Latest News
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

വേനലൊഴിവിന് പ്രിയ എ എസിന്‍റെ കുഞ്ഞു കഥകള്‍, വായിക്കാം, കേള്‍ക്കാം-14

പാവക്കുട്ടികൾക്കും സങ്കടവും സന്തോഷവും ഉണ്ട് എന്ന് ചിന്നു അറിഞ്ഞതെങ്ങനെ എന്ന് ഒന്നാം കഥ. രണ്ടാം കഥയിലോ താരക്കുട്ടിയും ആമച്ചാരും മീനുകളും ചേർന്ന നീന്തൽ താരങ്ങൾ

priya a s , story, childrens stories

കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ? എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം

നീന്തല്‍താരങ്ങള്‍

താരക്കുട്ടി തോര്‍ത്തുടുത്ത് നീന്തുകയായിരുന്നു.
വീട്ടിലെ കുളത്തിലെ വെള്ളത്തില്.
താരക്കുട്ടി നീന്തുന്നത് നോക്കി അപ്പൂപ്പന്‍ വെള്ളത്തിലിറങ്ങി നില്‍പ്പുണ്ടായിരുന്നു. ഒരു പച്ചക്കുതിരയും ഒരു പൊന്മാനും ഒരു ഓലേഞ്ഞാലിയും കൂടി താരക്കുട്ടി നീന്തുന്നത് കാണാൻ ഒരു മരക്കൊമ്പിൽ നിരനിരയായി ഇരിപ്പുണ്ടായിരുന്നു.
താരക്കുട്ടിയെ നീന്താന്‍ പഠിപ്പിച്ചത് അപ്പൂപ്പനാണ്.
കുളത്തിലെ മണ്ണില് അമ്മ കുഴിച്ചിട്ട താമരക്കിഴങ്ങ് കിളിര്‍ത്ത് ആറിലയും ഒരു മൊട്ടും വന്നിരുന്നു.
താമരയിലയിലൂടെ വെള്ളം ,മുത്തുമണികളായി ഉരുണ്ടോടിക്കളിക്കുന്നതു കാണാന്‍ നല്ല രസമുണ്ടായിരുന്നു.
വെള്ളത്തിന്റെ അടിയില്‍ നിന്ന് തല നീട്ടി ഒരു ആമ വന്ന് താരക്കുട്ടി എന്തു ചെയ്യുകയാണെന്ന് നോക്കി.
നീ ഞങ്ങളുടെ താമരക്കിഴങ്ങ് തിന്നുന്നുണ്ടോ എന്നറിയാന്‍ വന്നതാണ് എന്ന് താരക്കുട്ടി പറഞ്ഞു.
നീ എന്തിനാണ് എന്നെ നോക്കുന്നത് എന്ന് താരക്കുട്ടി ആമച്ചാരോട് ചോദിച്ചു.priya a s , story
നീ ഞങ്ങളുടെ മീന്‍കൂട്ടുകാരെ വറുത്തു തിന്നാനായി പിടിച്ചു കൊണ്ടു പോകാന്‍ വന്ന ആളാണോ എന്നു നോക്കുകയായിരുന്നു എന്ന് ആമച്ചാര് പറഞ്ഞു.ഞങ്ങളെ പിടിച്ചു തീയിലിട്ട് ചുട്ടുതിന്നുന്നവരും ഉണ്ടെന്ന് പറയുമ്പോ ആമച്ചാരുടെ കണ്ണില് പേടി കാണാമായിരുന്നു.
പേടിക്കണ്ടാ ട്ടോ ,ഞാന്‍ നിന്നെയോ നിന്റെ മീന്‍ കൂട്ടുകാരെയോ ഒന്നും പിടിച്ചു കൊണ്ടുപോകില്ല കേട്ടോ എന്ന് താരക്കുട്ടി ഉറപ്പു പറഞ്ഞു.
ഞാന്‍ നിന്റെ താമരക്കിഴങ്ങു തിന്നു താമരച്ചെടി കളഞ്ഞു കുളിക്കുകയുമില്ല കേട്ടോ എന്ന് ആമയും അപ്പോള്‍ ഉറപ്പു പറഞ്ഞു.
എന്നിട്ട് അവര്‍ രണ്ടാളും പിന്നെ കുറേ മീന്‍ കുഞ്ഞുങ്ങളും കൂടി നിര്‍ത്താതെ നീന്തിക്കളിച്ചു. പച്ചക്കുതിരയക്കും പൊന്മാനും ഓലേ ഞ്ഞാലിക്കും അതു കണ്ട് അസൂയ വന്നു എന്നു തോന്നുന്നു.അതു കൊണ്ടാവും അവർ വേഗം സ്ഥലം വിട്ടത് എന്ന് അപ്പൂപ്പൻ പറഞ്ഞു. താമരയിലകൾ അത് കേട്ട് തലയാട്ടി.

 

ചിന്നുവിന്റെ പാവക്കുട്ടികള്‍

ചിന്നുവിന് ഇന്ന് ഒരു പുതിയ ബാർബി പാവയെ കിട്ടി. ചിന്നു അതിന് കിന്നരി എന്നു പേരിട്ടു.
കിന്നരിക്ക് ഫ്രില്ലുവച്ച നല്ല വയലറ്റ് ഉടുപ്പും നീലക്കണ്ണും സ്വര്‍ണ്ണ നിറത്തലമുടിയും ഗില്‍റ്റ് പിടിപ്പിച്ച തിളങ്ങുന്ന കറുത്ത ഷൂവും ഒരു പേള്‍മാലയും ഉണ്ടായിരുന്നു. അവൾക്ക് മേക്കപ്പ് സെറ്റും മാറിയിടാൻ വേറെ രണ്ടുടുപ്പുകളുടെ ഒരു പാക്കറ്റും ഉണ്ടായിരുന്നു.
എപ്പോഴും ചിന്നു അവളെ കൈയിലെടുത്തു നെഞ്ചോടു ചേര്‍ത്തു പിടിച്ചു നടന്നു..അവളെ മടിയിലിരുത്തിക്കൊണ്ടാണ് ചിന്നു ആഹാരം കഴിച്ചത്..കിന്നരിയെ കെട്ടിപ്പിടിച്ചു കിടന്നാലേ എനിക്കുറക്കം വരൂ എന്നു പറഞ്ഞ് ചിന്നു മറ്റു സാധാരണ പാവക്കുട്ടികളെയൊക്കെ കട്ടിലില്‍ നിന്ന് താഴേക്ക് തട്ടിത്താഴെയിട്ടു.
ചിന്നുവിനെ കിടത്തിയാല്‍ അവള്‍ അവളുടെ നീലക്കണ്ണ് അടക്കുമായിരുന്നു.എണീപ്പിച്ചു നിര്‍ത്തിയാല്‍ കിന്നരി ,അടച്ചുവച്ച നീലക്കണ്ണുകള്‍ തുറക്കും.
കിന്നരി ശരിയ്ക്കും ഒരു സ്റ്റൈലിഷ് സുന്ദരി ആണ് എന്നു പല്ലിക്കുട്ടനും ചിന്നുവിന്റെ മണിക്കുട്ടി എന്ന പൂച്ചയും പറഞ്ഞു. നിങ്ങള് നോക്കണ്ട എന്റെ കിന്നരിയെ എന്നു പറഞ്ഞ് ചിന്നു പല്ലിയെയും പൂച്ചയെയും ഓടിച്ചു.
കട്ടിലിനു താഴേക്ക് ചിന്നു തട്ടിയിട്ട മറ്റു പാവകളെ തട്ടി ,ചിന്നുവിനൊപ്പം കിടന്നുറങ്ങാന്‍ വന്ന അമ്മ വീഴാന്‍ പോയി.
ഒരു കിന്നരി വന്നിരിക്കണു, അവളെ കിട്ടിയപ്പോള്‍ ഞങ്ങളെയാരെയും വേണ്ടാതായി അല്ലേ എന്ന് ചിന്നുവിന്റെ മറ്റു പാവക്കുട്ടികളായ നാണി,റോസി,മെറ്റില്‍ഡ,പിങ്കി,കുട്ടപ്പന്‍,മണിക്കുട്ടി എന്നിവരൊക്കെ അമ്മയോട് പരാതി പറഞ്ഞെന്ന് അമ്മ പറഞ്ഞു.
അവരൊക്കെ പഴയതായി, തന്നെയുമല്ല അവരെല്ലാം സാധാരണ പാവകളാണ്, കിന്നരീടത്രേം ഭംഗീമില്ല അവര്‍ക്ക്, എനിക്കിനി അവരെ ആരെയും വേണ്ട എന്ന് ചിന്നു പറഞ്ഞു.
അമ്മ ഒന്നും മിണ്ടിയില്ല.
ഉറങ്ങ് എന്നു മാത്രം പറഞ്ഞു.priya a s , story
പിറ്റേന്ന് ചിന്നു ഉണര്‍ന്നപ്പോള്‍ വീട്ടില്‍ കിന്നരിയെ അല്ലാതെ വേറൊരു പാവയേയും കണ്ടില്ല.അവരെല്ലാം ,ചിന്നൂന് ഞങ്ങളെ വേണ്ടാതായി എന്നൊരു സങ്കട ഈണത്തിലെ പാട്ടുണ്ടാക്കിപ്പാടിക്കൊണ്ട് ജനലിലൂടെ മുറ്റത്തേക്കിറങ്ങി മഞ്ഞുകൊണ്ടാകെ വിറച്ച് ഇറങ്ങിപ്പോയി എങ്ങാണ്ടേക്ക് എന്ന് പറഞ്ഞു അമ്മ.
അയ്യോ എന്ന് പറഞ്ഞു പോയി ചിന്നു.
മെറ്റില്‍ഡയ്ക്ക് നല്ല പനിയുണ്ടായിരുന്നു, കുട്ടപ്പന് ചുമ മാറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ,നാണിക്കാണെങ്കില്‍ ഒരു കാറ്റടിച്ചാല്‍ മതി ജലദോഷം വരും എന്നൊക്കെ പറഞ്ഞ് ചിന്നു വലിയ വായില്‍ കരയാന്‍ തുടങ്ങി..
ഇന്നലെ കിന്നരിയുടെ പുറകെ നടന്നപ്പോള്‍ ഇതൊന്നും ഓര്‍ത്തില്ലേ, അവരെയൊക്കെ തട്ടിത്താഴെയിട്ടപ്പോ അവരുടെ കാലൊടിഞ്ഞു കാണും,നാണി മുടന്തി മുടന്തി കാലു വലിച്ചാ നടന്നു പോയത് എന്നമ്മ ചിന്നൂനെ തിരിഞ്ഞു പോലും നോക്കാതെ പറഞ്ഞു.
അപ്പോ അമ്മൂമ്മ വന്ന് അമ്മയെ ,അവളെ കരയിപ്പിക്കാതെ എന്നു പറഞ്ഞു.
എന്നിട്ട് അലമാരി തുറന്ന് അവരെ ഓരോരുത്തരെയായി പുറത്തെടുത്തു കൊടുത്തു.അവര് ജനല്‍ വഴി പോയി കുറേ ദൂരം നടന്നിട്ട്,പിന്നെ തിരിച്ചു വന്നതാണ് എന്നമ്മൂമ്മ പറഞ്ഞു.അലമാരക്കകത്തു കയറിയിരുന്നത്, ചിന്നു അവരെ അന്വേഷിക്കുമോ എന്നറിയാനാണ്. അമ്മൂമ്മ അവർ അലമാരക്കകത്തേക്ക് കയറിപ്പോകുന്നത് കണ്ടത് ഭാഗ്യം.ചിന്നു ഞങ്ങളെ കാണാതെ നാളെ എണീറ്റുവന്ന് കരഞ്ഞാലോ എന്നു വിചാരിച്ചാണ് തിരിച്ചുവന്നതെന്ന് അവരമ്മൂമ്മയോട് പറഞ്ഞു എന്നമ്മൂമ്മ പറഞ്ഞു.എവിടെപ്പോയാലും ഞങ്ങക്ക് ചിന്നുവില്ലാതെ ജീവിക്കാന്‍ പറ്റില്ല എന്നുകൂടി ചിന്നുവിന്റമ്മൂമ്മയോട് അവര്‍ പറഞ്ഞതായി അമ്മൂമ്മ പറഞ്ഞു.
ചിന്നു അപ്പോൾ ഏങ്ങലടിച്ചു കൊണ്ടുവന്ന് അവരെയെല്ലാമെടുത്തുകൊണ്ടുപോയി ഓരോരോ കസേരയിലിരുത്തി. എന്നിട്ട് പനിയുണ്ടോ, ജലദോഷം പിടിച്ചിട്ടുണ്ടോ,ചുമ കൂടിയോ എന്നൊക്കെ കളി സ്റ്റെതസ്‌ക്കോപ്പ് വച്ച് പരിശോധിച്ചു നോക്കി. ഭാഗ്യം ആര്‍ക്കും കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞ് ചിന്നു പിന്നെ അവരെയെല്ലാം ,സോറി പറഞ്ഞ് ഉമ്മ വച്ചു.എന്നിട്ട് കിന്നരിയെ കൊണ്ടുവന്ന് അവരെയെല്ലാം പരിചയപ്പെടുത്തി അവര്‍ക്കെല്ലാം ഷേക് ഹാന്‍ഡ് കൊടുപ്പിച്ചു.
അവരെല്ലാം തമ്മില്‍ത്തമ്മില്‍ വലിയ കൂട്ടായല്ലോ എന്ന് അമ്മയും അമ്മൂമ്മയും പറഞ്ഞു.
പിന്നൊരിക്കലും ചിന്നു പുതിയ പാവകളെ കിട്ടുമ്പോള്‍ പഴയ പാവകളെ കളഞ്ഞിട്ടേയില്ല.

Read More: വേനലൊഴിവിന് പ്രിയ എ എസിന്‍റെ കുഞ്ഞു കഥകള്‍, വായിക്കാം, കേള്‍ക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Read aloud stories for children priya a s neenthal thaarangal chinnuvinte paavakkuttykal

Next Story
വേനലൊഴിവിന് പ്രിയ എ എസിന്‍റെ കുഞ്ഞു കഥകള്‍, വായിക്കാം, കേള്‍ക്കാം-13priya a s , story, childrens stories, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express