കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ?

എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം.

വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

 പൂവമ്മൂമ്മ

അമ്മൂമ്മ കുഞ്ഞനെക്കുറിച്ച് അമ്മ ഓഫീസിൽ നിന്നു വന്നപ്പോൾ പരാതി പറഞ്ഞു. ‘അനുസരണ തീരെ ഇല്ലാത്ത കുട്ടിയാണ്, വിളിച്ചാൽ വിളി കേൾക്കില്ല, കഴിക്കാൻ വിളിച്ചാൽ വരില്ല’ എന്നൊക്കെയുള്ള അമ്മൂമ്മപ്പരാതി കേട്ട് അമ്മ, കുഞ്ഞനെ ദേഷ്യപ്പെട്ടു. കുഞ്ഞനപ്പോ ‘അമ്മൂമ്മ കൊള്ളൂല്ല’ എന്നു പറഞ്ഞ് ഉറക്കെ കരഞ്ഞു.

അമ്മ പിന്നെ അവനെ എടുത്ത് മേലു കഴുകിച്ച് നടക്കാൻ കൊണ്ടു പോയി. പോകും വഴി പശുവമ്മയെയും കുഞ്ഞിനെയും ഒരു തിരിഞ്ഞു നോക്കിപ്പൂച്ചയെയും ഒരു ജെ സി ബി യെയും അവർ കണ്ടു.

പിന്നെ വഴിയരികിലെ കുറേ പേരറിയാച്ചെടികളും പൂക്കളും കണ്ടു. ‘സൂര്യകാന്തി എന്നാണ് കുഞ്ഞന്റെ മുഖത്തിനേക്കാൾ വലിപ്പമുള്ള മഞ്ഞപ്പൂവിന്റെ പേരെന്ന്’ അമ്മ പറഞ്ഞു കൊടുത്തു.

കുഞ്ഞനപ്പോൾ ഉണങ്ങിയ ഒരു സൂര്യകാന്തിപ്പൂവിൽ നിന്ന് വിത്തു ശേഖരിച്ചു അമ്മൂമ്മയ്ക്ക് കൊടുക്കാനായി. അമ്മൂമ്മയ്ക്ക് പൂക്കളെന്നു വച്ചാലേ, ജീവനാണ് എന്നു പറഞ്ഞു കൊണ്ട് കുഞ്ഞൻ പിന്നെ വഴിയരികിൽ കൊഴിഞ്ഞു വീണ് കാറ്റത്ത് അങ്ങോട്ടിങ്ങോട്ട് ചിതറി പറക്കുന്ന ബൊഗെയ്ൻ വില്ലപ്പൂക്കൾ പെറുക്കിയെടുത്തു. അമ്മയും ഇരുന്ന് പൂ പെറുക്കി.

പേരറിയാത്ത നീലപ്പൂക്കളിൽ ചിലത് പറിച്ച് കുഞ്ഞൻ, അമ്മയെ ഏൽപ്പിച്ചു. അമ്മൂമ്മ ഈ നീലപ്പൂവ് കണ്ടിട്ടുണ്ടാവില്ല, തീർച്ചയാ, ഇതു കാണുമ്പോ അമ്മൂമ്മയ്ക്ക് ഒത്തിരി സന്തോഷമാവും എന്ന് കുഞ്ഞൻ പറഞ്ഞു.

‘ഒരു പൂവമ്മൂമ്മയും കുഞ്ഞുമോനും വന്നിരിക്കുന്നു’ എന്ന് അമ്മ അപ്പോ മുഖം ചുളിച്ച് ഒരു അസൂയക്കാരിയായി. ‘ആരോടും അസൂയ പാടില്ല എന്നു പറഞ്ഞു തന്നിട്ടില്ലേ അമ്മൂമ്മ’ എന്നു പറഞ്ഞ് കുഞ്ഞനപ്പോൾ അമ്മയുടെ ചെവിക്കു പിടിച്ചു.priya as,childrens stories,iemalayalam

 

നിഴൽ

കാശിക്ക് നിഴൽ ഇഷ്ടമായിരുന്നു. നിഴൽ കാണാൻ വേണ്ടിയാണ് അവൻ പകൽ വെയിലത്ത് മുറ്റത്തിറങ്ങി കറങ്ങി നടക്കുന്നത്.

കാശി എങ്ങോട്ടു നീങ്ങിയാലും കാശിയുടെ പുറകേ വരുന്ന നിഴൽ, കാശിയെ കാത്തു സൂക്ഷിക്കാൻ വരുന്ന മാലാഖയാണോ അതോ കാശിയെ പിടിക്കാൻ തക്കം നടക്കുന്ന ചെകുത്താനാണോ? ഏതായാലും നിഴൽ ഒരു മായാവിയാണ്.

ചിലപ്പോൾ കാശിയുടെ നിഴൽ കാശിയുടെ അത്രയും തന്നെ. വേറെ ചിലപ്പോഴോ കാശിേയേക്കാൾ ഒരു പാട് ചെറുത്. മറ്റു ചിലപ്പോഴെല്ലാം കാശിയേക്കാൾ ഒത്തിരി വലുത്.

നിലാവിൽ നടക്കുമ്പോഴും നിഴൽ വരും. പിന്നെയില്ലേ, കാശിയ്ക്ക് രാത്രിയിൽ ലൈറ്റിട്ട് കൈമുദ്രകൾ വെളിച്ചത്തു കാണിച്ച് ഭിത്തിയിൽ ആമയുടെയും പരുന്തിന്റെയും മാനിന്റെയും നിഴൽ രൂപങ്ങളുണ്ടാക്കി കളിക്കാനുമറിയാം.

നോക്ക്, കാശി തൊപ്പി വച്ചപ്പോ ഭിത്തിനിഴൽ ഒരു വലിയ വേട്ടക്കാരനെപ്പോലില്ലേ? കാട്ടിൽ നായാട്ടിനു വന്നതാണയാൾ. ഇപ്പോൾ കാട്ടിനകത്തു കൂടി വഴി തെറ്റി അലയുകയാണയാൾ.

മൂന്നു മാനുകളുടെ നടുക്കാണിപ്പോ അയാൾ. അമ്മക്കൈയും അച്ഛൻ കൈയും കാശിക്കൈ യുമാണ് മൂന്നു മാനുകൾ. വേട്ടക്കാരന്റെ തോക്ക് നഷ്ടപ്പെട്ടു പോയി കാട്ടിലെവിടെയോ. അടുത്തു വന്ന് നോക്കി നിന്ന മാനുകളുടെ അടുത്ത് നോക്ക് എന്തൊരു പാവമായാണയാൾ നിൽക്കുന്നത്!

പെട്ടെന്ന് കാശിയുടെ വീട്ടിലെ കറന്റ് പോയി. അതോടെ വേട്ടക്കാരനും മൂന്നു മാനുകളും മാഞ്ഞു പോയി.അവർ പഴയതുപോലെ കാശിയും അമ്മയും അച്ഛനും തന്നെയായി.priya as,childrens stories,iemalayalam

നമ്മള്‍ വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ ആയല്ലോ. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് പതിനേഴു വരെ കഥകളായി നമ്മളെത്തി നില്‍ക്കുന്നു.

നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത് ,ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞുതരാനാവൂ…

നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ ചേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ?  കഥകള്‍ക്ക് താഴെ കമന്റ്‌ ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു… 

Read More Stories for Children by Priya AS here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook