scorecardresearch
Latest News

ഡിറ്റക്റ്റീവ് അമ്മു-കുട്ടികളുടെ നോവല്‍ പതിമൂന്നാം ഭാഗം

” അമ്മയും അമ്മാമ്മയും ഉറങ്ങാനായി അവര്‍ കാത്തിരുന്നു. രണ്ടുപേരും ഉറക്കമായെന്ന് കുളിരന്‍ ഉറപ്പുവരുത്തി. പിന്‍വശത്തെ വാതില്‍ തുറന്ന് പുറത്തിറങ്ങി.” എസ് ആർ ലാൽ എഴുതിയ കുട്ടികളുടെ നോവൽ “ഡിറ്റക്റ്റീവ് അമ്മു” പതിമൂന്നാം ഭാഗം

ഡിറ്റക്റ്റീവ് അമ്മു-കുട്ടികളുടെ നോവല്‍ പതിമൂന്നാം ഭാഗം

കോഴികളെ കിട്ടുമോ?

പിറ്റേന്ന് സ്‌കൂളിലേക്ക് പോകുന്നേരം അമ്മു, അപ്പുവിനെ അടുത്തുവിളിച്ചു

”രണ്ട് ബോണ്ടാ വാങ്ങാനുള്ള പൈസാ തരണം.”

”പിന്നേ, ഞാന്‍ തരത്തില്ല. നിന്റേല് പൈസായുണ്ടല്ലോ?”

”അത് തീര്‍ന്നുപോയെടാ. ഇല്ലേല്‍ നിന്നോട് കെഞ്ചാന്‍ നിക്കുവോ? നിനക്ക് നിന്റെ കോഴിയെ വേണോ?”

”വേണം.”

”എങ്കി ബോണ്ടാ വാങ്ങാനുള്ള പൈസാ താ.”

”ബോണ്ടായും എന്റെ കോഴീം തമ്മിലെന്താ ബന്ധം?”

”അതൊക്കെയുണ്ട്. നീ സ്‌കൂളിലേക്ക് നടന്നോ. എനിക്ക് പാച്ചു മാമന്റെ കടവരെ പോകാനുണ്ട്. ഞാന്‍ കൂടെ എത്തിക്കോളാം.”

പാച്ചു മാമന്റെ ചായക്കടയില്‍ തിരക്കുണ്ടായിരുന്നില്ല. അമ്മു രണ്ട് ബോണ്ട വാങ്ങി. ശേഷം, മാമനോട് ചില കുശലങ്ങള്‍ ചോദിച്ചു.

”ഇവിടെ അടുത്തെന്തെങ്കിലും വിശേഷമുണ്ടോ മാമാ. കല്യാണമോ പാലുകാച്ചോ …”

”എന്താ മോളേ കാര്യം?”

”ഏയ് വെറുതേ ചോദിച്ചതാ. കുറേ ആള്‍ക്കാര് അക്കരെ നില്‍ക്കുമ്പോലെ തോന്നി. പാച്ചുമാമന്‍ അറിയാത്ത വിശേഷങ്ങളൊന്നും ഈ നാട്ടില്‍ ഉണ്ടാവില്ലല്ലോ.”

അതുകേട്ടതോടെ പാച്ചുമാമനും സന്തോഷമായി.

”അവിടൊരു കുളിയടിയന്തിരമുണ്ട് മോളേ. അതിന് ഇനീം രണ്ട് ദെവസം ഉണ്ടല്ലോ. പിന്നൊരു കല്യാണ നിശ്ചയവും. അതിന് ഇനീം രണ്ടാഴ്ചയുണ്ട്.” പാച്ചുമാമന്‍ ചുമരില്‍ ഇട്ടിരുന്ന കലണ്ടര്‍ നോക്കി അത് ഉറപ്പുവരുത്തി. മാമന്‍ അതിലാണ് ഇത്തരം കാര്യങ്ങള്‍ കുറിച്ചിടുന്നത്.

അമ്മൂന് തല്‍ക്കാലം ഇത്ര വിവരം മതി. അപ്പൊ, അക്കരെ കരയില്‍ ഒരു വിശേഷം നടക്കാന്‍ പോകുന്നുണ്ട്. ആ വീട്ടുകാരാവുമോ കോഴിയെ വാങ്ങിയിട്ടുണ്ടാവുക?

”ഇന്നു രാത്രി നമ്മളാ വീട്ടില്‍ പോകും.” സ്‌കൂളില്‍നിന്നും തിരിയെ വരുംവഴി അമ്മു പ്രഖ്യാപിച്ചു. അപ്പു ഒന്നുംപറഞ്ഞില്ല. അമ്മ അറിഞ്ഞാല്‍ കാലുതല്ലിയൊടിക്കും.

രാത്രിയില്‍ അമ്മുവിന്റെ മുറിയില്‍ ചില ആലോചനകള്‍ നടന്നു. എല്ലാവരും ഒത്തുകൂടി. ആ ഗൂഢാലോചനയില്‍ അപ്പുവും അമ്മുവും കുളിരനുമാണ് പങ്കെടുത്തത്.

”അപ്പൊ എല്ലാവരും ഉറക്കമാകുമ്പോള്‍ നമ്മള്‍ പുറത്തുചാടുന്നു.” അമ്മു പ്ലാന്‍ വിശദീകരിച്ചു.

അപ്പു അര്‍ധമനസ്സോടെ തലകുലുക്കി.

”ഞാനില്ല, എനിക്ക് എലിയെപ്പിടിക്കണം.” കുളിരന്‍ ഉഴപ്പാന്‍ നോക്കി.

”ഓ… നീ അതീക്കൊറച്ച് എലിയെ പിടിച്ചാമതി.” അമ്മു ഒച്ചയുയര്‍ത്തി.

”ആരെങ്കിലും കണ്ടാലോടീ അമ്മൂ?” അപ്പുവിന് പരിഭ്രമമായി.

”ആരും കാണരുത്. നിനക്ക് നിന്റെ കോഴിയെ വേണോ?”

”വേണം. ഇല്ലേല്‍ അതിനെ അവര് കൊല്ലില്ലേ?”

അമ്മയും അമ്മാമ്മയും ഉറങ്ങാനായി അവര്‍ കാത്തിരുന്നു. രണ്ടുപേരും ഉറക്കമായെന്ന് കുളിരന്‍ ഉറപ്പുവരുത്തി. പിന്‍വശത്തെ വാതില്‍ തുറന്ന് പുറത്തിറങ്ങി. എരുത്തിലിന് പിന്നാലെകൂടിയാണ് നടന്നത്. പശു കഴുത്തുവെട്ടിച്ച് അവരെ നോക്കി. വീട്ടിലെ പിള്ളാരാണെന്ന് കണ്ടതോടെ പശു തലതിരിച്ചു.

ഗേറ്റ് കടന്ന് വയലിന്റെ കരയിലെത്തി. അമ്മു പരിസരം വീക്ഷിച്ചു. ആരുമില്ല.

”വാ…” വയലിലൂടെ അവര്‍ നടന്നു. അമ്മു മുന്നില്‍, അപ്പു തൊട്ടുപിന്നില്‍, ഏറ്റവും പുറകില്‍ കുളിരന്‍.

”നമ്മളാ വീടെങ്ങനെ കണ്ടെത്തും?” അപ്പു സംശയാലുവായി.

”ഏറ്റവും കൂടുതല്‍ വെളിച്ചംകാണുന്ന ഒരു വീടുണ്ടാവും. അവിടെ ഉറങ്ങാത്ത ആളുകളും കാണും. ആ വീട്ടിലേക്കാണ് നമുക്ക് പോകേണ്ടത്.”

”ശരി…” അപ്പു സമ്മതിച്ചു. കുളിരന്‍ വാലാട്ടി.

”വയല് കടന്നാല്‍ പൊതുവഴി. അതിനു സമീപത്തായി വീടുകള്‍. അവിടെയുള്ള തെരുവുവിളക്കുകളൊന്നും കത്തുന്നതല്ല. അതിലേ ആള്‍സഞ്ചാരം രാത്രി കുറവാണ്.” അമ്മു പ്രാഥമിക വിവരങ്ങള്‍ പങ്കുവച്ചു.

വൈകാതെ, വെളിച്ചംനിറഞ്ഞ ആ വീട് മുന്നില്‍ തെളിഞ്ഞു. വലിയൊരു പറമ്പിന് നടുക്കായിട്ടായിരുന്നു വീട്.

ഗേറ്റ് പൂട്ടിയിട്ടുണ്ടായിരുന്നില്ല. കുറച്ചുപേര്‍ വീടിന്റെ മുറ്റത്തിരിപ്പുണ്ടായിരുന്നു. ചിലര്‍ കറിക്കരിയുന്നു. ചിലര്‍ ഒച്ചയുണ്ടാക്കി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.

പറമ്പിലിരിക്കുന്ന കോഴിക്കൂട് അമ്മു കണ്ടെത്തി. വീടിന്റെ പുറകിലായിട്ടാണ് കോഴിക്കൂടിരിക്കുന്നത്. അതിരിക്കുന്ന ഭാഗത്ത് ഇരുട്ടുമൂടിക്കിടപ്പുണ്ട്. ആളുകളുടെ ശ്രദ്ധവരുന്ന ഭാഗമല്ല.

ആരെങ്കിലും വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കാന്‍ കുളിരനെ ചുമതലപ്പെടുത്തി. അമ്മുവും അപ്പുവുംകൂടി കോഴിക്കൂടിനടുത്തേക്ക് നടന്നു.

കോഴികള്‍ പേടിച്ചരണ്ട് നില്‍പ്പാണ്. കോഴിക്കൂടിന്റെ ഒരറയിലായി അമ്മുവിന്റെയും അപ്പുവിന്റെയും കോഴികള്‍ നില്‍പ്പുണ്ടായിരുന്നു. കോഴിക്കൂടിന് പൂട്ടൊന്നുമില്ല. ചെറിയൊരു കമ്പിക്കഷ്ണം വളച്ചിട്ടിട്ടുണ്ട്. ഏഴ് കോഴികളെയും പുറത്തിറക്കി.

”നിങ്ങള് നടന്നോ. അമ്മു അപ്പുവിനോടും കുളിരനോടും നിര്‍ദേശിച്ചു. എനിക്ക് കുറച്ച് ജോലികൂടിയുണ്ട്.” അമ്മു ഒച്ചതാഴ്ത്തി പറഞ്ഞു.

അപ്പോഴേക്കും നിലാവ് തെളിഞ്ഞു വന്നു. അപ്പു മുന്നില്‍. പിറകിലായി ഏഴ് കോഴികള്‍. അതിനും പിന്നില്‍ കുളിരന്‍. അവര്‍ വയല്‍വരമ്പിലൂടെ വീട് ലക്ഷ്യമാക്കി നടന്നു.

അമ്മു അവരോടൊപ്പം എത്താനായി ഓടുന്നുണ്ടായിരുന്നു.

പിറ്റേന്ന് രാവിലെ രമണിചേച്ചിയുടെ ഒച്ചകേട്ടാണ് അമ്മു ഉണര്‍ന്നത്. അവര്‍ കലിതുള്ളി നില്‍ക്കുന്നു.

”എന്റെ ചേച്ചീ, എന്ത് പണിയാ പിള്ളാര് കാണിച്ചത്?”

അമ്മ വാ പിളര്‍ന്നു നിന്നു. പതിവുപോലെ കണ്ണും പുറത്തേക്കുന്തി. അമ്മയ്ക്ക് കാര്യങ്ങളൊന്നും പിടികിട്ടിയില്ല.

”ഇവിടുത്തെ പിള്ളാര് കോഴിയെ പിടിച്ചോണ്ട് പോന്നു. രാത്രീല്. കോഴിയെ വാങ്ങിയവര് രാവിലേ വീട്ടില് വഴക്കിന് വന്നിരിക്കുന്നു. ഞാനെന്ത് സമാധാനം പറയും. അവര്‍ക്കെവിടുന്ന് ഞാന്‍ നാടന്‍ കോഴിയെ വാങ്ങിക്കൊടുക്കും?”

”ഇവിടുത്തെ പിള്ളാരോ? അവരങ്ങനൊന്നും ചെയ്യത്തില്ല. അവരാന്ന് ആരു പറഞ്ഞു?” അമ്മയും ശബ്ദമുയര്‍ത്തി.

രമണിചേച്ചി രണ്ടുമൂന്ന് പേപ്പറുകള്‍ അമ്മയെ ഏല്‍പ്പിച്ചു. അത് അവര്‍ കയ്യില്‍ ചുരുട്ടി പിടിച്ചിരിക്കയായിരുന്നു.

തലേന്ന് രാത്രിയില്‍, വീടിന്റെ മതിലിലും കോഴിക്കൂട്ടിലും ഒട്ടിച്ചുവച്ച പോസ്റ്ററുകളായിരുന്നു അത്. അമ്മുവിന്റെ കൈപ്പടയില്‍ എഴുതി തയ്യാറാക്കിയതായിരുന്നു അവ. അമ്മ അത് വായിച്ചുനോക്കി.

കോഴി പാവം ജീവിയാണ്

കോഴി ആരെയും ഉപദ്രവിക്കില്ല

കോഴിയമ്മ മുട്ടതരും

കോഴിയെ കൊല്ലരുത്

ഞങ്ങളുടെ കോഴികളെ ഞങ്ങള്‍ കൊണ്ടുപോകുന്നു

വീട്ടില്‍ വന്നാല്‍ കോഴീടെ പൈസ അമ്മ തരും.

എന്ന്
അമ്മു, അപ്പു, പ്രിന്‍സ് പൂച്ച

എന്നിട്ടാ കോഴികളെവിടെ?

കാപ്പിമരത്തിന്റെ മുകളില്‍ അവ വരിവരിയായി ഇരിപ്പുണ്ടായിരുന്നു. പൂവന്‍ അവിടിരുന്ന് ചിറകിട്ടടിച്ച് ആഹ്ലാദത്തോടെ കൊക്കരക്കോ വച്ചു.

അടുത്ത ദിവസങ്ങളിലൊന്നില്‍ അമ്മുവിന്റെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവുണ്ടായി.

തുടരും…

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: S r lal novel for children detective ammu chapter 13