/indian-express-malayalam/media/media_files/s-r-lal-novel-part-20-1.jpg)
ബാലസാഹിത്യത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി ജേതാവായ എസ് ആർ ലാൽ, ഐ ഇ മലയാളത്തിലൂടെ അവതരിപ്പിച്ച തൻ്റെ ഡിറ്റക്റ്റീവ് അമ്മുവിനെ വീണ്ടും കൂടെ കൂട്ടുന്നു. അമ്മുവിൻ്റെ സാഹസങ്ങളാണിത്തവണ. ദൃക്സാക്ഷികളായി മണിച്ചിക്കോഴിയും കുളിരൻ പൂച്ചയും ഇത്തവണയും കൂടെയുണ്ട്. അമ്മുവിൻ്റെ സാഹസങ്ങൾക്കു പുറകേ ഓടിത്തിമർത്താവട്ടെ ഇത്തവണ കുട്ടിക്കൂട്ടുകാരുടെ ഇനിയുള്ള ദിവസങ്ങൾ
സങ്കടങ്ങള്‍
അമ്മു കഥ എഴുതുകയായിരുന്നു. രാവിലെ മുതലുള്ള ഇരിപ്പാണ്. കഥ ഉള്ളില്‍ വന്ന് കൂടിയിട്ട് കുറച്ചു ദിവസമായി. അത് എഴുതി ഫലിപ്പിക്കാനാണ് പ്രയാസം.
കുളിരന്‍ കുറേനേരമായി അമ്മുവിന്റെ മുറിയിലുണ്ട്. അവന് ചിലത് പറയാനുണ്ട്. അമ്മു ശ്രദ്ധിക്കുന്നില്ല. നോക്കിയാലല്ലേ പറയാന്‍ പറ്റൂ.
കുളിരന്‍ മേശമേല്‍ കയറി. എതിരേ ഇരുന്നു. കുറേവട്ടം മ്യാവൂ വച്ചു. എവിടെ? അമ്മു ചിന്തയിലാണ്. പിന്നെ എന്തോ എഴുതുന്നുണ്ട്. ചില നേരം സ്വന്തമായി സംസാരിക്കുന്നുണ്ട്. തന്നെത്താനെ ചിരിയുമുണ്ട്. ഇവള്‍ക്കെന്താ വട്ടായോ? കുളിരന് പ്രാന്തായി.
ക്ഷമകെട്ട് അവന്‍ അമ്മുവിനെ തോണ്ടിവിളിച്ചു.
''എന്താ എഴുതുന്നത്?''
''കഥ.''
''എന്നെപ്പറ്റിയാ?''
''അല്ല, റോമിയോയെ പറ്റിയാ.''
കുളിരന്റെ മുഖംവാടി. ജയന്‍ മാമന്റെ പൂച്ചയാണ് റോമിയോ. അവനെപ്പറ്റി പറയാന്‍ മാമന് നൂറ് നാവാണ്.
മാമന്റെ കമ്പനിയിലെ മാനേജരുടെ വീട്ടിലെ പൂച്ച പ്രസവിച്ചു. ആറു കുട്ടികളുണ്ടായിരുന്നു. മാമന്റെ മകള്‍ ചിന്നു, കുറേ നാളായി പൂച്ചയെ വേണമെന്ന് പിണങ്ങുന്നു.
താമസിക്കുന്ന സ്ഥലത്തുനിന്നും നൂറ് കിലോമീറ്റര്‍ ദൂരമുണ്ട് മാനേജരുടെ വീട്ടിലേക്ക്. അവിടെ ചെന്ന് പൂച്ചക്കുട്ടികളില്‍ ഏറ്റവും സുന്ദരനെ ബുക്ക് ചെയ്തു. കാറിലാണ് കുഞ്ഞ് റോമിയോയെ കൊണ്ടുവന്നത്.
ടാബി വിഭാഗത്തില്‍ പെടുന്ന പൂച്ചയാണ്. നല്ല ബ്രീഡില്‍പ്പെട്ട പൂച്ചയെ വാങ്ങാനും വാക്‌സിനെടുക്കാനുമെല്ലാം വലിയ ചെലവാണ്. ഇവിടുത്തെ മൂന്നു ലക്ഷം രൂപയോളം വേണ്ടിവന്നു.
പെറ്റ്‌സിനെ വളര്‍ത്താന്‍ ലൈസന്‍സെടുക്കണം. കൃത്യസമയത്ത് വാക്‌സിനെടുക്കണം. ഡോക്ടറെ കാണിക്കണം. ഗവണ്‍മെന്റ് റെക്കോര്‍ഡില്‍ അവനെ ഉള്‍പ്പെടുത്തണം. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്.
ഹോസ്പിറ്റലില്‍ ചെല്ലുമ്പോള്‍ റോമിയോ...എന്ന അവന്റെ പേരാണ് വിളിക്കുക. മാമന്‍ അവന് ഇട്ടിരിക്കുന്ന പേര്, തങ്കരന്‍ എന്നാണ്. രണ്ടു പേരും അവന് അറിയാം. നല്ല തിരിച്ചറിവുള്ള പൂച്ചയാണത്രേ.
ഹമ്പട... തങ്കരന്റെ ഒരു യോഗം! കുളിരന് അസൂയ തോന്നി.
''അവന്‍ എവിടെയാ ഉറങ്ങുക?'' അമ്മുവിന് സംശയമായി.
''ഞങ്ങള്‍ കിടക്കുന്ന മുറിയില്‍ത്തന്നെ. റോമിയോക്ക് ചെറിയ കട്ടിലുണ്ട്. അതില്‍ വിരിയും പുതപ്പുമെല്ലാമുണ്ട്. ചിലദിവസം എന്റെ അടുത്തുവന്ന് ചേര്‍ന്ന് കിടക്കും ''
/indian-express-malayalam/media/media_files/s-r-lal-novel-part-20-2.jpg)
ചാമ്പല്‍ക്കൂടാണ് എനിക്ക് പറഞ്ഞിട്ടുള്ളത്. കുളിരന്‍ ദീര്‍ഘനിശ്വാസം പൊഴിച്ചു.
''രാവിലെ റോമിയോയെ ബാക്ക്‌യാര്‍ഡിലേക്ക് വിടും. അവന്‍ അവിടിരുന്ന് വെയിലുകൊള്ളും. കിളികളെ നോക്കിയിരിക്കും. അവിടെ കുറച്ച് പുല്ല് വളര്‍ന്ന് നില്‍പ്പുണ്ട്. ചിലപ്പോള്‍ പുല്ല് തിന്നും. തണുപ്പുകാലത്ത് ഇടാനായി അവന് ജാക്കറ്റുണ്ട്.''
''എന്താ റോമിയോ കഴിക്കുക? മീനും ചോറുമാണോ?'' അമ്മാമ്മ മലക്കറി അരിയുകയായിരുന്നു.
''ക്യാറ്റ് ഫുഡ്. അതേ കൊടുക്കൂ അമ്മേ. വലിയ സുഖിമാനാ. വലുപ്പമുളള പൂച്ചയാ. ഇവന്റെ മൂന്നിരട്ടി വരും.'' മാമന്‍ കുളിരനെ ചൂണ്ടി.
''നിങ്ങള്‍ നാട്ടിലേക്ക് പോരുമ്പോഴോ?''
''പെറ്റ്‌സിനെ നോക്കുന്ന സ്ഥലങ്ങളുണ്ട്. പക്ഷേ, കഴിഞ്ഞ തവണ, ഇവിടുന്ന് ചെല്ലുമ്പോ, അവന്‍ ആകെ ക്ഷീണിച്ചുപോയി. ഞങ്ങളില്ലെങ്കില്‍ അവന് വലിയ പ്രയാസാ.''
''പെറ്റ്‌സിനെ എങ്ങനെ വളര്‍ത്തണമെന്ന് കണ്ടു പഠിക്കെടീ, അമ്മൂ. ഇവിടെയുള്ളോര്‍ക്ക് വല്ല പരിഗണനയും എന്നോടുണ്ടോ. രണ്ട് എലി വീട്ടില്‍ വന്നാല്‍, എന്നെ ഹര്‍ട്ടാക്കുന്ന ടോക്കല്ലേ. ഇവനെന്തിന്റെ ജോലിയാ? എലിയെ പിടിക്കാന്‍ വയ്യേ... ഹോ... വല്ലാത്ത ജന്മമായിപ്പോയി എന്റേത്...'' കുളിരന്‍ തലചൊറിഞ്ഞു.
കുളിരന്റെ പിറുപിറുക്കല്‍ കേട്ട്, അമ്മു അവനിട്ടൊരു കൊട്ടുകൊടുത്തു.
റോമിയോ ഒരു തവണ മാമനോടൊപ്പം നാട്ടിലേക്ക് വരുന്നു. അപ്പോഴുണ്ടാകുന്ന സംഭവങ്ങളാണ് അമ്മു എഴുതുന്ന കഥ. അവന്‍ പ്രിന്‍സിനെയും കണ്ടുമുട്ടുന്നുണ്ട്.
''അമ്മൂ, നീ പഠിച്ചിട്ട് കാനഡയില്‍ പോവാണെങ്കില്‍ ഒരു കാര്യം ഓര്‍ക്കണം. എന്നേം കൊണ്ടുപോണം. അതുകൊണ്ട് നല്ലതേ വരൂ. '' കുളിരന്‍ അഭ്യര്‍ഥിച്ചു.
''അതിന് നിന്നെക്കൊണ്ടുപോണത് എന്തിനാ? അവിടെപ്പോയിട്ട് ഒരു പൂച്ചയെ വാങ്ങിയാല്‍ പോരേ?'' അമ്മു അവനെ പ്രകോപിപ്പിച്ചു
''എന്നെപ്പോലൊരു പൂച്ചയെ കിട്ടാന്‍ നീ തപസ്സുചെയ്യണം. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലോ?'' കുളിരന്‍ പിണങ്ങി. അവന്‍ മേശയില്‍ നിന്നു താഴെ ഇറങ്ങി. അമ്മുവിന്റെ കട്ടിലിന് കീഴേ കിടപ്പായി.
അമ്മു കഥയുടെ അവസാനഭാഗത്തേക്ക് കടന്നു. നാട്ടില്‍ വന്ന് കുറച്ചുദിവസം കഴിഞ്ഞു. റോമിയോ കുളിരന്റെ ആത്മസുഹൃത്താകുന്നു. റോമിയോക്ക് ഇവിടം ഇഷ്ടപ്പെടുന്നു. അവന് മടങ്ങിപ്പോകാന്‍ വയ്യ. റോമിയോയെ ഇവിടെ നിര്‍ത്തി മാമന്‍ കാനഡയിലേക്ക് മടങ്ങുന്നു. അങ്ങനെ അവസാനിപ്പിക്കാനാണ് അമ്മു ആഗ്രഹിക്കുന്നത്.
കുളിരന്‍ കട്ടിലിന് അടിയില്‍ കിടന്ന് ചിന്തയിലാണ്ടു. കാനഡയില്‍ പോയിട്ട് എന്തെടുക്കാനാണ്? അടച്ചിട്ട മുറിയില്‍ കഴിയണം. തണുപ്പുകൊള്ളണം. ഇതുപോലെ നാടുമുഴുവന്‍ ചുറ്റിത്തിരിയാന്‍ പറ്റില്ല. മണിച്ചിക്കോഴീടെ മുട്ട കിട്ടില്ല. പൂവനോട് വഴക്കുണ്ടാക്കാന്‍ പറ്റില്ല. അമ്മാമ്മേടെ മടിയില്‍ കിടക്കാന്‍ പറ്റില്ല.
അവന്‍ മേശമേല്‍ കയറി. അമ്മുവിനെ തോണ്ടിവിളിച്ചു.
''അതേ, നീ കാനഡേല് പോവുമ്പൊ തന്നത്താനെ പോയാ മതി. ഞാനെങ്ങും വരുന്നില്ല. എന്നെ വിളിച്ചേക്കരുത്''
''നിന്നേം കൊണ്ടേ ഞാന്‍ പോവൂ കുളിരാ.''
അവന്‍ അമ്മുവിന്റെ മുഖത്ത് ഒരു മുത്തംകൊടുത്തു. ഇവള്‍ക്ക് ഇത്രേം സ്‌നേഹമുണ്ടാരുന്നോ!
അന്നേരമാണ് പുറത്തൊരു കരച്ചില്‍ കേട്ടത്.
അമ്മുവും കുളിരനും അങ്ങോട്ടേക്ക് ഓടി.
അപ്പുവായിരുന്നു.
/indian-express-malayalam/media/media_files/s-r-lal-novel-part-20-3.jpg)
അവന്‍ അലറിവിളിച്ച് കരയുന്നു.
അമ്മയും അമ്മാമ്മയും ഓടിവന്നു.
അപ്പുവിന് എന്തുപറ്റി? അമ്മുവിന് മനസ്സിലായില്ല.
''എന്തേ അപ്പൂ, നീ വീണോ?''
''ആരെങ്കിലും വഴക്കു പറഞ്ഞോ?''
''ആരെങ്കിലും അടിച്ചോ?''
അപ്പു കരച്ചിലോട് കരച്ചില്‍ തന്നെ.
അപ്പുവിന്റെ കോഴികള്‍ ഓടിവന്നു. പൂവനും ഹാജര്‍ വച്ചു.
അമ്മാമ്മ വന്ന് അപ്പുവിനെ ചേര്‍ത്തുപിടിച്ചു.
''വാതുറന്ന് പറയെടാ...'' അമ്മയ്ക്ക് ദേഷ്യംവന്നു.
അവസാനം ഞെട്ടിക്കുന്ന കാര്യം അവന്‍ വെളിപ്പെടുത്തി. സൈക്കിള്‍ കാണാനില്ല. അത് മോഷണം പോയി.
അപ്പു സാധനം വാങ്ങാനായി പോയതാണ്. അമ്മയാണ് അവനെ പറഞ്ഞുവിട്ടത്. സൈക്കിളില്‍ പോകാന്‍ അവന് ഉല്‍സാഹമാണ്. കൂട്ടത്തില്‍ രണ്ട് മിഠായി വാങ്ങണമെന്ന് അമ്മു സൂചിപ്പിച്ചിരുന്നു. ബേക്കറിയില്‍ മിഠായി വാങ്ങാന്‍ കയറിയതാണ്. അപ്പോഴാണ് സൈക്കിള്‍ കാണാതായത്. അവിടമാകെ നോക്കി.
''ടീ അമ്മൂ നീകൂടി പോയി നോക്കിക്കേ. അത് അവിടെങ്ങാനും മാറി ഇരിപ്പുണ്ടാവും. ഇല്ലേല്‍ ആരെങ്കിലും മാറ്റിവച്ചിട്ടുണ്ടാവും.'' അമ്മ നിര്‍ദേശിച്ചു.
അപ്പുവിനെയും കൂട്ടി അവള്‍ അങ്ങോട്ടേയ്‌ക്കോടി.
''ഞാന്‍ വരണോ?'' പിന്നില്‍ നിന്നും കുളിരന്‍ വിളിച്ചുകൂവി.
''വേണ്ട, ഞങ്ങളൊന്ന് പോയി വരട്ടേ. ആവശ്യമെങ്കില്‍ കൂട്ടാം.''
''ഓകെ. പോയിവരൂ. ഓള്‍ ദ ബസ്റ്റ്. എല്ലാടവും വിശദമായി നോക്കണം.'' കുളിരന്‍ റോസാച്ചെടിയുടെ ചുവട്ടിലേക്ക് പോന്നു. അവിടെ പാകത്തിന് ഇളംവെയിലുണ്ട്. മണ്ണില്‍ പുതഞ്ഞുകിടക്കാന്‍ നല്ല സുഖമാണ്.
സ്‌കൂളിന് സമീപത്താണ് അപ്പു സാധനം വാങ്ങാന്‍ പോയ കട. റോഡിന് ഇരുവശത്തുമായാണ് കച്ചവടസ്ഥാപനങ്ങള്‍. ചെറിയ ഗ്രാമമാണ്. അധികം കടകളൊന്നുമില്ല. റേഷന്‍ കട, പല ചരക്കു കട, സൈക്കിള്‍ നന്നാക്കുന്ന കട, പോസ്റ്റോഫീസ്, തയ്യല്‍കട, മിഠായിക്കട, ഫാന്‍സി സ്റ്റോര്‍, ബുക്ക് സ്റ്റാള്‍, ബേക്കറി, മലക്കറിക്കട തുടങ്ങിയവയൊക്കെയാണ് പ്രധാനമായുള്ളത്.
ബാലന്‍ ചേട്ടന്റെ പലചരക്ക് കടയില്‍ നിന്നാണ് വീട്ടുസാധനങ്ങള്‍ വാങ്ങാറ്. അതിന് സമീപം വച്ചാണ്, സൈക്കിള്‍ നഷ്ടപ്പെട്ടത്. അപ്പു എതിര്‍വശത്തുള്ള ബേക്കറിയിലാണ് മിഠായി വാങ്ങാന്‍ പോയത്. തിരിച്ചുവരുമ്പോള്‍ സൈക്കിളില്ല.
ആരോ ഒരാള്‍ അപ്പുവിനെ അവിടെ നിരീക്ഷിച്ച് നില്‍പ്പുണ്ടായിരുന്നു. അപ്പു മാറിയ ഉടനേ അയാള്‍ സൈക്കിളുമായി കടന്നു കളഞ്ഞു. അങ്ങനെവേണം കരുതാന്‍.
സൈക്കിള്‍ കാണാഞ്ഞ് അപ്പു കരഞ്ഞു. അതുകണ്ട് ബാലന്‍ മാമന്‍ പുറത്തേക്കുവന്നു. അവിടുണ്ടായിരുന്നവരെല്ലാം ചുറ്റുംകൂടി. എല്ലാവരും ചേര്‍ന്ന് അവിടമാകെ തിരഞ്ഞു.
സൈക്കിള്‍ എടുത്തത് ആരും കണ്ടിട്ടില്ല. ഉച്ച സമയമായതിനാല്‍ ആളും കുറവായിരുന്നു. കള്ളന്‍ തന്ത്രപൂര്‍വം സൈക്കിളുമായി കടന്നുകളഞ്ഞതാണ്. പട്ടാപ്പകല്‍ നടന്ന മോഷണത്തില്‍ എല്ലാവരും ആശ്ചര്യപ്പെട്ടു.
ബേക്കറിയില്‍ സി.സി.ടിവിയുണ്ട്. ബാലന്‍ മാമന്‍ അതില്‍ പരിശോധിച്ചു. അപ്പു സൈക്കിളില്‍ വരുന്നതും റോഡ് ക്രോസ് ചെയ്യുന്നതുമെല്ലാം അതില്‍ കാണാം. സൈക്കിള്‍ വച്ച ഭാഗം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടില്ല.
അമ്മു എത്തുമ്പോള്‍ ബാലന്‍ മാമന്‍ കട അടച്ചിരുന്നു. ഭക്ഷണത്തിനായി വീട്ടില്‍ പോയതാണ്. അമ്മു അവിടെയാകെ വിശദമായി പരിശോധിച്ചു. പ്രധാന റോഡിലൂടെയല്ല കള്ളന്‍ രക്ഷപ്പെട്ടത്. കടയുടെ പുറകില്‍ ഇടവഴിയുണ്ട്. വഴികളൊക്കെ പരിചയമുള്ള ആരോ ആണ് മോഷ്ടാവ്.
/indian-express-malayalam/media/media_files/s-r-lal-novel-part-20-4.jpg)
''അതിനി കിട്ടാന്‍ പ്രയാസാണ് മക്കളേ...'' സൈക്കിള്‍ ഷോപ്പിലെ ആലിക്കാക്കാ അവരോട് പറഞ്ഞു. അതിന്റെ പാട്ട്‌സൊക്കെ മാറ്റിക്കളയും. നിറവും മാറ്റും. സൈക്കിളിനെ ഉടമസ്ഥനുപോലും തിരിച്ചറിയാനാവില്ല. മോഷ്ടാക്കളുടെ പരിപാടി ഇതൊക്കെയാണ്.''
''സൈക്കളിന് എന്തേലും തിരിച്ചറിയല്‍ നമ്പരുണ്ടാവുമോ?'' അപ്പു സംശയം ചോദിച്ചു
''ഏയ്... വിലകൂടിയ സൈക്കിളിനൊക്കെ അതുണ്ടാവും. ഇത് കുട്ടികളുടെ സാധാരണ സൈക്കിളല്ലേ. നിങ്ങളുടെ സൈക്കിള്‍ കണ്ടാല്‍ എനിക്കറിയാം. എവിടേലും കണ്ടാല്‍ ഞാന്‍ അവനെ വിടില്ല.''
നിരാശയോടെയാണ് അമ്മുവും അപ്പുവും മടങ്ങിപ്പോന്നത്.
''അമ്മൂ, നമ്മുടെ സൈക്കിളിനി കിട്ടില്ല, അല്ലേ?''
''പ്രതീക്ഷ വേണ്ട, അപ്പൂ.''
അപ്പുവിന് സങ്കടംവന്നു.
''നമ്മള് ഓടിച്ച് കൊതി തീര്‍ന്നില്ലല്ലോ അമ്മൂ. എന്തോരു നല്ല സൈക്കിളായിരുന്നു. അതിൽ സ്‌കൂളീ പോകാനിരുന്നതാ.'' അമ്മുവിനും സങ്കടംവന്നിട്ട് വയ്യാരുന്നു.
അമ്മയെ കണ്ടതും അമ്മുവും അപ്പുവും കരഞ്ഞുപോയി.
അമ്മ രണ്ടുപേരെയും ചേര്‍ത്തുപിടിച്ചു.
''കരയാതെ. നിങ്ങള്‍ അവിടൊക്കെ നേരേ നോക്കിയോ?''
''നോക്കീന്നേ. അതാരോ മോഷ്ടിച്ചതാ...''
''നമുക്ക് ഒന്നുകൂടി അന്വേഷിക്കാം... അല്ലാതെന്തു ചെയ്യാനാ?"
അമ്മുവും അപ്പുവും കരച്ചില്‍ നിര്‍ത്തിയില്ല. കുളിരനും അവരുടെ കരച്ചിലില്‍ പങ്കുചേര്‍ന്നു. കോഴികള്‍ സങ്കടപ്പെട്ടു നിന്നു.
''ഇനി കിട്ടിയില്ലെങ്കിലോ?'' അമ്മു തല ഉയര്‍ത്തി.
''കിട്ടിയില്ലേല്‍....'' അമ്മ ആലോചിച്ചിരുന്നു. ''നമുക്ക് വേറെ സൈക്കിള്‍ വാങ്ങാം. ''
''സത്യം?''
''സത്യം.''
അപ്പുവും അമ്മുവും അമ്മയെ കെട്ടിപ്പിടിച്ചു.
''സൈക്കിള്‍ വാങ്ങാനായി പൈസ മാറ്റിവച്ചിരുന്നതാണ്. അപ്പോഴല്ലേ, ആനപ്പാറയിലെ അപ്പൂപ്പന് വയ്യാതായത്. നമ്മളല്ലാതെ ആരാ അപ്പൂപ്പനെ സഹായിക്കുക? അതോണ്ടല്ലേ അടുത്ത വര്‍ഷം വാങ്ങാന്ന് പറഞ്ഞത്.''
അമ്മ പറഞ്ഞതുകേട്ടപ്പൊ, അമ്മുവിന് വീണ്ടും സങ്കടം വന്നു.
''നമ്മള് സൈക്കിള്‍ വാങ്ങും. ഒരു ചിട്ടി ഉണ്ട്. അത് അടുത്തതവണ പിടിക്കാം...'' അമ്മ ആവര്‍ത്തിച്ചു.
അമ്മ രണ്ടുപേര്‍ക്കും ഓരോ മുത്തംകൊടുത്തു.
''പറ്റിക്കുവോ?'' അപ്പുവിന് സംശയം മാറിയില്ല.
''ഇല്ലെടാ, വാങ്ങും.'' അമ്മ രണ്ടുപേരുടെയും കൈകള്‍ ചേര്‍ത്തുപിടിച്ചു.
-തുടരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us