കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ? എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

താരാവീട്

നിലാവു കാണുകയായിരുന്നു താരക്കുട്ടി. രാത്രിയിലാണ് വരിക നിലാവ്.അമ്പിളിമാമന്റെ വെളിച്ചമാണ് നിലാവ്. സൂര്യൻ മാമന്റ വെളിച്ചം, അമ്പിളി മാമൻ കടം വാങ്ങുമ്പോഴാണ് നിലാവ് പരക്കുന്നത്. അമ്പിളിമാമനും നക്ഷത്രങ്ങൾക്കും നല്ല വെളുത്ത മേഘങ്ങൾക്കുമിടയിലൂടെ ആണ് നിലാവെളിച്ചം വരിക.കറുത്ത മേഘങ്ങളും ചിലപ്പോഴൊക്കെ വരും ആകാശത്തിൽ.അവര് വന്ന് നിലാവെളിച്ചം മറയ്ക്കും. അപ്പോഴാണ് രാത്രിയിൽ കൂരാക്കൂരിരുട്ട് ഉണ്ടാവുക. താരക്കുട്ടിയുടെ താര എന്ന പേരിനർത്ഥം നക്ഷത്രം എന്നാണ്.താരക്കുട്ടി പണ്ട് ആകാശത്തിന്റെ മോൾ ആയിരുന്നു. മുകളിൽ നിന്ന് നോക്കുമ്പോഴുള്ള ഭൂമിയുടെ പച്ച നിറം കണ്ട് ഭൂമി കാണാൻ കൊതി തോന്നി താഴേയ്ക്ക് വന്നതാണ് താരക്കുട്ടി. ആ കാശയമ്മയെ കണ്ട് കൈ വീശി, ഒരു ഫ്ളൈയിങ് കിസ് കൊടുക്കാനാണ് താരക്കുട്ടി എന്നും രാത്രിയില് ബാൽക്കണിയിൽ വന്നു നിൽക്കുന്നത്. പക്ഷേ അമ്പിളിയമ്മാവനെ താരയ്ക്ക് പേടിയാണ്.പെട്ടെന്നു തന്നെ താരയുടെ വികൃതികൾ കണ്ടു പിടിക്കും, എന്നിട്ട് ദേഷ്യപ്പെടും, അമ്പിളിയമ്മാവൻ താരയെ ദേഷ്യപ്പെടുമ്പോഴാണ് അമ്പിളി വട്ടത്തിനുള്ളിലെ കറുത്ത പാട് വലുതായി വരിക. നക്ഷത്രക്കുട്ടിയായതുകൊണ്ടാണ് താരക്കുട്ടിയുടെ മുഖത്തിനിത്ര തിളക്കം. ഇനി നക്ഷത്രങ്ങളെ കാണുമ്പോ താരക്കുട്ടിയെ ഓർക്കണേ, താരക്കുട്ടിയെ ചുമ്മാ വഴക്കു പറയല്ലേന്ന് അമ്പിളി മാമനോട് പറയുകയും ചെയ്യണേ…priya a s , story, childrens stories,iemalayalam

 

ഞ്ഞ പോലുള്ള ഞാഞ്ഞൂൽ

ഞാഞ്ഞൂലിനെ കണ്ടിട്ടില്ലേ? മണ്ണിര എന്നു വേറൊരു പേരും ഉണ്ട് അവർക്ക് .
അമ്മേടെ ചെടിച്ചട്ടീലെ മണ്ണിനടിയിൽ കാണാം ഞാഞ്ഞൂലുകളെ.
വളുവളാന്ന് ,ഞ്ഞ എന്ന അക്ഷരം പോലെ അത് പുളയുന്നതു കണ്ടാൽ മണിക്കുട്ടിക്ക്‌ ബേ എന്ന് അറപ്പ് വരും.
മണിക്കുട്ടിക്ക് അതിനെ ഒട്ടും ഒട്ടും ഇഷ്ടമല്ല. പക്ഷേ അമ്മയ്ക്ക് ഒത്തിരി ഇഷ്ടമാണ് മണ്ണിരയെ. അമ്മ ഇന്നാള് ചെടികളുടെയും വളങ്ങളുടെയും കടയിൽ നിന്ന് ഒരു പാക്കറ്റ് മണ്ണിര യെ കാശു കൊടുത്ത് വാങ്ങി. എന്നിട്ട് മണിക്കുട്ടിക്ക് ഒത്തിരി ഇഷ്ടമുള്ള പാഷൻ ഫ്രൂട്ടിന്റെ വള്ളിച്ചെടിക്കു താഴെയുള്ള മണ്ണ് കുഴച്ചു മറിച്ച് മണ്ണിരകളെ അതിലേക്കിട്ടു. മണ്ണിര ,ഭൂമിയ്ക്കടിയിലെ വളക്കൂറുള്ള മണ്ണ് ഇളക്കിമറിച്ച് മുകളിലേക്ക് കൊണ്ടുവരും. അപ്പോപ്പിന്നെ മണിക്കുട്ടിയുടെ പാഷൻ ഫ്രൂട്ടെങ്ങനെ നന്നാവാതിരിക്കും? പാഷൻ ഫ്രൂട്ടു മുറിച്ച് ഇളക്കി പഞ്ചസാര ചേർത്തു കഴിക്കുമ്പോഴൊക്കെ, താങ്ക് യു മണ്ണിര എന്ന് ഇപ്പോൾ മണിക്കുട്ടി പറയാറുണ്ട്. മണ്ണിരയെ കാണുമ്പോൾ നല്ല സ്നേഹത്തോടെ നോക്കാറുമുണ്ട്. നല്ല നനവുള്ള മണ്ണിലാണ് മണ്ണിര ഉണ്ടാവുക. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വീട്ടിൽ വലിയ പറമ്പും പറമ്പിൽ വല്യ കുളവുമുണ്ട്. കുളത്തിന്റരികിലെ നനഞ്ഞ മണ്ണിൽ ഒത്തിരി മണ്ണിരകൾ കാണും എന്നാ മണിക്കുട്ടിക്കു തോന്നുന്നത്. ഇനി നാട്ടിൽ പോകുമ്പോ മണിക്കുട്ടി ഒരു പാക്കറ്റ് മണ്ണിരയെ അവിടുന്ന് കടത്തിക്കൊണ്ടുവരും. എന്നിട്ട് സൂര്യകാന്തിയുടെ ചോട്ടിലിടും. എന്തു ഭംഗിയാന്നറിയാമോ സൂര്യകാന്തിപ്പൂ കാണാൻ? മണിക്കുട്ടിയുടെ മുഖത്തിന്റത്രേം വലുതാണ് സൂര്യകാന്തിപ്പൂക്കള്. അവര് സൂര്യനെപ്പോലിരിക്കും. സൂര്യനെ നോക്കി മുഖ മുയർത്തി ചിരിക്കുകേം ചെയ്യും.അതാ സൂര്യകാന്തിപ്പൂക്കളെന്നു പേരു വന്നത്.priya a s , story, childrens stories,iemalayalam

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook