കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ?
എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.
വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം.
വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…
പൊടി ഡാൻസ്
പാറു അനങ്ങാതെ അടങ്ങി ഒതുങ്ങി ഒരു മൂലയിൽ ഇരിക്കുന്നതു കണ്ടപ്പോൾ അമ്മ വിളിച്ചു ചോദിച്ചു, ‘പാറുവമ്മേ എന്താ ഒരാലോചന? അടുത്തതായി എന്തു വികൃതി ഒപ്പിയ്ക്കണം എന്നായിരിയ്ക്കും അല്ലേ ?’
പാറു പറഞ്ഞു, ‘ആലോചിക്കുവല്ല അമ്മേ… കളിക്കുവാ’
‘കളിക്കാൻ പാറൂന്റെ കൈയില്‍ കളിപ്പാട്ടങ്ങളൊന്നുമില്ലല്ലോ’ എന്നായി അപ്പോ അമ്മ. പാറു അമ്മയോട് പറഞ്ഞു, ‘വാ വന്നിവിടിരി’.
അമ്മ, പാറുവിനെ അനുസരിച്ച് നിലത്ത് ചടഞ്ഞിരുന്നു. അപ്പോ വൈകുന്നേരവെയിൽ ജനലിൽക്കൂടി കടന്നു വരുന്നതിനെതിരെ കണ്ണു പാതി ചിമ്മിപ്പിടിക്കാൻ പാറു, അമ്മയെ കാണിച്ചു കൊടുത്തു. കറങ്ങിത്തിരിഞ്ഞ് ഒഴുകി നടക്കുന്ന പൊടിയുടെ തരികൾ സൂര്യ വെളിച്ചത്തിൽ മുങ്ങിക്കുളിച്ച് സ്വർണ്ണത്തരികളെപ്പോലെ നൃത്തം ചെയ്തു നടക്കുന്നത് അപ്പോ പാറുവിനെപ്പോലെ തന്നെ അമ്മയും കണ്ടു രസിച്ചു ചിരിച്ചു.
‘അമ്മയും പണ്ട് കുഞ്ഞായിരുന്നല്ലോ, അന്നമ്മേം ഇങ്ങനെ സൂര്യ വെളിച്ചത്തിലെ പൊടി നൃത്തം കണ്ട് ഒറ്റയ്ക്ക് ഒരു മൂലയിൽ രസിച്ചിരുന്നിട്ടുണ്ട്’ എന്നു പറഞ്ഞു അമ്മ. അമ്മ പണ്ട് കുട്ടിയായിരുന്നുവോ എന്നന്തം വിട്ടു പാറു. സാരിയൊക്കെ ഉടുത്തു നിൽക്കുന്ന ഈ അമ്മ പണ്ട് വികൃതിയൊക്കെ കാണിച്ചു നടക്കുന്ന, കുഞ്ഞുടുപ്പിട്ട കുട്ടിയായിരുന്നു പാറുവിനെപ്പോലെ എന്നോ!
പാറുവിനെ പിന്നെ അമ്മ, അമ്മയുടെ കുട്ടിക്കാലത്തെ ഫോട്ടോകൾ ആൽബത്തിൽ നിന്നെടുത്തു കാണിച്ചു കൊടുത്തപ്പോ പാറുവിന് ചിരി വന്നു. അവൾ വിളിച്ചു, ‘ഇത്തിരിക്കുഞ്ഞത്തീ’.
പിന്നെ വല്യ കുഞ്ഞത്തി അമ്മയും ഇത്തിരി കുഞ്ഞത്തി മോളും കൂടി പൊടി നൃത്തം കണ്ടു രസിച്ച് ഒരു കാര്യവുമില്ലാതെ ചിരിച്ച് അവിടെത്തന്നെയിരുന്നു.
ഈർക്കിലിച്ചൂല്
ചന്തു ഒരു ചൂലന്വേഷിച്ചു നടക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി. ഒരു കുഞ്ഞു ഈർക്കിലിച്ചൂല് അമ്മൂമ്മ കുഞ്ഞനു വേണ്ടി പ്രത്യേകമുണ്ടാക്കിക്കൊടുത്തതാണ്. അതാണിപ്പോ കാണാതായിരിക്കുന്നത്..
ചൂലില്ലാതെ എങ്ങനെ നിലമടിച്ച് വൃത്തിയാക്കും? കണ്ടില്ലേ മിഠായി കവറും ബിസ്ക്കറ്റ് പൊടിയുമൊക്കെ നിലത്തു കിടക്കുന്നത്…! ചന്തു തന്നെ ഇട്ടതാണതെല്ലാം, അപ്പോ ചന്തു തന്നെ വൃത്തിയാക്കുകയും വേണ്ടേ? അല്ലാ, ചൂലെവിടെപ്പോയിക്കാണും?
ചൂല്, അതിന്റെ വീട്ടിൽ പോയിക്കാണുമോ? എവിടായിരിക്കും അതിന്റെ വീട്? തെങ്ങിന്റെ മുകളിലായിരിക്കുമോ? തെങ്ങോലയിൽ നിന്ന് ഓല ചീകിക്കളഞ്ഞ് ഈർക്കിലികളെടുത്ത് അതെല്ലാം ചേർത്തു വച്ച്, അമ്മയോ അമ്മൂമ്മയോ കൂട്ടിക്കെട്ടുമ്പോഴാണല്ലോ ചൂലുണ്ടാകുന്നത്…
എന്നാലും ആ ചൂല്, അതെവിടായിരിക്കും പോയിട്ടുണ്ടാവുക? സിനിമാ കാണാനോ കറങ്ങി നടക്കാനോ പോയിട്ടുണ്ടാവുക? അതോ ചന്തു കാണാതെ പാത്തിരിക്കുകയായിരിക്കുമോ?അതോ കുളിക്കാൻ പോയിക്കാണുമോ? അതോ കാൺമാനില്ല എന്നു പറഞ്ഞ് ഒരു പരസ്യം കൊടുക്കേണ്ടി വരുമോ പത്രത്തിലെങ്ങാനും?
നമ്മള് വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ ആയല്ലോ. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് ഇരുപത്തിയൊന്നു വരെ കഥകളായി നമ്മളെത്തി നില്ക്കുന്നു.
നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത് ,ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞു തരാനാവൂ…
നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ ചേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ? കഥകള്‍ക്ക് താഴെ കമന്റ് ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു…
Read More Stories for Children by Priya AS here