scorecardresearch
Latest News

വേനലൊഴിവിന് പ്രിയ എ എസിന്‍റെ കുഞ്ഞു കഥകള്‍, വായിക്കാം, കേള്‍ക്കാം-34

നീളൻ തലമുടിക്കാരിയായി മാറാനായി, അറിയാവുന്ന അടവുകളെല്ലാം പയറ്റുന്ന കുഞ്ഞിപ്പെൺകുട്ടി… ഘോരമായ വഴക്കിട്ട ശേഷം വഴക്കിന്റെ കാര്യമേ മറന്നു പോകുന്ന രണ്ടാൺ കുട്ടികൾ. ഇവരെക്കൊണ്ട് ഇന്ന് കഥകൾ

വേനലൊഴിവിന് പ്രിയ എ എസിന്‍റെ കുഞ്ഞു കഥകള്‍, വായിക്കാം, കേള്‍ക്കാം-34

കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ?

എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം.

വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

പിന്നിപ്പിന്നിത്തലമുടി

മിന്നയ്ക്ക് കുറേ തലമുടി വേണമെന്നാണ് ആഗ്രഹം. അപ്പുറത്തെ ആലോലച്ചേച്ചിയുടെ പോലെ നല്ല നീളന്‍ തലമുടി വേണം. കാല്‍മുട്ടു വരെ തലമുടി വേണം. എന്നിട്ട് ആലോലച്ചേച്ചിയെപ്പോലെ പിന്നിപ്പിന്നിയിടണം.

പിന്നിയിട്ട തലമുടി ഉള്ളവര്‍ക്കേ ഡാന്‍സ് ചെയ്യാന്‍ പറ്റൂ. ആലോലച്ചേച്ചി ഡാന്‍സ് ചെയ്യണതു കാണാന്‍ നല്ല ഭംഗിയാ.

പിന്നിയിട്ട നീളന്‍ തലമുടി, ആലോലച്ചേച്ചി ഡാന്‍സ് ചെയ്യുമ്പോ അതിന് തോന്നിയമാതിരി വേറൊരു ഡാന്‍സു കളിയ്ക്കും അങ്ങോട്ടാടി ഇങ്ങോട്ടാടി. അതു കാണാന്‍ നല്ല രസമാണ്.

പക്ഷേ മിന്നയ്ക്ക് ചെവി വരെയേ ഉള്ളൂ തലമുടി. അപ്പോപ്പിന്നെ എങ്ങനെ ഡാന്‍സു കളിയ്ക്കും?

ഒരു വഴിയുണ്ടല്ലോ എന്നോര്‍ത്ത് പെട്ടെന്ന് മിന്ന ഓടിപ്പോയി, കുളി കഴിഞ്ഞ് തല തോര്‍ത്തിയ ശേഷം നനച്ചുണക്കാനായി അമ്മ അഴയിലിട്ട തോര്‍ത്ത് എടുത്തു കൊണ്ടു വന്ന് തലമുടിയിലൂടെയിട്ടു പിരിച്ചു തലമുടിയാക്കി കണ്ണാടി നോക്കി.priya a s ,childrens stories,iemalayalam
നല്ല രസമുണ്ട് ഇപ്പോ കാണാന്‍. പക്ഷേ തോര്‍ത്തിന് അത്ര നീളം പോരാ. മുട്ടു വരെ എത്തുന്ന തലമുടിയാക്കാന്‍ ഇതിനേക്കാളും നീളമുള്ള തുണി വേണം.

അമ്മേടെ സാരി നനച്ചത് അഴയില്‍ കിടക്കുന്നതിലായി മിന്നയുടെ നോട്ടം. അവളതില്‍ കൈവച്ചതും അമ്മ എവിടുന്നോ പ്രത്യക്ഷപ്പെട്ടു. എന്നിട്ട് പറഞ്ഞു.

‘അതു വച്ചുള്ള കളിവേണ്ടാ കേട്ടോ. അത് വലിച്ചു താഴെ മണ്ണിലിട്ട് വൃത്തികേടാക്കിയാല്‍ ഇനീം അതു നനയ്ക്കാനൊന്നും എന്നെ കിട്ടില്ല.’

അമ്മ നല്ല ഗൗരവത്തിലാണ്. പെട്ടെന്ന് ദേഷ്യം വരാനും മതി.

എന്നാപ്പിന്നെ ഡാന്‍സും തലമുടീം വേണ്ടെന്നു വച്ചേക്കാം. കുറച്ച് വെള്ളയ്ക്ക പെറുക്കിയേക്കാം. എന്നിട്ട് അത് ഒരു ഈര്‍ക്കിലിയില്‍ കോര്‍ത്ത് അമ്മയ്ക്ക് രണ്ടു നീളന്‍ കമ്മലുണ്ടാക്കി കൊടുത്തേക്കാം.

ഗൗരവക്കാരി അപ്പോ ചിരിക്കുന്നതു കാണാം. വേണമെങ്കില്‍ വെള്ളയ്ക്കാത്തൊലി പൊളിച്ച് ഒരു കളിക്കറി ഉണ്ടാക്കുകയോ കുറേ വെള്ളയ്ക്കാ ഒരു നൂലില്‍ കെട്ടി ഒരു ചിലങ്കയുണ്ടാക്കുകയോ ചെയ്‌തേക്കാം.

അതു വേണ്ടാന്നു പറയില്ലല്ലോ അമ്മ.priya as,childrens stories,iemalayalam
മിന്ന വെള്ളയ്ക്കാ പെറുക്കലുകാരിയായതും നോക്കി അമ്മ മുറ്റത്തു നിന്നു ഉണങ്ങിയ സാരിയെടുത്തു ഭംഗിയായി മടക്കി വച്ചു.

‘സാരിയൊക്കെ എടുത്തു തലയില്‍ ചുറ്റിയാലേ, അതില് തട്ടി വീഴും മിന്നക്കുട്ടി, അതു കൊണ്ടാണ് കേട്ടോ സാരി എടുക്കരുതെന്നു’ പറഞ്ഞത് എന്നമ്മ പറഞ്ഞത് മിന്ന കേട്ടതേയില്ല.

അവള്‍ ഉടുപ്പു കൂട്ടിപ്പിടിച്ച് ഒരു കുമ്പിള്‍ പോലെയാക്കി വെള്ളയ്ക്കാ പെറുക്കിക്കൂട്ടുകയായിരുന്നു. ഡാന്‍സ് കളിക്കാന്‍ കുറേ നീളന്‍ തലമുടി വേണം എന്നാലോചിച്ചതേ അവള്‍ മറന്നു പോയിരുന്നു.

കുട്ടിപ്പിണക്കങ്ങള്‍

ചന്തുവും മനുവും കൂടി വഴക്കു കൂടുകയായിരുന്നു. ചന്തുവിന്റെ പന്തെടുത്ത് മനു കിണറ്റിലെറിഞ്ഞു. ചന്തുവിന് അപ്പോ ദേഷ്യവും കരച്ചിലും വന്നു. അവന്‍ മനുവിനെ ഇടിക്കുകയും തൊഴിക്കുകയും കടിക്കുകയും മാന്തുകയും ചെയ്തു.

നൊന്താല്‍പ്പിന്നെ മനു വെറുതെയിരിക്കുമോ? അവനും പ്രയോഗിച്ചു അടി ഇടി തൊഴി കടി വഴികളെല്ലാം.

വേദനിച്ചപ്പോള്‍ രണ്ടാളും കരച്ചിലായി. അവരുടെ കരച്ചില്‍ കേള്‍ക്കാന്‍ ആരും അടുത്തെങ്ങും ഉണ്ടായിരുന്നില്ല. അവര്‍ മൈതാനത്ത് പന്തു കളിക്കുകയായിരുന്നല്ലോ.

ഉച്ച നേരമായതു കൊണ്ട് വഴിയിലെങ്ങും ആരുമില്ലായിരുന്നു. കുറച്ചു നേരം കരഞ്ഞ ശേഷം, കരച്ചില്‍ നിര്‍ത്തി ചന്തു അവന് കിട്ടിയ അടി ഇടിപ്പാടുകളൊക്കെ വിസ്തരിച്ചു നോക്കി.

ഇല്ല, ചോരയൊന്നും വരുന്നില്ല.priya a s , childrens stories,iemalayalam
എന്നാലും അമ്മൂമ്മ പറഞ്ഞു കൊടുത്തിട്ടുള്ള പച്ച മരുന്ന് തിരുമ്മി, അതിന്റെ ചാറ് അവിടെയൊക്കെ ഒഴിച്ചേക്കാം.

പച്ച മരുന്നു തപ്പി ചന്തു നടക്കാന്‍ തുടങ്ങിയപ്പോള്‍ മനുവും കരച്ചില്‍ നിര്‍ത്തി. അവനവിടെയിരുന്ന് കണ്ണീരു തുടച്ച് കല്ലു പെറുക്കിക്കൂട്ടാന്‍ തുടങ്ങി.

പച്ചമരുന്നു പറിച്ച് കൈയിലിട്ടു തിരുമ്മി നീരെടുത്ത് ഇടി കൊണ്ടിടത്തൊക്കെ പുരട്ടി ചന്തു തിരിച്ചു വന്നു. ‘വേണോ’ എന്നു ചോദിച്ച് അവനാ ഇലകള്‍ മനുവിനു നേരെ നീട്ടി. വഴക്കു മറന്ന് മനു ചിരിച്ച് അവന്റെ ചതഞ്ഞ കൈ, മരുന്നു പുരട്ടാന്‍ നീട്ടിക്കൊടുത്തു.

‘നിങ്ങളല്ലേ കുറച്ചു മുമ്പ് പിണങ്ങിയതും അടി കൂടിയതും’ എന്നു ചോദിക്കാനായി ഒരു കീരി അവിടെക്കൂടി പാഞ്ഞു വന്നു.

‘ആ പന്തേ, അത് കുറേ പഴയതായിരുന്നു’ എന്നു തന്നത്താൻ പറഞ്ഞു ചന്തു. കീരി, കിണറ്റിന്റെ വക്കത്തിരുന്ന് ‘ദേ നിങ്ങളുടെ പന്ത്’ എന്നു പറയുമ്പോലെ അവരെ നോക്കി.

‘പഴയ പന്തു പോയാലല്ലേ പുതിയതു വാങ്ങിത്തരാന്‍ അച്ഛനോട് പറയാന്‍ പറ്റൂ, അല്ലേ കീരിക്കുട്ടാ’ എന്ന് ചിരിച്ചു കൊണ്ട് മനുവും ചന്തുവും കൂടി തോളില്‍ കൈയിട്ട് നടന്നു പോകുന്നതും നോക്കി കീരിക്കുട്ടനിരുന്നു അമ്പരന്ന്. നല്ലൊരു ഗ്രൻ വഴക്കു കാണാൻ വന്നപ്പോഴുണ്ട്, വഴക്കാളികൾ രണ്ടും തോളേൽ കൈയിട്ട് ചിരി ച്ചു കൊണ്ടു പോകുന്നു!

കുട്ടികളുടെ വഴക്കുകൾ വളരെ ചെറുതാണ് എന്ന് തുളസിച്ചെടി കാറ്റിലാടിനിന്ന് കീരിക്കുട്ടനെ പറഞ്ഞു മനസ്സിലാക്കി. ‘നീയാണോ ചന്തു പറിച്ച പച്ച മരുന്ന് ?’ എന്ന് കീരിക്കുട്ടൻ ചോദിച്ചു.

അപ്പോൾ തുളസിച്ചെടി തലയാട്ടി…

നമ്മള്‍ വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ ആയല്ലോ. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് പതിനെട്ടു വരെ കഥകളായി നമ്മളെത്തി നില്‍ക്കുന്നു.

നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത് ,ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞു തരാനാവൂ…

നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ ചേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ?

കഥകള്‍ക്ക് താഴെ കമന്റ്‌ ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു… 

Read More Stories for Children by Priya AS here

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Read aloud stories for children priya a s pinnipinnithalamudi kuttipinakkangal