ക്.”
”അവിടെ ആളുതാമസമൊന്നുമില്ല. പോരാത്തതിന് പ്രേതങ്ങളും”
”അവിടെ ആള് താമസമുണ്ട്.”
”അപ്പൊ, രമണിചേച്ചി പറഞ്ഞതോ?”
”അവര്‍ക്ക് അറിയില്ലായിരിക്കും. ഇല്ലേല് കള്ളംപറഞ്ഞതായിരിക്കും.”
”അവിടെ ആള്‍ക്കാരുണ്ടെന്ന് എന്താ ഉറപ്പ്?”
”അവിടെനിന്നും പുക ഉയരുന്നുണ്ടായിരുന്നു.”
”അത് കാടിനകത്ത് വല്ലതും കത്തിയതാകും”
”അല്ലന്നേ, അടുപ്പിന്റെ പുകക്കുഴലില്‍ നിന്നും വന്ന പുകയാണ്. ഞാനത് ശ്രദ്ധിച്ചിരുന്നു.”
”പശുക്കുട്ടി അവിടുണ്ടാവുമോ?”
”അധികം ശ്രദ്ധിക്കാത്ത ഒരിടമാണ്. കള്ളന്മാര്ക്ക് അവിടെ ഒളിപ്പിക്കാം. പിന്നീടെപ്പോഴെങ്കിലും മാറ്റുകയുമാവാം.”
അവര്‍ പാറയുടെ ചരിവിലേക്കിറങ്ങി. കുറ്റിക്കാടാണ്. ഇടയ്ക്ക് മരങ്ങളുമുണ്ട്. അവരെക്കാള്‍ വലുപ്പത്തില്‍ പുല്ല് വളര്‍ന്നുനില്‍പ്പുണ്ട്.
”ഇതാ ഒരു വഴി.” അപ്പു കുന്തന്പുല്ലുകള്ക്കിടയില് നടവഴി കണ്ടെത്തി. തെളിഞ്ഞ വഴിയാണ്. പതിവായി ആരോ ഇതിലേ പോകുന്നുണ്ട്. അതിനര്‍ഥം കാടിനകത്ത് വീടുണ്ട് എന്നുതന്നെ. അപ്പു തന്റെ ചിന്താഗതി പങ്കുവച്ചു. പക്ഷേ കാട്, വീടിനെ മറച്ചുപിടിച്ചിരിക്കയാണ്.
കുറേക്കൂടി നടക്കുമ്പോള്‍ ഒരു വീട് കാണാനായി. ഓടിട്ട വീടാണ്. വീടിന്റെ പിന്നില്‍ പുകക്കുഴല്‍ ഉയരത്തില്‍ നില്‍പ്പുണ്ട്. വീടിന് ചുറ്റും കൃഷിയുണ്ട്. മുന്‍വശത്തായി കിണറുണ്ട്.

വീട്ടിനു മുന്നില്‍ ഒരാള്‍ നില്‍പ്പുണ്ടായിരുന്നു. നാല്‍പ്പത് നാല്‍പ്പത്തഞ്ച് വയസ്സ് തോന്നിക്കും. കട്ടിമീശ. ഉടുപ്പൊന്നും ഇട്ടിട്ടില്ല. മാവിന്റെ ചോട്ടില് ഒരു പശുവിനെ കെട്ടിയിരിക്കുന്നു. പശു വെള്ളംകുടിക്കുന്നത് നോക്കിനില്‍പ്പായിരുന്നു അയാള്‍.
അടുത്തൊരു തൊഴുത്തും കണ്ണില്‍പ്പെട്ടു. അത് ഷീറ്റുമേഞ്ഞതാണ്. ടാര്പ്പോളിന് ഷീറ്റുകൊണ്ട് തൊഴുത്ത് മറച്ചിട്ടുണ്ട്.
മുറ്റത്ത് രണ്ട് കുട്ടികളെക്കണ്ട് അയാള്‍ക്ക് അതിശയമായി. കുളിരന് അകലംപാലിച്ച് നിന്നതേയുള്ളൂ.
”കാട് കാണാനിറങ്ങിയതാണ് മാമാ. കുറച്ച് വെള്ളംതരുമോ?” അമ്മു ചോദിച്ചു.
അയാള്‍ വെള്ളംഎടുക്കാന്‍ അകത്തേക്കുപോയി. അകത്തേക്ക് കയറിയിട്ട് സംശയഭാവത്തില്‍ പുറത്തിറങ്ങി. വീണ്ടും അകത്തേക്ക് നീങ്ങി. ആ നേരംകൊണ്ട് അമ്മു വീടിന് വലതുവച്ചുവന്നു. അവിടമാകെ തന്റെ കുഞ്ഞിക്കണ്ണുകള്‍കൊണ്ട് അളന്നെടുത്തു.
അയാള്‍ മൊന്തയില്‍ വെള്ളവുമായി വന്നു. രണ്ടുപേര്‍ക്കും ദാഹിക്കുന്നുണ്ടായിരുന്നു.
”ഈ പശൂനെ കറക്കുന്നതാണോ മാമാ?”
അതിന്റെ അകിടുകണ്ടാല് കറവയില്ലാത്ത പശുവെന്ന് വ്യക്തമായിരുന്നു.
”അല്ല മോളേ.”
”പിന്നെ അവിടൊരു പശുക്കുട്ടി നില്ക്കുന്നതോ?” അവള് തൊഴുത്തിലേക്ക് വിരല്‍ചൂണ്ടി.
”അതിന്റെ തള്ളയെ മേയാന്‍ വിട്ടിരിക്കയാണ്. കുറച്ചുകൂടി കഴിയുമ്പഴേ തിരിച്ചുവരൂ.”
അപ്പു അപ്പോഴാണ് പശുക്കുട്ടിയെ കണ്ടത്. കറുകറുത്തൊരു പൈക്കിടാവ്.
”പിള്ളാരിങ്ങനെ കാട്ടില്‍ നടക്കാന്‍ പാടില്ല. നിങ്ങളുടെ വീട്ടുകാര്‍ അറിഞ്ഞാല്‍ വഴക്കുപറയില്ലേ. തിരിച്ചു പോകാന്‍ വഴിയറിയാവോ പിള്ളാരേ? അതോ ഞാന്‍കൂടി വരണോ?” അയാള്‍ സ്നേഹത്തോടെ ചോദിച്ചു.
”ഉവ്വ്, വഴി അറിയാം.” അമ്മു വിളിച്ചുപറഞ്ഞു.
”സൂക്ഷിക്കണേ വഴി നിറയെ പാമ്പാണ്.”
പറഞ്ഞുതീര്‍ന്നില്ല, അമ്മു ഒരു ബക്കറ്റില്തട്ടി വീഴാനൊരുങ്ങി. പാത്രത്തിലുണ്ടായിരുന്ന വെള്ളം താഴെപ്പോയി. അമ്മു വല്ലാതായി.
മാമന് പുറകേവന്നു. അയാള്‍ ബക്കറ്റ് നിവര്‍ത്തിവച്ചു.
”സാരമില്ല മോളേ….അത് അഴുക്കു വെള്ളമാ….”
കുറച്ചു മുന്നോട്ടു പോയി. അമ്മുവായിരുന്നു മുന്നില്‍. അവള്‍ക്ക് നിരാശതോന്നി. എങ്ങനെയും വീട്ടില്‍ എത്തിയാല്മതിയെന്ന ചിന്തയിലായിരുന്നു അപ്പു. ഈ പിള്ളാരോടൊപ്പം ഇറങ്ങിത്തിരിച്ച എന്നെവേണം പറയാനെന്ന് കുളിരന് പിറുപിറുത്തു. അമ്മുവിന് ഇല്ലേലും ഇത്തിരി എടുത്തുചാട്ടം കൂടുതലാണ്. അവളുടെ അമ്മ പറയുന്നത് എത്ര ശരി.
”അമ്മൂ ഞാനൊരു കാര്യംപറഞ്ഞേക്കാം. നിന്റെ ഈ ഡിറ്റക്റ്റീവ് കളിക്ക് എന്നെ വിളിച്ചേക്കരുത്.”കുളിരന് പറഞ്ഞു.
”ശരി സാര്‍.” അമ്മു കളി പറഞ്ഞു.
”ഞാന്‍ കാര്യായിട്ട് പറഞ്ഞതാ. എന്തേലും അറിയുംമുമ്പേ വെറുതേ എടുത്തുചാടി പുറപ്പെട്ടോളും, വാലുപോലൊരു ചേട്ടനും.” കിതച്ചുകൊണ്ട് കുളിരന് പറഞ്ഞു. എന്തോരു കയറ്റമാണ്. കൂടാതെ ഇടുങ്ങിയ വഴിയും.

അമ്മു പൊടുന്നനെ നടത്തം നിര്‍ത്തി. അവളെന്തോ ആലോചനയിലായിരുന്നു.
”അപ്പൂ, വന്നേടാ, എനിക്കൊരു സംശയമുണ്ട്. നമുക്ക് ആ വീട്ടില്‍ ഒന്നുകൂടി പോയിട്ടുവരാം.”
”അയാള്‍ക്കെന്തു തോന്നും?” അപ്പു മടിച്ചു.
”അയാള്‍ക്ക് എന്തുതോന്നിയാ നമുക്കെന്താ?” അമ്മു അവനെ പിടിച്ചുവലിച്ച് ഒപ്പംകൂട്ടി.
അവര്‍ അതേ വീട്ടിലേക്ക് നടന്നു. അവിടുള്ള മാമന് മുറ്റത്തുതന്നെ നില്‍പ്പുണ്ടായിരുന്നു. അയാള്‍ സംശയത്തോടെ കുട്ടികളെ നോക്കി. ഇപ്പോള്‍ ആ മുഖത്ത് ചിരി ഉണ്ടായിരുന്നില്ല.
”നിങ്ങളിതുവരെ പോയില്ലേ പിള്ളാരേ?”
”മാമാ, ആ പശുക്കൂട്ടിയെ ഒന്നു അടുത്തുകണ്ടോട്ടേ. ഞങ്ങള്‍ ഇതുവരെ പശുക്കുട്ടിയെ കണ്ടിട്ടില്ല. അതാ തിരിച്ചുവന്നത്.”
ഈ പെങ്കൊച്ച് എന്തോരു പുളുവാ പറയുന്നതെന്ന് കുളിരന് വിചാരിച്ചു. പശുക്കുട്ടിയെ കണ്ടിട്ടില്ലപോലും.
അയാളുടെ സമ്മതത്തിന് കാക്കാതെതന്നെ അവര്‍ തൊഴുത്തിലേക്ക് ചെന്നു.
”അപ്പൂ, നമ്മുടെ പശുക്കുട്ടിയാണോന്ന് ശ്രദ്ധിച്ച് നോക്കണം.” അമ്മു മന്ത്രിച്ചു.
”എടീ, അമ്മൂ നിനക്ക് വട്ടുണ്ടോ.നമ്മുടെ പശുക്കുട്ടി വെളുത്തിട്ടല്ലേ. ഇതിന് കാക്കക്കറുപ്പും.”
കുളിരന് അടുത്തേക്ക് ചെന്നില്ല. അവന് മുറ്റത്ത് കുത്തിയിരുന്നു. കണ്ടാലറീല്ലേ ഇത് ആ പൈക്കിടാവല്ലെന്ന്. അമ്മൂനിത് എന്തിന്റെ കേടാ. കുളിരന് തലചൊറിഞ്ഞു.
”നീ ശ്രദ്ധിച്ച് നോക്കിക്കേടാ പൊട്ടാ.” അമ്മു അപ്പുവിനോട് പറഞ്ഞു.
”ഇനി നോക്കാനെന്താ?” അപ്പു കുറേനേരം നോക്കിനിന്നശേഷം പിന്തിരിഞ്ഞു.
അമ്മു അടുത്തുചെന്ന് പശുക്കുട്ടിയെ തടവിനോക്കി.
”അപ്പൂ നീ കുറച്ച് വെള്ളംകൊണ്ടുവന്നേടാ.” അന്നേരം കുളിരനും അങ്ങോട്ടേക്ക് നീങ്ങി.
കിണറ്റിന്കരയില് വെള്ളം ഇരിപ്പുണ്ട്. അപ്പു ബക്കറ്റിലിരുന്ന വെള്ളവും എടുത്ത് ചെന്നു. അമ്മു കൈക്കുമ്പിളില്‍ കുറച്ചുവെള്ളമെടുത്തു. പശുക്കുട്ടിയുടെ പുറത്ത് ഒഴിച്ചു. വെള്ളം വീണിട്ട് പശുക്കിടാവ് കുതറിമാറി. അമ്മു നനഞ്ഞ കൈകൊണ്ട് പശുക്കിടാവിന്റെ പുറം അമര്‍ത്തിത്തടവി.
ഇതാ…അമ്മുവിന്റെ കയ്യില്‍ നിറയെ കറുപ്പുനിറം. പശുക്കിടാവിന്റെ പുറത്ത് വെളുപ്പ് തെളിഞ്ഞുവരുന്നു. ആഹാ. കൊള്ളാല്ലോ.
അപ്പോഴേക്കും മുറ്റത്തുനിന്ന വീട്ടുകാരനെ കാണാനില്ല. നിന്ന നില്പ്പില് അയാള്‍ എങ്ങോട്ടാണ് മുങ്ങിയത്?
ഹമ്പട കള്ളാ! കുളിരന് മീശവിറപ്പിച്ചു. കണ്ടിരുന്നെങ്കില്‍ അയാളുടെ കാലിനെ മാന്തി മുറിക്കാമായിരുന്നു. ഒരു കടിയും കൊടുക്കാമായിരുന്നു.
”നമ്മുടെ പശുക്കുട്ടീനെ നമ്മള് കൊണ്ടുപോകുന്നു.” അമ്മു പ്രഖ്യാപിച്ചു.
”അയാള്‍ പുറകേ വന്നാലോ?” അപ്പുവിന് പരിഭ്രമമായി.
”അയാള്‍ വരില്ല.” അമ്മു ഉറപ്പുപറഞ്ഞു.
പശുക്കുട്ടിയെയും പിടിച്ച് അവര്‍ മലകയറി.

പ്രധാന വഴിയിലേക്കെത്തിയപ്പോള്‍ തളര്‍ന്നിരുന്നു. എങ്കിലും ഉള്ളിലെ ഉല്‍സാഹം കെട്ടുപോയില്ല. പശുക്കുട്ടിയേയും കൊണ്ട് നിരത്തിലേക്കിറങ്ങി. തലഉയര്‍ത്തിപ്പിടിച്ച് നടന്നു.
”പശുക്കുട്ടിയെ കിട്ടിയോ കുഞ്ഞുങ്ങളേ?”
കടയിലിരുന്ന് പാച്ചുമാമന് വിളിച്ചുചോദിച്ചു.
”കിട്ടി മാമാ..”
”പൈക്കിടാവ് എവിടെപ്പോയതാ?”
”അത് വഴിതെറ്റി കാട്ടില്പെട്ടുപോയതാ.”
കുട്ടികളുടെ ഒച്ചകേട്ട് രമണിചേച്ചി മുറ്റത്തേക്കിറങ്ങി. അവര്‍ അതിശയിച്ച് താടിക്ക് കൈവച്ചു. പിന്നെ പൈക്കിടാവിന്റെ നെറ്റിയില്‍ തൊട്ടുഴിഞ്ഞു.
”എങ്കിലും പിള്ളാരെ നിങ്ങള്‍ കൊള്ളാല്ലോ?” രമണിചേച്ചി പൈക്കിടാവിന് വാഴപ്പഴം കൊടുത്തു.
അമ്മയും അമ്മാമ്മയും ഗേറ്റിനരികില്‍ നില്‍പ്പുണ്ടായിരുന്നു. അപ്പുവിനേം അമ്മുവിനേം കാണാഞ്ഞ് അന്വേഷിച്ചിറങ്ങിയതായിരുന്നു അവര്‍. പശുക്കുട്ടിയുമായി വരുന്ന കുട്ടികളെ കണ്ട് അമ്മയും അമ്മാമ്മയും അതിശയിച്ചു.
”ഇതേത് പൈക്കിടാവാ?” അമ്മാമ്മ നെറ്റിചുളിച്ചു.
”നമ്മുടേതു തന്നാ.”
”ഇത് കറുത്തിട്ടല്ലേ?”
”പൈക്കിടാവിനെ കുളിപ്പിച്ചാല്‍ വെളുത്തുവരും. കള്ളന്മാര് ഇതിന്റെ പുറത്ത് ചായംതേച്ചതാ.”
”ആരാ പശുക്കിടാവിനോട് ഈ നെറികേട് ചെയ്തത്?” അമ്മാമ്മയുടെ മുഖത്ത് ദേഷ്യം തെളിഞ്ഞു.
”കള്ളമ്മാര്.”
അമ്മ പശുക്കിടാവിന്റെ നെറ്റിയില്‍ തലോടി. പശുക്കിടാവ് നേര്‍ത്ത നാക്കുകൊണ്ട് അമ്മയുടെ കൈകളെ നക്കി.
അന്നേരം എരുത്തിലില്‍ നിന്ന് തള്ളപ്പശു അമറി.
പശുക്കിടാവ് തുള്ളിതുള്ളി അതിന് സമീപത്തേക്ക് ഓടി.
നേരം അപ്പോള്‍ സന്ധ്യയോട് അടുക്കുന്നുണ്ടായിരുന്നു.
കള്ളന്മാരുടെ വരവ് പിന്നീടാണ് ഉണ്ടായത്.
തുടരും…
Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു