കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ?
എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.
വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം.
വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…
താഷി വിചാരങ്ങൾ
സന്ധ്യയായി തുടങ്ങിയിരുന്നു. താഷിയെ, അമ്മ മേലു കഴുകിച്ചും കഴിഞ്ഞിരുന്നു. മുൻവശത്തെ ഇറയത്തു വന്നു നിന്നാൽ കിളിക്കൂട്ടം പറന്നു പോകുന്നതു കാണാം അപ്പോ.
കിളിക്കൂട്ടം നിർത്താതെ ചിലച്ചു കൊണ്ടാണ് പോകുന്നത്. അങ്ങു ദൂരെ ആകാശത്തിനോട് തൊട്ടു പറക്കുന്നതു കൊണ്ട് ചെറിയ ചെറിയ പൊട്ടു പോലെയേ അവരെ കാണാൻ പറ്റൂ. രാവിലെയും ഇതു പോലെ തന്നെ കൂട്ടമായി ചിലച്ചു കൊണ്ടാണ് അവർ പോകാറ് എന്നമ്മ പറഞ്ഞു.
അത്രയും രാവിലെ താഷി ഉണർന്നിട്ടുണ്ടാവില്ല, അതു കൊണ്ടാണവരുടെ രാവിലെയുള്ള പറക്കലൊന്നും താഷി കാണാത്തത്. രാവിലെ ഇരതേടാനാണ് അവർ പോകുന്നത്. എല്ലാരും എണീറ്റു കൂട്ടത്തിൽ ചേർന്നിട്ടുണ്ടല്ലോ എന്നാണ് രാവിലെ അവർ പരസ്പരം ചോദിക്കുന്നത്.
കുഞ്ഞി വയറൊക്കെ നിറച്ച് സന്ധ്യക്ക് ചേക്കേറേനായി കൂട്ടിലേക്ക് പറക്കുമ്പോൾ അവർ തമ്മിൽത്തമ്മിൽ ചോദിക്കുന്നത്, രാവിലെ പോയവരെല്ലാരും കൂട്ടത്തിലുണ്ടല്ലോ എന്നാണ്.
താഷിയ്ക്ക് ഒരു കിളിയാകാനാണ് ഇഷ്ടം. തോന്നിയ ഇടത്തേക്കൊക്കെ ഫ്ലൈറ്റ് ടിക്കറ്റൊന്നുമില്ലാതെ പറക്കാമല്ലോ കിളിയായാൽ…
പക്ഷേ കിളികൾക്ക് താഷിയാകാനാണിഷ്ടം എന്നാണ് അച്ഛൻ പറയുന്നത്. മേൽക്കൂരയുള്ള, മഴയും വെയിലും കൊള്ളാത്ത വീട്ടിൽ താമസിക്കാമല്ലോ താഷി ആയാൽ എന്നാണ് കിളികൾ വിചാരിക്കുന്നത്. കായകൾക്കും പ്രാണികൾക്കും പകരം ഐസ്ക്രീമും ഇഡ്ഡലിയും ഇടിയപ്പവും കഴിക്കാമല്ലോ താഷി ആയാൽ എന്നാണ് കിളികൾ വിചാരിക്കുന്നത് എന്നൊക്കെ അച്ഛൻ പറഞ്ഞു.
അപ്പോ അമ്മ, താഷിയെ എ ബി സി ഡി എഴുതാനും ക ഖ ഗ ഘ ങ ചൊല്ലാനും വിളിച്ചു. ഇതൊക്കെ പഠിച്ച് വിഷമിക്കുന്നതാണോ കിളിയായി പറന്നു നടന്ന് ചിറകു കഴയ്ക്കുന്നതാണോ ഭേദം എന്ന് താഷിയ്ക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.
നിനക്ക് എന്തു തോന്നുന്നു എന്ന് താഷി അപ്പോഴതു വഴി വന്ന നീൾ വാലൻ തുമ്പിയോട് ചോദിച്ചു. ഞാനേ എന്റെ യമ്മയോട് ചോദിച്ചിട്ട് ഉത്തരം പറയാമേ എന്നു പറഞ്ഞ് അവൻ മുല്ലക്കാട്ടിലേയ്ക്ക് പറന്നു പോയി.
താഷി, കിളി എന്നെഴുതാൻ പഠിപ്പിക്കമ്മേ എന്നു പറഞ്ഞു നിലത്ത് ചടഞ്ഞിരുന്ന് സ്ലേറ്റെടുത്ത് മടിയിൽ വച്ച്.
വെണ്ണ
അമ്മൂമ്മ, വെണ്ണ ഉണ്ടാക്കുകയാണ്.
ഒരു നീളൻ പമ്പരം പോലെയുള്ള കടകോൽ, അമ്മൂമ്മയുടെ ഭരണിയിലെ തൈരിലിറങ്ങി അങ്ങോട്ടിങ്ങോട്ട് ഡാൻസു കളിക്കുമ്പോഴാണ് വെണ്ണയുണ്ടാകുന്നത്. അമ്മൂമ്മ,രണ്ടു കൈപ്പത്തികൾക്കിടയിൽ കടുകോലിനെ പിടിച്ച് മുന്നോട്ടും പിന്നോട്ടും വേഗത്തിൽ ഓടിയ്ക്കുന്നതാണ് കട കോലിന്റെ വെണ്ണ നൃത്തം.
അങ്ങനെ വെണ്ണ കടയാൻ അപ്പുവിനുമറിയാം. പക്ഷേ അപ്പു തൈരു കടയുമ്പോൾ, തൈരു തെറിച്ച് അപ്പുവിന്റെ തലയിലും കുഞ്ഞി വയറിലും ചുണ്ടിലും ഒക്കെ വീഴും. അപ്പുവിന് ധൃതി കൂടിട്ടാണങ്ങനെ എന്നാണമ്മൂമ്മ പറയുക.
ചുണ്ടിൽ വീഴുന്ന തൈരു തുള്ളിയൊക്കെ അപ്പു നക്കിക്കഴിക്കും. മോരായിത്തീർന്ന തൈരിനകത്തു കൂടെ, ആകാശത്ത് മേഘം പോലെ തെന്നി നീങ്ങുന്ന വെണ്ണക്കുഞ്ഞന്മാരെ പിടിച്ച് അപ്പു പിന്നെ നക്കിത്തിന്നും.
ഇപ്പോഴേ അതെല്ലാം തിന്നു തീർക്കാതെ, ഉച്ചയ്ക്ക് പരിപ്പും പപ്പടവും വെണ്ണയും കൂട്ടി ഉണ്ണണ്ടേ അപ്പുവിന് എന്നു ചോദിച്ച് അമ്മൂമ്മ അപ്പോ കടകോല് അപ്പൂന്റെ കൈയീന്നു തിരിച്ചു വാങ്ങിക്കും.
അതു വഴി പിച്ചവെച്ച് വരുന്ന കുഞ്ഞിപ്പെണ്ണിന് അപ്പോൾ അപ്പു, തന്റെ വെണ്ണ വിരൽ നീട്ടിക്കൊടുക്കും. കുഞ്ഞിച്ചേട്ടന്റെ വിരലിലെ വെണ്ണ നക്കി, അപ്പോൾ അവൾ ഒരു വെണ്ണ വെണ്ണച്ചിരി ചിരിയ്ക്കും. അതു കാണാൻ നല്ല രസമാണ്.
ഇനീം എന്നു പറഞ്ഞ് ആ വെണ്ണ പറ്റിയ ചുണ്ടു കൊണ്ട് അപ്പുവിനെ അവളുമ്മ വയ്ക്കുമ്പോഴുള്ള ആ വെണ്ണ മണമുണ്ടല്ലോ, അതാണ് അപ്പുവിന് ലോകത്തേക്കു വച്ചേറ്റവും ഇഷ്ടമുള്ള കാര്യം…
കടകോലു കൊണ്ട് തൈരിൽ നിന്നു കടഞ്ഞെടുത്ത വെണ്ണ തിന്നിട്ടില്ലെങ്കിൽ ഒരു ദിവസം നിങ്ങളും തിന്നു നോക്കണേ…
നമ്മള് വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ ആയല്ലോ. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് ഇരുപത്തിരണ്ട് വരെ കഥകളായി നമ്മളെത്തി നില്ക്കുന്നു.
നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത്, ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞു തരാനാവൂ.
നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ ചേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ? കഥകള്‍ക്ക് താഴെ കമന്റ് ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു…
Read More Stories for Children by Priya AS here