കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ? എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

ഉമ്മുവിന്റെ കുഴിയാന

ഉമ്മു രാവിലെ എഴുന്നേറ്റ് പാലു പോലും കുടിക്കാൻ നിൽക്കാതെ മുറ്റത്തിറങ്ങി വീടിന്റെ ഭിത്തിയോട് ചേർന്ന ഇത്തിരിക്കുഞ്ഞൻ കുഴികളിൽ നിന്ന് കുഴിയാനയെ പിടിക്കാനൊരുങ്ങി. തെങ്ങു കയറിയപ്പോ വേലമ്മാവൻ മുറ്റത്തേക്ക് തെങ്ങിൽ നിന്ന് കൊത്തിയിട്ട പച്ചോലയിൽ നിന്ന് ഈർക്കിലെടിച്ചെടുത്ത് കുഴിയാനയുടെ കുഴിയിലിട്ടു കുറച്ചു നേരം ഈർക്കിൽ അനക്കാതിരുന്ന് പിന്നെ ഈർക്കിൽ അനക്കാതെ പുറത്തേക്ക് വലിച്ചെടുത്തപ്പോഴുണ്ട് കുഴിയാനയൊരെണ്ണം, ഈർക്കിലിനടിയിൽ പറ്റിപ്പിടിച്ചിരിപ്പുണ്ട്.

‘അതേ, ഇന്നലെ രാത്രിയിലേ ഞാൻ നിന്നെ സ്വപ്നം കണ്ടായിരുന്നേ.. .നീ എനിക്ക് നല്ല രസമുള്ള കുറേ കഥകൾ പറഞ്ഞു തരുന്നതാണ് ഞാൻ സ്വപ്നം കണ്ടത്, അതാ രാവിലെ ഉണർന്നപ്പോഴേ ഞാൻ നിന്നെ അന്വേഷിച്ചു വന്നത്’ എന്ന് ഉമ്മു അതിനോട് പറഞ്ഞു.

ഒന്നും കേൾക്കാത്ത പോലെ കുഴിയാന, ഉമ്മു പിടിച്ച ഈർക്കിലറ്റത്ത് തൂങ്ങിക്കിടന്നു. ‘നീ മുൻപോട്ടല്ല, പുറകോട്ടാണ് നടക്കുന്നത് എന്നു കേൾക്കുന്നത് ശരിയാണോ എന്നു നോക്കട്ടെ’ എന്നു പറഞ്ഞ് ഉമ്മു, കുഴിയാനയെ ഈർക്കിലിൽ നിന്ന് കുടഞ്ഞിട്ടത് ഇഷ്ടപ്പെടാതെ കുഴിയാന മണ്ണിൽ മലർന്നൊരു കിടപ്പ് കിടന്നു.

priya a s ,childrens stories, iemalayalam

‘നീ ഒന്നു തിരിഞ്ഞു കിടന്നേ, എന്നിട്ടൊന്നു നടന്നു കാണിച്ചേ’ എന്ന് ഉമ്മു എത്ര പറഞ്ഞിട്ടും കുഴിയാന കേട്ട ഭാവം വച്ചില്ല. അമ്മ, അവളോട് പറയാറുള്ളതു പോലെ ‘ദുർവാശി കൊള്ളൂല്ല കേട്ടോ’ എന്നു പറഞ്ഞ് ഉമ്മു, കുഴിയാനയുടെ സ്വഭാവം നന്നാക്കാൻ നോക്കുമ്പോഴാണ് ഒരു കിളി പറന്നു വന്ന്, ‘ഇതെന്തു പ്രാണിയാ, എനിക്കു കൊത്തിത്തിന്നാൻ പാകത്തിൽ വല്ലതുമാണോ ?’ എന്നു ചിലച്ചു ചോദിച്ചു കൊണ്ട് തൊട്ടടുത്തുള്ള മരക്കൊമ്പിൽ വന്നിരുന്നത്.

അയ്യോ, കാര്യം കുഴപ്പമായല്ലോ എന്നു വിചാരിച്ച് ഉമ്മു കുഴിയാനയെ വേഗം പിടിച്ച് കുഴിയിലേക്കു തന്നെയിട്ടു.

‘നീ എന്തു പണിയാണ് കാണിച്ചത് ?’ എന്ന് കിളി, ഉമ്മുവിനോട് ചോദിച്ചു. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ ഉമ്മു, പാൽ കുടിക്കാനായി അടുക്കളയിലേക്കു നടന്നു.

കുറുക്കൻ പക്ഷി

അമ്മുക്കുട്ടി രാവിലെ എണീറ്റ് പത്രമെടുക്കാനായി പുറത്തേക്ക് വരുകയായിരുന്നു. അവൾ വാതിൽ തുറന്ന് പുറത്തെ ഇറയത്തേക്ക് കാൽ വച്ചതും അവിടെ കിടന്ന ചൂരൽകസേരയിലിരുന്ന് ഒരു കിളി അവളെ നോക്കി ചിലച്ചു.

അത് ഒരു ബുൾബുളായിരുന്നു. തലയിൽ ഒരു തൂവൽ എടുപ്പുമായി അവളങ്ങനെ ഗമയിൽ ഇരിപ്പാണ്.

‘നിന്നെ എന്റെ അനിയൻ കുട്ടുവില്ലേ, അവൻ വിളിക്കുന്നത് കുറുക്കൻ പക്ഷി എന്നാണ്. കഥാപ്പുസ്തകത്തിൽക്കണ്ട കുറുക്കന് നിന്റെ എന്തോ ഒരു ഛായതോന്നിക്കാണും. അതു കൊണ്ടാണ് അവൻ നിന്നെ കുറുക്കൻ പക്ഷീ എന്നു വിളിക്കുന്നത് എന്നാണ് അമ്മ പറയാറ്’ എന്നു അമ്മുക്കുട്ടി പറഞ്ഞത് ഇഷ്ടപ്പെടാത്ത മട്ടിൽ അപ്പോൾ കിളി ചിലച്ചു.

‘നീ കഥയിലെ കുറുക്കന്റെ പോലെ സൂത്രക്കാരിയാണെന്നാ കുട്ടുവിന്റെ വിചാരം, അതാ അവൻ നിന്നെ കുറുക്കൻ പക്ഷീന്നു വിളിക്കുന്നതെന്നാ എന്റെ വിചാരം’ എന്ന് അമ്മുക്കുട്ടി ഉറക്കെ അവളോട് വിളിച്ചു പറഞ്ഞു.

കിളി പറഞ്ഞു, ‘നീയിങ്ങനെയൊക്കെ പറഞ്ഞാൽ എങ്ങനെ ശരിയാവും, എനിക്കീ കുറുക്കൻ ആരാണെന്നേ അറിയില്ല. ഞാൻ ഒരു കുറുക്കനേം കണ്ടിട്ടു കൂടിയില്ല.’

അതു കേട്ട് അമ്മുക്കുട്ടി പോയി അവളുടെ കഥാപ്പുസ്തകമെടുത്ത് കുറുക്കന്റെ പടം കാണിച്ചു കൊടുത്തു. കിളി, കുറുക്കന്റെ പടമുള്ള ആ പേജിൽ കയറിയിരുന്ന് ചാഞ്ഞും ചരിഞ്ഞും നോക്കി കുറേ നേരം.

പിന്നെ ബുൾബുൾകിളി, എനിക്ക് കുറുക്കന്റെ പടം ഇഷ്ടമായതേയില്ല എന്നു പറയും മട്ടിൽ കുറേ ചിലച്ചു.

‘ഞാനിങ്ങനെയൊന്നും അല്ല ഇരിയ്ക്കുന്നതെന്ന്’ പറഞ്ഞ് അവൾ മുഖം വീർപ്പിച്ച് പിണങ്ങിയിരിക്കുന്നതായി അമ്മുക്കുട്ടിയ്ക്ക് തോന്നി.priya a s ,childrens stories, iemalayalam
ഉറക്കമെണീറ്റു വന്ന കുട്ടു അപ്പോ അവിടേക്കു വരികയും കുറുക്കൻ പക്ഷീ എന്ന് കിളിയെ വിളിക്കുകയും ചെയ്തപ്പോൾ കിളി എന്തെല്ലാമോ പറഞ്ഞ് ചിലച്ചു കൊണ്ട് പറന്നു പോയി. കിളിയ്ക്ക് നീ അവളെ കുറുക്കൻ പക്ഷീ എന്നു വിളിക്കുന്നതിഷ്ടമല്ല, ബുൾബുൾ എന്നു തന്നെ എല്ലാരും അവളെ വിളിയ്ക്കണം എന്നാ അവൾ പറഞ്ഞോണ്ടു പോയത് എന്നു അമ്മുക്കുട്ടി പറഞ്ഞതും കുറുക്കൻ പക്ഷി പോകണ്ടാ എന്നു പറഞ്ഞ് കുട്ടു കരയാൻ തുടങ്ങി. പിന്നെ കുറുക്കന്റെ പടമുള്ള കഥാപ്പുസ്തകമെടുത്ത് കുറുക്കൻ നീലം കലക്കിയ വെള്ളത്തിൽ വീണ് നീലക്കുറുക്കനായ കഥ അമ്മുക്കുട്ടി വായിച്ചു കൊടുത്താണ് അവന്റെ കരച്ചിൽ മാറ്റിയതും പല്ലുതേപ്പിച്ചതും കൊച്ചിനെ രാവിലേ തന്നെ ഓരോന്നു പറഞ്ഞ് കരയിപ്പിക്കാതെ എന്ന അമ്മയുടെ വഴക്കു പറച്ചിലിൽ നിന്ന് രക്ഷപ്പെട്ടതും. എല്ലാ ബഹളവും കഴിഞ്ഞപ്പോ അമ്മുക്കുട്ടി പേനയും പെൻസിലുമെടുത്ത് ,ഒരു കിളി വരുത്തി വച്ച വിന എന്ന് ഒരു കഥ എഴുതാൻ തുടങ്ങി.

നമ്മള്‍ വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ ആയല്ലോ. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് ജൂണ്‍ മൂന്നു വരെ കഥകളായി നമ്മളെത്തി നില്‍ക്കുന്നു.

നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത്, ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞു തരാനാവൂ.

നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ ചേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ? കഥകള്‍ക്ക് താഴെ കമന്റ്‌ ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു…

Read More Stories for Children by Priya AS here

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook