കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ? എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം

ഒച്ച്

ഒച്ചും ആമയും കൂട്ടുകാരാണ്. ആമച്ചൻ അവന്റെ പുറത്ത് ഒച്ചിനെ ഇരുത്തി കുളത്തിന്റെ അക്കരെയിക്കരെ നീന്തും. ഓരോ മീനിനെയും പരിചയപ്പെടുത്തിക്കൊടുക്കും. എല്ലാ മീനിനും നല്ല ഇഷ്ടമായി ഒച്ചിനെ. എല്ലാവരും ഒച്ചിന്റെ ആമപ്പുറത്തേറിയുള്ള വരവ് കണ്ടാലേ ഓടിയടുത്തു ചെന്ന് ‘ഹായ്’ പറഞ്ഞ് കുശലം ചോദിക്കും. പിന്നെപ്പിന്നെ ഒച്ചിന് ഗമയായി. എല്ലാവരും എന്നെ കാണാനാണ് ഓടി വരുന്നത്, എന്നോടാണ് കുശലം ചോദിക്കുന്നത് എന്നായി ഒച്ചിന്റെ വാദം. നീ ഒരു ഭംഗിയുമില്ലാത്ത ഒരു ജീവിയാണ് എന്നു പറഞ്ഞ് ആമയെ കളിയാക്കുകയും ചെയ്തു.ക്രമേണ ആമ ഒച്ചിനെ പുറത്തു കയറ്റാതായി.അവന്റെ ഗമയും പൊങ്ങച്ചവും കളിയാക്കലും കേട്ടു സഹിച്ച് അവനെ വെറുതെ ചുമക്കാൻ ആമയെന്താ മണ്ടനാണോ? ആമ ഒച്ചിനോടുള്ള കൂട്ടുകെട്ടേ നിർത്തി. ഒച്ച് കരയിലിരിപ്പായി. സാ മട്ടിൽ വലിഞ്ഞിഴഞ്ഞു നടക്കുമ്പോൾ അവന് പഴയ പ്രതാപകാലം ഓർത്ത് സങ്കടം വന്നു. സ്വയം വരുത്തി വച്ച വിനയല്ലേ, നല്ലൊരു കൂട്ടുകാരനെ നീയായിട്ട് കളഞ്ഞു കുളിച്ചില്ലേ എന്നു ചോദിച്ച് ഒരു കുളക്കോഴി പറന്നു വന്ന് കുളക്കരയിലിരുന്നു.priya a s , story

തങ്കക്കുട്ടി

തങ്കക്കുട്ടി വീടിന്റെ മുൻവശത്ത് വാതിൽപ്പടി മേൽ ഒറ്റയ്ക്ക് നിന്ന് മുറ്റത്തെ കാഴ്ച്ചകൾ കാണുകയായിരുന്നു. ഒരു ഉപ്പൻ മുറ്റത്ത് വാലിട്ടിഴച്ച് മെല്ലെ മെല്ലെ നടക്കുന്നു. മഞ്ചാടിക്കുരു പോലെ ചോന്ന കണ്ണുകൊണ്ട് അത് തങ്കക്കുട്ടിയെ നോക്കി. തേൻകുരുവി ചെമ്പരത്തിപ്പൂവിൽ നിന്ന്, പൂവിലിരിക്കാതെ വായുവിൽ ചിറകടിച്ച് പറന്നു നിന്നു കൊണ്ട് തേൻ കുടിച്ചു. അവൻ ഒന്നു മാറിയിട്ടു വേണം അതിൽ നിന്ന് തേൻ കുടിക്കാനെന്ന മട്ടിൽ മൂന്നാല് മഞ്ഞപ്പൂമ്പാറ്റകൾ തെരുതെരെ പറന്നു നടന്നു. കുളത്തിൽ മീൻ അനങ്ങുന്നുണ്ടോ എന്ന് നോക്കി കുളത്തിനു മുകളിലേക്കു ചാഞ്ഞു കിടക്കുന്ന പേരമരക്കൊമ്പത്ത് ഒരു പൊന്മാൻ തപസ്സിരുന്നു.പൊന്മാൻ കുളത്തിലേക്ക് മിന്നൽ വേഗത്തിൽ പറക്കുന്നതു കണ്ട് തങ്കക്കുട്ടി, പൊന്മാനിന് മീൻ കിട്ടിക്കാണുമോ ഇല്ലയോ എന്ന വിചാരത്തിൽ കൊക്കിനെപ്പോലെ ഒറ്റക്കാലിലായി നിൽപ്പ്. കുളത്തിലേക്ക് പറന്നു പോയ അതേ വേഗത്തിൽ തിരികെ പേര മരത്തിലേക്ക് പറന്നു വന്നിരുന്ന പൊന്മാന്റെ നീളൻ കൊക്കിൽ മീനുണ്ടോ എന്നറിയാൻ ഒറ്റക്കാലിൽ നിന്ന് എത്തിനോക്കിയ തങ്കക്കുട്ടി, ബാലൻസ് പോയി ദേ കിടക്കണു താഴെ. മുട്ട്, ചവിട്ടുപടിയിലിടിച്ച് കാലും പൊട്ടി മണ്ണിൽ വീണ് തങ്കക്കുട്ടി ചിണുങ്ങിക്കരഞ്ഞു.അമ്മ ഓടി വന്നു കരച്ചിൽ കേട്ട്. മണ്ണ് തുടച്ച് കരയുന്ന തങ്കക്കുട്ടിയെ എടുത്ത് തോളിൽ കിടത്തി, സാരമില്ല കേട്ടോ എന്നു പറഞ്ഞു അമ്മ സമാധാനിപ്പിച്ചു. ഒരു മീനിനെ മരത്തടിയിൽ കാലുകൊണ്ട് പൊന്മാൻ ഇറുക്കിപ്പിടിച്ചു വച്ചിരിക്കുന്നത് അവളുടെ കരച്ചിൽ മാറ്റാൻ വേണ്ടി ,ദേ നോക്ക് തങ്കക്കുട്ടീ എന്നു പറഞ്ഞമ്മ കാണിച്ചു കൊടുത്തത് അതിനിടയിലാണ്.പെട്ടെന്ന് തങ്കക്കുട്ടി സ്വിച്ചിട്ടതു പോലെ കരച്ചിൽ നിർത്തി. എന്നിട്ട് അമ്മയുടെ തോളിൽ നിന്ന് തലയെടുത്ത്, പൊന്മാനമ്മ അവളുടെ കുഞ്ഞുങ്ങൾക്കു വേണ്ടി പിടിച്ച മീനാണ് എന്നു പറഞ്ഞ് കൈയടിച്ചു. അവള് കുളത്തിൻ കരയിലെ മണ്ണിലുള്ള അവളുടെ പൊത്തിലേക്ക് പോകുന്ന കണ്ടോ പറന്ന്? എന്നമ്മയോട് തങ്കക്കുട്ടി ചോദിച്ചു. പൊന്മാൻ പറന്നു പോയ ദിശയിലേക്കു നോക്കി ,അതെയോ എന്നമ്മ ചോദിച്ചതും തങ്കക്കുട്ടി അമ്മയുടെ തോളിൽനിന്ന് ഊർന്നിറങ്ങിയതും ഒപ്പം.കരച്ചിലുകാരി പെട്ടെന്ന് കരച്ചിലു നിർത്തി ഓടിപ്പാഞ്ഞു പോയി ചായവും ബ്രഷും എടുക്കുന്നതാണ് പിന്നെ അമ്മ കണ്ടത്.പിന്നെ നിലത്ത് ചടഞ്ഞിരുന്ന് തങ്കക്കുട്ടി വരയോടു വരയായി. അമ്മ പോയി പത്രം വായിച്ചോ എന്നു പറഞ്ഞ് സന്തോഷക്കുട്ടിയായി അങ്ങനെയിരുന്ന് തങ്കക്കുട്ടി വരച്ച് അമ്മയ്ക്കു കൊണ്ടു കൊടുത്തതാണ് ഈ പൊന്മാനമ്മയുടെയും നാലു പൊന്മാൻ കുഞ്ഞുങ്ങളുടെയും ചിത്രം.. അമ്മയ്ക്ക് ഒത്തിരി സന്തോഷമായി അതു കണ്ടിട്ട് എന്ന് തങ്കക്കുട്ടി പടം വരക്കുന്നത് നോക്കി അവളുടെ മുന്നിലിരുന്ന അനിതപ്പൂച്ച ,അവളുടെ മ്യാവൂ ഭാഷയിൽ തങ്കക്കുട്ടിയോട് പറഞ്ഞു. അപ്പോ വരക്കുട്ടി തങ്കക്കുട്ടി ,അമ്മയ്ക്കും അനിതപ്പൂച്ചയ്ക്കും കൊടുത്തു ഓരോ ഉമ്മ…priya a s , story

Read More: വേനലൊഴിവിന് പ്രിയ എ എസിന്‍റെ കുഞ്ഞു കഥകള്‍, വായിക്കാം, കേള്‍ക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook