scorecardresearch
Latest News

വേനലൊഴിവിന് പ്രിയ എ എസിന്‍റെ കുഞ്ഞു കഥകള്‍, വായിക്കാം, കേള്‍ക്കാം-9

കുട്ടികൾക്കും വേണ്ടേ തെരഞ്ഞെടുപ്പു കഥകളും തെരഞ്ഞെടുപ്പെന്തിനാണെന്ന ബോധവും?അങ്ങനെയാവട്ടെ ഇന്നത്തെ പൂച്ചക്കുറിഞ്ഞിക്കഥയും ഉറമ്പു കഥയും

priya a s , story

കഥ കേൾക്കാനിഷ്ടമില്ലാത്ത കുട്ടികൾ അപൂർവ്വം. ഉണ്ണാൻ കഥ, ഉണരാൻ കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ? എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

തിരഞ്ഞെടുപ്പ്

നാടു മുഴുവൻ തോരണങ്ങളാണ്. തെരഞ്ഞെടുപ്പല്ലേ തെരഞ്ഞെടുപ്പ്! നാടിനെ നയിക്കാൻ, നാടിന്റെ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പറ്റിയ ഒരാളെ തെരഞ്ഞെടുക്കാനാണ് തെരഞ്ഞെടുപ്പ്. കരിവണ്ടത്താനാണ് ഒരു സ്ഥാനാർത്ഥി. എതിർ സ്ഥാനാർത്ഥി കാക്കച്ചി.സ്ഥലത്തെ പ്രധാനിയായ പൂച്ചക്കുറിഞ്ഞിയോട് എനിക്ക് വോട്ടു ചെയ്യണേ എന്നു നേരിൽ കണ്ടു പറയാൻ കരിവണ്ടത്താനും പരിവാരങ്ങളും അതിരാവിലെ വന്നു.ചെണ്ടകൊട്ടി കുരങ്ങനുണ്ടായിരുന്നു കൂടെ. പരുന്തിന്റെ പുറത്തിരുന്ന് വണ്ണാത്തിക്കിളി, ഇതാ വരുന്നു നമ്മുടെ പ്രിയങ്കരനും കണ്ണിലുണ്ണിയുമായ സ്ഥാനാർത്ഥി ഈ വാഹനത്തിനു തൊട്ടുപിന്നാലെ എന്നുറക്കെ വിളിച്ചു പറഞ്ഞു. പൂച്ചക്കുറിഞ്ഞി, വണ്ടത്താനോട് ചോദിച്ചു.നിന്നെ തെരഞ്ഞെടുത്താൽ നീ എന്തു ചെയ്തു തരും ഞങ്ങൾ മറ്റു ജീവികൾക്ക്?
ഒരു വലിയ കുളം കുഴിക്കുമെന്നും അതിൽ വലിയ സ്രാവിനെ മുതൽ കുഞ്ഞു വെള്ളിമീനിനെ വരെ കൊണ്ടുവന്നിടുമെന്നും വണ്ട് പറഞ്ഞതു കേട്ട് കുറിഞ്ഞി കോട്ടുവായിട്ടു. ഇവിടെ കുളങ്ങളും അതിലൊക്കെ ധാരാളം മീനുകളും ഇപ്പോഴേ ഉണ്ടല്ലോ?ഇനി എന്തിനാ പുതിയൊരു കുളം? കുറിഞ്ഞി ചോദിച്ചു.എല്ലാ ജീവികളും മീൻ പിടിച്ചു തിന്നുന്നവരല്ലല്ലോ, അപ്പോപ്പിന്നെ ഒരു പുതുപുത്തൻ വലിയ കുളവും കുറേ മീനുകളും കൊണ്ടു ലോകത്തിലെല്ലാവരുടെയും വിശപ്പ് എങ്ങനെ അകറ്റാനാണ് എന്നു ചോദിച്ച് പൂച്ചക്കുറിഞ്ഞി പിന്നെ ചിരിച്ചു. വീണ്ടുമെന്തോ ഉത്തരം വിളമ്പാൻ തുടങ്ങിയ വണ്ടിനെ തടഞ്ഞു കൊണ്ട് പൂച്ചക്കുറിഞ്ഞി പറഞ്ഞു, പ്രത്യേകിച്ച് ഉപകാരമൊന്നും ചെയ്തില്ലയെങ്കിലും വേണ്ട, ചെവിയിൽ വന്ന് ഇരമ്പി മൂളി ശല്യമുണ്ടാക്കാതിരുന്നാൽ മതി. വണ്ടത്താൻ, കുറിഞ്ഞിയുടെ സംസാരം ഒട്ടു മിഷ്ടപ്പെടാതെ പരിവാരങ്ങളുമൊത്ത് പടിയിറങ്ങിപ്പോയി.priya a s , story

പിന്നെ കാക്കച്ചി സ്ഥാനാർത്ഥി വന്നു കൊട്ടും ബഹളവുമൊന്നു മില്ലാതെ.കൂരിരുട്ടിന്റെ കിടാത്തി എന്ന് വൈലോപ്പിള്ളിക്കവിത കാ കാ എന്ന് ചൊല്ലി സ്വയം പരിചയപ്പെടുത്തി. സൂര്യപ്രകാശത്തിനുറ്റ തോഴി എന്നു പൂച്ചക്കുറിഞ്ഞി ബാക്കി കവിത ചൊല്ലി.എന്നിട്ട് കുറിഞ്ഞി ,കാക്കച്ചീ ,ചീത്തകൾ കൊത്തിവലിച്ചു എല്ലായിടവും വൃത്തിയാക്കുന്ന നിനക്കു വോട്ടു ചെയ്തില്ല എങ്കിൽപ്പിന്നെ ആർക്ക് വോട്ടു ചെയ്യാനാണ് ഞാൻ എന്നു ചോദിച്ച് കാക്കയെ കെട്ടിപ്പിടിച്ചു. തോരണങ്ങൾക്കിടയില്‍ക്കൂടെ    കാക്കയും കൂട്ടരും സൗമ്യരായി തിരിച്ചു പോയപ്പോൾ, ചുറ്റുമുള്ളവരോട് കുറിഞ്ഞി പറഞ്ഞു. എന്തു കാര്യത്തിലായാലും തെരഞ്ഞെടുപ്പ് വളരെ ബുദ്ധിയോടെയാവണം. നമ്മെ ദ്രോഹിക്കാത്തവരെ, നമ്മളെ പ്രശ്നങ്ങളിൽ സഹായിക്കുന്നവരെ വേണം തിരഞ്ഞെടുക്കാൻ. അതിൽ മണ്ടത്തരം പറ്റിയാൽ ജീവിതകാലം മുഴുവൻ ദുഖിക്കേണ്ടി വരും. ശരിയല്ലേ കൂട്ടുകാരേ?
കുറിഞ്ഞിയുടെ കൂട്ടുകാർ തല കുലുക്കി.

 

ഉറുമ്പുകള്‍ സംസാരിക്കുമ്പോള്‍

ഒരുറുമ്പ് നടന്നുപോവുകയായിരുന്നു.
വഴിയില്‍ വച്ച് അത് വേറൊരു ഉറുമ്പിനെ കണ്ടുമുട്ടി.
അവര്‍ മുഖം ചേര്‍ത്തു മുഖം ചേര്‍ത്തു കുറച്ചുനേരം വര്‍ത്തമാനം പറഞ്ഞു.
എന്തായിരിക്കാം അവര്‍ പറഞ്ഞത് ?
ആ ആട്ടുകല്ലിനരികെ കുറച്ചു അരിമണികള്‍ കിടക്കുന്നുണ്ട്,അതെടുക്കാന്‍ പോവുകയാണ് ഞാനെന്നാവുമോ?
അതോ ഞാന്‍ മോഹന്‍ലാലിന്റെ് സിനിമ കാണാന്‍ പോവുകയാണ് എന്നാവുമോ ?
മഴ വരുന്നുണ്ട്,നീ എന്താ ഉറുമ്പുകുട എടുക്കാന്‍ മറന്നത് എന്നാവുമോ ?
ഒരു കുഞ്ഞിതുമ്പപ്പൂ ആയിരിക്കുമോ ഉറുമ്പിന്റെ കുട?
അതോ നിന്നെ കണ്ടിട്ടെത്ര നാളായി,എവിടാരുന്നു ഇത്രയും നാള്‍ എന്നായിരിക്കുമോ ?
അതോ ,ഹോ ,എന്തൊരു ചൂടു കാലം എന്നായിരിക്കുമോ ?
അതോ ,ഈ വരുന്ന ഉറുമ്പുകളുടെ ഇലക്ഷനില്‍ എനിക്ക് അവല്‍ അടയാളത്തില്‍ വോട്ട് ചെയ്യണേ എന്നായിരിക്കുമോ ?priya a s , story

Read More: വേനലൊഴിവിന് പ്രിയ എ എസിന്‍റെ കുഞ്ഞു കഥകള്‍, വായിക്കാം, കേള്‍ക്കാം

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Read aloud stories for children priya a s thiranjeduppu urumbukal samsarikumbol