കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ? എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

തുള്ളി വെള്ളം

സൂസിച്ചേച്ചി, ദോശ തിന്ന് കൈ കഴുകി വായ കഴുകി ടാപ്പടച്ചു എന്നു വരുത്തി അപ്പുറത്തെ മീനച്ചേച്ചിയുടെ കൂടെ കളിയ്ക്കാൻ ഓടിപ്പോകുന്നതും നോക്കി അന്ന നിന്നു. എന്നേം കൂട്ടുവോ കളിയ്ക്കാൻ, ഞാനും വരട്ടെ എന്നു എത്ര തവണ അന്ന ചോദിച്ചു നോക്കി എന്നോ!

ഞങ്ങള് ഫുട്ബോളാണ് കളിക്കുന്നത്, കൊച്ചു പിള്ളേർക്കൊന്നും പറ്റിയ കളിയല്ല അത്‌
എന്നു പറഞ്ഞ് സൂസിച്ചേച്ചി ഓടിപ്പോയപ്പോ, അമ്മയോട് പരാതി പറയാനായി അന്ന, അമ്മയെ അന്വേഷിക്കാൻ തുടങ്ങുമ്പോഴാണ് ആരോ അന്നയെ വിളിക്കും പോലെ അന്നയ്ക്ക് തോന്നിയത്. ചുറ്റും ചുറ്റും നോക്കുമ്പോഴല്ലേ മനസ്സിലായത്, ടാപ്പിൽ നിന്നിറ്റു വീഴുന്ന വെള്ളത്തുള്ളിയാണ് വിളിക്കുന്നത്.

സൂസിച്ചേച്ചി ശരിയ്ക്ക് ടാപ്പടച്ചിട്ടില്ലല്ലോ…ടാപ്പടയ്ക്കൂ, ടാപ്പടയ്ക്കൂ എന്നാണ് വെള്ളത്തുള്ളി നിർത്താതെ പറഞ്ഞു കൊണ്ടിരുന്നത്. സൂസിച്ചേച്ചിയല്ലേ ടാപ്പടയ്ക്കാതെ ഓടിപ്പോയത്, അപ്പോ ചേച്ചി തന്നെ വന്ന് ടാപ്പടയ്ക്കട്ടെ എന്നു വിചാരിച്ചു അന്ന ആദ്യം. അപ്പോഴാണ് വാട്ടർ ബിൽ കൂടൂല്ലേ എന്ന് ക്ലോക്ക് ണിം ണിം ണിം ണിം എന്നു നാലു പ്രാവശ്യം വിളിച്ചു ചോദിച്ചത്. അമ്മേടെ പൈസ വെറുതെ പോകില്ലേ, വെറുതെ പോകില്ലേ എന്നപ്പോ പ്രഷർകുക്കർ മൂന്നു തവണ വിസിലടിച്ച് ചോദിച്ചു.

അപ്പോ സൂസി, ഓടിച്ചെന്ന് എത്തി വലിഞ്ഞു നിന്ന് ടാപ്പ് മുറുക്കെ അടയ്ക്കാൻ നോക്കി. പറ്റുന്നില്ലല്ലോ എന്നു തന്നത്താൻ പറഞ്ഞ് ,പിന്നെ അമ്മയെ വിളിച്ചു കൊണ്ടുവന്ന് ടാപ്പ് ഇറുക്കെയടപ്പിച്ചു.അമ്മ പറഞ്ഞു, അന്ന നല്ല കുട്ടിയാണെന്ന്. വെള്ളം പാഴാക്കാമോ, എത്ര പേരാണ് പൊതു ടാപ്പിനടുത്ത് ഒരു പാത്രം വെള്ളത്തിനായി ക്യൂ നിൽക്കുന്നത്, അല്ലേ അന്നക്കുട്ടീ എന്നു ചോദിച്ചു അമ്മ.

ഇതൊന്നും ഇതുവരെ പഠിക്കാത്ത സൂസിച്ചേച്ചി എങ്ങനെയാ ക്ലാസില് ഫസ്റ്റാവുന്നതെന്നും ഫുട്ബോൾ കളിയില് ഗോളടിക്കുന്നതെന്നും അന്ന, അമ്മയോട് ചോദിച്ചത് പ്രഷർ കുക്കർ വീണ്ടും വിസിലടിച്ചതിനിടെ അമ്മയ്ക്ക് കേൾക്കാമ്പറ്റിയില്ല. ശ്, മിണ്ടാതിരി എന്ന് അന്ന, പ്രഷർ കുക്കറിനെ വഴക്കു പറഞ്ഞു.

പിന്നെ ഒരു വാട്ടർ ടാപ്പും അതിൽ നിന്നു വീഴുന്ന വെള്ളത്തുള്ളിയുടെയും ഒരു ചിത്രം വരച്ച് അതിനപ്പുറം No എന്നു ചുവന്ന മഷിപ്പേന കൊണ്ടെഴുതി, അതിനരികെ ‘പാടില്ല’ എന്ന അർത്ഥത്തിൽ ഒരു ഗുണനചിഹ്നവും ഇട്ട് അന്ന, സൂസി വരുന്നതും കാത്ത് ഇരുന്നു. അമ്മേം പറയാം കേട്ടോ അവളോട് വെള്ളം വെറുതെ കളയാനുള്ളതല്ലെന്ന് എന്ന് പറഞ്ഞ് അമ്മ അന്നയെയെ മടിയിലിരുത്തി.

ടാപ്പ് മുറുകെ അടക്കാതെ എവിടെയും പോകരുത് കേട്ടോ സൂസി, ഇത്ര ചെറുതാണെങ്കിലും അന്നക്കറിയാമല്ലോ ഇതൊക്കെ എന്ന് അമ്മ സൂസിയോട് പറയുന്നതു കേൾക്കാൻ പിന്നെ ഒരു വണ്ടും തുമ്പിയും ഒരു നിശാശലഭവും ഭിത്തിയിൽ പറന്നു വന്നിരുന്നു.പിന്നെ അവരെല്ലാം കൂടി ഗോളടിച്ചു വിയർത്തു വരുന്ന സൂസിയെ കാത്തിരുന്നു.

അന്ന അപ്പോൾ ഒരു പാട്ടുണ്ടാക്കിച്ചൊല്ലി.

‘ഗോളടിക്കും സൂസി
നല്ല കുട്ടി സൂസി
കുറേ മാർക്ക് വാങ്ങും സൂസി
നല്ല കുട്ടി സൂസി
ടാപ്പടയ്ക്കില്ല സൂസി
അത്ര നല്ല കുട്ടിയല്ല സൂസി.’

ചീവീടുകൾ പെട്ടെന്ന് ആ പാട്ട് ഏറ്റു പാടാൻ തുടങ്ങി.priya a s ,childrens stories, iemalayalam

കരയിലും വെള്ളത്തിലും

തവളച്ചാര്, മീങ്കുട്ടിയോട് പറഞ്ഞു. നമക്ക് കുളത്തീന്നു കരയ്ക്കു കയറി പറമ്പിലൊക്കെ ഒന്നു ചുറ്റിയടിച്ചിട്ടു വരാം.

നമ്മടെ ആമച്ചേട്ടൻ രാവിലെ തന്നെ എണീറ്റ് പറമ്പില് കറങ്ങാമ്പോയി. കൂടെ വരുന്നോന്ന് എന്നോട് ചോദിച്ചതാണ്. പക്ഷേ ഞാൻ പോയില്ല. നിന്നെ ഇവിടൊക്കെ നോക്കീട്ട് കാണാനില്ലായിരുന്നു. നീയല്ലേ എന്റെ ബെസ്റ്റ് ഫ്രണ്ട്. നീയില്ലാതെ കറങ്ങാമ്പോയാൽ ഒരു രസോം കാണില്ല.

മീങ്കുട്ടി പറഞ്ഞു, എന്റെ ബെസ്റ്റ് ഫ്രണ്ടേ, പൊന്നു ചങ്ങാതീ, വെള്ളത്തീന്ന് കരയ്ക്കു കയറിയാലേ ഞാൻ ചത്തു പോവും. ഞങ്ങൾ മീനുകൾക്ക് വെള്ളത്തിൽ മാത്രമേ ജീവിക്കാൻ പറ്റൂ, നിനക്കതറിഞ്ഞു കൂടെ?

അയ്യോ, ഞാനക്കാര്യം ശ്രദ്ധിച്ചിട്ടില്ല കേട്ടോ, ശരിയാ, കരയില് നടക്കാൻ നിങ്ങൾക്ക് കാലുകളുമില്ലല്ലോ എന്നായി അപ്പോ തവളച്ചാര്.

വെള്ളത്തിലും കരയിലും ജീവിക്കാൻ കഴിയുന്ന രണ്ടു ജീവികളുടെ പേര് പറയൂ എന്ന് കുഞ്ഞന്റമ്മ കുഞ്ഞനോട് ചോദിച്ചതും തവള, ആമ എന്ന് കുഞ്ഞൻ ഉത്തരം പറഞ്ഞതും ഇന്നാള് കുളത്തിന്റെ കരയിൽ നിന്നു കൊണ്ടല്ലേ എന്നു തവളച്ചാര് ചോദിച്ചിട്ട് മീങ്കുട്ടിക്ക് അതൊന്നും ഓർമ്മ വന്നതേയില്ല. ഞാനതൊന്നും കേട്ടു കാണില്ല, ഞാൻ വേറെ മീങ്കുട്ടികളുടെ കൂടെ കളിക്കാൻ പോയ നേരത്തായിരിയ്ക്കും കുഞ്ഞനുമമ്മയും കുളത്തിൻ കരയിൽ വന്നത് എന്നു പറഞ്ഞു മീങ്കുട്ടി.

ആയിരിക്കും, അല്ലായിരിക്കും എന്നു പറഞ്ഞ് തവളച്ചാര് ഒറ്റച്ചാട്ടത്തിന് കരയിലേക്ക് കയറി. മീങ്കുട്ടി വിളിച്ചു ചോദിച്ചു, നീ പറമ്പിലൊക്കെ കറങ്ങി നടന്നിട്ട് തിരിച്ചു വരുമ്പോ എനിക്കെന്താ കൊണ്ടു വരിക? നിനക്കൊരു മുക്കുറ്റിപ്പൂവു കൊണ്ടു വരാം എന്നു പറഞ്ഞ് തവളച്ചാര് ചാടിച്ചാടി പോയി.

മുക്കുറ്റിപ്പൂവ് എങ്ങനെയിരിയ്ക്കും എന്നാലോചിച്ച് മീങ്കുട്ടി, വെള്ളത്തിലേക്ക് മുങ്ങാങ്കുഴിയിട്ട് പോയി.priya a s ,childrens stories, iemalayalam

നമ്മള്‍ വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ ആയല്ലോ. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് 28 വരെ കഥകളായി നമ്മളെത്തി നില്‍ക്കുന്നു. നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത്, ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞു തരാനാവൂ. നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ ചേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ? കഥകള്‍ക്ക് താഴെ കമന്റ്‌ ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു…

Read More Stories for Children by Priya AS here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook