കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ?… എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ.

നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം.

വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

 

ശബ്‌നത്തിന്റെ ദു:സ്വപ്നം

പുല്ലുകള്‍ കാടു പിടിച്ചു കിടക്കുന്ന ഒരിടത്താണ് ശബ്‌നത്തിന്റെ കട്ടില്‍. അതില്‍ കിടക്കുകയാണ് ശബ്‌നം.

‘പേക്രോം പേക്രോം’ എന്ന തവളയൊച്ചകള്‍ പെരുകി വന്നു ചുറ്റിലും. ശബ്‌നം പേടിച്ചെണീക്കാന്‍ നോക്കി.

തവളകള്‍ അപ്പോള്‍ അവളുടെ കട്ടിലിലേക്ക് ചാടിക്കയറി. മഞ്ഞത്തവളയും പച്ചത്തവളയും മണ്ണിന്റെ നിറമുള്ള തവളയും എല്ലാമുണ്ടായിരുന്നു അക്കൂട്ടത്തില്‍. അവരെല്ലാം അവളെ, തലയില്‍ നിന്ന് പൊങ്ങി നില്‍ക്കുന്ന അവരുടെ ഉണ്ടക്കണ്ണു കൊണ്ട് തുറിച്ചു നോക്കി.

എന്നിട്ട് നാക്കു നീട്ടി ശബ്‌നത്തെ തിന്നാന്‍ റെഡിയായി. മനുഷ്യരുടെ നാക്കിനേക്കാള്‍ എന്തൊരു നീളമാണ് ഈ തവളനാക്കുകള്‍ക്ക് എന്ന് ശബ്‌നം അപ്പോള്‍ അത്ഭുതപ്പെട്ടു.

childrens stories, childrens literature, read aloud stories for children, stories for children, children stories children stories in malayalam, priya a s, priya a s stories, childrens stories online,ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children

വര: വിഷ്ണു റാം

പുറകിലെ അറ്റം മുന്നിലുറപ്പിച്ചതു കൊണ്ടാണ് തവളയുടെ നാക്കിനിത്ര നീളം എന്ന് അമ്മ പറഞ്ഞു കൊടുത്തത് അപ്പോഴവളോര്‍ത്തു. തവളകളെത്ര നീളത്തില്‍ നാക്കു നീട്ടിയാലും മനുഷ്യരെ തിന്നാനൊന്നും പറ്റില്ലല്ലോ അല്ലേ അമ്മേ എന്നു ചോദിച്ചു അവള്‍.

എന്താ മോള്‍ ഉറക്കത്തില്‍ പറയുന്നത് എന്നു ചോദിച്ച് അമ്മ അവളുടെ മുഖത്തുമ്മ വച്ചു.

മോളെന്താ സ്വപ്‌നം കണ്ടത് എന്നു ചോദിച്ചു അമ്മ.

ശബ്‌നത്തിന് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. അത് നാളെ പറയാം കേട്ടോ എന്നു പറഞ്ഞ് ശബ്‌നം തിരിഞ്ഞു കിടന്ന് സമാധാനമായിട്ടുറങ്ങി.

അവള്‍ എന്തായിരിക്കും ഉറക്കത്തില്‍ തവളകളെക്കുറിച്ച് സ്വപ്‌നം കണ്ടത് എന്നൊരു നിമിഷം ആലോചിച്ചു അമ്മ. പിന്നെ അവളെ ഒന്നു കൂടി കെട്ടിപ്പിടിച്ച്, ‘ഇനി ചീത്ത സ്വപ്നനമൊന്നും കാണില്ല കേട്ടോ, അമ്മയുണ്ടു കേട്ടോ അടുത്തു തന്നെ, അമ്മ നല്ലോണം കെട്ടിപ്പിടിച്ചിട്ടുണ്ട് കേട്ടോ’ എന്നു പറഞ്ഞ് അവളുടെ ദേഹത്ത് താളം പിടിച്ചു അമ്മ.

ശബ്‌നം പിന്നെ നല്ല ഉറക്കമായി.

ദുസ്വപ്‌നം കാണാതിരിക്കാന്‍ അമ്മയെ കെട്ടിപ്പിടിച്ചുറങ്ങിക്കോളൂ കേട്ടോ എല്ലാ കുഞ്ഞിക്കൂട്ടുകാരും…

 

ഊഞ്ഞാല്‍ ആടുമ്പോള്‍

അന്നയും ആമിലിയും ആലോലയും ഊഞ്ഞാലാടുകയായിരൂന്നു. അന്നയുടെ വീട്ടിലെ മാവിന്‍ കൊമ്പത്താണ് ഊഞ്ഞാല്‍. ആമിലിയുടെ അച്ഛനാണ് ഊഞ്ഞാല്‍പ്പലകയും കയറും കൊണ്ടു വന്നത്. ആലോലയുടെ മാമനാണ് ഊഞ്ഞാല്‍ കെട്ടിയത്.

അന്നയുടെ വീട്ടിലെ മാവിന്‍ കൊമ്പത്ത്, ആമിലിയുടെ അച്ഛന്‍ വാങ്ങി വന്ന ഉഞ്ഞാല്‍ സാധനങ്ങള്‍ കൊണ്ട്, ആലോലയുടെ മാമന്‍ കെട്ടിയ ഊഞ്ഞാല്‍.

ഒരാള്‍ മാറുമ്പോള്‍ അടുത്തയാള്‍ എന്ന മട്ടില്‍ അന്നയും ആമിലിയും ആലോലയും കൂടി അതിലിരുന്ന് ആടി രസിച്ചു.

എന്തിനാണ് മൂന്നു പേര്‍ക്ക് മൂന്ന് ഊഞ്ഞാല്‍, അല്ലേ ?

അന്നയുടെ വീട്ടില്‍ വയ്ക്കുന്ന ചില്ലി ചിക്കന്‍ അന്നയ്ക്കും ആമിലിയ്ക്കും ആലോലയ്ക്കും കഴിയ്ക്കാനുള്ളതാണ്. ആമിലിയുടെ വീട്ടിലുണ്ടാക്കുന്ന പത്തിരി അവര്‍ക്ക് മൂന്നു പേര്‍ക്കും കൂടിയുള്ളതാണ്. ആലോലയുടെ വീട്ടിലുണ്ടാക്കുന്ന പായസവും അവര്‍ മൂന്നാളും കൂടിയാണ് കുടിക്കാറുള്ളത്.

അവര്‍ മൂന്നു പേരും കൂടി ഒരു പലഹാരം പങ്കിട്ട് കഴിയ്ക്കുമ്പോള്‍, ഊഴം അനുസരിച്ച് ഊഞ്ഞാലാടി കളിക്കുമ്പോള്‍ എന്തൊരു രസമാണ് !

ആ രസത്തിന്റെ പേരാണ് സ്‌നേഹം എന്ന് ആലോലയുടെ മുത്തച്ഛന്‍ പറഞ്ഞു അവരോട്.
ഈ സ്നേഹത്തിനെന്തിനെന്തൊരു രസമാണ് അല്ലേ ?

childrens stories, childrens literature, read aloud stories for children, stories for children, children stories children stories in malayalam, priya a s, priya a s stories, childrens stories online,ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children

വര: വിഷ്ണു റാം

നമ്മള്‍ വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് രണ്ടാഴ്ചയായി. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് ഏഴു വരെ കഥകളായി നമ്മളെത്തി നില്‍ക്കുന്നു.

നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത് ,ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞുതരാനാവൂ…

നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ പേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ?  കഥകള്‍ക്ക് താഴെ കമന്റ്‌ ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു… 

Read More Stories for Children by Priya AS here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook