scorecardresearch
Latest News

ഡിറ്റക്റ്റീവ് അമ്മു-കുട്ടികളുടെ നോവല്‍ പന്ത്രണ്ടാം ഭാഗം

” വളര്‍ത്താനായി കൊണ്ടുപോയതല്ല. എങ്കില്‍ മുട്ടയിടാത്ത കോഴീയേം പൂവനേം കൊണ്ടുപോകില്ല. പിന്നെ ആരായിരിക്കും ആ കോഴിക്കടത്തുകാര്‍?.” എസ് ആർ ലാൽ എഴുതിയ കുട്ടികളുടെ നോവൽ “ഡിറ്റക്റ്റീവ് അമ്മു” പന്ത്രണ്ടാം ഭാഗം

ഡിറ്റക്റ്റീവ് അമ്മു-കുട്ടികളുടെ നോവല്‍ പന്ത്രണ്ടാം ഭാഗം

കോഴിക്കടത്ത്

കുളിരന്‍ പറയുന്ന കാര്യങ്ങളെ അമ്മു അപ്പടി വിശ്വസിക്കാറില്ല. അവന്‍ പലതിന്റെയും മുക്കുംമൂലയും കേള്‍ക്കും. എന്നിട്ട് വലിയകാര്യമെന്ന മട്ടില്‍ അവതരിപ്പിക്കും. അന്വേഷണം നടത്തുമ്പോള്‍ അതില്‍ ഗൗരവപ്പെട്ടതൊന്നും കാണില്ല.

കുളിരന്‍ പറഞ്ഞ ഞെട്ടിക്കുന്ന വാര്‍ത്ത ശരിയാണോ? നേര് അറിയേണ്ടതുണ്ട്.
അമ്മു കോഴിക്കൂടിന് അടുത്തേക്ക് ചെന്നു. കോഴികള്‍, കൂട്ടില്‍ കയറേണ്ട സമയം ആയിട്ടില്ല. തലയെടുപ്പുള്ള പൂവന്‍ കാപ്പിമരത്തിന്റെ കൊമ്പില്‍ നേരത്തേ സ്ഥാനംപിടിക്കുന്നതാണ്. അവിടം ശൂന്യമാണ്.

”നീ നിന്റെ കോഴികളെ വിളിച്ചുനോക്ക്…” അമ്മു അപ്പുവിനോട് നിര്‍ദേശിച്ചു.

അപ്പു കോഴികളെ നീട്ടിവിളിച്ചു. അപ്പൂന്റെ വിളികേട്ട് അമ്മൂന്റെ കോഴികളും വന്നെത്തി.

”എല്ലാം ഉണ്ടോന്ന് നോക്കിയേ?”

”അയ്യോ… എന്റെ നാലെണ്ണത്തിനെ കാണാനില്ല.”

”എന്റെ മൂന്നെണ്ണത്തിനേം” അമ്മുവിനും പരിഭ്രമമായി.

”എന്റെ കോഴിക്ക് എന്തുപറ്റീന്ന് പറ” അപ്പു ചിണുങ്ങിത്തുടങ്ങി.

”കോഴിയെ നിന്റെ അമ്മ വിറ്റു.” അപ്പു വിമ്മിക്കരയാന്‍ തുടങ്ങി.

കോഴിയെ വിറ്റതിലുള്ള പ്രതിഷേധം അറിയിക്കാന്‍ അമ്മു പുറപ്പെട്ടു. പിന്നാലെ അപ്പുവും കൂടി. അവന്‍ വാതുറന്ന് കമാന്ന് മിണ്ടില്ലെന്ന് അമ്മൂന് അറിയാം.

”ഞങ്ങട കോഴിയെ എന്തുചെയ്തു?” അമ്മു രോക്ഷാകുലയായി.

”ഞാന്‍ വിറ്റു.”

”കോഴി, മുട്ട തരുന്നതല്ലേ. പിന്നെന്തിനാ വിറ്റത്?”

”പൂവന്മാരെയാ കൂടുതലും വിറ്റത്. മുട്ടതരാത്ത പെടക്കോഴിയേം വിറ്റു. ഇവിടെ കുറച്ച് പൈസേടെ ആവശ്യോമുണ്ട്. എന്തേ കാരണവത്തിയോട് കൂടുതല്‍ ബോധിപ്പിക്കാനുണ്ടോ?”

കാരണവത്തിയെന്ന് അമ്മ കളിയാക്കി വിളിച്ചതാണ്. വയസ്സായവരെയാണ് കാരണവത്തിയെന്ന് വിളിക്കാറ്.

”എന്റെ കോഴിയല്ലേ. ഞാനല്ലേ അതിനെ അടയ്ക്കുകേം തുറക്കുകേം ചെയ്യുന്നത്. എന്നോട് ഒരു വാക്ക് പറയാത്തതെന്താ?”

”എനിക്ക് മനസ്സില്ലാരുന്നു. പോയി കേസുകൊടുക്കെടീ!”

അമ്മൂനും അന്നേരം കരച്ചിലുവന്നു. ആരും കാണാതെ അവള്‍ കണ്ണു തുടച്ചു. ഒന്നുംമിണ്ടാതെ പഠന മുറിയിലേക്ക് പോയി. പുസ്തകം നിവര്‍ത്തിവച്ചിട്ടും ഒന്നും പഠിക്കാന്‍ പറ്റുന്നില്ല.

നാമം ജപിക്കുന്ന അമ്മാമ്മയ്ക്ക് കൂട്ടിരിപ്പുണ്ട് കുളിരന്‍. അമ്മാമ്മ എണീറ്റപ്പോള്‍ കുളിരന്‍ തലകാണിച്ചു. താന്‍ പറഞ്ഞത് ശരിയായില്ലേ എന്നൊരു ഭാവം അവന്റെ മുഖത്തുണ്ടായിരുന്നു.

”ആരാ ഞങ്ങട കോഴികളെ കൊണ്ടുപോയത്?” അമ്മു കുളിരന്റെ കാതില്‍ പിടിച്ചു.

”ആ ഞാനൊന്നും കണ്ടില്ല.” അവന്‍ കുതറി മാറാന്‍ ശ്രമിച്ചു.

”സ്‌കൂളീപോകുംനേരം നിന്നെ വിളിച്ചിട്ടല്ലേ പോയത്. നീ അപ്പോഴും ചാമ്പക്കൂട്ടില്‍ മലര്‍ന്ന് കിടപ്പല്ലാരുന്നോ. നിനക്ക് ഇവിടെ നടക്കുന്നതൊക്കെ അറിഞ്ഞുവച്ചാലെന്താ?”

”ഞാന്‍ ഉറങ്ങിപ്പോയെന്നത് നേരാ. ഇന്നലെ എലികള്‍ എന്നെ ഒരുപോള കണ്ണടയ്ക്കാന്‍ സമ്മതിച്ചില്ല. എലിയെ പിടിക്കലാ എന്റെ ജോലി. അല്ലാതെ വീടു നോക്കലല്ല. അതിന് വല്ല പട്ടിയെയും കാശ് കൊടുത്ത് വാങ്ങിയിടണം.”

”അതേ, ഞങ്ങള് തീരുമാനിച്ചോളാം കേട്ടോടാ. നീ ഇന്നലെപ്പിടിച്ച എലിയെവിടെ? വെളുക്കുവോളം പണിയായിരുന്നു എന്നല്ലേ പറഞ്ഞത്.”

”എലിയെപ്പിടിക്കാനേ എളുപ്പമല്ല. അതും നത്തക്കേടെ അത്രയുള്ള മൂന്നാല് കുഞ്ഞെലികള്‍. എലി വന്ന് ദാ എന്നെ പിടിച്ചോ എന്നുപറഞ്ഞ് മുന്നീവന്ന് നിന്നുതരത്തില്ല.”

”അതാ എനിക്കും പറയാനുള്ളത് കുളിരാ. എലി വന്ന് മുന്നില് നിന്നു തരത്തില്ല. എലിയെപ്പിടിക്കണ എത്ര പൂച്ചകളുണ്ട്. നിന്നെപ്പോലെ ഉത്തരവാദിത്തം ഇല്ലാത്തവരല്ല അവരൊന്നും.”

”ഉത്തരവാദിത്തം വരാന്‍ ഞാനൊരു കുഞ്ഞുപൂച്ചയാണെന്ന് നിനക്കോര്‍മവേണം. അടിസ്ഥാനമില്ലാതെ സംസാരിക്കരുത്.”

”നിന്റെ വര്‍ത്തമാനം അങ്ങനല്ലല്ലോ?” അമ്മു കളിയാക്കി.

”എനിക്കൊന്നും വയ്യ നിങ്ങടെയൊക്കെ ആട്ടുംതുപ്പും കേട്ട് ഇവിടെ കഴിയാന്‍. ഞാനീ രാത്രിതന്നെ ഇറങ്ങാണ് ഇവിടുന്ന്.”

കുളിരന്‍ ദേഷ്യത്തോടെ വാതില്‍പ്പടിയിലേക്ക് നടന്നു. അവനെ തിരിച്ചുവിളിക്കുമെന്നായിരുന്നു വിചാരം. അമ്മു മിണ്ടാന്‍ പോയില്ല. കുളിരന് തന്നേം അമ്മാമ്മേം ചൂടുള്ള ചായ്പിനേം വിട്ടൊന്നും പോകാന്‍ പറ്റില്ലെന്ന് അമ്മൂനറിയാം.

കുളിരന്‍ വാതില്‍പ്പടിയില്‍ കുറേനേരം ഇരുന്നു. അമ്മു നോക്കുന്നുകൂടിയില്ല. പൂച്ചയായാലും ഒരഭിമാനം ഇല്ലേ. അവന്‍ പതിയെ റോസാച്ചെടിയുടെ ഇരുട്ടിലേക്ക് നടന്നു. ഇരുട്ടത്ത് കുറേനേരം നിന്നപ്പോള്‍ പേടിതോന്നി. തന്നേക്കാളും വലുപ്പമുള്ള പെരുച്ചാഴികള്‍ പറമ്പിലുണ്ട്. അവ പടയോടെ വന്നാല്‍ പെട്ടതുതന്നെ. എലിവര്‍ഗത്തില്‍ പെട്ടതാണ് പെരുച്ചാഴികള്‍. എന്നാലും പൂച്ചയാണെന്ന ബഹുമാനമൊന്നും അത് കാണിക്കില്ല. വട്ടംചേര്‍ന്ന് കടിച്ചുകുടയും.

കുളിരന്‍ വീട്ടിലെ സ്ഥിതിഗതികള്‍ ആകെയൊന്ന് വിലയിരുത്തി. അമ്മാമ്മ ടി വി കാണുന്നു. അമ്മ അടുക്കളയില്‍ പൊരിഞ്ഞ ജോലിയിലാണ്. അമ്മു ഹോംവര്‍ക്ക് ചെയ്യുന്നു. അപ്പു പാഠപുസ്തകം വായിക്കുന്നു.

ഒരു ജോലിയുമില്ലാത്തത് തനിക്കുമാത്രമാണ്. അമ്മു പറയുന്നതിലും കാര്യമുണ്ടെന്ന് കുളിരന് തോന്നി. രാത്രിയായാല്‍ കുറേനേരം എലികളുടെ പിന്നാലെ ഓടും. അതിനെ ഒന്നിനെപ്പോലും പിടിക്കാന്‍ പറ്റാറില്ല.

നേരംവെളുത്താൽ ഒരു അണ്ണാറക്കണ്ണന്‍ ഉറങ്ങാന്‍ സമ്മതിക്കില്ല. അത് കൊച്ചടുക്കളയില്‍ വന്നിരുന്ന് ചിലയ്ക്കലാണ്. പിടിക്കാന്‍ ചെന്നാല്‍ ഓടി മുരിങ്ങാമരത്തില്‍ കയറും. കുറച്ചുമേലേക്ക് കയറാന്‍ കുളിരനും കഴിയും. അപ്പോഴേക്കും അണ്ണാന്‍ തുഞ്ചത്തേക്ക് മറയും. പിന്നെ ‘ചില്‍… ചില്‍’ ശബ്ദംമാത്രം അവശേഷിക്കും.

പിന്നെ വരുന്നത് കിളികളാണ്. അവ മുറ്റത്ത് കൊത്തിപ്പെറുക്കും. പിന്നാലെ ചെന്ന് വാലില്‍ പിടിക്കാന്‍ നോക്കും. അടുത്തെത്തിയാല്‍ അതൊന്ന് മാറിയിരിക്കും. കിളികള്‍ക്കും തന്നെ പേടിയില്ല. ചുരുക്കത്തില്‍ തന്നെ ഗൗരവത്തിലെടുത്തിട്ടുള്ള ആരും ഈ വീട്ടിലില്ല.

കുളിരന്‍ ഉമ്മറത്തേക്ക് കയറി. പിന്നെ പതിയെ അമ്മൂന്റെ വാതില്‍പ്പടിയോളംചെന്ന് ഉളിഞ്ഞുനോക്കി. അവന്‍ വാതിക്കല്‍ നിന്ന് നീട്ടിയൊരു മ്യാവൂ കൊടുത്തു. അവള്‍ ശ്രദ്ധിക്കുന്നേയില്ല. ക്ഷമകെട്ട്, അടുത്ത് ചെന്ന് കാലിനിട്ടൊരു മാന്തല്‍കൊടുത്തു. അമ്മു കാല് വലിച്ചു.

”പോ പൂച്ചേ…നശൂലമേ.”

”ഞാനെവിടെപ്പോകാന്‍?” കുളിരന്‍ മീശവിറപ്പിച്ചു.

”നീയല്ലേ പറഞ്ഞത് നീ ഈ വീട്ടീന്ന് പോകാണന്ന്?”

”ഞാനെന്തിന് പോണം. നീ വേണേ പൊയ്‌ക്കോ.”

അമ്മു കയ്യിലിരുന്ന പെന്‍സില്‍കൊണ്ട് ആഞ്ഞൊരു അടികൊടുത്തു. കുളിരന്‍ അല്‍പം ദൂരേക്ക് മാറിയിരുന്നു.

”നിനക്കുള്ളതിനേക്കാള്‍ അവകാശം എനിക്കീ വീട്ടിലുണ്ട്. അത് നീ മനസ്സിലാക്കണം.” കുളിരന്‍ ന്യായംപറഞ്ഞു.

”അതെങ്ങനാടാ?”

”നിനക്കുള്ളതുപോലുണ്ടോ അവകാശം. അതു സമ്മതിക്കാവോ?”

”അതെങ്ങനാന്നാ ചോദിച്ചത്?”

”അതേ നിന്നെ തവിടുകൊടുത്ത് വാങ്ങിയതാ. അമ്മാമ്മ പറഞ്ഞിട്ടുണ്ടല്ലോ. എന്റെ കാര്യം അങ്ങനല്ല. നിന്റെ അമ്മാമ്മ എന്നെ എടുത്തുവളര്‍ത്തിയതാ.”

അമ്മാമ്മ ചിലനേരംപറയാറുണ്ട്, അമ്മൂനെ അമ്മൂന്റെമ്മ പ്രസവിച്ചതല്ല, തവിടുകൊടുത്ത് വാങ്ങിയതാണെന്ന്. കുളിരന്‍ അതുകേട്ട് മറക്കാതെ വച്ചിരുന്നതാണ്. അമ്മൂന് ചിരിവന്നു.

അമ്മു ഒന്നു മയപ്പെട്ടന്ന് തോന്നി. കുളിരന്‍ വീണ്ടും സൗഹൃദത്തിന് ചെന്നു. അവളെ മുട്ടിയുരുമ്മി.

അമ്മു അവനെ മേശമേല്‍ പിടിച്ചിരുത്തി. ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ കുളിരനില്‍നിന്നും ചോദിച്ചറിയാനുണ്ട്.

കുളിരനും അഭിമുഖത്തിന് തയ്യാറെടുത്തു.

”കള്ളമൊന്നും പറയരുത്”

”ഇല്ല. ഞാന്‍ സത്യസന്ധനായ പൂച്ചയാണ്.”

”ശരി സത്യസന്ധാ. ഞാന്‍ ചോദിക്കുന്നതിന് ഉത്തരം പറഞ്ഞാലും. ഇന്ന് എപ്പോഴാണ് കോഴികളെ കൊണ്ടുപോയത്?”

”അമ്മൂ, ഞാന്‍ പതിവുപോലെ മയക്കത്തിലായിരുന്നു. അപ്പോഴാണ് കോഴിക്കൂടിന് അടുത്തുനിന്നും ചില ശബ്ദങ്ങള്‍ കേട്ടത്. ഞാന്‍ മൈന്‍ഡാക്കീല.”

”അതെന്താ മൈന്‍ഡാക്കാത്തത്?”

”അത് പതിവുള്ളതല്ലേ. ആ തലതിരിഞ്ഞ നിന്റെ പൂവന്മാര് തമ്മില്.”

”എന്നിട്ട്?”

”പിന്നൊന്നുകൂടി നോക്കയപ്പഴാ അത് കണ്ടത്. രണ്ടു പേരുണ്ടായിരുന്നു. അവരുടെ കയ്യില് കോഴികള്‍. അവര് ബൈക്കിലാകണം വന്നിട്ടുണ്ടാവുക. ബൈക്ക് പോകുന്ന ശബ്ദംകേട്ടു.”

”അപ്പൊ ഇവിടെ മറ്റാരെങ്കിലും ഉണ്ടാരുന്നോ?”

”രമണിചേച്ചി ഉണ്ടാരുന്നു.”

അമ്മുവിന് സംഭവിച്ചതിന്റെ ഏകദേശ രൂപം പിടികിട്ടി. അതുവച്ച് ഏകദേശചിത്രം മെനഞ്ഞെടക്കാന്‍ ശ്രമിച്ചു. ആരാണ് കോഴിയെവാങ്ങിപ്പോയതെന്ന് രമണിചേച്ചിക്കറിയാം. പക്ഷേ അവര്‍ പറയില്ല.

വളര്‍ത്താനായി കൊണ്ടുപോയതല്ല. എങ്കില്‍ മുട്ടയിടാത്ത കോഴീയേം പൂവനേം കൊണ്ടുപോകില്ല. പിന്നെ ആരായിരിക്കും ആ കോഴിക്കടത്തുകാര്‍?

തുടരും…

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: S r lal novel for children detective ammu chapter 12