കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ? എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം

സോപ്പുഭൂതം

നീനുവിന്റെ അമ്മ അടുക്കളയിലായിരുന്നു.
റേഡിയോയിലെ ഈ പാട്ടൊന്നു കേട്ടിട്ടുവന്നു കുളിപ്പിക്കാം കേട്ടോ എന്നു പറഞ്ഞ് അമ്മ അവളെ കുഞ്ഞിത്തോര്‍ത്തുടുപ്പിച്ചു നിര്‍ത്തി.
അമ്മേടെ കണ്ണുവെട്ടിച്ച് അവളെന്തെങ്കിലും കുസൃതി ഒപ്പിച്ചാലോ എന്നു വിചാരിച്ച് നീനുക്കുട്ടിയുടെ ചേട്ടന്‍ മനുക്കുട്ടനെ കാവലുമിരുത്തി.
മനുക്കുട്ടന്‍ ഇത്തിരിനേരമൊക്കെ അവളുടെ മേല്‍നോട്ടക്കാരനായെങ്കിലും ഇത്തിരി കഴിഞ്ഞപ്പോള്‍ മനുക്കുട്ടന് മേല്‍നോട്ടപ്പണി മടുത്തു.
മനു പന്തു തട്ടിക്കളിച്ച് ഈ മുറിയില്‍ നിന്ന് ആ മുറിയിലേക്ക് പന്തു തട്ടിക്കളിച്ചു നടന്ന നേരത്തിന് നമ്മുടെ തോര്‍ത്തുകാരി നീനുവികൃതി, കുളിമുറിയിലേക്ക് ആരുമറിയാതെ പതുങ്ങിപ്പതുങ്ങിപ്പോയി .
എന്നിട്ട് മെല്ലെ ഷവര്‍ തുറന്ന് അതിനടിയില്‍ നിന്ന് നനഞ്ഞുകുളിച്ചു വിറച്ചുരസിച്ചുനിന്നു.
പിന്നെ സോപ്പെടുത്ത് നല്ലോണം പതപ്പിച്ച് മേത്തു മുഴുവന്‍ ,നീനുവിനെ കാണാന്‍ പറ്റാത്ത വിധം പുരട്ടി.
നീനു കുളിമുറിയിലെ കണ്ണാടി നോക്കി.
നല്ല രസമുണ്ട്.
ഇപ്പോ എന്നെ കണ്ടാല്‍ കല്യാണിച്ചേച്ചി തന്ന ആ വെളുത്ത തടിയന്‍ ടെഡ്ഡി ബെയറെപ്പോലെ തന്നെയുണ്ട് എന്നു നീനുവിന് സന്തോഷം വന്നു. പിന്നേം സോപ്പുപത ഉണ്ടാക്കി അതില്‍ നിന്ന് നീനു വലിയ കുമിളയും ചെറിയ കുമിളയുമൊക്കെ ഊതിപ്പറത്തി വിട്ടു നീനു.
കുമിളകളെല്ലാം മഴവില്‍ നിറങ്ങളോടെ കുളിമുറിക്കകത്ത് പറന്നു പറന്നു നടന്നു.
നീനു ,ഹായ് എന്നു കൈ കൊട്ടി.
അത് അമ്മ കേട്ടു.priya a s , story
തോര്‍ത്തുടുപ്പിച്ചിരുത്തിയ ആളെയും നോക്കാനിരുത്തിയ ആളെയും കാണാനില്ലല്ലോ എന്നോര്‍ത്ത് പാട്ടുകേൾക്കൽ നിര്‍ത്തി വെപ്രാളപ്പെട്ടു അമ്മ.
അപ്പോ അമ്മ, അയ്യോ അമ്മേ എന്ന് നീനുവിന്റെ കരച്ചില്‍ കേട്ടു കുളിമുറിയില്‍ നിന്ന്.
അമ്മ ഓടിപ്പാഞ്ഞ് കുളിമുറിയിലെത്തിയപ്പോഴുണ്ട് നീനു മുഖത്തുംമുഴുവന്‍ സോപ്പു തേച്ചു പിടിപ്പിച്ചിട്ട് കണ്ണു നീറി ,കണ്ണടച്ചു പിടിച്ചു കൊണ്ട് ആര്‍ത്തുവിളിച്ചുകരയുകയാണ്.
കരച്ചിലുകേട്ട് അപ്പോഴേക്കെത്തിയല്ലോ നോക്കാനേല്‍പ്പിച്ചയാളും.
മനുക്കുട്ടന് അവളുടെ രൂപം കണ്ട് ചിരി വന്നു.
ഇതാര് സോപ്പുഭൂതമോ എന്നുവിളിച്ച് മനുക്കുട്ടന്‍ ചിരി തുടങ്ങി.
മിണ്ടാതിരിക്ക് എന്നമ്മ മനുക്കുട്ടനെ വഴക്കു പറഞ്ഞുകൊണ്ട് ,വെള്ളം കൈയിലെടുത്ത് അവളുടെ മുഖം കഴുകാന്‍ തുടങ്ങി.
കഴുകിക്കഴുകി സോപ്പുമയം മുഴുവന്‍ മുഖത്തുനിന്നു പോയപ്പോള്‍ നീനു കുടുകുടെ ചിരിക്കാന്‍ തുടങ്ങി ,സോപ്പുഭൂതം എന്നു പറഞ്ഞ്.
അമ്മയ്ക്കുമപ്പോള്‍ നേരത്തേ കണ്ട സോപ്പുഭൂതത്തിന്റെ രൂപ മോർത്ത് ചിരിവന്നു.
സോപ്പുഭൂതം എന്നു കൂവി വിളിച്ച് മനുക്കുട്ടന്‍ കുളുമുറിക്കു പുറത്തവളെ കാത്തുനിന്നു.
അവളെ തോര്‍ത്തി മിടുക്കിയാക്കി മുറിയിലേക്കു വിട്ടിട്ട് അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു. ഇനി സോപ്പു ഭൂതം ,ചേട്ടന്റെ കൂടെ പന്തുകളിച്ചോ.
അന്നു രാത്രി അച്ഛന്‍ വന്നപ്പോള്‍ മനുക്കുട്ടന്‍ , ‘നീനു സോപ്പുഭൂതമായ കഥ’ അച്ഛനു പറഞ്ഞു കൊടുത്തു.അപ്പോള്‍ അച്ഛന്‍ സോപ്പുഭൂതത്തിന്റെ പടം വരച്ചു.
അതു കണ്ട് നീനുവും മനുവും ആര്‍ത്തുവിളിച്ചു ചിരിച്ചു.
അമ്മ പറഞ്ഞു ഒരു ചെറുചിരിയോടെ,വികൃതിക്കു കാലും കൈയും വെച്ച രണ്ടെണ്ണം…!
അച്ഛനും മക്കളും കൂടിയുള്ള കോലാഹലത്തിനിടക്ക് അതാരും കേട്ടുകൂടിയില്ല.

നിറങ്ങളുടെ നൃത്തം

അമ്മു ഒരു തണ്ടും അതില്‍ നിറയെ ഇലകളും പൂവും വരച്ചു.
ഇനി ഏത് ചായം കൊടുക്കണം എന്ന് അപ്പുറത്തെ ബിനാലെ മാമനോട് ചോദിച്ചു.
ബിനാലെ മാമന്‍ നിറയെ പടം വരയ്ക്കുന്ന ആളാണല്ലോ.
ചായങ്ങളെക്കുറിച്ച് ബിനാലെ മാമനറിയുന്നിടത്തോളം വേറെ ആര്‍ക്കറിയും ?
അപ്പോള്‍ മാമന്‍, അമ്മുവിനെയും കൂട്ടി മുറ്റത്തിറങ്ങി പറമ്പിലൂടെ നടന്നു.
എന്നിട്ട് മന്ദാരം കാണിച്ചു കൊടുത്തു.വെള്ളപ്പൂവും പച്ചഇലയും – എന്താ ഒരു രസം കാണാന്‍ !
പിന്നെ ശംഖുപുഷ്പം കാണിച്ചു കൊടുത്തു.
അപ്പോ അമ്മുവിന് മനസ്സിലായി പച്ച ഇലയും നീലപ്പൂവും നല്ല ചേര്‍ച്ചയാണെന്ന്.
പിന്നെ അവര്‍ കണ്ടത് പവിഴമല്ലിപ്പൂവ്. പവിഴ നിറത്തണ്ടും വെളുത്ത തലപ്പൂവും .അതിനും ഇല പച്ച.
പിന്നെ മഞ്ഞറോസാപ്പൂവിന്റെ പച്ച മുള്‍ത്തണ്ടും ഇലയും.priya a s , story
അതുകഴിഞ്ഞ് വാടാമല്ലിപ്പൂവ്.കുങ്കുമനിറത്തിലെ.അതിനും ഇല പച്ച.
എല്ലാ നിറത്തിന്റെയും കൂടെ പച്ച ചേരുമെന്ന് അമ്മു പഠിച്ചതങ്ങനെ ബിനാലെ മാമന്റെ കൂടെ നടന്നാണ്.
ചോപ്പും മഞ്ഞയും ചേരുമെന്നു പഠിച്ചത് കശുമാങ്ങ നോക്കിയിരുന്നപ്പോഴാണ്.
മരത്തടിയുടെ നിറവും പച്ചയും ചേരുമെന്നു പഠിച്ചത് മാവിനെ നോക്കിയിരുന്നപ്പോഴാണ്.
ചോപ്പും വെള്ളയും നന്നായി ചേരുന്ന നിറങ്ങളാണെന്നു പഠിപ്പിച്ചത് മുറ്റത്തുനിന്നു കയറും മുമ്പ് ബിനാലെ മാമന്‍ പറിച്ചു കൊടുത്ത ചാമ്പക്കയാണ്.
അമ്മു ,പൂവിന് വയലറ്റു നിറം കൊടുത്തു കൊണ്ട് വീണ്ടും മുറ്റത്തെ പലതരം ഇലകളിലേക്കു നോക്കി.
എന്റമ്മേ, എന്തുമ്മാത്രം തരം പച്ചനിറങ്ങളാണ് ഈ ലോകത്തില്‍!
വലുതായി ഒരുപാടൊക്കെ വരയ്ക്കുന്ന ആളായി മാറുമ്പോള്‍ അമ്മു ഒരിന്റര്‍വ്യൂവില്‍ പറയും-ബിനാലെ മാമനും മുറ്റവും കൂടിയാണ് എന്നെ നിറങ്ങളെ കുറിച്ചു പഠിപ്പച്ചതെന്ന്.
അപ്പോ ബിനാലെ മാമന് ഒത്തിരി സന്തോഷമാവും.

Read More: വേനലൊഴിവിന് പ്രിയ എ എസിന്‍റെ കുഞ്ഞു കഥകള്‍, വായിക്കാം, കേള്‍ക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook