കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ?… എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ.

നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം.

വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

പുഴുപ്പല്ല്

അച്ചുവും അമ്മയും കൂടി പല്ല് ഡോക്റ്ററെ കണ്ട് തിരിച്ചു വീട്ടിലേക്ക് ബസില്‍ വരികയായിരുന്നു. അച്ചുവിന്റെ പല്ലിനപ്പിടി കേട്. പുഴുപ്പല്ലാണ്, മിഠായിയും ബിസ്‌ക്കറ്റും തിന്നിട്ട് വാ കഴുകാതെ നടന്നിട്ടാണ് പല്ല് പുഴു തിന്നത്.

‘പുഴു അല്ല ബാക്റ്റീരിയ ആണ് ശരിയ്ക്കും പല്ലിന് കേടു വരുത്തുന്നത്’ എന്നു ഡോക്റ്റര്‍ പറഞ്ഞു. ‘എന്നാപ്പിന്നെ ‘പുഴുപ്പല്ലന്‍’ എന്നു പറയുന്നതെന്തിനാ ‘ബാക്റ്റീരിയപ്പല്ലന്‍’ എന്നു പറഞ്ഞാല്‍പ്പോരേ?’ എന്നു ചോദിച്ചപ്പോ ‘എടാ മിടുക്കാ…’ എന്ന് വിളിച്ച് ചിരിച്ചു ഡോക്റ്റര്‍.

അച്ചുവിന്റെ വായിലേക്ക് പ്ലെയറും ചുറ്റികയും പോലെ വളഞ്ഞതും കൂര്‍ത്തതുമായ ഓരോ ഉപകരണങ്ങളിട്ട് പല്ലു ഡോക്ടര്‍ എന്തൊക്കെയോ ചെയ്തു. വെണ്ണ തിന്നാന്‍ വാ പൊളിക്കുന്ന കൃഷ്ണനെപ്പോലെ വലുതായി വാ തുറന്നിരിക്കണം ദന്തിസ്റ്റിന്റെയടുത്ത് എന്നമ്മ പറഞ്ഞിരുന്നു.

ഡോക്ടര്‍ അച്ചുവിന്റെ ബാക്ടീരിയാപ്പല്ലിലെ കേടുള്ള ഭാഗം തുരന്ന് വൃത്തിയാക്കിയപ്പോള്‍ അച്ചുവിന് വായില്‍ പുളിപ്പു വന്നു. അങ്ങനെ കുറേ നേരം തുറന്നു പിടിച്ച് അച്ചുവിന് വായ കഴച്ചു. ഒടുക്കം, ഇന്നിത്രയും മതി ബാക്കി നാളെച്ചെയ്യാം എന്ന് ഡോക്റ്റര്‍ പറഞ്ഞു.

‘രാവിലെയും രാത്രിയും പല്ല് ബ്രഷ് ചെയ്യണം, എന്തു തിന്നാലും നന്നായി വായ കഴുകണം’ എന്നൊക്കെ പറഞ്ഞു ഡോക്ടര്‍. അച്ചു വിചാരിച്ചു, വെണ്ണ തിന്നു കഴിഞ്ഞ് കഥയിലെ ഉണ്ണിക്കൃഷ്ണന്‍ വായ കഴുകാറുണ്ടായിരുന്നോ? ഉണ്ണിക്കൃഷ്ണന് പുഴുപ്പല്ലുണ്ടായിരുന്നോ?priya a s , story, childrens stories,iemalayalam
അച്ചുവും അമ്മയും ബസിറങ്ങി റോഡ് മുറിച്ചുകടക്കുമ്പോഴാണ് അച്ചു അങ്ങനെ ആലോചിച്ചത്. അപ്പോള്‍ ഒരു മുഷിഞ്ഞ സാരിയുടുത്ത അമ്മയും പാകമാകാത്തത്ര വലിയ ഉടുപ്പിട്ട ഒരു ചപ്രത്തല മുടിക്കാരന്‍ കുട്ടിയും ‘അമ്മാ, വല്ലതും തരണേ…’ എന്നു കൈ നീട്ടി.

അമ്മ ആ കുട്ടിയുടെ കൈയില്‍ പത്തു രൂപ വച്ചു കൊടുത്തപ്പോള്‍ ആ കുട്ടി ചിരിച്ചു. അച്ചു ശരിയ്ക്കും കണ്ടു അവനുമുണ്ട് പുഴുപ്പല്ല്. പല്ലു ഡോക്റ്ററെ അവനും കാണുന്നുണ്ടാവുമോ? അവനെന്തു തിന്നിട്ടാവും വായ കഴുകാതെ നടന്നിട്ടുണ്ടാവുക? അവന് ടൂത് ബ്രഷ് കാണുമോ പല്ലു തേക്കാന്‍? അച്ചു അമ്മയോട് ചോദിച്ചു.

വീടു പോലുമില്ലാതെ മെട്രോപ്പാളത്തിനു കീഴെ ഉറങ്ങുന്നവര്‍ക്ക് എന്തു ചോക് ലേറ്റ്, എന്തു ബ്രഷ്, എന്തു പല്ലു ഡോക്റ്റര്‍, അവരൊക്കെ എങ്ങനെയോ ജീവിച്ചു പോകുന്നവരാണ് എന്നമ്മ പറഞ്ഞു.

പെട്ടെന്ന് അച്ചു ഒന്നു നിന്ന് ആ കുട്ടിയെ കൈ കാട്ടി വിളിച്ചു. പല്ല് ശരിയാക്കുമ്പോള്‍ കരയാതിരിക്കാന്‍ ഡോക്റ്റര്‍ അച്ചുവിനു കൊടുത്ത കുഞ്ഞു ടോയ് കാര്‍ അവനു നീട്ടി. അതു വാങ്ങി അവന്‍ ചിരിച്ചു. ആ പുഴുപ്പല്ലന്‍ ചിരിക്ക് മത്താപ്പൂ കത്തിക്കുന്നതിനേക്കാള്‍ ഭംഗി തോന്നി അച്ചൂന്. ആ അമ്മ, അച്ചൂനോടും അമ്മയോടും കൈകൂപ്പിച്ചിരിച്ച് അവന്റെ കൈ പിടിച്ച് റോഡ് ക്രോസ് ചെയ്തു പോയി.

വീട്ടിലേക്ക് പോകാന്‍ പിന്നെ ഒരു ഓട്ടോയില്‍ കയറിയിരിക്കുമ്പോള്‍ അച്ചു ആലോചിച്ചത് ആ കുട്ടിയെ കുറിച്ചു തന്നെയായിരുന്നു. വീടില്ലാത്ത കുട്ടിക്ക് ആഹാരം കിട്ടുന്നതെവിടെ നിന്നായിരിക്കും? അവനെ വിടുന്നായിരിക്കും വാ കഴുകാന്‍ വെള്ളം കിട്ടുക? വായ കഴുകാന്‍ വെള്ളമില്ലാതെയാവുമോ, അവന് പുഴുപ്പല്ലു വന്നു കാണുക?

അമ്മു കണ്ട മാജിക്

ചെങ്കല്ലു കൊണ്ടാണമ്മുവിന്റെ വീട്.

റോസ് നിറത്തിലെ പൂക്കളുണ്ടാകുന്ന ലില്ലിച്ചെടിയുടെ കിഴങ്ങ് നട്ടു അമ്മുവിന്റെ അമ്മ, വീടിന്റെ നാലുവശത്തും, ചുമരിനോടു ചേര്‍ന്ന്. ലില്ലിച്ചെടി പച്ചച്ച് പുറ്റു പോലെ വളര്‍ന്നു.
അമ്മയുടെ ഒരു പച്ചസാരിക്ക് ചെങ്കല്‍ നിറ ബോര്‍ഡര്‍ വരച്ചതു പോലായി അപ്പോ അമ്മൂന്റെ ചെങ്കല്‍ വീട്.

ഒരു ദിവസം അമ്മു നോക്കുമ്പോ, ലില്ലിച്ചെടിയുടെ നീളന്‍ ഇലകളിലൊക്കെ നിറയെ ഓട്ട. ഒന്നൂടെ ശ്രദ്ധിച്ച് നോക്കിയപ്പോഴല്ലേ കാണുന്നത് ലില്ലിച്ചെടിയിലൊക്കെ നിറയെ നിറയെ തടിയന്‍ പുഴുക്കള്. കറുപ്പും ചോപ്പും ഇടകലര്‍ന്ന ഒരു നൂറു പുഴുക്കള്. ഇല തിന്നു മടുത്തിട്ടാവും ചിലതൊക്കെ മണ്ണിലൂടെ സവാരി നടത്തുകയാണ് ഗമയില്‍.

ചിലതൊക്കെ അമ്മയുടെ സാരിയിലേക്ക് കയറാന്‍ നോക്കി മണ്ണില്‍ നിന്ന്. ‘ഛെ പോ പുഴു’ എന്നു പറഞ്ഞു കൊണ്ട് അമ്മു, പുഴുക്കളെ ഒരു കമ്പു കൊണ്ട് തോണ്ടിയെടുത്തു, കാലു കൊണ്ട് കുഴി കുത്തി മണ്ണിട്ട് മൂടാന്‍ ഭാവിക്കുകയായിരുന്നു.

അമ്മ പറഞ്ഞു, ‘കൊല്ലല്ലേ അമ്മൂ അതുങ്ങളെ. അത് പൂമ്പാറ്റപ്പുഴുവാണ്. കുറച്ചു ദിവസം കഴിയുമ്പോ ഈ പുഴുക്കളൊക്കെ കറുപ്പില്‍ ചുവപ്പു ഡിസൈനുകളുള്ള പൂമ്പാറ്റകളായി മാറും.’

അമ്മുവിന് തീരെ വിശ്വാസം വന്നില്ല. ഈ വളഞ്ഞു പുളഞ്ഞിഴഞ്ഞു നടക്കുന്ന വൃത്തികെട്ട പുഴുക്കള്‍ എങ്ങനെ പൂമ്പാറ്റയാകും ?priya a s, story, childrens stories, iemalayalam
അമ്മു കുറച്ചു ദിവസം ക്ഷമിച്ചിരിക്ക്, അപ്പോ കാണാം മാജിക് എന്നു പറഞ്ഞു അമ്മ. അമ്മ പറഞ്ഞതു കൊണ്ടു മാത്രം അമ്മു തത്ക്കാലം പുഴുക്കളെ വെറുതെ വിട്ടു.

പിറ്റേന്ന് അമ്മുവും അച്ഛനും അമ്മയും കൂടി അമ്മുവിന്റെ അമ്മാവന്റെ വീട്ടിലേക്കു പോയി.
അമ്മാവന്റെ മകളുടെ പിറന്നാളാഘോഷത്തിലും പങ്കെടുത്ത് അവര്‍ കുറച്ചു ദിവസം കഴിഞ്ഞ് തിരിച്ചു വന്ന് കാര്‍ കയറ്റാനായി ഗേറ്റ് തുറന്നതും അമ്മു അത്ഭുതപ്പെട്ടു പോയി.

മുറ്റം നിറയെ പൂമ്പാറ്റകള്‍.

അമ്മുവിനെയും കാറിനെയും ഉരുമ്മി പൂമ്പാറ്റകള്‍ പറന്നു കൊണ്ടേയിരുന്നു.

‘ലില്ലിച്ചെടികളിലെ പുഴുക്കളെ കാണാനേയില്ലല്ലോ അമ്മേ’ എന്നു പറഞ്ഞു അമ്മു.

അപ്പോള്‍ പൂമ്പാറ്റകള്‍, പിന്നെയും ഒരുപാടു പൂമ്പാറ്റകള്‍ പറന്നു വന്ന് അമ്മുവിന്റെ ചെങ്കല്‍ വീടിനെ പൊതിഞ്ഞു പറക്കാന്‍ തുടങ്ങി.

‘ഇതൊരു പൂമ്പാറ്റ വീടായല്ലോ’ എന്നു പറഞ്ഞ് അമ്മു വട്ടത്തില്‍ കറങ്ങി നൃത്തം ചെയ്യുന്നത് നോക്കി നിന്നു അച്ഛനും അമ്മയും.

നമ്മള്‍ വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് രണ്ടാഴ്ചയായി. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് ഏഴു വരെ കഥകളായി നമ്മളെത്തി നില്‍ക്കുന്നു.

നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത് ,ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞുതരാനാവൂ…

നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ പേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ?  കഥകള്‍ക്ക് താഴെ കമന്റ്‌ ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു… 

Read More Stories for Children by Priya AS here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook