ചാത്തനു പിന്നാലെ
പിറ്റേന്ന് സ്കൂളിലെത്തുമ്പോള്‍ മഞ്ചു ഗേറ്റിനുമുന്നില്‍ നില്‍പ്പുണ്ടായിരുന്നു. അമ്മുവിനെയും കാത്ത് നിന്നതാണ് അവള്. അമ്മു പറഞ്ഞതൊന്നും കെട്ടുകഥകളല്ലെന്നും യഥാര്‍ഥമാണെന്നും മഞ്ചുവിന് ബോധ്യമായിരുന്നു.
കയ്യില്‍ കരുതിയിരുന്ന ലവ്ലോലിക്കകള് മഞ്ചു അവള്‍ക്ക് സമ്മാനിച്ചു. ചുവന്ന നിറമാണ് ലവലോലിക്കക്ക്. മഞ്ചുവിന്റെ വീട്ടില്‍ ലവ്ലോലിക്ക മരമുണ്ട്. അവള് പതിവായി ലവ്ലോലിക്ക ക്ലാസില്‍ കൊണ്ടുവരാറുള്ളതാണ്. ഒരിക്കല്‍പ്പോലും അമ്മുവിന് അത് കിട്ടിയിട്ടില്ല.
പഴുത്തു കുടുന്ന ലവ്ലോലിക്ക! അമ്മു അതിലൊന്ന് കടിച്ചുനോക്കി. ഹായ്! നല്ല പുളിപ്പും മധുരവുമുണ്ട്.
പുറത്തുചാടിയ കരിംചാത്തന് എങ്ങോട്ടാ പോയത്? അവനെ പിടികൂടാന്‍ പറ്റിയോ? അവന് വല്ല കുഴപ്പവും ഉണ്ടാക്കിയോ? അത് അറിയാന്‍ മഞ്ചുവിന് ആകാംക്ഷയുണ്ടായിരുന്നു.
വൈകിട്ടോടെ കരിംചാത്തന് പാലച്ചോട്ടില്‍ എത്തേണ്ടതാണ്. സാധാരണ അതാണ് പതിവ്. ആ കരാറിലാണ് അമ്മാമ്മ അവനെ പുറത്തുവിടുന്നത്. അമ്മാമ്മ കരിംചാത്തനെ മന്ത്രംചൊല്ലി പാലയില്‍ തിരിച്ച് കയറ്റും. എന്നിട്ട് അവിടെ ആണിയടിക്കും. അന്നേരം അവന് പുറംവേദനിച്ച പോലെ നിലവിളിക്കും. എല്ലാം അവന്റെ അഭിനയമാണ്.
പുറത്തേക്കിറക്കുംമുമ്പ് അമ്മാമ്മ ചെയ്യുന്നൊരു കാര്യമുണ്ട്. കരിംചാത്തന്റെ വാലില്‍ ഒരു മാന്ത്രികത്തകിട് ജപിച്ചു കെട്ടും. തകിടുണ്ടെങ്കില് കരിംചാത്തന് എവിടെപ്പോയാലും അമ്മാമ്മയ്ക്കറിയാം. ചരടുള്ള പട്ടംപോലെ അമ്മാമ്മയ്ക്ക് അവനെ നിയന്ത്രിക്കാനും പറ്റും.
ഇതിപ്പൊ തകിടൊന്നുമില്ലാതെയല്ലേ ചാത്തന് പുറത്തു ചാടിയിരിക്കുന്നത്!
വൈകിട്ടായിട്ടും കരിംചാത്തനെ കാണാനില്ല. മഞ്ചാടി മരത്തില്‍ നോക്കാന്‍ അമ്മാമ്മ അമ്മൂനോട് ആജ്ഞാപിച്ചു. അതിലിരുന്ന് അവന്റെയൊരു ഊഞ്ഞാലാട്ടം പതിവാണ്. അവിടെ കാണാനില്ല. ചില നേരം പശുത്തൊഴുത്തില്‍ ചെന്നിരിക്കാറുണ്ട്. അമ്മാമ്മേടെ കണ്ണുതെറ്റിയാല്‍ അവന് പാല് മുഴുവന്‍ കട്ടുകുടിക്കും. കറവക്കാരന് വരുമ്പോഴേക്കും തുള്ളിപ്പാലുണ്ടാവില്ല.
കരിംചാത്തന് തൊഴുത്തിലുമില്ല.
നോക്കിനോക്കി ചെല്ലുമ്പോള്‍ വയ്ക്കോല് തുറുവിന് മുകളില്‍ അവന് ഇരിപ്പുണ്ട്. തടിച്ച കരിങ്കുരങ്ങിന്റെ രൂപമാണ് അന്നേരം. യഥാര്‍ഥരൂപം ഇതൊന്നുമല്ല!
അമ്മാമ്മ, ചാത്തനെ വാല്‍സല്യത്തോടെ വിളിച്ചു. ചെറിയ ചെറിയ അനുനയങ്ങളൊക്കെ പറഞ്ഞുനോക്കി. കരിംചാത്തന് വഴങ്ങുന്നില്ല. അമ്മാമ്മയുടെ കയ്യെത്തുംദൂരെ വന്നുനിന്നു. പിടിക്കാനായി ആഞ്ഞപ്പൊ, അമ്മാമ്മയുടെ കൈതിട്ടിയിട്ട് കുതറിയോടി. മാന്ത്രികത്തകിട് ശരീരത്തിലില്ല എന്ന് അവന് അറിയാം. അതിന്റെ നെഗളിപ്പാണ്.
കരിംചാത്തനെ ഏതുവിധേനയും പിടികൂടിയേ പറ്റൂ. ഇല്ലെങ്കില്‍ ആളുകളെ പേടിയാക്കും. രാത്രി യാത്രക്കാരെ വഴിതെറ്റിക്കും. കുട്ടികളെ പിടിച്ച് ഇരുട്ടത്ത് നിര്‍ത്തും. വാഹനങ്ങളെ മറിച്ചിടും. ഇലക്ട്രിക് ലൈനില്‍ തൂങ്ങിയാടി ഇരുട്ടു പരത്തും.
മേല്‍ക്കൂരയിലെ ഓടിളകുന്ന ശബ്ദം അമ്മു കേട്ടു. പുറത്തേക്കിറങ്ങി നോക്കി. ദേ, കരിംചാത്തന് പുരപ്പുറത്തിരിക്കുന്നു. അമ്മാമ്മ അവനെ പാലും തേനും കാട്ടി വിളിച്ചു. അവന് അതു രണ്ടും കുടിച്ചു. എന്നിട്ട് വീണ്ടും പുരപ്പുറത്തുകയറി ഇരിപ്പായി. അമ്മാമ്മ മാന്ത്രിക വടി എടുത്തു. അതോടെ അവന് നിന്ന നില്പ്പില് മാഞ്ഞുപോയി.
അമ്മാമ്മ ഉമ്മറത്ത് വിളക്കുകത്തിച്ചു. വെളുംചാത്തനെ സമീപത്തിരുത്തി. മന്ത്രംചൊല്ലി. കൃഷ്ണമണി അന്നേരം പമ്പരംപോലെ കറങ്ങാന്‍ തുടങ്ങി. ഓടിമറഞ്ഞ കരിംചാത്തന് ഏവിടെയുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമമാണ്. അവനാകട്ടെ പിടിതരാതെ ഒളിച്ചുകളിക്കുകയാണ്. അമ്മാമ്മയുടെ മുഖം രൗദ്രഭാവം പൂണ്ടു. കണ്ടാല്‍ പേടിയാകും.

രാത്രി പന്ത്രണ്ടു മണിയായി. എല്ലായിടത്തും നിശ്ശബ്ദത. അമ്മാമ്മ പുറത്തേക്കിറങ്ങി. അമ്മുവിനെയും പ്രിന്‍സ് പൂച്ചയെയും ഒപ്പംകൂട്ടി. സഹായത്തിന് വെളുംചാത്തനുമുണ്ട്. അവനെ കാണാന്‍ പറ്റില്ല. പക്ഷേ അമ്മാമ്മ ചില ആജ്ഞകള്‍ അവന് നല്‍കുന്നുണ്ട്. കട്ടപിടിച്ച ഇരുട്ടാണ്. പെട്ടെന്ന് വഴിയില്‍ വെളിച്ചം തെളിഞ്ഞു. വെളുംചാത്തന്‍ വിളക്കു തെളിച്ചതാണ്. അവന്റെ കയ്യില്‍ ചൂട്ടുകറ്റയുണ്ട്.
അമ്മാമ്മ ചെമ്മണ് പാതയിലേക്കിറങ്ങി. നെറ്റിചുളിച്ച് നാലുപാടും നോക്കി.
”സൂക്ഷിച്ചുനോക്ക്. അവനെ കാണുന്നുണ്ടോന്ന്?” അമ്മാമ്മ അമ്മുവിനോട് പറഞ്ഞു.
പരന്നുകിടക്കുന്ന വയല്‍. അതിനുമേല്‍ വെളിച്ചം ഭംഗിയില്‍ തൂവിക്കിടക്കുന്നു. നിലാവ് പെട്ടെന്നുവന്നു വീണതാണ്. അത്രയുംനേരം എന്തോരു ഇരുട്ടായിരുന്നു. അമ്മാമ്മ ചന്ദ്രനെ വിളിച്ചുവരുത്തിയതാണ്.
”നിന്ന് സ്വപ്നംകാണാതെ നോക്കെടീ… മനുഷ്യന് മുള്ളിന്മേല് നിക്കുമ്പഴാണ് അവളുടെ ഒരു….” അമ്മാമ്മ ക്രുദ്ധയായി.
അങ്ങകലെ കടലുകാണിപ്പാറ. പാറയ്ക്കുമുകളില്‍ ഉയരമുള്ള മരമുണ്ട്. ഒരൊറ്റ മരം. അതുമാത്രം കൊടുങ്കാറ്റിലെന്നപോലെ ആടുന്നു. പമ്പരംപോലെ കറങ്ങുന്നു.
അമ്മാമ്മയെ ആ ദൃശ്യം കാട്ടിക്കൊടുത്തു.
”അത് അവന് തന്നെ. വാ അങ്ങോട്ടുപോകാം.”
അമ്മാമ്മയാണ് മുന്നില്‍. തൊട്ടുപിന്നില്‍ അമ്മുവും പ്രിന്‍സും, ഏറ്റവും പുറകില്‍ വെളുംചാത്തന്‍.
കടലുകാണി പാറയ്ക്ക് നല്ല ഉയരമുണ്ട്. നടുവില്‍ കൈകൊടുത്ത് അമ്മാമ്മ മുകളിലേക്ക് നോക്കി. അമ്മാമ്മ എങ്ങനെ ഈ പാറപ്പുറത്ത് കയറും. പക്ഷേ, നിമിഷനേരംകൊണ്ട് അമ്മാമ്മ പാറപ്പുറത്തെത്തി.
കരിംചാത്തന് മരത്തിന്റെ തുഞ്ചത്തുണ്ട്. അവിടിരുന്ന് അമ്മാമ്മയെ കോക്രി കാണിച്ചു. അമ്മാമ്മ അത് കാര്യമാക്കിയില്ല.
അമ്മാമ്മ സ്നേഹത്തോടെ വിളിച്ചു. ”ഇറങ്ങിവാടാ കരിംചാത്താ, പൊന്നു മോനേ.”
”മനസ്സില്ല മുതുക്കിത്തള്ളേ…” കരിംചാത്തന് കുറുമ്പുകാട്ടി. ”എന്നെ പാലമരത്തില്‍ കൊണ്ടുപോയി പൂട്ടിയിടാനല്ലേ. നിങ്ങളീ വെളുംചാത്തനെ എപ്പോഴും തുറന്നു വിട്ടിരിക്കല്ലേ. എന്നെ അങ്ങനെ വിട്ടാലെന്താ?”
”വിടാമെടാ, കരിംചാത്താ, നീ താഴത്തുവാ, ചക്കരക്കുട്ടാ…”
”ഇപ്പം വരാം, നിങ്ങള്‍ അവിടെ കാത്തു നിന്നോ കെളവീ.”
അമ്മാമ്മയ്ക്ക് ദേഷ്യംവന്നു. ”ഞാനങ്ങളോട്ട് കയറിവന്നാലുണ്ടല്ലോ”
”പിന്നേ, വരാതിരുന്നാ നിങ്ങക്ക് കൊള്ളാം. വയസ്സാംകാലത്ത് മരത്തീന്ന് വീണ് നടുവൊടിയും. നിങ്ങളെ ഞാന്‍ താഴത്തു തള്ളിയിടും.”
”എടാ നശൂലം പിടിച്ചോനേ.” അമ്മാമ്മ താഴെനിന്നും ഒരു കല്ലെടുത്ത് അവനെ എറിഞ്ഞു. അതോടെ അവന്റെ സ്വഭാവം മാറി. കരിംചാത്തന് മരത്തിന്റെ ചില്ലയൊടിച്ച് താഴേക്ക് എറിയാന്‍ തുടങ്ങി.
ഒരു രക്ഷേമില്ലല്ലോ. ഇവനെ എങ്ങനെ താഴത്തിറക്കും. അമ്മാമ്മ പലവിധ ആലോചനയിലായി.
”വെളുംചാത്തനെ മുകളിലേക്ക് കയറ്റിവിട്ടാലോ അമ്മാമ്മേ?”
”പോടീ അവിടുന്ന്, കരിംചാത്തന് തലതെറിച്ച വിത്താ. അവന് പാവത്തിനെ ഉപദ്രവിച്ചുകളയും.”
വെളുംചാത്തന്‍ കരിംചാത്തനെ പേടിയാണ്.
പൊടുന്നനെ കുന്നിന് താഴെയായി വെളിച്ചം തിളങ്ങി. പറന്നുപോകുന്ന വെളിച്ചം. അമ്മു പേടിച്ചുപോയി. മിന്നാമ്മിന്നികളാണെടീ. അമ്മാമ്മ അവളെ സമാധാനിപ്പിച്ചു.
കരിംചാത്തന് ഒഴുകുന്ന വെളിച്ചംകണ്ട് കുസൃതിതോന്നി. അവന് നീണ്ടുനിവര്‍ന്ന മരത്തിനെ വില്ലുപോലെ വളച്ച്, താഴ്വരയിലേക്ക് ചെന്നു. മിന്നാമ്മിന്നികളെ പേടിപ്പിക്കാനായി ചെന്നതാണ്. അതില്‍ കുറച്ചെണ്ണത്തിനെ കൈവെള്ളയില്‍ പിടിച്ചു. എന്നിട്ട് മരത്തിനെ നിവര്‍ത്തി തിരിച്ചുവന്നു. പിന്നെ അമ്മാമ്മയുടെ നേരേ മരത്തെ വില്ലാക്കി പിടിച്ചു. അവയെ അമ്മാമ്മയ്ക്ക് നേരെ പറത്തിവിട്ടു. കൂഹൂയ്… കൂഹൂയ്… കരിംചാത്തന് കളിയാക്കി ചിരിച്ചു. കരിംചാത്തന് വീണ്ടും മിന്നാമ്മിന്നിയെ പിടിക്കാന്‍പോയി.
ആഹാ ഇതുതന്നെ വഴി. അമ്മാമ്മയുടെ കണ്ണുകള്‍ തിളങ്ങി. അമ്മാമ്മ എന്തോ മാര്‍ഗം കണ്ടുപിടിച്ചിരിക്കുന്നു.
അമ്മാമ്മ നീളമുള്ള കാട്ടുവള്ളി പിഴുതെടുത്തു. അതിനറ്റത്തൊരു കുരുക്കിട്ടു. കുരുക്കിനറ്റത്ത് കല്ലുകൂടി കെട്ടി. താഴത്തേക്ക് വന്നതും ഒരൊറ്റ ഏറ്. അത് മരത്തിന്റെ തുഞ്ചത്തേക്ക് പറന്നുചെന്നു. ചില്ലകളിലൊന്നില്‍ പിടുത്തമിട്ടു. കരിംചാത്തന് ഒന്നും ആലോചിക്കാന്‍ പറ്റീല്ല. അതിനുമുന്നേ വെളുംചാത്തന്‍ വള്ളിയുടെ അറ്റംപിടിച്ച് വലിച്ചു. മരത്തിന്റെ ഉയരം താഴ്ന്നു വന്നു. തുഞ്ചത്തിരുന്ന കരിംചാത്തനെ അമ്മാമ്മ ചെവിക്കുപിടിച്ചു.
”വാടാ നെറികെട്ടോനെ…”

”ആ പ്രിന്‍സ് എവിടെ?” അമ്മാമ്മ ചോദിച്ചു.
അവന് വയലുവരെ കൂടെയുണ്ടായിരുന്നതാണല്ലോ. ഇപ്പോ കാണാനില്ല.
അമ്മാമ്മ നിരാശയോടെ തലയില്‍ കൈവച്ചു. കരിംചാത്തന്റെ വാലില്കെട്ടാനുള്ള തകിട് അവന്റെ കഴുത്തിലാണ്. എന്തുചെയ്യും?
അമ്മാമ്മയ്ക്ക് ഇതുതന്നെ വേണം. അമ്മു ശബ്ദമില്ലാതെ പറഞ്ഞു. അവനെയല്ലേ അമ്മാമ്മയ്ക്ക് തന്നെക്കാള്‍ വിശ്വാസം!
എങ്ങനെയും കരിംചാത്തനെ വീട്ടിലെത്തിച്ചല്ലേ പറ്റൂ. അമ്മാമ്മ തോര്‍ത്തു നൂല് വലിച്ചൂരി. എന്നിട്ടാ നൂലിനെ ജപിച്ചെടുത്തു. അവന്റെ വാലില്‍കെട്ടി. ഒരുപരിധിവരെ കരിംചാത്തനെ നിയന്ത്രിക്കാനുള്ള മാര്‍ഗമാണ്.
”അയ്യോന്റെമ്മാമ്മേ എന്നെ ഒന്നും ചെയ്യരുതേ. ഞാനൊരു പാവമാണേ. അറിവില്ലാ പൈതലാണേ. ഞാനിനി കുസൃതി കാട്ടൂല്ലേ. എന്തു പറഞ്ഞാലും അനുസരിച്ചോളാമേ. എന്നെ പാലമരത്തില്‍ തളയ്ക്കല്ലേ.”
കരിംചാത്തന് പാറമേല്‍ അള്ളിപ്പിടിച്ചു കിടപ്പായി. വാവിട്ട് നിലവിളിയായി. വാലിന്റെ അറ്റം പാറമേല്‍ ചുറ്റിവരിഞ്ഞു കിടപ്പായി. അവനെ പുതിയരൂപം കണ്ട് അമ്മു ഞെട്ടിപ്പോയി. കറുത്തുതടിച്ചൊരു ഭീകരനായി അന്നേരം അവന് മാറിയിരുന്നു.
”നീ എന്തൊക്കെയാടാ എന്നെ വിളിച്ചത്?” അമ്മാമ്മ കരിംചാത്തന്റെ അടുത്ത ചെവിയിലും തിരുമ്മി.
”ഇനി മുതുക്കിത്തള്ളേന്ന് വിളിക്കൂലേ.”
”എന്നാ എണീറ്റുവാ.”
”എന്നെ കൊല്ലാന്‍ കൊണ്ടോവേണേ. ഞാന്‍ വരത്തില്ലേ… വരത്തില്ലേ…” കരിംചാത്തന് വാശിപിടിച്ചു.
”എനിക്ക് നിന്നെ കൊണ്ടുപോകാനറിയാം.” അമ്മാമ്മ അവന്റെ വാലിന്റെ അറ്റത്ത് ചൂട്ടുകറ്റകൊണ്ട് തീകൊടുത്തു. അതോടെ പാറയിലുള്ള വാലിന്റെ പിടുത്തംവിട്ടു. അവന് കൂടെ വരാമെന്നായി.
”നീയീ ചൂട്ടുകറ്റവച്ചോ. ഇനീം ആവശ്യംവരും.” അമ്മാമ്മ ചൂട്ടുകറ്റ അമ്മുവിനെ ഏല്‍പ്പിച്ചു.
എന്തോരു പാടായിരുന്നു കരിംചാത്തനെ നടത്തിക്കാന്‍. കണ്ട മരത്തിലും തൂണിലുമെല്ലാം വാലുകൊണ്ട് ചുറ്റിപ്പിടിക്കും. അത് വിടുവിക്കാന്‍ വാലിന്മേല് തീകൊടുക്കണം.
ഒരുവിധത്തില്‍ കരിംചാത്തനെ വയലിന്റെ കരവരെ എത്തിച്ചു. അവിടെ എത്തിയതോടെ കരിംചാത്തന് കുത്തിപ്പിടിച്ചരിപ്പായി.
”എനിക്കിനി നടക്കാന്‍ വയ്യേ. ആരെങ്കിലും എന്നെയൊന്ന് എടുക്കണേ.”
ഒരു കുട്ടിക്കൊമ്പനോളംവരുന്ന കരിംചാത്തനെ ആരെടുക്കാന്‍!
”നടക്കടാ…” അമ്മാമ്മ കയ്യിലെ മാന്ത്രികവടി വീശി.
അതോടെ അവന് വയലിലെ ചെളിയിലേക്കിറങ്ങി, അതില്‍ മാണ്ടുകിടപ്പായി. വാലിനെ ചെളിയില്‍ പൂഴ്ത്തി വെച്ചു. പിന്നെങ്ങനെ ചൂട്ടുകറ്റകൊണ്ട് കുത്തും?
അമ്മാമ്മയുണ്ടോ വിടുന്നു. മന്ത്രംചൊല്ലി. വയലിലെ ഞണ്ടുകളെയെല്ലാം ഓടിവന്നു. അത് കടി തുടങ്ങിയതോടെ കരിംചാത്തന് എണീറ്റ് ഓടാന്‍ തുടങ്ങി. പാലച്ചോട്ടില്‍ എത്തിയിട്ടേ അവന്റെ ഓട്ടംനിന്നുള്ളൂ.
അന്നേരം നേരം വെളുവെളാ വെളുത്തിരുന്നു.
അവനെ പാലയില്‍ കയറ്റി, തിരിച്ചു വന്നുനോക്കുമ്പോഴുണ്ട്, പ്രിന്‍സ് ചാമ്പല്ക്കൂടില് കിടന്ന് സുഖ ഉറക്കം. അവന്റെ കഴുത്തില്‍ അമ്മാമ്മ കെട്ടിക്കൊടുത്ത തകിടുമുണ്ട്. അമ്മാമ്മയ്ക്ക് ദേഷ്യംവന്നു. ഒരുകുടം തണുത്തവെള്ളമെടുത്ത് അവന്റെ പുറത്തുകൂടി കമിഴ്ത്തിക്കൊടുത്തു. പിന്നല്ലാതെ!
അമ്മു കഥ പറഞ്ഞ്, കോട്ടുവായിട്ടു.
കരിംചാത്തനെ പിടിക്കാന്‍ പോയ കാരണം, അമ്മൂന് തീരെ ഉറങ്ങാനായില്ല.
”നീ ഇക്കാര്യമൊന്നും ആരോടും പറണ്ട. ആരും ഇതൊന്നും വിശ്വസിക്കില്ല.” മഞ്ചുവിനെ അവള് ഉപദേശിച്ചു.
”പക്ഷേ എനിക്ക് വിശ്വാസായി.” കൊഞ്ച് തലകുലുക്കി. ”ഞാന്‍ കാരണം നീയും അമ്മാമ്മേം വല്ലാതെ ബുദ്ധിമുട്ടി. സോറി.”
”അത് സാരോല്ല. നിനക്ക് കാര്യങ്ങള്‍ ബോധ്യായല്ലോ. അതുമതി.”
”പിന്നൊരു സ്വകാര്യം. ഞാനവിടെ ബോധംകെട്ടുവീണ കാര്യം നീ കുട്ടികളോടൊന്നും പറയാന്‍ നിക്കണ്ട.” മഞ്ചു രണ്ട് ലവ്ലോലിക്കകൂടി അമ്മൂന് സമ്മാനിച്ചു.
”ഏയ് ഞാന്‍ പറയോ?” അമ്മു അവളുടെ കയ്യിലടിച്ച് സത്യംചെയ്തു.
അമ്മൂനെ മഞ്ചു ആദ്യബെഞ്ചില്‍ പിടിച്ചിരുത്തി. അവര്‍ തോളില്‍ കയ്യിട്ടു നടന്നു. മഞ്ചുവിനുമാത്രം അമ്മു കഷായവെള്ളം കുടിക്കാന്‍ കൊടുത്തു.
എന്തു സന്തോഷമുള്ള ദിവസമായിരുന്നു, സ്കൂള്‍ വിട്ടുപോകുമ്പോള്‍ അമ്മു ആലോചിച്ചു.
പക്ഷേ, സന്തോഷകരമായ ആ ദിവസത്തിന് മങ്ങലേല്‍പ്പിക്കുന്ന ഒരു വാര്‍ത്ത അവളെ കാത്തിരിപ്പുണ്ടായിരുന്നു. അത് പറയാന്‍ തിടുക്കപ്പെട്ട് കുളിരന് ഗേറ്റിനരികില്‍ അക്ഷമനായി നിന്നു.
തുടരും…
Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു