scorecardresearch
Latest News

വേനലൊഴിവിന് പ്രിയ എഎസിന്‍റെ കുഞ്ഞു കഥകള്‍, വായിക്കാം, കേള്‍ക്കാം-49

കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ? എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? […]

വേനലൊഴിവിന് പ്രിയ എഎസിന്‍റെ കുഞ്ഞു കഥകള്‍, വായിക്കാം, കേള്‍ക്കാം-49

കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ? എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

വയലറ്റ് സൈക്കിൾ

ചിന്നുവിന് അച്ഛനുമമ്മയും സൈക്കിൾ വാങ്ങിക്കൊടുത്തത്, ‘സൈക്കിൾ വേണം, വേണം’ എന്ന് എന്നുമെന്നും പറഞ്ഞ് അവൾ പുറകേ നടന്നപ്പോഴാണ്.

‘എന്തെങ്കിലും വാങ്ങിത്തന്നാൽ ഒരു മാസം മുടങ്ങാതെ ഉപയോഗിക്കും, പിന്നെ അതിനെ തിരിഞ്ഞു നോക്കില്ല, അങ്ങനെയാവുമോ സൈക്കിൾ വാങ്ങിച്ചാലും’ എന്നു ചോദിച്ചു അച്ഛൻ. ‘ഇല്ലച്ഛാ, ഞാനെന്നും മുടങ്ങാതെ ചവിട്ടിക്കോളാമച്ഛാ സൈക്കിൾ’ എന്ന് ചിന്നു ചിണുങ്ങി.

ഒടുക്കം സൈക്കിളെത്തി വീട്ടിൽ. വയലറ്റ് സൈക്കിൾ. ചിന്നു രാവിലെയും വൈകിട്ടും സൈക്കിൾ ചവിട്ടി വീടിനു മുന്നിലെ റോഡിലൂടെ പാഞ്ഞു നടന്നു കൂട്ടുകാരുടെ കൂടെ. കുറച്ചു ദിവസം കഴിഞ്ഞപ്പോ പതിവുപോലെ ചിന്നുവിന് സൈക്കിൾ മടുത്തു.

പിന്നെപ്പിന്നെ ചിന്നു സൈക്കിൾ തൊടാതായി. അമ്മയുമച്ഛനും എത്ര തവണ പറഞ്ഞിട്ടും ചിന്നു സൈക്കിളിനെ പിന്നെ ഒന്ന് തിരിഞ്ഞു നോക്കിയതുപോലുമില്ല. ചിന്നുവിന് അപ്പോഴേയ്ക്ക് പടം വരയിലായി കമ്പം. എപ്പഴും ചിന്നു നിറങ്ങളുടെ ഇടയിലായി ഇരിപ്പും കിടപ്പും.

priya a s, childrens stories ,iemalayalam

ഒരു ദിവസം നോക്കുമ്പോഴുണ്ട് സൈക്കിളിരുന്നടുത്ത് അതിന്റെ ബെല്ലു പോലുമില്ല. അമ്മയാണ് സൈക്കിളില്ലാതായ കാര്യം ആദ്യമറിഞ്ഞത്. എന്നാലുമതെവിടെ പോയിക്കാണും എന്ന് അത്ഭുതപ്പെട്ടു ചിന്നു.

അത് സൈക്കിളില്ലാത്ത ഒരു കുട്ടിയുടെ അടുത്തേക്ക് രാത്രി ഓടിയിറങ്ങിപ്പോയിക്കാണും, ആ കുട്ടി ഒരു സൈക്കിളില്ലാതെ വല്ലാതെ സങ്കടപ്പെടുന്ന കുട്ടിയാവും എന്ന് അമ്മ പറഞ്ഞു. അതു ശരിയായിരിക്കും എന്ന് ചിന്നുവിന് തോന്നി.

സൈക്കിളില്ലാത്ത ആ കുട്ടിയെക്കുറിച്ച് രാത്രിയിൽ ചീവീടുകളായിരിക്കും സൈക്കിളിനോട് പറഞ്ഞു കൊടുത്തിട്ടുണ്ടാവുക എന്ന് ചിന്നു പറഞ്ഞു. മിന്നാമിനുങ്ങുകളായിരിയ്ക്കും ആ കുട്ടിയുടെ സൈക്കിളില്ലാ വീട്ടിലേക്ക് വഴികാണിച്ചു കൊടുത്തിട്ടുണ്ടാവുക എന്നും ചിന്നുവിന് തീർച്ചയായിരുന്നു.

പിന്നെ ചിന്നു അങ്ങനെ ഒരു പടം വരച്ചു.

 മഴക്കളി

നോർബു മുറ്റത്തിറങ്ങി മഴയിലേയ്ക്ക് കൈ നീട്ടി. കൈയിൽ നിറഞ്ഞ വെള്ളം തട്ടിത്തെറിപ്പിച്ചും കുടഞ്ഞെറിഞ്ഞും കളിച്ചു രസിച്ചു. പിന്നെ അമ്മ കാണുന്നുണ്ടോന്ന് അകത്തേയ്ക്ക് പാളി നോക്കി. ഭാഗ്യം, അമ്മ അകത്തെന്തോ തിരക്കിലാണ്.

അപ്പോ നോർബു പതുക്കെ മഴയിലേക്കിറങ്ങി. ഉടുപ്പും തലയും മേലും ഒക്കെ നനഞ്ഞു കുളിച്ചു. നോർബുവിന് നല്ലോണം രസിച്ചു.

അപ്പോ ഒരു കാക്ക വന്ന് മുറ്റത്ത് കെട്ടിക്കിടന്ന മഴവെള്ളത്തിൽ ചിറകിട്ടടിച്ചു. അവളുടെ തൂവലാകെ നനഞ്ഞൊട്ടിയിരിക്കുന്നത് കണ്ടു നോർബുവിന് ചിരി വന്നു. നിന്നെ ഇപ്പം കണ്ടാലുണ്ടല്ലോ എന്നു പറഞ്ഞ് അവൻ അവളെ കളിയാക്കി.

ഇയാളെ ഇപ്പം കണ്ടാലുണ്ടല്ലോ എന്നാവും കളിയാക്കിച്ചിരിച്ചു കൊണ്ട് ‘കാ കാ’ എന്നവൾ പറയുന്നത് എന്നു പറഞ്ഞ് അമ്മ പുറകിൽ വന്നു നിന്നതെപ്പോ, നോർബു ഞെട്ടിപ്പോയി. അമ്മ ഭാഗ്യത്തിന് ഒരു വഴക്കും പറഞ്ഞില്ല നോർബുവിനെ.

കൂട്ടിൽപ്പോ കാക്കേ, മഴ നനഞ്ഞു നടന്ന് പനി വരുത്താതെ എന്ന് കാക്കയോട് പറഞ്ഞ് അവളെ ഓടിച്ചു വിട്ടിട്ട് അമ്മ, നോർബുവിന്റെ തല തോർത്തിക്കൊടുത്തു നോർബുവിന് ഒരുമ്മയും കൊടുത്തു.

എന്നാലും അമ്മ, എന്താണാവോ നോർബുവിനെ വഴക്കു പറയാതിരുന്നത്. ചെലപ്പോ അമ്മയും കുഞ്ഞായിരുന്നപ്പോ ഇങ്ങനെ മഴക്കളി കളിച്ചു കാണുംpriya a s, childrens stories ,iemalayalam

നമ്മള്‍ വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ ആയല്ലോ. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് മുപ്പത്തിയൊന്നു വരെ കഥകളായി നമ്മളെത്തി നില്‍ക്കുന്നു.

നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത്, ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞു തരാനാവൂ.

നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ ചേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ? കഥകള്‍ക്ക് താഴെ കമന്റ്‌ ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു…

Read More Stories for Children by Priya AS here

 

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Read aloud stories for children priya a s violet cycle mazhakkali