scorecardresearch

Latest News

ഡിറ്റക്റ്റീവ് അമ്മു – കുട്ടികളുടെ നോവൽ പത്താം ഭാഗം

“അയ്യോ, മഞ്ചു ദേ താഴെക്കിടക്കുന്നു. പാലമരത്തില്‍നിന്നും കുറച്ചു ദൂരത്തായിട്ടായിരുന്നു അത്. വിളിച്ചിട്ട് എണീക്കുന്നില്ല. പേടിച്ച് അവളുടെ ബോധംപോയതാണ്. അമ്മു പരിഭ്രമിച്ചുപോയി. അവള്‍ക്ക് കരച്ചില്‍വന്നു.” എസ് ആർ ലാൽ എഴുതിയ കുട്ടികളുടെ നോവൽ “ഡിറ്റക്റ്റീവ് അമ്മു” പത്താം ഭാഗം

പുറത്തുചാടിയ ചാത്തന്‍

ഇരുട്ടും മരങ്ങളും ചേര്‍ന്ന് ഭീതിപ്പെടുത്തുന്ന അന്തരീക്ഷമായിരുന്നു അവിടെ.

മഞ്ചു പാലയുടെ സമീപത്തേക്ക് ചെന്നു. മരത്തിനെ വലംചുറ്റി. കൂറ്റനൊരു മരമാണ്.

”ഈ പാലയിലാണോ ചാത്തനെ പാര്‍പ്പിച്ചിരിക്കുന്നത്?”

”ഉവ്വ്.” അമ്മു ആത്മവിശ്വാസമില്ലാതെ പറഞ്ഞു.

”എന്നിട്ട് ചാത്തനെവിടേ അമ്മൂ?” കൊഞ്ച് തുരുതുരെ ചോദ്യം പായിക്കയാണ്. എന്നിട്ട് ഒരു കള്ളച്ചിരിയുമുണ്ട്. അമ്മുവിന് അതുകണ്ട് കലികയറി. നാശംപിടിച്ചവള്, അവള്‍ ശബ്ദമില്ലാതെ പറഞ്ഞു,

പാലയുടെ ഉണങ്ങിയ ശിഖരത്തില്‍ ഒരാണി തറച്ചുവച്ചിട്ടുണ്ട്. അത് മാധവന്‍ചേട്ടന്‍ ചെയ്തിരിക്കുന്നതാണ്. ഉണങ്ങിയ ശിഖരത്തില്‍ ആണികൊണ്ട് ദ്വാരമുണ്ടാക്കും. അതില്‍ തീപ്പെട്ടിക്കോലിന്റെ അറ്റത്തുള്ള മരുന്ന് നിറയ്ക്കും. എന്നിട്ട് ആണി ആ ദ്വാരത്തിലേക്ക് മെല്ലെ താഴ്ത്തിവയ്ക്കും. പിന്നീടാണ് ഒരു വിദ്യയുള്ളത്. മാധവന്‍ ചേട്ടന്‍ അത് അമ്മുവിന് കാട്ടിക്കൊടുത്തിട്ടുണ്ട്.

ഇതാ ഒരുപിടിവള്ളി കിട്ടിയിരിക്കുന്നു! അമ്മു പെട്ടെന്ന് ഉന്മേഷഭരിതയായി.

പാലമരത്തില്‍ തറച്ചിരിക്കുന്ന ആണി മഞ്ചുവിന് കാട്ടിക്കൊടുത്തു. ”ഇതിലാ കരിംചാത്തനെ തളച്ചിരിക്കുന്നത്.” അമ്മു വീറോടെ പറഞ്ഞു.

”ഇതെന്താ സിനിമയിലേതുപോലയാ?” കൊഞ്ചിന് ചിരിപൊട്ടീട്ട് വയ്യ. കൂട്ടുവന്ന ചട്ടമ്പിയും വാപൊത്തി ചിരിച്ചു. അപ്പുവിനും ചിരി വന്നതാണ്. അമ്മുവിനെ ഓര്‍ത്ത് അത് അടക്കിക്കളഞ്ഞു. അതിനുംവേണ്ടി എന്താ ചിരിക്കാന്‍? അമ്മു സ്വയം സംസാരിച്ചു.

”നിനക്ക് സംശയോണ്ടോ?” അമ്മു ചിലത് മനസ്സില്‍ കണ്ടിരുന്നു.

”ഉണ്ട്… ഉണ്ട്… ഉണ്ട്…” മഞ്ചു ഉച്ചത്തില്‍ വാദിച്ചു.

”സത്യാ മഞ്ചൂ, അതിനകത്താണ് കരിംചാത്തനെ തളച്ചിട്ടിരിക്കുന്നത്. ആണി കണ്ടില്ലേ. ഈ ആണി ഇളക്കിയാല്‍ ചാത്തന്‍ പുറത്തുചാടും.”

”പുളുവടിക്കാതെ അമ്മൂ.”

”സംശയോണ്ടങ്കില് നീ ആണീലൊന്ന് അടിച്ചുനോക്ക്.”

അടുത്തുകിടന്ന മരക്കഷ്ണം മഞ്ചു വലിച്ചെടുത്തു. എന്നിട്ടത് ചട്ടമ്പിയെ ഏല്‍പ്പിച്ചു.

”അടിക്കെട്ടോ?” ചട്ടമ്പി മഞ്ചുവിന്റെ ആജ്ഞയ്ക്കായി കാത്തു. ആവേശത്തിലായിരുന്നു ചട്ടമ്പി.

”അടിക്കെടാ…”

ചട്ടമ്പി ഓങ്ങിത്താങ്ങി ഒരടി.

”ഠോ…”

എന്തോരു ശബ്ദമായിരുന്നു. ചെവി പൊട്ടുംപോലെ തോന്നി. പുക ചുറ്റുംപരന്നു.
ഉണങ്ങിയ മരത്തിന്റെ ചീളുകള്‍ ചുറ്റുംതെറിച്ചു. പൊടിപരന്നു. മരത്തിന്മേലിരുന്ന കുളിരന്‍ ഒരൊറ്റച്ചാട്ടം. പേടിനിറഞ്ഞ വികൃത ശബ്ദമുണ്ടാക്കി, അവന്‍ മഞ്ചുന്റെ ദേഹത്തേക്ക് വീണു. പിന്നെ പിടഞ്ഞ് ഒരോട്ടം. മണിച്ചിക്കോഴിയും കുഞ്ഞുങ്ങളും ആകാശത്തേക്ക് പറന്നുയര്‍ന്നു. കരിയിലകള്‍ ഉയര്‍ന്നുപൊങ്ങി.

വിശേഷപ്പെട്ടത് മറ്റൊന്നായിരുന്നു. മരങ്ങളില്‍ തലകീഴായിക്കിടന്ന വവ്വാലുകള്‍ ഉണര്‍ന്നെണീറ്റു. അവ ചിറകിട്ടടിച്ച് ശബ്ദമുണ്ടാക്കി. ഭീതിനിറച്ചുകൊണ്ട് അവിടെയാകെ അത് ചുറ്റിപ്പറന്നു.
ഇതെല്ലാം നിമിഷനേരംകൊണ്ട് സംഭിവിച്ചതാണ്.

”എന്റെമ്മോ, ചാത്തന്‍ പുറത്തുചാടിയേ…” ചട്ടമ്പി നിലവിളിച്ചുകൊണ്ട് ഒരോട്ടം വച്ചുകൊടുത്തു.

എന്താസംഭവിച്ചതെന്ന് അപ്പൂനും മനസ്സിലായില്ല. അവന്‍ ധൈര്യത്തിനായി അമ്മൂന്റെ കൈപിടിച്ചുനിന്നു.

മാധവന്‍ ചേട്ടന്റെ പറമ്പിലെ പാക്കും വാഴക്കുലയും മിച്ചംകിട്ടാറില്ല. മുഴുവനും വവ്വാലുകള്‍ കൊണ്ടുപോകും. വവ്വാലുകളെ ഓടിക്കാനായി മാധവന്‍ ചേട്ടന്‍ ചില വിദ്യകള്‍ ചെയ്തിരുന്നു. അതിലൊന്നായിരുന്നു ആ ആണിപ്രയോഗം.

മഞ്ചു എവിടെ? അവളെ കാണാനില്ലല്ലോ? അമ്മു ചുറ്റുംനോക്കി. അവളും ചട്ടമ്പിക്കൊപ്പം ഓടിപ്പോയിരിക്കുമോ?

അയ്യോ, മഞ്ചു ദേ താഴെക്കിടക്കുന്നു. പാലമരത്തില്‍നിന്നും കുറച്ചു ദൂരത്തായിട്ടായിരുന്നു അത്. വിളിച്ചിട്ട് എണീക്കുന്നില്ല. പേടിച്ച് അവളുടെ ബോധംപോയതാണ്. അമ്മു പരിഭ്രമിച്ചുപോയി. അവള്‍ക്ക് കരച്ചില്‍വന്നു.

ചട്ടമ്പിയുടെ കുറുക്കുവിളിയും കരച്ചിലുംകേട്ട് അമ്മയും അമ്മാമ്മയും ഓടിവന്നു. അവര്‍ മഞ്ചുവിനെ തോളിലിട്ട് വീട്ടിലേക്കോടി. ഉമ്മറത്ത് കിടത്തി. അമ്മാമ്മ അവളുടെ മുഖത്ത് വെള്ളം തളിച്ചു.

മഞ്ചു പതിയെ കണ്ണു തുറന്നു. അതോടെ അമ്മൂനും സമാധാനമായി.

അമ്മാമ്മ ഭസ്മക്കൊട്ടിലില്‍ കൈയിട്ടു. അതില്‍ നിന്നും ഒരുനുള്ള് ഭസ്മമെടുത്തു. മഞ്ചുവിനെ മടിയില്‍ പിടിച്ചിരുത്തി. അവളുടെ നെറ്റിയില്‍ ഭസ്മം പുരട്ടി. അമ്മുവോ അപ്പുവോ പേടിസ്വപ്നം കാണുമ്പോള്‍ അമ്മാമ്മ ഇത് ചെയ്യാറുള്ളതാണ്.

അമ്മാമ്മയ്ക്കിനി ഒരു മന്ത്രം ചൊല്ലല്‍കൂടിയുണ്ട്. കേള്‍ക്കുന്നവര്‍ക്ക് അതെന്തെന്ന് മനസ്സിലാവില്ല. പക്ഷേ, അമ്മു അത് കുറേ പിടിച്ചെടുത്തിട്ടുണ്ട്.

”ഓം, ഓം…
കുക്കുടുത്ത മന്ത്രം
കുടുകുടുത്ത മന്ത്രം
കണ്ണാംചിരട്ടയില്‍
പിടിച്ചടച്ച മന്ത്രം
നിനക്കൊന്നു വന്നാ
എനിക്കെന്ത് ചേതം.”

പിന്നെയുള്ളത് അവ്യക്തമാണ്. അമ്മൂന് ഇതുവരെയുംപിടികിട്ടിയിട്ടില്ല. അമ്മാമ്മ പറഞ്ഞുതരാനും തയ്യാറല്ല. അതുകൊണ്ട് അമ്മു സ്വന്തം നിലയില്‍ പൂരിപ്പിക്കും. അത് ഇങ്ങനാണ്:

”എന്റെ ചാത്തന്മാര്‍ക്ക് ചേതം
കരിം ചാത്തന് ചേതം
വെളും ചാത്തന് ചേതം
ഒഴിഞ്ഞു പോട്ടെ സ്വാഹ,
പേടി പോട്ടെ സ്വാഹ,
അലിഞ്ഞു പോട്ടെ സ്വാഹ.”

അമ്മാമ്മ അവളുടെ നെറ്റിയില്‍ കുറിവരച്ചു. തെച്ചിപ്പൂവും തുളിസി ഇലയും തലയ്ക്കുമുകളില്‍ ഉഴിഞ്ഞിട്ടു.

”ഇനി ഒന്നൂല്ല കേട്ടോ.” അമ്മാമ്മ അവളെ ആശ്വസിപ്പിച്ചു. നെറ്റിയില്‍ ഉമ്മവച്ചു.

മഞ്ചു ചിരിച്ചു. അമ്മുവും.

കഥ പൊളിഞ്ഞിരുന്നെങ്കില്‍ എന്തായേനെ. മഞ്ചു എല്ലാരോടും പറഞ്ഞ് നാറ്റിച്ചേനെ. സ്‌കൂളില്‍ തല ഉയര്‍ത്തി നടക്കാന്‍ പറ്റില്ലായിരുന്നു. അമ്മുവിന് അന്നേരം ഗൂഢമായ സന്തോഷം തോന്നി. ഇനി ഇതെല്ലാം പൊടിപ്പും തൊങ്ങലുംവച്ച് മഞ്ചുവും ചട്ടമ്പിയും കൂടി പറഞ്ഞോളും.

കൊഞ്ചിനെ യാത്രയാക്കി ഗേറ്റിന് അരികില്‍ നില്‍ക്കുമ്പോഴേക്കും കുളിരന്‍ ഓടിപ്പാഞ്ഞ് വന്നു.

”എന്താ അമ്മൂ വലിയൊരു ശബ്ദം അവിടെ കേട്ടത്?”

”നീയൊന്നും അറിഞ്ഞില്ലേ?”

”ഏയ്…”

”നീ നെലവിളിച്ചോണ്ട് ഓടണത് ഞാന്‍ കണ്ടതല്ലേടാ.”

”നീ കണ്ടല്ലേ. ആരോടും പറയണ്ടാട്ടോ. പേടിച്ചോടിയപ്പോ വഴിതെറ്റിപ്പോയി. അവിടെന്താ നടന്നത്? എനിക്കൊന്നും മനസ്സിലായില്ല.”

”നീയൊരു നരുന്ത് പൂച്ചയല്ലേ. നീയിത്രയൊക്കെ മനസ്സിലാക്കിയാ മതി കേട്ടോ.”

”ഓ ഒരു മുതുക്കിത്തള്ള വന്നിരിക്കുന്നു…” കുളിരന്‍ ചാമ്പല്‍ക്കൂട്ടിലേക്ക് നടന്നു.

തുടരും…

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: S r lal novel for children detective ammu chapter 10