scorecardresearch

Latest News

ഡിറ്റക്റ്റീവ് അമ്മു-കുട്ടികളുടെ നോവല്‍ പതിനാലാം ഭാഗം

” എസ് ഐ എന്തോ ആലോചിച്ച് തിരിച്ചുവന്നു. ജീപ്പിന് അടുത്തേക്ക് നടന്നതായിരുന്നു അയാള്‍. അമ്മൂനെ അടുത്തേക്ക് വിളിച്ചു.” എസ് ആർ ലാൽ എഴുതിയ കുട്ടികളുടെ നോവൽ “ഡിറ്റക്റ്റീവ് അമ്മു” പതിനാലാം ഭാഗം

നഗരത്തിലായിരുന്നു വിവാഹം. അമ്മുവിന്റെ അടുത്ത ബന്ധുവിന്റേതായിരുന്നു. ഒരു യാത്ര ആഗ്രഹിച്ചിരിക്കയായിരുന്നു അമ്മു. ബസിന്റെ സൈഡ് സീറ്റിലിരിക്കാനാണ് അവള്‍ക്ക് ഇഷ്ടം. പുറത്തെ കാഴ്ചകളെയെല്ലാം ഒപ്പിയെടു ക്കും. സ്ഥലപ്പേരുകള്‍ ഓര്‍ത്തുവയ്ക്കും.

തിരിച്ചുള്ള വരവില്‍ അമ്മുവിന് സീറ്റ് കിട്ടിയില്ല. നിന്നായിരുന്നു യാത്ര. അമ്മാമ്മയ്ക്കു മാത്രമേ ഇരിപ്പിടം കിട്ടിയുള്ളൂ. എത്രയുംവേഗം വീട്ടില്‍ എത്തിയാല്‍ മതിയെന്നായി അവള്‍ക്ക്.

ബസ് ഇറങ്ങിയ ഉടനേ അവള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. വീട്ടിലേക്ക് തനിയേ നടന്നു. സ്‌കൂള്‍ ഇരിക്കുന്ന കവലയിലാണ് ബസ് സ്റ്റോപ്പ്. അതുതൊട്ടുള്ള വഴി അമ്മൂന് അറിയാല്ലോ. അപ്പുവും അമ്മൂന് പിന്നാലെ നടന്നു. അവളുടെ വേഗതയില്‍ അപ്പൂന് നടക്കാന്‍ പറ്റില്ല.

കോഴികള്‍ ഗേറ്റിനടുത്ത് നില്‍പ്പുണ്ടായിരുന്നു. കുളിരനെ കാണാനില്ല. വീടിനു ഉമ്മറത്തുതന്നെ ഉണ്ടാകണമെന്ന് അവനോട് പറഞ്ഞിരുന്നതാണ്. അമ്മു കുളിരനെ വിളിച്ചു.

സത്യത്തില്‍ കുളിരന്‍ സുഖനിദ്രയിലായിരുന്നു. രണ്ടു എലികളെ ഒളിച്ചിരുന്ന് പിടികൂടിയതായി അവന്‍ സ്വപ്നംകണ്ടു. അതിന്റെ ആവേശം കെടുത്തിക്കൊ ണ്ടാണ് പെങ്കൊച്ചിന്റെ ഒച്ചയെത്തിയത്. ചെവിതുളച്ചുപോകുന്ന ഒച്ചയാണ് അമ്മൂന്.

ഇത്രേം നേരത്തേ എത്തുമെന്ന് അവന്‍ തീരെ പ്രതീക്ഷിച്ചില്ല. അവന്‍ ഉരുണ്ടുപിരണ്ട് മുന്‍വശത്തേക്ക് ഓടി. കുളിരന് രണ്ടു കൊടുക്കണമെന്ന് വിചാരിച്ച് അവള്‍ തെച്ചിക്കമ്പ് ഒടിച്ചെടുത്തു. അപ്പോഴാണ് ചെറിയൊരു ചലനം ശ്രദ്ധിച്ചത്. വീടിന്റെ വടക്കുവശത്തായിരുന്നു അത്. ആരോ ഓടിപ്പോകും പോലെ തോന്നി. ചെടികള്‍ അനങ്ങി നിവര്‍ന്നു.

അന്നേരം കുളിരന്‍ കിതച്ചുകൊണ്ട് ഹാജരായി.

”ആരാ അങ്ങോട്ട് ഓടിപ്പോയത്?”

”ആര്? ഞാനൊന്നും കണ്ടില്ല.”

”അതിന് നീ ഇവിടുണ്ടാരുന്നോ?”

”പിന്നേ ഞാനിത്രനേരവും ഇവിടല്ലാരുന്നോ. നീ ദൂരേന്ന് വരുന്നത് കാണാന്‍ പേരമരത്തില്‍ ഇരിക്കായിരുന്നു.”

”പുളു പറയല്ലേടാ കുളിരാ. നീ ഉറക്കത്തിലായിരുന്നു. നിന്റെ മുഖം കണ്ടാലറിയാം. നിനക്കെത്ര ഉത്തരവാദിത്തമുണ്ട്. വീട്ടിലാരും ഇല്ലാന്ന് നിനക്കറിയാല്ലോ.”

”ദേ അമ്മൂ ഞാന്‍ പലവട്ടം പറഞ്ഞിട്ടുള്ളതാ. വീടു കാവലല്ല എന്റെ ജോലി. ഞാനൊരു അരുമയായ ജീവിയാണ്. ലാളിക്കാനാണ് വീട്ടുകാര് എന്നെ വളര്‍ത്തുന്നത്. ഓരോ വീട്ടിലും പൂച്ചയ്ക്ക് കിട്ടുന്ന പരിഗണന നിനക്ക് അറിയാത്തോ ണ്ടാ. യജമാനനോടൊപ്പം പട്ടുമെത്തേലാ പൂച്ചയെ കെടത്തുക. അതും എ.സി. മുറീല്. ഇവിടെന്താ എനിക്കുള്ളത്. വെറുമൊരു ചാമ്പല്‍ക്കൂട്…പോരാത്തതിന് എല്ലാവരുടേം വായിലിരിക്കുന്നതും കേള്‍ക്കണം…മടുത്തു…ലീവ് മി എലോണ്‍.”

അമ്മു കയ്യിലിരുന്ന തെച്ചിക്കമ്പ് അവനുനേരെ വീശി.

”നീ അങ്ങനുള്ളേടത്ത് പൊയ്‌ക്കോടാ.”

”അടുത്ത ജന്മത്തില് അങ്ങനുള്ള വീട്ടിലേ ജനിക്കൂ…”

കുളിരനോട് വഴക്കടിക്കുന്നതിനിടയിലും അവള്‍ ചുറ്റും നിരീക്ഷിക്കുന്നുണ്ട്. എന്തോ ഓടിപ്പോയെന്നത് നേരാണ്. അപ്പോഴേക്കും അപ്പുവും തൊട്ടുപിന്നാലെ അമ്മയും അമ്മാമ്മയും എത്തിച്ചേര്‍ന്നു. അമ്മു തന്റെ ആശങ്ക പങ്കുവച്ചു. അമ്മയും അമ്മാമ്മയും അതിനെ ഗൗരവത്തിലെടുത്തില്ല. പിന്നാലെ വന്നുകയറിയ രമണിചേച്ചി അമ്മുവിനൊപ്പം കൂടി.

പാലമരം നില്‍ക്കുന്ന ദിശയിലേക്കാവണം അത് ഓടിപ്പോയിരിക്കുന്നത്. അമ്മു അവിടേക്ക് നടന്നു. മടിച്ചുമടിച്ച് കുളിരനും പിന്നാലെ കൂടി. പെങ്കൊച്ചിനെ ഒറ്റയ്ക്ക് വിടുന്നത് ശരിയല്ലല്ലോ. തൊട്ടടുത്ത വീട്ടിലെ മാധവന്‍ ചേട്ടന്‍ അവിടെ നില്‍പ്പുണ്ട്. ചേട്ടന്‍ വാഴയ്ക്ക് തടമെടുക്കുകയാണ്.

”മാധവന്‍ ചേട്ടാ, ഇതിലൂടെ ആരെങ്കിലും ഓടിപ്പോകുന്നത് കണ്ടാരുന്നോ?”

”ഇല്ല കുഞ്ഞേ.എന്തേ?” മാധവന്‍ ചേട്ടന്‍ മണ്‍വെട്ടി താഴെവച്ചു. എന്നിട്ട് അവളുടെ സമീപത്തേക്ക് വന്നു.

”ഞങ്ങള് വീട്ടിലില്ലാരുന്നേ…വരുമ്പോഴേക്ക് വീട്ടില്‍നിന്നെന്തോ ഓടിപ്പോയി.”

”എന്തേലും ജീവിയാണോ?”

”എനിക്കുതോന്നുന്നത് അത് ഒരാളാണ് എന്നാണ്.”

”ആഹാ, അതുകൊള്ളാല്ലോ.മോള് നടന്നോ ഞാനിതാ വന്നു.”

”കൂറ്റനൊരു പട്ടി ഇവിടെക്കിടന്ന് കറങ്ങുന്നുണ്ട് അമ്മൂ. അതോണ്ടാ ഞാന്‍ സത്യത്തീ പുറത്തിറങ്ങാതിരുന്നത്. ഓടിയത് അതാകാനാണ് സാധ്യത. അല്ലാതെ ഇവിടെ ആര് വരാനാ.” തിരിച്ചുള്ള വരവില്‍ കുളിരന്‍ അവളെ അനുനയിപ്പിക്കാന്‍ നോക്കി.

മാധവന്‍ചേട്ടന്‍ ഒറ്റയ്ക്കല്ല വന്നത്. അയല്‍വീട്ടിലുള്ള നാലഞ്ച് പയ്യന്‍മാരെയും ഒപ്പംകൂട്ടി. അപ്പോഴേക്കും മുറ്റത്ത് കുറച്ചുപേര്‍ വന്നുചേര്‍ന്നു. രമണിചേച്ചി വിളിച്ചുകൂട്ടിയതാണ്.

അന്നേരം ചെമ്മണ്‍പാതയിലൂടെ ഒരു പൊലീസ് ജീപ്പ് പോകുന്നുണ്ടായിരുന്നു. ഉല്‍സവപ്പറമ്പിലേക്ക് പോയതാണ്. ആളുകൂടിയിരിക്കുന്നത് കണ്ട് ജീപ്പ് നിര്‍ത്തി. എസ് ഐയും രണ്ടു പൊലീസുകാരും വീട്ടിലേക്ക് കയറിവന്നു. അവരുകൂടി വന്നതോടെ സംഗതികള്‍ക്ക് കൂടുതല്‍ ഗൗരവം വന്നുചേര്‍ന്നു.
”വീട്ടുകാര് ഇവിടില്ലാരുന്ന് സാറേ. തിരിച്ചുവന്നപ്പോ ആരോ ഓടിപ്പോയെന്ന് തോന്നി.” രമണിചേച്ചി എസ് ഐയോട് കാര്യങ്ങള്‍ വിശദീകരിച്ചു.

”ആരാ കണ്ടത്?”

”ഈ കൊച്ചാ.” രമണിചേച്ചി അമ്മുവിനെ മുമ്പിലേക്ക് പിടിച്ചുനിര്‍ത്തി. ”കൊച്ചിന് ഒരുപക്ഷേ തോന്നിയതാരിക്കും…” രമണിചേച്ചിയുടെ ആവേശം പൊലീസ് വന്നതോടെ കെട്ടുപോയി.

അമ്മൂനെ എസ് ഐ അടുത്തേക്ക് വിളിച്ചു. അവളെ ദൂരേക്ക് മാറ്റിനിര്‍ത്തി. മറ്റാരും അടുത്തില്ല. ചിരിച്ചുകൊണ്ടാണ് അയാള്‍ സംസാരിച്ചത്.

”മോളുടെ പേരെന്താ?” സൗമ്യമായി എസ് ഐ ചോദിച്ചു.

”അമ്മു.”
”അമ്മു എന്താ കണ്ടത്?”

അവള്‍ വിശദീകരിച്ചുകൊടുത്തു.

”എന്തെങ്കിലും ജീവിയാണെങ്കിലോ. പട്ടിയോ, കീരിയോ, കുറുക്കനോ..അങ്ങനെ എന്തെങ്കിലും?”

”നായയോ കീരിയോ അല്ലെന്ന് ഉറപ്പാണ്. കുറച്ച് ഉയരമുള്ള എന്തോ ആണ്.”

”അതെങ്ങനെ മോള്‍ക്ക് മനസ്സിലായി?”

”കുറച്ച് ഉയരത്തിലാണ് ചെടികളുടെ ഇലകളും ചില്ലകളും അനങ്ങിയത്.”

എസ് ഐ വീടിനുചുറ്റും വലതുവച്ചു. എസ് ഐക്കൊപ്പം അവിടെ നിന്നവരും സഞ്ചരിച്ചു.
”ഇതാ മേല്‍ക്കൂരയിലെ ഓട് എടുത്തുമാറ്റിയിരിക്കുന്നു” അമ്മു മുകളിലേക്ക് വിരല്‍ചൂണ്ടി. കുറച്ച് ഉയരെ നിന്നു നോക്കിയപ്പോഴാണ് അത് കണ്ണില്‍പ്പെട്ടത്, അതോടെ സംഗതിചൂടുപിടിച്ചു. വടക്കുവശത്തൊരു മുരിങ്ങാമരമുണ്ട് അതിലൂടെയാണ് ആരോ മുകളിലേക്ക് കയറിയത്. ഓടിളക്കിയാണ് അകത്തു കടക്കാന്‍ ശ്രമിച്ചിരിക്കുന്നത്.

”എന്തേലും നഷ്ടപ്പെട്ടിട്ടുണ്ടോന്ന് നോക്കൂ.” എസ് ഐ അമ്മയോട് പറഞ്ഞു. അമ്മയും അമ്മാമ്മയും അകത്തേക്ക് പോയി. പരിഭ്രമിച്ചാണ് അവര്‍ അകത്തേക്കോടിയത്. ഭാഗ്യം. അലമാരയെല്ലാം ഭദ്രമായുണ്ട്.

മോഷണശ്രമമാണ്. വീട്ടുകാരെത്തിയതുകൊണ്ട് നടന്നില്ല. മുരിങ്ങമരത്തിലൂടെയാണ് കള്ളന്‍ കയറിയിരിക്കുന്നത്. എസ് ഐ പറഞ്ഞു.

നാട്ടില്‍ ജംബു എന്നൊരു കള്ളനുണ്ട്. ജംബു എന്നത് ഇരട്ടപ്പേരാണ്. അയാളെ അമ്മു കണ്ടിട്ടുണ്ട്. രമണിചേച്ചിയാണ് അയാളെ കാട്ടിക്കൊടുത്തത്. ചെറിയ ചെറിയ മോഷണങ്ങളൊക്കെ നടത്തും. കപ്പ, പാക്ക്, വാഴക്കുല, തേങ്ങ ഇത്യാദികളാണ് മോഷ്ടിക്കുക.

കള്ളന്മാരെ എങ്ങനെയാണ് തിരിച്ചറിയാനാവുക? അമ്മുവിന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ജംബുവിനെ കണ്ടിട്ടും കള്ളനെന്ന് തോന്നിയതേയില്ല. എല്ലാവരെയുംപോലെ സാധാരണ ഒരാള്‍. എന്തായാലും ജംബുവിന് ഈ മുരിങ്ങയിലൂടെ കയറാനാവില്ല. ജംബു തടിച്ച മനുഷ്യനാണ്. കൊമ്പൊടിഞ്ഞ് താഴെ വീഴും.

എസ് ഐ അവിടെ കൂടിയിരുന്നവരെയാകെ ചുഴിഞ്ഞുനോക്കി. ആള്‍ക്കൂട്ടത്തില്‍ നിന്ന ഒരാളെ അടുത്തേക്ക് വിളിച്ചു. മാധവന്‍ചേട്ടന്റെ പ്രായമേ വരൂ. മെലിഞ്ഞിട്ടൊരുത്തന്‍.
”നീ എവിടാ താമസിക്കുന്നത്?” എസ് ഐ ചോദിച്ചു.

”ഈ മാധവന്‍ ചേട്ടന്റെ വീടിനടുത്ത്.”

മാധവന്‍ചേട്ടനെയും എസ് ഐ അടുത്തുവിളിച്ചു.

”ആണോ? നിനക്കിവനെ അറിയാവോ?”

”അറിയാം”

”എന്താ നിന്റെപേര്?”

”ഗണേശന്‍”

”എന്താ ജോലി?”

”എന്തു ജോലീം ചെയ്യും സാറേ. കുറച്ചുനാളായി വേറൊരു നാട്ടില്‍ പണിയെടുക്കാരുന്നു.”

”എന്തു ജോലീം എന്നു പറഞ്ഞാല്‍, മോഷണോം നടത്തുവോ?”

”അയ്യോ, ഞാന്‍ അധ്വാനിച്ച് കഷ്ടപ്പെട്ട് ജീവിക്കുന്നവനാ സാറേ.”

”ആഹാ, അങ്ങനെ വേണം ജീവിക്കാന്‍. പക്ഷേ നീയീ വീടിന്റെ തട്ടിന്‍ പുറത്തിറങ്ങിയതെന്തിനാ?”

”അയ്യോ ഇല്ല സാറേ. ഞാന്‍ അത്തരക്കാരനല്ല സാറേ.”

”നിന്റെ തലയിലപ്പടി മാറാലയാണല്ലോ. ഇതുപിന്നെ എവിടുന്ന് വന്നു?”

അവന്‍ തലയില്‍ തപ്പിനോക്കി. മുടിയില്‍ ചിലന്തിവല പറ്റിയിരിപ്പുണ്ട്.

”അത് ഇതിലേ ഓടിവന്നപ്പോ പറ്റിയതാ സാറേ. ഇവിടുത്തെ ചെടികളിലൊക്കെ ചിലന്തിവലയാ.”

”ഇത് അങ്ങനെയുള്ള മാറാലയല്ലല്ലോടാ. ഇതിത്തിരി പഴക്കമുള്ള മാറാലയാ. നിന്നോടൊപ്പം വന്നവരുടെ തലേലൊന്നും മാറാലയില്ലല്ലോ?”

”സാറേ ഇവിടുള്ളവരോട് ചോദിക്ക് സാറേ ഞാന്‍ മോഷ്ടിക്കുന്നവനാണോന്ന്. കള്ളനെപ്പിടിക്കാന്‍ വന്ന എന്നെ കള്ളനാക്കാതെ സാറേ.”
ഗണേശന്റെ ഷര്‍ട്ടിലെ പോക്കറ്റിലേക്ക് എസ് ഐ കൈയിട്ടു. രണ്ടുമൂന്ന് മുരിങ്ങയിലകള്‍ പുറത്തെടുത്തു.

”ആഹാ മുരിങ്ങയിലയും ഉണ്ടല്ലോ. ഇതും ഓടിയപ്പോ പോക്കറ്റില്‍ വീണതാണോ?”

”അത് ഞാന്‍ വീട്ടില് മുരിങ്ങാക്കോല് പറിച്ചോണ്ടു നിക്കാരുന്നു സാറേ. അപ്പഴാ ഇവിടെന്നാരോ ഓടിപ്പോയെന്ന് പറഞ്ഞ് മാധവന്‍ചേട്ടന്‍ വിളിച്ചത്. അങ്ങനെ കാര്യംതിരക്കി വന്നതാ.”

ഗണേശന്‍ സമ്മതിക്കുന്നമട്ടില്ല.

ഈ പൊലീസുജോലി കൊള്ളാല്ലോ. അമ്മുവിന് എസ് ഐയോട് മതിപ്പുതോന്നി.

അപ്പോഴേക്കും അമ്മുവും ഒരു കണ്ടുപിടുത്തം നടത്തിയിരുന്നു. അവളും പൊലീസ് പിടികൂടിയ ആളെ ആകെപ്പാടെ നിരീക്ഷിക്കുകയായിരുന്നു. അയാളുടെ കാല്‍പ്പാദത്തില്‍ ഇതാ ഭസ്മം. അമ്മാമ്മ ഭസ്മം സൂക്ഷിക്കുന്ന കുറേ കൊട്ടികള്‍ തട്ടിന്‍പുറത്തുണ്ട്. ഓടിളക്കി ഇറങ്ങിയപ്പോ തൂവിപ്പോയതാവും.

അമ്മു എസ് ഐ മാമനോട് അക്കാര്യം ചെവിയില്‍ പറഞ്ഞു.

എസ് ഐ കള്ളന്റെ കണ്ണുകളിലേക്ക് തുറിച്ചുനോക്കി. ഹോ. എന്തൊരു നോട്ടമാണ്. ആരായാലും മൂത്രമൊഴിച്ചുപോവും.

”അപ്പൊ നിന്റെ കാലിലെ ഈ ഭസ്മം എങ്ങനെ വന്നതാടാ? മുരിങ്ങാക്കോല് പറിക്കുമ്പോ ഭസ്മം വരുവോ?”

കള്ളന്‍ തലകുനിച്ചു. അവന് പിന്നെ മറുപടിയൊന്നും ഉണ്ടായില്ല. എസ് ഐ കള്ളനെയും കൊണ്ട് തട്ടിന്‍പുറത്തേക്ക് പോയി. ഭസ്മക്കൊട്ടി താഴെക്കിടപ്പുണ്ട്. ഭസ്മത്തില്‍ പാദത്തിന്റെ അടയാളം തെളിഞ്ഞുകിടപ്പുണ്ട്. കള്ളന്റെ കാല്‍പാദത്തിന്റെ അതേ വലുപ്പം.

”ഇവനെപ്പിടിച്ച് ജീപ്പീക്കേറ്റ്.” എസ് ഐ ആജ്ഞാപിച്ചു.

അമ്മൂന് സന്തോഷംതോന്നി. പൊലീസിന്റെ അന്വേഷണത്തില്‍ പങ്കാളിയാകാന്‍ തനിക്കും കഴിഞ്ഞല്ലോ.

എസ് ഐ എന്തോ ആലോചിച്ച് തിരിച്ചുവന്നു. ജീപ്പിന് അടുത്തേക്ക് നടന്നതായിരുന്നു അയാള്‍. അമ്മൂനെ അടുത്തേക്ക് വിളിച്ചു. എസ് ഐ അമ്മുവിന്റെ തലയില്‍ തലോടി. ഒരു ഷേക്ഹാൻഡും കൊടുത്തു.

”നീ കൊള്ളാല്ലോ അമ്മൂ. നീയാരാ ഡിറ്റക്റ്റീവാ?”

അമ്മുവിന് ആ ചോദ്യം ഇഷ്ടപ്പെട്ടു.

ഡിറ്റക്റ്റീവ്! അവള്‍ ചിരിച്ചതേയുള്ളു.

കേട്ടുനിന്നവര്‍ അമ്മൂനെ കൗതുകത്തോടെ നോക്കി.

ഡിറ്റക്റ്റീവുകള്‍ക്ക് തോക്കും തൊപ്പിയുംകൂടി ഉണ്ടാകാറുണ്ട്. ചിത്രങ്ങളിലും സിനിമയിലും കണ്ടിട്ടുള്ളതാണ്. അവകൂടി സംഘടിപ്പിക്കണമെന്ന് അമ്മു അന്നേരം ആഗ്രഹിച്ചു.

വീട്ടുകാര്‍ക്ക് വിലയില്ലെങ്കിലെന്ത്, ദാ എസ് ഐ അമ്മൂനെ അഭിനന്ദിച്ചില്ലേ. അവള്‍ക്ക് ആഹ്ലാദം അടക്കാനായില്ല. അമ്മയും അമ്മാമ്മയും അവളെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.
കള്ളനെയും കൊണ്ട് ജീപ്പുപോയി. ആള്‍ക്കൂട്ടം പിരിഞ്ഞുപോയി.
അപ്പു, അവളെനോക്കി ഉറക്കെ വിളിച്ചു-
ഡിറ്റക്റ്റീവ് അമ്മു…
കുളിരനും ഒച്ചവച്ചു
ഡിറ്റക്റ്റീവ് അമ്മു…
കോഴികള്‍ കൊക്കക്കോ വിളിച്ചു-
ഡിറ്റക്റ്റീവ് അമ്മൂ…
അന്നേരം ആകാശത്തുകൂടി പറക്കുന്നതുപോലെ അമ്മുവിന് തോന്നി.

തുടരും…

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: S r lal novel for children detective ammu chapter 14