കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ?… എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ.

നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം.

വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

വില്‍ക്കാനുണ്ട് കശുമാങ്ങാപ്പൂളുകള്‍

അന്നയ്ക്ക് മുറ്റത്തലഞ്ഞു തിരിഞ്ഞ് നടന്നപ്പോള്‍ നാല് കശുമാങ്ങ കിട്ടി. പഴുത്തത്. രണ്ടെണ്ണം കാക്ക കൊത്തിയത്. രണ്ടെണ്ണം അന്ന കശുമാവില്‍ വലിഞ്ഞു കയറി പറിച്ചത്.

കാക്ക കൊത്താത്തത് അമ്മ അന്നയ്ക്ക് കഴുകി മുറിച്ചു കൊടുത്തു. ഉപ്പും പുരട്ടി അത് കഴിക്കാന്‍ അന്നയ്ക്ക് ഇഷ്ടമാണ്. കാറച്ചുവയുണ്ട് കശുമാങ്ങയ്ക്ക്. അത് വേറൊരു ഫ്രൂട്ടിനും ഇല്ല.

അന്നയുടെ കശുമാങ്ങാ നുണയല്‍ കണ്ട്, കശുമാങ്ങ കേരളത്തിലെ ഒരു കടയിലും കിട്ടാട്ടതെന്താണ് എന്നു ചോദിച്ചു അച്ഛന്‍. പപ്പായ വരെ മാര്‍ക്കറ്റിലും മാളിലും ഉണ്ട്, വഴിവക്കു വില്‍പ്പനക്കാര്‍ക്കെങ്കിലും കശുമാങ്ങാ വിറ്റു കൂടെ, മുറിച്ചു വച്ച് ഇത്തിരി ഉപ്പും മുളകും തൂവി എന്ന് അച്ഛന് പിന്നെ ഇത്തിരി ദേഷ്യം വന്നു എന്നു തോന്നി അന്നയ്ക്ക്.

അപ്പോളവള്‍ അച്ഛന് ഉപ്പു പുരട്ടിയ ഒരു കശുമാങ്ങാക്കഷണം കൊടുത്തു. അച്ഛനപ്പോള്‍ ഒരു കുട്ടിയെപ്പോലെ ചിരിച്ചു.

ശരിയാ ,പൈനാപ്പിളും മാങ്ങായും ഒക്കെ മുളകും ഉപ്പും തൂവി, കഷണങ്ങളാക്കി മുറിച്ചു വച്ച് ആളുകള്‍ വില്‍ക്കുന്നുണ്ടല്ലോ, കുറേ കശുമാങ്ങ ഉണ്ടായിരുന്നെങ്കില്‍ ഞാനും അന്നയും കൂടി നാളെത്തന്നെ കശുമാങ്ങാ പറിച്ചു മുറിച്ച് വഴിവക്കു കച്ചവടക്കാരായി ഇരുന്നേനെ എന്ന് അമ്മ പറഞ്ഞു.

എനിക്ക് സ്വന്തമായി ഒരു സാരി വാങ്ങാന്‍ പറ്റിയേനെ അപ്പോ എന്നമ്മ ചിരിച്ചു.

എനിക്ക് യൂണിഫോം സ്വന്തമായി വാങ്ങാന്‍ പറ്റിയേനെ അല്ലേ അമ്മേ എന്നു ചോദിച്ചു അന്ന.

അടുത്ത കൊല്ലങ്ങളിലെങ്കിലും നിറയെ കശുമാവും അതിലെല്ലാം നിറയെ കശുമാങ്ങായും ഉണ്ടാവാനും ഉപ്പും മുളകും പുരട്ടിയ കശുമാങ്ങാക്കഷണ വില്‍പ്പന പൊടി പൊടിക്കാനും വേണ്ടി അപ്പോള്‍ത്തന്നെ അന്നയും അമ്മയും കൂടി കശുവണ്ടികള്‍ മണ്ണില്‍ കുഴിയെടുത്ത് കുഴിച്ചിട്ടു.

ഒരാഴ്ചക്കകം കശുവണ്ടിയില്‍ നിന്ന് തൈ കിളിര്‍ത്തു. കശുവണ്ടിത്തോട് താനേ പൊട്ടിത്തുറന്ന് അതിലൂടെ വേരിറങ്ങി. ഒരു തൊപ്പി പോലെ കശുവണ്ടി ഭൂമിയ്ക്കു മേലെ ഒരു സര്‍ക്കസ് അഭ്യാസിയെപ്പോലെ നിന്നു.priya a s ,story, childrens stories,iemalayalamപിന്നെ അതിനുള്ളില്‍ നിന്ന് മാലാഖച്ചിറകുകള്‍ പോലെ ഇരുവശത്തേക്കുമായി രണ്ട് പച്ച കട്ടി സാധനങ്ങള്‍ കിളിര്‍ത്തു വന്നു. അതിനു പേര് അണ്ടിക്കുരുപ്പല്‍ എന്നാണെന്നും അത് ചെടിക്ക് വളരാനുള്ള ആദ്യ ആഹാരമാണെന്നും അമ്മ പറഞ്ഞു.

ആ കട്ടി വളവുകള്‍ രണ്ടും പൊട്ടിച്ച് അമ്മ അന്നയുടെ വായിലിട്ടു കൊടുത്തു. അത് കരുമുരും എന്ന് കഴിയ്ക്കുമ്പോള്‍ അന്ന വിചാരിച്ചു, ഇതു വരെ തിന്ന യാതൊന്നിനുമില്ലാത്ത ഒരു പ്രത്യേക സ്വാദ്. ചവര്‍പ്പല്ലാത്ത,മധുരമല്ലാത്ത,പുളിയല്ലാത്ത ഒരു സ്വാദും അല്ലാത്ത സ്വാദ്. അന്നയ്ക്കത് നല്ലോണം ഇഷ്ടമായി .

ചെടിയുടെ അന്നം അതായത് ആഹാരം നമ്മള്‍ കഴിച്ചാല്‍ പിന്നെ അതെങ്ങനെ വളരും എന്ന് അന്ന ചോദിച്ചു. എല്ലാ അണ്ടിക്കുരുപ്പലും കശുമാവിനുള്ളതല്ല, ചിലതൊക്കെ കുട്ടികള്‍ക്ക് കൊറിയ്ക്കാന്‍ വേണ്ടിയാണ്, അതാണ് പ്രകൃതി നിയമം എന്നമ്മ പറഞ്ഞു.

പണ്ടു പണ്ട് ഫൈവ് സ്റ്റാര്‍, കിന്റര്‍ ജോയ് ഒന്നുമില്ലാതിരുന്ന കാലത്ത് കുട്ടികളുടെ നാവിനെ രസിപ്പിച്ചിരുന്നത് അണ്ടിക്കുരുപ്പലൊക്കെയാണ് എന്നമ്മ പറഞ്ഞപ്പോള്‍ അന്ന അത്ഭുതപ്പെട്ടു, അങ്ങനെയും ഒരു കാലമോ ?

ഏതായാലും അന്ന കുറച്ച് അണ്ടിക്കുരുപ്പലേ തിന്നുന്നുള്ളൂ. ബാക്കിയൊക്കെ കശുമാവായിട്ടു വേണം അന്നയ്ക്കും അമ്മയ്ക്കും വഴിയരികില്‍ കശുമാങ്ങാപ്പൂള് ഉപ്പും മുളകും പുരട്ടി നിരത്തി വച്ച് കച്ചവടം ചെയ്ത് അച്ഛന്റെ പൈസ കൊണ്ടല്ലാതെ സാരിയും യൂണിഫോമും വാങ്ങിക്കാന്‍.

ഒരു ചെടിച്ചട്ടി എടുത്ത് കശുവണ്ടി നട്ടു നനച്ച് അണ്ടിക്കുരുപ്പല്‍ കിളിര്‍പ്പിച്ച് അതൊന്നു നുണയാന്‍ ഇപ്പോള്‍ കൊതി തോന്നുണ്ടല്ലേ ?

പയറ് നട്ടാലും പുളിങ്കുരു നട്ടാലും അവര് കിളിര്‍ക്കുമ്പോഴും ഇങ്ങനെ ആഹാരപ്പൊതിയുമായി ആണ് ഇവര്‍ ജനിച്ചു വീഴാറ്, പക്ഷേ അതാരും തിന്നു രസിയ്ക്കാറില്ല കേട്ടോ…

പാല്‍കുടി ഡെയ്‌സ്

ആടമ്മയും ആടച്ഛനും ആട് കൂഞ്ഞുവാവമാരും ആടു ചിറ്റമ്മമാരും ആട് ചിറ്റപ്പന്മാരും ആട് അമ്മാവന്മാരും ആട് അമ്മായിമാരും ചേര്‍ന്ന കുടുംബം റോഡില്‍ക്കൂടങ്ങനെ പ്രഭാതസവാരി നടത്തുകയായിരുന്നു.

വഴിയില്‍ വീണു കിടക്കുന്ന ഇലയും വഴിയരികിലെ ചെടിയും കടലാസുമൊക്കെ ഒക്കെ നുണഞ്ഞും മതിലിന്മേല്‍ ഒട്ടിച്ചിരിക്കുന്ന സിനിമാ പോസ്റ്ററും തെരഞ്ഞെടുപ്പ് നോട്ടീസുമൊക്കെ രണ്ടു കാലില്‍ എണീറ്റുനിന്ന് നോക്കിയും ഇടയ്ക്ക് മേ മേ എന്നു നീട്ടി ഒച്ചവെച്ചും ആടുസംഘം അങ്ങനെ പോയ്‌ക്കൊണ്ടിരിക്കുകയായിരുന്നു.

അപ്പോഴാണ് ഒരു ആട്ടുങ്കുഞ്ഞിനു വിശന്നത്. അവനോടിപ്പോയി റോഡിനു നടുവിലൂടെ നടക്കുന്ന അമ്മയുടെ പാല് കുടിക്കാന്‍ തുടങ്ങി.

അതു കണ്ട് വേറെ ആട്ടുങ്കുഞ്ഞുങ്ങളും അവരുടെ ആടമ്മമാരുടെ പാല് കുടിക്കാന്‍ തുടങ്ങി. അമ്മയാടും കുഞ്ഞാടും വഴിമുടക്കി നില്‍ക്കുന്നത് റോഡിനു നടുവിലല്ലേ ? എങ്ങനെ മുന്നോട്ട് പോവും ഇഷാന്റെ അച്ഛന്റെ കാറ് ? ഇഷാന്റെ അച്ഛന്‍, ആട്ടുങ്കുഞ്ഞുങ്ങളുടെ പാലുകുടി കഴിയുന്നതു വരെ കാര്‍ നിര്‍ത്തിയിട്ടു.priya a s ,story, childrens stories,iemalayalam
പുറകെ വന്ന കാറുകാരും ലോറിക്കാരും ഓട്ടോക്കാരും വണ്ടി ഓഫ് ചെയ്ത് അവരുടെ പാല്‍കുടി തീരുന്നതു വരെ കാത്തു നിന്നു.

ഇഷാന്‍ ഒരു മുഴുവന്‍ ഓറഞ്ച് രസിച്ചു രസിച്ചു നുണഞ്ഞു തീര്‍ന്നിട്ടും അവരുടെ പാല്‍കുടി കഴിഞ്ഞില്ല, അപ്പോള്‍ ഇഷാന്‍ കാറിന്റെ ഗ്‌ളാസ് താഴ്ത്തി, തല പുറത്തേക്കിട്ട് ഇനി മതി പാലു കുടിച്ചത്, പാല്‍ കുടി നിര്‍ത്തി വഴീന്നു മാറ് പ്‌ളീസ് ഞങ്ങള് സിനിമാ കാണാന്‍ പോകുവാ, ഇനീം താമസിച്ചാല് സിനിമാ തുടങ്ങിക്കഴിഞ്ഞേ ഞങ്ങളെത്തൂ എന്നു പറഞ്ഞു.

ഇഷാനതു പറഞ്ഞതും ആട്ടുങ്കുട്ടികള് പാലു കുടി നിര്‍ത്തി. എന്നിട്ട് ആടമ്മയും ആട്ടുങ്കുട്ടികളും റോഡിനരികിലേയ്ക്ക് മാറിനിന്നു. എന്തൊരണുസരണയുള്ള ആട്ടിന്‍കുട്ടികള് !

ഇഷാന്‍ കാറില്‍ ഇരുന്നു കൊണ്ടവര്‍ക്ക് ഓറഞ്ച് അല്ലികള്‍ എറിഞ്ഞു കൊടുത്തു. അവര്‍ക്കതിന്റെ രുചി ഇഷ്ടമായിക്കാണും, തീര്‍ച്ച -ഇഷാന്‍ അച്ഛനോട് പറഞ്ഞു.
അച്ഛന്‍ തലയാട്ടി.

നമ്മള്‍ വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് രണ്ടാഴ്ചയായി. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് ഏഴു വരെ കഥകളായി നമ്മളെത്തി നില്‍ക്കുന്നു.

നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത് ,ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞുതരാനാവൂ…

നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ പേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ?  കഥകള്‍ക്ക് താഴെ കമന്റ്‌ ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു… 

Read More Stories for Children by Priya AS here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook