കഥ കേൾക്കാനിഷ്ടമില്ലാത്ത കുട്ടികൾ അപൂർവ്വം. ഉണ്ണാൻ കഥ, ഉണരാൻ കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ? എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

നക്ഷത്രമീനുകള്‍

അപ്പു, രാത്രിയില്‍ ബാല്‍ക്കണിയില്‍ വന്നു കസേരയിലിരുന്ന് അപ്പൂപ്പന്റെ കൂടെ നക്ഷത്രങ്ങളെയും അമ്പിളിമാമനെയും ഒരിടത്തും നില്‍ക്കാതെ ഒഴുകി നീങ്ങുന്ന മേഘങ്ങളെയും നോക്കി നില്‍ക്കുകയായിരുന്നു.
കൈയിലെ ടോര്‍ച്ച് തെളിച്ചു പിടിച്ചിരുന്നു അപ്പു.
നക്ഷത്രം ആകാശച്ചെടിയുടെ പൂവാണെന്നു വിചാരിച്ചു അപ്പു.
രാത്രിയുടെ ഇരുട്ടത്ത് ഭൂമിവീട്ടിലെപ്പോലെ തന്നെ ആകാശവീട്ടിലും ഒന്നും ശരിക്ക് കാണാന്‍ വയ്യല്ലോ.
അതു കൊണ്ട് ആകാശത്തെ കുട്ടി, അവന്റെ അപ്പൂപ്പനൊപ്പം ആകാശബാല്‍ക്കണിയില്‍ രാത്രി നേരത്തു വന്നു നിന്ന് , അമ്പിളിവെളിച്ചടോര്‍ച്ചടിച്ച് നക്ഷത്രപ്പൂക്കളെ നോക്കുകയാണ് എന്നും കരുതി അപ്പു.

read aloud stories for children, stories for children, children stories children stories in malayalam, priya a s, priya a s stories, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

വര. വിഷ്ണു റാം

അപ്പോഴാണ് താഴെ കുളത്തില്‍ നിന്ന് പ്‌ളും എന്നൊരൊച്ച കേട്ടത്.
അപ്പു കുളത്തിലേക്കാക്കി ടോര്‍ച്ചിന്റെ വെളിച്ചവട്ടം.
ഒരാമ, കുളത്തിന്റെ കരയിലെ ചുമ്മാ-ഇരിപ്പ് മതിയാക്കി കുളത്തിലേക്ക് ചാടിയതാണ്.
അവനും നക്ഷത്രം കണ്ട് അപ്പുവിനെപ്പോലെ തന്നെ മയങ്ങി ഇരിക്കുകയായിരുന്നു എന്നു തോന്നുന്നു.
അവനപ്പുവിന്റെയും അപ്പുവപ്പൂപ്പന്റെയും ഒച്ച കേട്ട് പേടിച്ചു കാഴ്ച കാണല്‍ മതിയാക്കി കുളത്തിലേക്കു ചാടിയതാണ് എന്ന് തോന്നുന്നു.
പക്ഷേ എന്തിനാവും അവന്‍ അപ്പുവിനെയും അപ്പൂപ്പനെയും പേടിച്ചത് ?
അപ്പുവും അപ്പൂപ്പനും വല്ല രാക്ഷസന്മാരുമായിരിക്കും എന്നാവുമോ അവന്‍, ആ ആമക്കുഞ്ഞന്‍ വിചാരിച്ചത് ?
അല്ലാ, ഈ ആമകളെന്തൊക്കെയാവും വിചാരിക്കുന്നത്?
നക്ഷത്രങ്ങള്‍ ആമകള്‍ക്ക് തിന്നാനുള്ള മീനുകളാണെന്നും ആകാശം ഒരു വലിയ കുളമാണെന്നുമായിരിക്കും അവരടെ വിചാരം എന്ന് അപ്പൂപ്പന്‍ പറഞ്ഞു.
ശരിയായിരിക്കും, അപ്പൂപ്പന്മാര്‍ക്ക് അറിയാത്തതായി ഈ ലോകത്തെന്താണുള്ളത് ?
ആമകള്‍ക്ക് അപ്പൂപ്പന്മാരില്ലേ ആവോ !

ചീവീടുകളുടെ വീട്

 

മരങ്ങളിലെവിടെയൊക്കെയോ ഒളിച്ചിരുന്ന് ചീവീടുകള്‍ രാത്രി നേരത്ത് നിര്‍ത്താതെ ഒച്ച വയ്ക്കുകയായിരുന്നു.
അറക്കവാളു കൊണ്ട് മരംവെട്ടുകാര്‍ വന്ന് മരം അറുത്തു മുറിക്കും പോലെയല്ലേ ചീവീടുകളുടെ കോലാഹലം !
ഉറങ്ങാനായി ഇലപ്പുതപ്പും പുതച്ചു കിളിക്കൂട്ടില്‍ കിടന്ന കുഞ്ഞിക്കിളികള്‍ക്ക് ഒച്ച കേട്ടൊച്ച കേട്ട് ഉറക്കം വരാതായി.
ദയവു ചെയ്ത് ഒന്നു മിണ്ടാതിരിക്കുവോ എന്റെ മക്കള്‍ ഉറങ്ങും വരെ ? എന്നു ബാക്കി മരങ്ങളിലെ ഇരുട്ടിലേക്കു നോക്കി വിളിച്ചു ചോദിച്ചു കിളിയമ്മ.
പെട്ടെന്ന് ശബ്ദകോലാഹലം നിന്നു.
എല്ലായിടവും ശാന്തമായി.

read aloud stories for children, stories for children, children stories children stories in malayalam, priya a s, priya a s stories, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

വര: വിഷ്ണു റാം

കിളിമക്കളങ്ങനെ നല്ല ഉറക്കമായപ്പോള്‍ ഇലപ്പുതപ്പു വലിച്ചു ശരിയാക്കിയിട്ടു കൊടുത്തു കിളിയമ്മ.
എന്നിട്ട്, ‘ഇനി ഒച്ചവെച്ചോളൂ’ എന്ന് കിളിയമ്മ ചീവീടുകളോട് പറഞ്ഞു.
അവര് പഴയ പോലെ ഒച്ച വെയ്ക്കാന്‍ തുടങ്ങുമ്പോള്‍, കിളിയമ്മ ചോദിച്ചു .’നിങ്ങളുടെ പേര് ചീ എന്നാണോ ?നിങ്ങളുടെ വീടിന്റെ പേരാണോ ചീവീടുകള്‍?’
‘അല്ല, ഞങ്ങളുടെ പേരു തന്നെയാണ് ചീവീടുകള്‍’ എന്ന് അപ്പോള്‍ ചീവീടുകള്‍ ഉച്ചത്തിലുച്ചത്തില്‍ പറഞ്ഞു.
ചീവീടുകള്‍ എന്ന് പേരുണ്ടായിട്ടും കാറ്റത്തും മഴയത്തും വെറും മരങ്ങളില്‍ സ്വന്തം വീടില്ലാതെ കഴിയേണ്ടി വരുന്നത് എന്തു കഷ്ടമാണ് ‘എന്നവര്‍ അപ്പോള്‍ കിളിയമ്മയോട് സങ്കടം പറഞ്ഞു.
‘അതിനെതിരെയുള്ള ഞങ്ങളുടെ ഒച്ച വെയ്ക്കല്‍ സമരം, ഞങ്ങള്‍ രാത്രിയിലാണ് നടത്താറ് ‘എന്നുകൂടി അവര്‍ പറഞ്ഞു.
വീട് കിട്ടിക്കഴിഞ്ഞാല്‍ അവരുടെ പേര് ചീ എന്നു മാത്രമാകും എന്നും ചീവീടെന്നത് അവരുടെ വീടിന്റെ പേരായി മാറും എന്നും അപ്പോള്‍ കിളിയമ്മ വിചാരിച്ചു.
മലയാളത്തില്‍ ചീ എന്നൊരു അക്ഷരമുണ്ടെന്നും ആ അക്ഷരം പോലെയായിരിക്കും നിങ്ങള്‍ക്ക് കിട്ടാന്‍ പോകുന്ന വീടുകളെന്നും കിളിയമ്മ ചീവീടുകളോട് പറഞ്ഞു.
ഇപ്പോ ഇരുട്ടല്ലേ, നാളെ ഞാന്‍ ചീ എന്ന് എന്റെ കൊക്കു കൊണ്ട് മണ്ണില്‍ എഴുതിക്കാണിച്ചുതരാം എന്നും കിളിയമ്മ പറഞ്ഞു.
ഒച്ചവെയ്ക്കല്‍ നിര്‍ത്തി ചീവീടുകള്‍ അവരുടെ ചീ എന്ന വീടിനെ സ്വപ്‌നം കാണാന്‍ തുടങ്ങി പിന്നെ ഉറങ്ങിപ്പോയി.

Read More: വായിക്കാം, കേള്‍ക്കാം – നീലനിറം, നാലുമണിപ്പൂവ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook