കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ?… എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ.
നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം.
വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…
കശുമാങ്ങ
ഒരു കാക്കയ്ക്ക് ഒരു കശുമാങ്ങ കിട്ടി. നല്ല ചുവന്നു തുടുത്ത കശുമാങ്ങ.
കശുമാങ്ങയുടെ താഴെ ‘ഭ’ എന്ന അക്ഷരം തല തിരിച്ചിട്ട പോലെ ഒരു അണ്ടിയുണ്ടല്ലോ, അതും തിന്നാൻ നോക്കി കാക്ക.
‘ഹോ, എന്തൊരു കട്ടിപ്പുറന്തോട്,’ കാക്ക മുഴുവൻ കശുമാങ്ങയും തിന്ന് കാൽ കൊണ്ട് കശുവണ്ടി തട്ടിക്കളഞ്ഞു.
ആ കശുവണ്ടിയെല്ലാം മുറ്റമടിക്കാൻ വരുന്ന ദേവകിയമ്മ പെറുക്കിക്കൂട്ടി ഉണക്കി. കുറച്ചു കശുവണ്ടിയെടുത്ത് ദേവകിയമ്മ നെല്ലു പുഴുങ്ങാൻ മുറ്റത്ത് ഇഷ്ടിക വച്ചുണ്ടാക്കിയ അടുപ്പിലെ തീക്കനലിൽ അപ്പുവിന് ചുട്ടു കൊടുത്തു.
കടയിൽ നിന്നു വാങ്ങുമ്പോലെയുള്ള വെണ്ണ നിറമുള്ള കശുവണ്ടിയല്ല ഇത്. ഇളം റോസ് നിറത്തിലെ കനം കുറഞ്ഞ തൊലി, വിരൽ കൊണ്ട് പൊളിച്ച് ഇതു തിന്നുമ്പോ, ഹായ് എന്തു രസമാണ്…

ചിത്രീകരണം : അക്കു
കടയിലെ കശുവണ്ടി ആർക്കു വേണം? അപ്പുവിന് ഇത് മതി. ഏതായാലും കാക്കച്ചന്മാരുടെയും കാക്കച്ചികളുടെയും കൊക്ക് കശുവണ്ടി കൊത്തിപ്പൊളിക്കാൻ പറ്റാത്ത വിധത്തിലായത് നന്നായി.
കശുവണ്ടിയും തേങ്ങായും മാത്രമേ കാക്ക കൊത്താത്തതായി അപ്പു കണ്ടിട്ടുള്ളു. കാക്കയ്ക്ക് തേങ്ങാ കൊത്തി അടർത്തി ഇടാൻ പറ്റാത്തത് ഭാഗ്യം. അല്ലേൽ കാക്ക കൊത്തി തേങ്ങാ അടർന്നു വീണു ഒരാൾക്ക് മുറിവ്, നാലാൾ മരിച്ചു എന്നൊക്കെ പത്രത്തിൽ വായിക്കേണ്ടി വന്നേനെ എന്നോർത്തപ്പോൾ അപ്പുവിന് ചിരി വന്നു.
അപ്പോൾ അമ്മ തോട്ടി കൊണ്ടു പറിച്ചെടുത്ത ഒരു കശുമാങ്ങാ പറിച്ച് കഷണങ്ങളാക്കി പ്ലേറ്റിൽ അപ്പുവിന് കൊണ്ടു ക്കൊടുത്തു. അപ്പു അത് ഉപ്പും കൂട്ടി തിന്നാനും തുടങ്ങി. കശുമാങ്ങയുടെ കാറച്ചുവ അപ്പൂന് വല്യ ഇഷ്ടാണേയ്.
രണ്ടുവട്ടം മുകളിലും ഒരു വട്ടം താഴെയും വരച്ച് ഒരു ചെറിയ സൂത്രപ്പണി കൊണ്ട് വട്ടങ്ങളെ കശുമാങ്ങയാക്കി വരയ്ക്കുന്ന വിദ്യ ഇതൊന്നു നക്കിത്തിന്നു തീർത്തിട്ട് അപ്പു ഇപ്പം കാണിച്ചു തരാമേ. ‘ഭ’ തല തിരിച്ചിട്ടാൽ കശുവണ്ടിയുമായി. പറഞ്ഞില്ലേ, കശുമാങ്ങയുടെ കാറച്ചുവ അപ്പുവിന് വല്യ ഇഷ്ടമാണ്, നിങ്ങൾക്കോ?
രാവിലെ
കാക്ക ‘കാ കാ’ എന്ന് കരഞ്ഞു. അമ്മ കഞ്ഞിവെള്ളത്തിനൊപ്പം കളയുന്ന, അതിൽ വീണു കിടക്കുന്ന ചോറു വറ്റിനായിട്ടാണ് കാക്കച്ചിയുടെ ‘കാ കാ’.
പൂച്ച, ‘മ്യാവൂ മ്യാവു’ എന്ന് കരഞ്ഞു. മീൻകാരന്റെ സൈക്കിൾ മണിയൊച്ച കേട്ട്. ‘എനിക്കൊരു ചെറ്യ മീനെങ്കിലും തരണേ’ എന്നാണ് ആ മ്യാവൂന്റെ അർത്ഥം.
കോഴി ‘കൊക്കരക്കോ’ എന്ന് കൂവി അടുക്കള വശത്തു മതിലിന്മേൽ കയറിയിരുന്ന്. ‘വിശക്കുന്നു, അരിയോ ഗോതമ്പോ തരാവോ’ എന്നാണ് ആ ചോദ്യത്തിനർത്ഥം.

ചിത്രീകരണം : അക്കു
ആ ചോദ്യവും ചിന്നുവിന്റെ അമ്മയോടാണ്.
പശുവമ്മ ‘ഉംബേ’ എന്ന് ചിന്നുവിന്റെ അമ്മൂമ്മയെ നോക്കി കരഞ്ഞു. ‘പിണ്ണാക്കു കുതിർത്തിട്ട കാടി വെള്ളം താ, ദാഹിയ്ക്കുന്നു, ഇത്തിരി വൈയ്ക്കോലും കൂടി എടുത്തോ തിന്നാൻ’ എന്നാണ് പശുവമ്മ പറയുന്നത്.
ഇഡ്ഡലി തേങ്ങാച്ചമ്മന്തിയും കൂട്ടി കഴിച്ച ചിന്നു പാൽഗ്ലാസുമായി ചവിട്ടുപടിയിൽ ഒറ്റക്കാലഭ്യാസത്തിൽ നിന്നു. പിന്നെ, ‘ബഹളം കൂട്ടാതിരി’ എന്ന് എല്ലാവരോടും പറഞ്ഞു. പിന്നെ എല്ലാവരുടെയും പരാതി പരിഹരിക്കാനായി അകത്തോട്ടും പുറത്തോട്ടും ധൃതിയിൽ നടന്നു.
നക്ഷത്രം പറിക്കുന്ന കുട്ടി
അക്കു പല്ലു തേച്ചു കഴിഞ്ഞ് വന്നതേ ഉണ്ടായിരുന്നുള്ളു. അമ്മ അവന് പാലുമായി വന്നപ്പോഴേയ്ക്ക് അവനത്യാവശ്യമായി വരയ്ക്കാനിരുന്നു കഴിഞ്ഞിരുന്നു.
വരച്ചു കഴിഞ്ഞിട്ടു മതി പാല് എന്നവന് അമ്മയോട് പറഞ്ഞു. വിശന്നിരുന്നാല്‍ നന്നായി വരയ്ക്കാന്‍ പറ്റില്ല എന്നു പറഞ്ഞു അമ്മ.
അപ്പോ അക്കു, പാല് ഗ്ളാസു വാങ്ങി ഒറ്റവലിക്കു പാല് കുടിച്ചു തീര്‍ത്തു. അപ്പോള്‍ അക്കുവിന്റെ ചുണ്ടത്ത് ഒരു പാല് മീശ ഉണ്ടായി. അത് തുടച്ചു കളയാന്‍ അമ്മ വന്നപ്പോള്‍ അക്കു, ‘വേണ്ടാ അമ്മേ അതവിടെ ഇരുന്നോട്ടെ, നല്ല രസമുണ്ട് പാല്മീശക്കാരനായി ഇരുന്നു വരയ്ക്കാന്‍’ എന്നു പറഞ്ഞു.
അമ്മ ചിരിച്ചു കൊണ്ട് അടുത്തിരുന്നു. അക്കുവിന് ചായബ്രഷു തുടയ്ക്കാന്‍ തുണിയും ചായം കഴുകാന്‍ വെള്ളവും ഒക്കെ എടുത്തു കൊടുത്ത് അമ്മ അക്കുവിനോട് ചേര്‍ന്നിരുന്നു.
ഇന്നലെ രാത്രിയില്‍ അക്കു സ്വപ്നം കണ്ടായിരുന്നു എന്ന് പറഞ്ഞു അക്കു. അത് നല്ല രസമുള്ള ഒരു സ്വപ്നമായിരുന്നു എന്ന് പറയുന്നതിനിടെ അക്കു അമ്മയുടെ കവിളില്‍ മൂക്കുരുമ്മി.
സ്വപ്നം മറന്നു പോകുന്നതിനു മുമ്പ് വരയ്ക്കാന്‍ വേണ്ടിട്ടാണ് പാല് പിന്നെ മതിയെന്ന് പറഞ്ഞത് എന്നു പറഞ്ഞ് അക്കു ഭൂമിയില്‍ നിന്ന് ആകാശം വരെ നീണ്ട ഒരു വെളുത്ത ഏണി വരച്ചു.
‘വരച്ചോളൂ, അമ്മ അടുത്തിരിക്കാം’ എന്നു പറഞ്ഞു അമ്മ.

ചിത്രീകരണം : അക്കു
അക്കുവിന്റെ ചിത്രത്തിലെ കുട്ടി ആകാശത്ത് ഏണി ചാരിവച്ച് ആകാശത്തിലേയ്ക്ക് കൈയെത്തിച്ച് എത്തി വലിഞ്ഞു നിന്ന് നക്ഷത്രം പറിക്കുകയായിരുന്നു.
ഒരുപാട് പോക്കറ്റുകളുള്ള ഒരു ഷര്‍ട്ടാണ് ചിത്രത്തിലെ കുട്ടി ഇട്ടിരിക്കുന്നതെന്നും അങ്ങോട്ട് തിരിഞ്ഞു നില്ക്കുകയല്ലേ അവന്, അതു കൊണ്ട് അമ്മയ്ക്കത് കാണാന്‍ പറ്റാത്തതാണെന്നും അക്കു അമ്മയോട് പറഞ്ഞു.
പോക്കറ്റുകളൊക്കെയും നക്ഷത്രം കൊണ്ട് നിറഞ്ഞു കഴിയുമ്പോള്‍ അവന് ഭൂമിയിലേക്കിറങ്ങിപ്പോരും എന്നിട്ട് മണ്ണിലോ പുല്ലിലോ ഇരുന്ന് നക്ഷത്രമാല വാഴനാരില്‍ കോര്‍ത്ത് ഉണ്ടാക്കും എന്നും അവന് പറഞ്ഞു.
ഇടക്കുവച്ച് ബ്രഷൊക്കെ മാറ്റി വച്ച് വിരല്‍ കൊണ്ട് ചായമെടുത്തായി അക്കുവിന്റെ വര.
മുഴുവന്‍ വരച്ചു കഴിഞ്ഞപ്പോ അക്കു ചോദിക്കുകയാണ് ‘ആ നക്ഷത്രം പറിക്കുന്ന കുട്ടി ആരാന്ന് അമ്മ ശരിയ്ക്കും നോക്കിയോ?’
‘അല്ലാ ഇത് അക്കു തന്നെയല്ലേ, ആ ഷര്‍ട്ടും നിക്കറും ചുവന്ന ഷൂസും ആ നില്‍പ്പും അക്കുവിന്റേതു പോലെ തന്നെയുണ്ടല്ലോ, താനിതാര്ക്കാണ് സ്വപ്നത്തില്‍ നക്ഷത്രം പറിച്ചു കൂട്ടിയത്?’ എന്നു ചോദിച്ച് അമ്മ അവനെ കെട്ടിപ്പിടിച്ചു.
‘എടോ അമ്മേ തനിക്കല്ലാതെ ഞാന്‍ വേറെ ആര്‍ക്കാണ് സ്വപ്നത്തില്‍ പൂ പറിച്ച് മാല ഉണ്ടാക്കുക എന്നു ചോദിച്ച് അക്കു ചായത്തില്‍ മുക്കിയ കുഞ്ഞി വിരല്‍ കൊണ്ട് അമ്മയുടെ മുഖം ചേര്‍ത്തുപിടിച്ച് നിറയെ ഉമ്മ കൊടുത്തു.
നോക്കിയേ, ഇപ്പോ അക്കുവിന്റെ അമ്മയുടെ മുഖം.
‘എന്തു മാത്രം നിറങ്ങളാണ് എടോ അമ്മേ തന്റെ മുഖത്ത്, താനിപ്പോള്‍ വേറൊരു ചിത്രം പോലുണ്ട്,’ എന്നു കൈകൊട്ടിച്ചിരിച്ചു അക്കു.
അമ്മ എണീറ്റ് കണ്ണാടിയില്‍ നോക്കി കുടുകുടാ ചിരിച്ചു.
‘നക്ഷത്രമാലയിലെ ചായമുണങ്ങട്ടെ, എന്നിട്ട് വേണം അതിട്ട് എനിക്കൊരു ഡാന്‍സു കളിയ്ക്കാന്‍’ എന്നു പറഞ്ഞ് അമ്മ ഒന്നു രണ്ടു നൃത്തച്ചുവടുകള്‍ വച്ചു അപ്പോള്‍.
പിന്നെ അത് പാല് മീശയുള്ള അക്കുവും പാല് മീശയില്ലാത്ത അമ്മയും ചേര്‍ന്നുള്ള ഒരു ചിരി ഡാന്‍സായി മാറി. അത് കണ്ട് അന്തം വിട്ട അക്കുവിന്റെ മൂക്കിന് തുമ്പത്തു വന്നിരുന്നു അപ്പോഴതു വഴി പറന്നു വന്ന നീലപ്പൂമ്പാറ്റ.
നമ്മള് വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് രണ്ടാഴ്ചയായി. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് ഏഴു വരെ കഥകളായി നമ്മളെത്തി നില്ക്കുന്നു.
നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത് ,ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞുതരാനാവൂ…
നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ പേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ? കഥകള്‍ക്ക് താഴെ കമന്റ് ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു…
Read More Stories for Children by Priya AS here
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook