കഥ കേൾക്കാനിഷ്ടമില്ലാത്ത കുട്ടികൾ അപൂർവ്വം. ഉണ്ണാൻ കഥ, ഉണരാൻ കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ? എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

വാ വാ വോ ഉറങ്ങുന്ന നേരം

read aloud stories for children, stories for children, children stories children stories in malayalam, priya a s, priya a s stories, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

വാ വാ വോ ഉറങ്ങുന്ന നേരം | വര: വിഷ്ണു റാം

അമ്മു, അമ്മ പറഞ്ഞു കൊടുത്ത തുമ്പിയുടെ കഥ കേട്ട് നിറയെ ചിരിച്ചു. എന്നിട്ട് വാ വാ വോ ഉറങ്ങാൻ കിടന്നു. തലമുടി പിന്നിക്കെട്ടി അമ്മേം ഉറങ്ങാൻ റെഡിയായി. ഇനി മിണ്ടാതെ ഉറങ്ങ്, അങ്ങനെയാണമ്മ കഥ പറഞ്ഞു കൊടുത്ത ശേഷം അമ്മൂനോട് പറയാറ്. മിണ്ടാതെ ഉറങ്ങാൻ മുറിയിലെ അലമാരയും, ഭിത്തിയിലെ പൂ ഫോട്ടോയും, ലൈറ്റിനുള്ളിലെ ബൾബും,  അമ്മു ഇടക്കുണർന്നാൽ കുടിക്കാൻ അമ്മ കൊണ്ടു വച്ച ഒരു ഗ്ലാസ് വെള്ളവും, അമ്മു കുത്തിവരയ്ക്കണ നോട്ട് ബുക്കും, മേശപ്പുറത്തിരിക്കുന്ന ചില്ലറ പൈസയും, അമ്മയുടെ വട്ടപ്പൊട്ടും റെഡിയായി. പക്ഷേ പല്ലി മിണ്ടി. എവിടുന്നോ ഒരു കാക്ക കരഞ്ഞു. പുറത്തെ തേക്കിലോ പ്ലാവിലോ ഇരുന്ന് ചീവീടും ഒച്ച വെച്ചു. മിണ്ടാതുറങ്ങ് എന്ന് അമ്മു എണീറ്റിരുന്ന് വഴക്കു പറഞ്ഞതു കൊണ്ടാവും എല്ലാരും പെട്ടെന്ന് മിണ്ടൽ നിർത്തി നല്ല കുട്ടികളായി.

അമ്മു മിണ്ടാതുറങ്ങിക്കഴിഞ്ഞപ്പോ ഒരു പല്ലി ദേ ചിലയ്ക്കുന്നു, ഒരു ചീവീട് ഒച്ച വെയ്ക്കുന്നു, ഒരു കാക്ക കരയുന്നു, കൂമൻ മൂളുന്നു. സൂത്രക്കാര്, ഉറങ്ങുന്ന അമ്മൂനെ പറ്റിയ്ക്കുന്ന സൂത്രക്കാര് അല്ലേ? സൂത്രക്കാരുടെ കൂടെ ആ ക്ലോക്ക് ണിം ണിം എന്ന് പത്ത് മണിയടിച്ചപ്പോ, അമ്മു ഒന്നു തിരിഞ്ഞു കിടന്ന് ഉറക്കപ്പിച്ചോടെ അമ്മയോട് പറഞ്ഞു. ഹമ്പട, മിണ്ടാതെ ഉറങ്ങാൻ പറഞ്ഞിട്ട് ഒരനുസരണയുമില്ല. എന്തൊരു കുട്ടികള്! അമ്മ ഉറങ്ങിയിട്ടില്ലായിരുന്നല്ലോ. അമ്മയ്ക്ക് ചിരി വന്നു. അവളമ്മയെ കെട്ടിപ്പിടിച്ച് അമ്മയുടെ മേത്തേക്ക് കാലെടുത്തു വച്ച് കിടന്നു. എന്നിട്ട്, നാളെയെണീറ്റ് പിന്നേം നിറയെ നിറയെ മിണ്ടാനായിട്ട് തത്ക്കാലം, മിണ്ടാതെ മിണ്ടാതെ കിടന്നുറങ്ങി. പിന്നേം രാത്രീല് ആരൊക്കെയോ, റോഡിലെ ബസോ മുറ്റത്തെ ബൗ ബൗ വോ ഒക്കെ മിണ്ടിക്കാണണം. എന്തായാലും അതൊന്നും നമ്മടെ ഉറക്കക്കാരി-അമ്മു കേട്ടില്ല. ചിലപ്പോ അമ്മ കേട്ടു കാണണം.

 

അമ്മുവിന്റെ ബിനാലെ

read aloud stories for children, stories for children, children stories children stories in malayalam, priya a s, priya a s stories, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

അമ്മുവിന്‍റെ ബിനാലെ | വര: വിഷ്ണു റാം

അമ്മൂന് വരയ്ക്കണം, നിറയെ വരയ്ക്കണം. ചറുപിറയെന്ന് വരയ്ക്കണം. അടുപ്പിലും കടലാസ്സിലും ഭിത്തീലും വരയ്ക്കണം. ചേട്ടന്‍, അമ്മൂന്‍ന്റെ ചേട്ടന്‍ അമ്മൂന് കടലാസും ക്രയോണും കോടുത്തു. അമ്മ തുണിയും തുണിയില്‍ വരയ്ക്കാന്‍ ഫാബ്രിക് പെയിന്റും കൊടുത്തു.
പക്ഷേ ഭിത്തി എങ്ങനെയാ കൊടുക്കുക ?
വാടകവീടല്ലേ? അമ്മു താമസിയ്ക്കണത് വാടക വീട്ടിലല്ലേ?
വീടിന്റെ ഉടമസ്ഥന്‍ മാമ, ആരടാ അമ്മൂ വീട് വൃത്തികേടാക്കിയത് എന്നു ചോദിച്ച് അമ്മൂനെ വഴക്കു പറയില്ലേ ?
അമ്മുവിന്റെ സ്വന്തം വീട്, അമ്മയും അച്ഛനും അമ്മുവും അമ്മൂമ്മയും അപ്പൂപ്പനും കൂടി പണിത വീട് അങ്ങു ദൂരെയാണ്.
അമ്മയുടെയും അച്ഛന്റെയും ജോലി സ്ഥത്തിനടുത്തല്ല.
അതു കൊണ്ടാണ് അമ്മുവൊക്കെ ഓണര്‍മാമയുടെ വീട്ടില്‍ താമസിയ്ക്കുന്നത്.
സ്വന്തമല്ലാത്ത വീടിനാണ്, ഓണര്‍മാമയുടെ വീടിനാണ് വാടക വീട് എന്നു പറയുക.
നല്ല ഭംഗിയായി പെയിന്റു ചെയ്തിട്ടിരിക്കുന്ന വീടിന്റെ ഭിത്തിയില് അമ്മൂനെ ഓണര്‍മാമ വഴക്കു പറയും.
അപ്പുറത്തെ വീട്ടിലെ അപ്പൂപ്പന്‍ അവിടുത്തെ അപ്പു വികൃതി കാണിയ്ക്കുമ്പോള്‍, ആരടാ അപ്പു എന്ന് ചോദിയ്ക്കും.
അതു പോലെ ഓണര്‍മാമ, ആരടാ അമ്മൂ ചോദിച്ച് വഴക്കു പറയും അമ്മൂനെ.
ഒഴിവിന് നാട്ടിലെ വീട്ടില്‍ സ്വന്തം വീട്ടില്‍ ചെല്ലുമ്പോള്‍ വരച്ചാല്‍പ്പോരാ അമ്മൂന്.
ഇപ്പോ വരയ്ക്കണം അമ്മൂവിന്.
ബിനാലേല് കണ്ട പോലെ ഭിത്തീല് നെറയെ വരയ്ക്കണം അമ്മൂന്.
ആനയെ വരയ്ക്കണം.
ഇപ്പോത്തന്നെ.
ചിരിയ്ക്കുന്ന ഒരാനയെ വരയ്ക്കണം.
ചിരിയ്ക്കുന്ന ആനയെ കളിയാക്കുന്ന കുഴിയാനയെ വരയ്ക്കണം.
കുഴിയാന ചിരിച്ചപ്പോ ദേഷ്യം വന്ന ശരിയ്ക്കുള്ള ആന, ഇപ്പോ നിന്നെ ശരിയാക്കിത്തരാം എന്നു പറഞ്ഞ് മുന്നോട്ടു നടന്നതും കുഴിയാനയുടെ കുഞ്ഞിപ്പീക്കിരി കുഴീല് വീണ് കാലൊടിഞ്ഞതും വരയ്ക്കണം അമ്മൂന്.
കുഴിയാന കുഴീടെ പുറത്തും ശരിയാന കുഞ്ഞിക്കുഴീടകത്തും…
അതൊക്കെ വരയ്ക്കണം അമ്മൂന്.
അതും ഭിത്തീല് തന്നെ.
അമ്മു ഒടുക്കം ഭിത്തീല്ത്തന്നെ വരച്ചു.
എവിടുത്തെ ഭിത്തീലാ ?
സ്വപ്‌നത്തിലെ ഭിത്തീല്.
പെണങ്ങി ഒറങ്ങിയപ്പോ സ്വപ്നത്തില് മുഴുവനും ഭിത്തികള് വന്നു തെളിഞ്ഞു.
അമ്മു തോന്നിയതൊക്കെ വരച്ചു,
വലിയ പാട്ടേലെ ചായത്തില്‍ വലിയ ബ്രഷ് മുക്കി നിറയെ നിറയെ.
അപ്പറത്തെ വരമാമന്‍ ബിനാലെക്കു വേണ്ടി ചെയ്ത പോലെ തന്നെ.
സ്വപ്‌നത്തില് സാധിക്കാത്തത് എന്താണുള്ളത് ?
അങ്ങനെ ചോദിച്ചു കൊണ്ട് അമ്മു ഉറയെണീറ്റു.
എന്നിട്ട് അമ്മു അമ്മയോട് പറഞ്ഞു.
സ്വപ്‌നം ഒരു വലിയ ബിനാലെയാണ്.

Read More:  പ്രിയ എ എസിന്‍റെ കുഞ്ഞു കഥകള്‍, കഥ വരുന്ന വഴി, ദോശയുമ്മ എന്നിവ കേള്‍ക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook