scorecardresearch

ഡിറ്റക്റ്റീവ് അമ്മു- കുട്ടികളുടെ നോവല്‍ പതിനഞ്ചാം ഭാഗം

” അമ്മുവും അപ്പുവും പാറയുടെ മുകളിലേക്ക് ഓടിക്കയറി. കടലുകാണിപ്പാറയുടെ മുകളില്‍ കാറ്റുണ്ട്. പൊള്ളുന്ന വെയിലുമുണ്ട്. അവിടെനിന്നാല്‍ ഗ്രാമം മുഴുവന്‍ കാണാം. പാറയുടെ ഒരു ചരിവു മുതല്‍ കാടാണ്. അവിടെ മരങ്ങള്‍ പച്ചവിരിച്ച് നില്‍പ്പുണ്ട്.” എസ് ആർ ലാൽ എഴുതിയ കുട്ടികളുടെ നോവൽ “ഡിറ്റക്റ്റീവ് അമ്മു” പതിനഞ്ചാം ഭാഗം

പൈക്കിടാവ്

അമ്പലത്തിലെ ഉത്സവത്തിന്റെ അവസാന ദിവസമായിരുന്നു. ഉല്‍സവപ്പറമ്പ് നിറയെ ആളായിരുന്നു. പാച്ചുമാമന്റെ കടയും കഴിഞ്ഞിട്ടാണ് അമ്പലം. കടലുകാണിപ്പാറയുടെ താഴെയാണത്. അമ്പലത്തിന് ചുറ്റും വലിയ പറമ്പുണ്ട്. പറമ്പില്‍ കൂറ്റന്‍ രണ്ട് അരയാലുകള്‍ തണലിട്ട് നില്‍പ്പുണ്ട്. അമ്പലത്തിനടുത്തുകൂടി പാറയിലേക്ക് കയറിപ്പോകാനുള്ള വഴിയുണ്ട്. കുത്തനെയുള്ള നടവഴിയാണത്.

സ്‌കൂളിലെ കുറേ കൂട്ടുകാരെ അമ്മു പറമ്പില്‍ കണ്ടു. അവരുടെ കയ്യിലൊക്കെ കളിപ്പാട്ടങ്ങളുണ്ട്.

കൂട്ടത്തില്‍ സന്തോഷ് എന്നൊരുത്തന്‍ അടുത്തുവന്നു. കുനുഷ്ടുപെരുത്ത ഒരുത്തനാണ്. ‘ചൊറിയമ്പുഴു’ എന്നാണ് ഇരട്ടപ്പേര്. അമ്മു ഇട്ടുകൊടുത്ത പേരാണ്. ”അമ്മൂന് പാമ്പിന്റെ മുട്ട കൊടുത്തുവിടാറുണ്ടോ മാമീ?” സന്തോഷ് അമ്മയോട് ചോദിച്ചു.

അമ്മൂനും അപ്പൂനും കാടമുട്ട കൊടുത്തുവിടാറുണ്ട്. കോഴിമുട്ടയെക്കാള്‍ ചെറുതാണ് കാടമുട്ട. അതുയര്‍ത്തിക്കാട്ടിയാണ് അമ്മു കൂട്ടുകാരോട് പാമ്പിന്റെ മുട്ടയാണെന്ന് അവകാശപ്പെട്ടത്. ചൊറിയമ്പുഴുവിന് ചോദിക്കാന്‍ കണ്ടനേരം.

അവന്റെ കയ്യിലിരിക്കുന്ന ബലൂണില്‍ നഖം കൊണ്ടൊരു കുത്തുകൊടുക്കാന്‍ തോന്നി. അമ്മ അടുത്തില്ലായിരുന്നെങ്കില്‍ അമ്മു ഉറപ്പായും ചെയ്‌തേനെ. അമ്മ അന്നേരം ചിരിച്ചതേയുള്ളൂ. അമ്മൂനെക്കുറിച്ചുള്ള പരാതികള്‍ കേള്‍ക്കുമ്പോ അമ്മ ചിരിക്കാറേയുള്ളൂ. പരാതിക്കാര്‍ പോയിക്കഴിഞ്ഞാല്‍ അമ്മ ഭദ്രകാളിയാകും. പിച്ചുംകിട്ടും. വഴിനീളെ വഴക്കുംകിട്ടും.

ഉല്‍സവപ്പറമ്പില്‍ നിന്നും വാങ്ങാനായി സാധനങ്ങളുടെ നീണ്ടൊരു ലിസ്റ്റ് അമ്മു കരുതീട്ടുണ്ട്. അതില്‍ ഒരു തൊപ്പിയും തോക്കും വളരെ പ്രധാനപ്പെട്ടതാണ്. ഡിറ്റക്റ്റീവുകള്‍ക്ക് അതു രണ്ടും പ്രധാനമാണല്ലോ.

”പെമ്പിള്ളാര്‍ക്കെന്തിനാ തോക്ക്?” അപ്പു സംശയിച്ചു.

”പെമ്പിള്ളാര് തോക്കുപിടിച്ചാലെന്താ? പൊലീസിലും പട്ടാളത്തിലും പെണ്ണുങ്ങളില്ലേ?”

അതോടെ അപ്പുവിന്റെ സംശയം മാറി.

അമ്മ അവള്‍ക്ക് പൊട്ടും കമ്മലും വളയും വാങ്ങിക്കൊടുത്തു. അമ്മൂന്റെ നിര്‍ബന്ധത്തിന് വഴങ്ങി തൊപ്പിയും തോക്കുംകൂടി വാങ്ങി. പിന്നേം ചിലതൊക്കെ വാങ്ങാന്‍ അമ്മൂന് പ്ലാനുണ്ട്. അപ്പോഴേക്കും അമ്മ അവളെ പിടിച്ചുവലിച്ചു. അമ്മു കളിപ്പാട്ടക്കടയ്ക്കു മുന്നില്‍ നിന്നും അനങ്ങിയില്ല. അതോടെ അമ്മ അവളെ അവിടെ ഉപേക്ഷിച്ചു. ഇനിയെന്തു ചെയ്യും? അമ്മു മുഖംവീര്‍പ്പിച്ച് അമ്മയുടെ പിന്നാലെ ചെന്നു.

”ഒരു ബലൂണുകൂടി…” അമ്മു ചിണുങ്ങി.

അമ്മ അവള്‍ക്കൊരു പിച്ചുകൊടുത്തു. ഹോ! എന്തൊരു വേദനയാണ്. പിച്ചാനായി മാത്രമായി അമ്മ രണ്ട് നഖങ്ങള്‍ വളര്‍ത്തുന്നുണ്ട്. അത് അമ്മൂനെ മാത്രം ഉപദ്രവിക്കുന്ന നഖങ്ങളാണ്. ഉറങ്ങുന്ന നേരംനോക്കി അമ്മയുടെ അടുത്ത് ചെല്ലണം. എന്നിട്ട് നഖങ്ങള്‍ വെട്ടിക്കളയണം. അവള്‍ തീരുമാനിച്ചിട്ടുണ്ട്.

അപ്പോഴേക്കും ഉല്‍സവപ്പറമ്പിലെ ലൈറ്റുകള്‍ തെളിഞ്ഞു. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ഘോഷയാത്ര പറമ്പിലേക്ക് പ്രവേശിച്ചു. കതിനകള്‍ മുഴങ്ങി. അപ്പും അമ്മുവും ചെവിപൊത്തിപ്പിടിച്ചു.

സ്റ്റേജില്‍ ഉടന്‍ നൃത്തനൃത്യങ്ങള്‍ ആരംഭിക്കും. മഞ്ചുവിന്റെ ഡാന്‍സുണ്ട്. ഡാന്‍സ് കാണാനുണ്ടാവും എന്ന് കൊഞ്ചിന് വാക്ക് നല്‍കിയതാണ്. തുടര്‍ന്ന് നാടകം. അമ്മൂന് അതുരണ്ടും കാണണമെന്നുണ്ട്. അമ്മയും അമ്മാമ്മയും പോകാന്‍ ധൃതികൂട്ടി. വീട്ടില്‍ നൂറുകൂട്ടം പണിയുണ്ടത്രേ.

ഉല്‍സവപ്പറമ്പില്‍ നില്‍ക്കുന്നോരുടെ വീട്ടിലൊന്നും പണിയില്ലല്ലോ. അമ്മു ശബ്ദമില്ലാതെ പറഞ്ഞു. മനസ്സില്ലാമനസ്സോടെയാണ് അമ്മു അവരോടൊപ്പം ചെന്നത്. വലുതായാല്‍ ഉത്സവപ്പറമ്പില്‍ പുലരുവോളം ചുറ്റിത്തിരിയണമെന്ന് അവള്‍ തീരുമാനിച്ചിട്ടുണ്ട്.

വീടിന്റെ മുന്നിലുള്ള ചെമ്മണ്‍പാതയിലൂടെ ആളുകള്‍ വരുന്നു, പോകുന്നു. പാത വെളിച്ചത്തില്‍ കുളിച്ചുനിന്നു. കോളാമ്പി മൈക്കും വഴിയിലുണ്ട്. അതിലൂടെ അമ്പലത്തിലെ അറിയിപ്പുകള്‍ കേള്‍ക്കാം.

നൃത്തം അവസാനിച്ചിരിക്കുന്നു. ഇതാ നാടകം ആരംഭിക്കാന്‍ പോകുന്നു. മൈക്കിലൂടെ വരുന്ന നാടകസംഭാഷണങ്ങളെ അവള്‍ വീട്ടിനുള്ളിലിരുന്ന് പിടിച്ചെടുക്കാന്‍ ശ്രമിച്ചു.

ശബ്ദംകാരണം ഉറങ്ങാന്‍ പറ്റുന്നില്ലെന്ന പരാതിയുമായി കുളിരന്‍ പ്രത്യക്ഷപ്പെട്ടു.

”ഉത്സവത്തിന് പോയിട്ട് എനിക്കൊന്നുമില്ലേ?” കുളിരന്‍ ചോദിച്ചു.

”ഓ… എനിക്കുപോലും ഇഷ്ടപ്പെട്ടതൊന്നും വാങ്ങാന്‍ പറ്റീല. അപ്പഴാ നിനക്ക്.”

കുളിരന്‍ മറുത്തൊന്നും പറഞ്ഞില്ല. അമ്മുവിനോട് വഴക്കടിക്കാന്‍ വയ്യ. അവളുടെ മടിയില്‍ കയറി കുളിരന്‍ ഇരിപ്പുറപ്പിക്കാന്‍ ശ്രമിച്ചു. അമ്മു അവനെപ്പിടിച്ച് താഴെയിറക്കി. ചാമ്പല്‍ക്കൂട്ടില്‍നിന്നും എണീറ്റുവന്നതാണ്. പൊടിമുഴുവന്‍ രോമങ്ങളിലുണ്ട്.

”ഇല്ലേലും ചിലര് വന്നതോടെ നമ്മളെ ആര്‍ക്കുംവേണ്ടല്ലോ?” കുളിരന്‍ പരിഭവിച്ചു.

”ആരുടെ കാര്യാണ് നീയീപ്പറയുന്നത്?”

”ആ പൈക്കിടാവിന്റെ കാര്യം.”

അമ്മൂന് ചിരിവന്നു. കുളിരന്റെ ഒരു കാര്യം! അമ്മൂന്റെ വീട്ടിലെ പശു പ്രസവിച്ചിട്ട് കുറച്ചുദിവസമായി. രണ്ട് പശുക്കളിലൊന്നാണ് പ്രസവിച്ചത്. നല്ല വെളുത്ത നിറത്തിലുള്ള പശുക്കിടാവ്. പശു പ്രസവിക്കുന്നത് കാണാന്‍ അമ്മു കാത്തിരുന്നതാണ്. തൊഴുത്തിനടുത്തേക്ക് ചെല്ലാന്‍ അമ്മയും അമ്മാമ്മയും സമ്മതിച്ചില്ല. രാവിലെ എണീറ്റു ചെല്ലുമ്പോളിതാ സുന്ദരനൊരു കിടാവ്. അതിനുശേഷം സ്‌കൂളുവിട്ടുവന്നാല്‍ അമ്മു തൊഴുത്തിലാണ്. പൈക്കിടാവിന്റെ കുസൃതികള്‍കാണാന്‍ നല്ല രസമാണ്.

”എടാ കുളിരാ, നിനക്കെന്തിനാ ഇത്ര അസൂയ?”

”എനിക്ക് അസൂയയൊന്നുമില്ല. ആവശ്യത്തിന് എന്നെക്കൊണ്ടേ ഉപകാരമുള്ളൂന്ന് നിനക്കോര്‍മവേണം. അത്രേയുള്ളൂ.”

കുളിരന്റെ സങ്കടം മാറ്റാനായി അവനെ കട്ടിലില്‍ പിടിച്ച് കിടത്തി. നാടകം കേട്ടുകേട്ട് അമ്മുവും ഉറക്കമായി.

ഉല്‍സവം കഴിഞ്ഞതിന് അടുത്ത ദിവസം രാവിലെ വലിയൊരു സംഭവമുണ്ടായി.

പതിവില്ലാത്ത ഒച്ചകേട്ടാണ് അമ്മു ഉണര്‍ന്നത്. തൊഴുത്തില്‍ നിന്നുമാണ്. പശുവിനെ കറക്കാന്‍ വരുന്ന ശശിമാമന്റെ ഉച്ചത്തിലുള്ള വര്‍ത്തമാനമാണ്. നേരം പുലരുന്നതേയുള്ളൂ. അമ്മയും അമ്മാമ്മയും അന്നേരം തൊഴുത്തിലുണ്ട്. വീടിനുചുറ്റുമുള്ള ബള്‍ബുകള്‍ കത്തുന്നുണ്ട്.

പൈക്കിടാവിനെ കാണാനില്ല! അമ്മയും അമ്മാമ്മയും താടിക്ക് കൈകൊടുത്ത് വിഷമിച്ച് നില്‍ക്കുന്നു.

ശശിമാമന്‍ വീടിനു ചുറ്റും പരതി നടക്കുന്നു.

”ഇവിടെങ്ങുമില്ലല്ലോ, ദേവീ… ആരോ മോഷ്ടിച്ചതാ.” ശശിമാമന്‍ നിരാശനായി. അയാള്‍ തലയിലെ തോര്‍ത്തഴിച്ചു. അതില്‍ സൂക്ഷിച്ചിരുന്ന ബീഡിയെടുത്ത് കൊളുത്തി. എന്നിട്ട് ആഞ്ഞാഞ്ഞ് പുകച്ചു. ഉള്ളില്‍ ഉല്‍കണ്ഠവരുമ്പോള്‍ ശശിമാമന്‍ തുടരെ ബീഡിവലിക്കും. അമ്മു അത് നിരീക്ഷിച്ചിട്ടുണ്ട്.

”ഇന്നലെ ഉല്‍സവംകഴിഞ്ഞ ദിവസമല്ലേ. എല്ലാരും ക്ഷീണംകൊണ്ട് ഉറങ്ങും. ആ ദിവസമാണ് കള്ളന്മാര്‍ മോഷണത്തിനിറങ്ങുന്നത്. ഇതിനുമുമ്പും ഇവിടെ നിന്നും പശുക്കുട്ടികള്‍ മോഷണം പോയിട്ടുണ്ട്.” ശശിമാമന്‍ ബീഡിപ്പുകയ്‌ക്കൊപ്പം വിവരിച്ചു.

നേരം വെളുത്തുവരുന്നു. അമ്മുവും അപ്പുവും ചേര്‍ന്ന് പറമ്പുമുഴുന്‍ അരിച്ചുപെറുക്കി. അതിരില്‍ നിന്ന് മാധവന്‍ ചേട്ടനോട് വിളിച്ചുചോദിച്ചു. മാധവന്‍ ചേട്ടനും അവരോടൊപ്പംകൂടി. പശുക്കിടാവ് പറമ്പിലൊന്നും ഇല്ല. ശശിമാമന്‍ പറഞ്ഞതാണ് ശരി. ആരോ മോഷ്ടിച്ചതു തന്നെയാണ്.

”കിടാവില്ലാതെ പശു പാലുചുരത്തില്ലല്ലോ. ഞാനിനി എന്തുചെയ്യും മുടിപ്പുരദേവീ…” ശശിമാമന്‍ സങ്കടപ്പെട്ടു.

രമണിചേച്ചിയും അന്നേരം വന്നുചേര്‍ന്നു. വീട്ടിലെ സഹായത്തിന് വന്നതാണ്. അമ്മ ആവശ്യപ്പെടുന്ന ദിവസം ചേച്ചി ജോലിക്ക് രാവിലേ എത്തും. ഇവിടുത്തെ ജോലി കഴിഞ്ഞാല്‍ വേറെയും ചില വീടുകളിലേക്ക് പോകും.

”അമ്മാമ്മയ്ക്ക് രാത്രി ഉറക്കം കുറവാണല്ലോ? അമ്മാമ്മ ശബ്ദമൊന്നും കേട്ടില്ലേ?” രമണിചേച്ചി അന്തരീക്ഷം വിലയിരുത്തി.

അമ്മാമ്മയുടെ കിടപ്പുമുറിയുടെ സമീപത്താണ് എരുത്തില്‍. ജനാല തുറന്നാല്‍ പശുക്കളെ കാണാം. ഒറ്റപ്പാളി ജനലാണ് എരുത്തിലിലേക്ക് തുറക്കുന്നത്. ഇന്നലെ ജനാല പിണങ്ങീട്ട് തുറക്കാന്‍ പറ്റീല്ലെന്ന് അമ്മാമ്മ പറഞ്ഞു. അതുകൊള്ളാല്ലോ എന്ന് പറഞ്ഞ് രമണിചേച്ചി ജനാല പരിശോധിക്കാന്‍പോയി. രമണിച്ചേച്ചി പുറത്തുനിന്ന് വലിച്ചതേയുള്ളു, ജനാല തുറന്നുവന്നു.

”ഞാന്‍ രാത്രി രണ്ടുമൂന്നു തവണ തള്ളിനോക്കിയതാ. എന്നിട്ടും തുറന്നില്ലന്നേ.” അമ്മാമ്മ പറഞ്ഞു.

”എങ്കിലും ഏത് ദുഷ്ടനാ നമ്മടെ പൈക്കിടാവിനെ കൊണ്ടുപോയത്. അവന്‍ ഒരുകാലത്തും ഗുണംപിടിക്കില്ല.” രമണിചേച്ചി കള്ളനെ ശാപംകൊണ്ട് മൂടി.

”ഏതെങ്കിലും വീട്ടില്‍നിന്നും പൈക്കിടാവിനെ കൊണ്ടുവരാം. പാല് കറന്നശേഷം അതിനെ മടക്കിക്കൊണ്ടുപോകാം. പൈക്കിടാവ് അടുത്തില്ലാതെ പശു പാല്‍ ചുരത്തില്ല.” ശശിമാമന്‍ ഒടുവില്‍ പരിഹാരം കണ്ടെത്തി.

മാമന് ഇനിയും കുറേ പശുക്കളെ കറക്കാനുള്ളതാണ്.

പശുവിന് അന്നേരം സ്വന്തംകുട്ടിയെ തിരിച്ചറിയാന്‍ കഴിയില്ലേ? ഏതെങ്കിലും കിടാവിനെ കണ്ടാല്‍ അത് പാലുചുരത്തുമോ? അമ്മു ആലോചിച്ചു.

കുളിരന്‍ വാലും പൊന്തിച്ച് കടന്നുവന്നു. അവിടെ സംഭവിച്ചതൊന്നും അവന്‍ അറിഞ്ഞമട്ടില്ല.

”എനിക്ക് വിശക്കുന്നുണ്ട്. ബ്രേക്ഫാസ്റ്റ് കിട്ടിയിട്ടില്ല.” കുളിരന്‍ പ്രസ്താവിച്ചു

അമ്മു അവനിട്ടൊരു ചവിട്ടുകൊടുത്തു. എല്ലാരും മനസ്സുനൊന്ത് നില്‍ക്കുമ്പോഴാണ് അവന്റെയൊരു ബ്രേക്ഫാസ്റ്റ്…

”അതിന് ഇവിടെ എന്ത് സംഭവിച്ചു?” കുളിരന്‍ ജിജ്ഞാസപൂണ്ടു.

”പൈക്കിടാവിനെ കാണാനില്ല.”

”അതെപ്പോ?”

”നിനക്ക് എപ്പഴും ഉറക്കമല്ലേ?”

”ഉല്‍സവത്തിന് മൈക്ക് വച്ചുകെട്ടീട്ട് ഒരാഴ്ചയായില്ലേ. അന്നുമുതലുള്ള ഉറക്കമുണ്ട്. ഞാനതുകൊണ്ട് ബോധംകെട്ട് ഉറങ്ങിപ്പോയി.”

”നമുക്ക് കുറച്ച് കാര്യങ്ങള്‍ ചെയ്യാനുണ്ട്. നീ പെട്ടെന്ന് വാ.”

ഭക്ഷണം കഴിച്ചശേഷം അപ്പുവും അമ്മുവും ചെമ്മണ്‍പാതയിലേക്കിറങ്ങി. മനസ്സില്ലാ മനസ്സോടെ കുളിരനും അനുഗമിച്ചു.

”നമ്മളെന്താ ചെയ്യാന്‍പോണത്?”

അപ്പു ചോദിച്ചു.

”നമ്മള് പശുക്കൂട്ടീടെ വിവരം കാണുന്നോരൊടൊക്കെ പറയും. ആരെങ്കിലും കണ്ടോ എന്ന് അന്വേഷിക്കും.”

”അതുകൊണ്ട് എന്തെങ്കിലും ഉപയോഗമുണ്ടോ? അതായത്, പശുക്കുട്ടിയെ തിരിയെ കിട്ടുമോന്ന്?”

”ചിലപ്പൊ ആരെങ്കിലും കണ്ടെങ്കിലോ. നമ്മള് ശ്രമിച്ചില്ലാന്ന് വേണ്ടല്ലോ.”

”എനിക്ക് വലിയ പ്രതീക്ഷയില്ല അമ്മൂ.” അപ്പു നിരാശനായി.

”എനിക്കും.” കുളിരനും അതേറ്റുപിടിച്ചു.

രണ്ടുപേര്‍ സൈക്കിളില്‍ വരുന്നുണ്ടായിരുന്നു.

”മാമന്മാരേ, വഴീലെങ്ങാനും ഞങ്ങളുടെ പശുക്കുട്ടിയെ കണ്ടാരുന്നോ?”

അവര്‍ സൈക്കിള്‍ നിര്‍ത്തി.

”ഇല്ല മോളേ. എന്താ നിറം? എത്ര പ്രായോണ്ട്?”

”വെളുത്തിട്ടാ. മൂക്കിനടുത്തായി ചാരനിറത്തിലുള്ള പാടുണ്ട്. പ്രസവിച്ചിട്ട് കുറച്ചുദിവസമേ ആയുള്ളൂ.”

”പോകുന്ന പോക്കില്‍ ഞങ്ങളും നോക്കാം. കാണുന്നവരോടും പറയാം. പൈക്കിടാവിന് രാത്രി വഴിതെറ്റിപ്പോയതാവാം. കുഞ്ഞുങ്ങള് വെഷമിക്കണ്ട. അതിനെ കിട്ടുംകേട്ടോ.” അവര്‍ കുട്ടികളെ ആശ്വസിപ്പിച്ചു.

ആളുകളെ കയ്യിലെടുക്കാന്‍ അമ്മൂന് പ്രത്യേക കഴിവാണ്. അതില്‍ അപ്പുവിന് അവളോട് ആദരവ് തോന്നീട്ടുണ്ട്. അവള്‍ കാണുന്നവരെ ചേട്ടാന്നും ചേച്ചീന്നും മാമാന്നും അപ്പൂപ്പാന്നുമൊക്കെ തഞ്ചത്തില്‍ വിളിക്കും. ചിരിച്ച് ലോഹ്യംകൂടും.

”നിങ്ങളെങ്ങോട്ടാ കൊച്ചുങ്ങളേ?” രമണിചേച്ചി വിളിച്ചുചോദിച്ചു. രമണിചേച്ചി ജോലിതീര്‍ത്ത് അവരുടെ വീട്ടിലെത്തിയിരുന്നു.

”ഞങ്ങള് പശുക്കുട്ടിയെ തിരക്കിയിറങ്ങിയതാ.”

”ഞാനും വരാം മക്കളേ…” അവരും ഒപ്പംകൂടി.

”നിങ്ങളൊരു പശുക്കുട്ടിയെ കണ്ടോ?”

വഴിയില്‍ നില്‍പ്പുണ്ടായിരുന്ന രണ്ടാളോട് രമണിചേച്ചി ചോദിച്ചു. അവര്‍ ഒരു പിക്കപ്പ് വാനിന് അടുത്ത് നില്‍പ്പായിരുന്നു. വാനിന് എന്തോ തകരാറ് പറ്റീട്ടുണ്ട്.

”വണ്ടിക്കെന്തു പറ്റി?” അമ്മു അടുത്തേക്ക് ചെന്നു.

”അത് പെട്ടെന്ന് നിന്നുപോയി മോളേ. ഇനിയിപ്പൊ വര്‍ക്‌ഷോപ്പീന്ന് ആളുവരണം.”

അമ്മു വണ്ടിക്കു പുറകിലെ ഭാഗത്തേക്ക് എത്തിനോക്കി.

”ഇതില് എന്തൊക്കെ കയറ്റും?”

”മീന്‍ കയറ്റും…സാധനങ്ങള്‍ കയറ്റും…..വേണോങ്കീ മോളേം കയറ്റും.”

അമ്മുവിന് ചിരിവന്നു.

”ഞങ്ങടെ പശുക്കുട്ടിയെ കണ്ടാല്‍ പറയണേ…” അമ്മു അവരെയും പറഞ്ഞേല്‍പ്പിച്ചു.

പാച്ചുമാമന്റെ ചായക്കടയില്‍ കുറേപ്പേര്‍ ഇരിപ്പുണ്ട്. അതിലൊരാള്‍ ജംബു എന്ന കള്ളനായിരുന്നു. അയാള്‍ പാച്ചുമാമനോട് വര്‍ത്തമാനം പറയുന്നു. അമ്മു അവിടേക്ക് കയറിച്ചെന്നു. ഇവള്‍ക്കൊരു നാണോമില്ലല്ലോ എന്ന് അപ്പു ഓര്‍ത്തു. അപ്പു ചായക്കടയുടെ മുറ്റത്തുനിന്നതേയുള്ളൂ.

”പാച്ചുമാമാ, ഞങ്ങളുടെ പശുക്കുട്ടിയെ കാണുന്നില്ല. തൊഴുത്തില് കെട്ടീരുന്നതാ. കണ്ടാരുന്നോ.”

”ഇല്ല കുഞ്ഞേ, കണ്ടാല്‍ പറയാം. ഇവിടെ വരുന്നോരോടും ചോദിക്കാം.”

”ഇത് ഞങ്ങള് ഇവിടെ ഒട്ടിച്ചോട്ടേ?”

കയ്യിലിരുന്ന പോസ്റ്റര്‍ കാണിച്ചുകൊണ്ട് അമ്മു ചോദിച്ചു. അമ്മു എഴുതി തയ്യാറാക്കിയതായിരുന്നു അത്.

”പിന്നെന്താ. ഒട്ടിച്ചോ…”

അപ്പു പശയുമായി വന്നു. വരുന്നവഴിയിലൊക്കെ പോസ്റ്റര്‍ ഒട്ടിച്ച് അവന്റെ കയ്യിലാകെ പശ നിറഞ്ഞിട്ടുണ്ടായിരുന്നു.

പോസ്റ്ററില്‍ എഴുതിയിരുന്നത് ജംബുക്കള്ളന്‍ വായിച്ചുനോക്കി.

കാണ്മാനില്ല
ഞങ്ങളുടെ സുന്ദരി എന്നുപേരുള്ള പശുക്കുട്ടിയെ കാണാനില്ല. വെളുത്ത നിറം, മൂക്കിനടുത്തായി ചാരനിറത്തിലുള്ള പാടുണ്ട്. മൂന്നാഴ്ച പ്രായം. ഇന്നലെ രാത്രി മുതലാണ് കാണാതായത്. ഞങ്ങളുടെ പ്രിയപ്പെട്ട പശുക്കുട്ടിയാണ്. പശുക്കുട്ടിയെ കാണാതെ അതിന്റെ അമ്മ സങ്കടത്തിലാണ്. പശുവമ്മ ഒന്നും കുടിക്കുന്നോ കഴിക്കുന്നോ ഇല്ല. കണ്ടുകിട്ടുന്നവര്‍ ദയവായി അറിയിക്കണേ.
എന്ന്
അമ്മു, അപ്പു, മീനുപ്പശു, പ്രിന്‍സ് പൂച്ച

നടന്നു നടന്ന് അവര്‍ അമ്പലത്തിന് അടുത്തെത്തി. അമ്മൂന് കടലുകാണിപ്പാറ കാണണമെന്നായി. അതിനുമുകളില്‍ കൊണ്ടുപോകാമെന്ന് രമണിചേച്ചി മുന്‍പ് വാക്കുതന്നിട്ടുള്ളതാണ്.

പിന്നൊരിക്കലാകാമെന്ന് രമണിചേച്ചി.

ഇന്നുതന്നെ വേണമെന്ന് അമ്മു.

എന്തുവേണേലും ആകാമെന്ന് അപ്പു.

നടന്നു നടന്നു തളര്‍ന്നെന്നും ഇവിടെങ്ങാനും ഇരിക്കാമെന്നും കുളിരന്‍.

”നീയപ്പൊ വരുന്നില്ലല്ലോ?” അമ്മു ഒരിക്കല്‍ക്കൂടി ചോദിച്ചു.

”നിങ്ങള് പോയിട്ടുവാ. ഞാനിവിടെ വെയ്റ്റ് ചെയ്യാം.” കുളിരന്‍ തലതിരിച്ചു.

അമ്മുവും അപ്പുവും പാറയുടെ മുകളിലേക്ക് ഓടിക്കയറി. കടലുകാണിപ്പാറയുടെ മുകളില്‍ കാറ്റുണ്ട്. പൊള്ളുന്ന വെയിലുമുണ്ട്. അവിടെനിന്നാല്‍ ഗ്രാമം മുഴുവന്‍ കാണാം. പാറയുടെ ഒരു ചരിവു മുതല്‍ കാടാണ്. അവിടെ മരങ്ങള്‍ പച്ചവിരിച്ച് നില്‍പ്പുണ്ട്.

”അവിടെങ്ങും ആളുകള് താമസമില്ലേ രമണിചേച്ചീ?” കാടിനുള്ളിലേക്ക് വിരലുചൂണ്ടി അമ്മു ചോദിച്ചു.

”ഇല്ല മോളേ. അവിടെ കാടല്ലേ. പോരാത്തതിന് പഴയ ശ്മശാനവുമുണ്ട്. ആരും അങ്ങോട്ട് പോകില്ല. ആരും അവിടെങ്ങും താമസിക്കത്തുമില്ല.”

”അതെന്താ?”

”രാത്രീല് പ്രേതങ്ങള്‍ വരും.”

രാമന്റെയും ലക്ഷ്മണന്റെയും സീതയുടെയും കാല്‍പ്പാടുകള്‍ രമണിചേച്ചി കാട്ടിക്കൊടുത്തു. കഞ്ഞിവയ്ക്കാന്‍ കൂട്ടിയ അടുപ്പും. അടുപ്പുപോലെ മൂന്ന് വലിയ പാറക്കഷ്ണങ്ങള്‍ ഇരിപ്പുണ്ട്. വനവാസകാലത്തായിരുന്നു അവരുടെ ഇതിലേയുള്ള യാത്ര.

വെയില് കനത്തു. അമ്മുവിന് വിശപ്പായി. അപ്പുവിന് ദാഹമായി. രമണിചേച്ചിയ്ക്കാണെങ്കില്‍ വീട്ടില്‍ നൂറുകൂട്ടം ജോലിയുണ്ട് ബാക്കി. അവര്‍ കുന്നിറങ്ങി.

നില്‍ക്കുമെന്ന് പറഞ്ഞേടത്ത് കുളിരനെ കാണാനില്ല. അവനിത് എവിടെപ്പോയി?

തിരിച്ച് വീട്ടിലെത്തുമ്പോള്‍ ശശിമാമന്‍ എരുത്തിലില്‍ ഉണ്ട്. കൂടെ ഒരു പൈക്കിടാവും. ചന്തമില്ലാത്ത ഒന്ന്. പാല് കറക്കുകയാണ് ശശിമാമന്‍. പശു, കിടാവിനെ സംശയത്തോടെ നോക്കുന്നു. എന്നിട്ട് അതിനെ നക്കിത്തോര്‍ത്തുന്നു. പാവം പശു. അമ്മുവിന് കരച്ചില്‍വന്നു.

”നമ്മുടേത് എത്ര നല്ല പൈക്കാടാവായിരുന്നു!” ശശിമാമന്‍ പറഞ്ഞു.

”അതിനെ തിരിച്ച് കിട്ടുവോ മാമാ?” അമ്മു ആകാംക്ഷയോടെ ചോദിച്ചു.

”ഇല്ല മോളേ, കള്ളന്മാര് അതിനെ ദൂരെ എവിടേങ്കിലും കൊണ്ടുപോയിക്കാണും. മറ്റാര്‍ക്കെങ്കിലും വിറ്റുകാണും. ദുഷ്ടന്മാര്.”

അമ്മുവിന് കരച്ചില്‍വന്നു

ആ പശുക്കുട്ടിയെ ഇനി ഒരിക്കലും കാണാനാകില്ലേ?

പക്ഷേ, കാര്യങ്ങള്‍ വൈകിട്ടോടെ മാറിമറിഞ്ഞു.

തുടരും…

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: S r lal novel for children detective ammu chapter 15

Best of Express