കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ?

എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം.

വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം

മുറ്റമടിക്കുന്നവര്‍

അന്ന, വെക്കേഷന് അമ്മൂമ്മയുടെയും അപ്പൂപ്പന്റെയും വീട്ടില്‍ വന്നതാണ്. ദേവകിയമ്മ മുറ്റമടിക്കുന്നതും നോക്കി അന്ന ചവിട്ടുപടിയിലിരുന്നു. ചൂല് വിടര്‍ത്തിപ്പിടിച്ച് കുനിഞ്ഞു നിന്ന് മുറ്റമടിക്കുമ്പോള്‍ വെള്ളമണ്ണില്‍ വീഴുന്ന ഈര്‍ക്കിലി വരകള്‍ അന്നയ്ക്കിഷ്ടപ്പെട്ടു. നല്ലൊരു ചിത്രം പോലെയുണ്ട് ഇപ്പോ മുറ്റം കാണാന്‍. ഇങ്ങനെയൊന്നും മുറ്റമടിയ്ക്കാന്‍ പറ്റില്ല ഫ്‌ലാറ്റില് , മുറ്റമില്ല ഫ്‌ലാറ്റില് എന്ന് അന്ന ദേവകിയമ്മയോട് പറഞ്ഞു. എനിക്കറിയാം ഞാന്‍ റ്റി വി സീരിയലില് കണ്ടിട്ടുണ്ട് ഫ്‌ലാറ്റ് എന്ന് ദേവകിയമ്മ പറഞ്ഞു.

മുറ്റമടിച്ചു കഴിഞ്ഞപ്പോള്‍, കുടത്തില്‍ വെള്ളമെടുത്ത്, കുടം ചരിച്ചു പിടിച്ച് ഉള്ളം കൈയിലേക്ക് കുടം ചായ്ച്ച് വെള്ളമെടുത്ത് ഒരു പ്രത്യേക രീതിയില്‍ വെള്ളം മണ്ണിലേക്ക് ചായ്ച്ച് എറിഞ്ഞു തളിച്ചു ദേവകിയമ്മ. ചൂലു കൊണ്ട് മുറ്റമടിച്ചപ്പോള്‍ മണ്ണില്‍ നിന്നുയര്‍ന്ന പൊടി അടങ്ങാനാണ് അങ്ങനെ വെള്ളം തളിക്കുന്നതെന്ന് ദേവകിയമ്മ പറഞ്ഞു.

ഒരു കുഞ്ഞു ചൂലും ഒരു മൊന്തയില്‍ വെള്ളവുമെടുത്ത് അന്നയും മുറ്റമടിച്ചു തളിക്കാന്‍ തുടങ്ങി. ദേവകിയമ്മയെക്കന്തെങ്കിലും അസുഖം വന്നാല്, അച്ഛനും അമ്മയും അന്നയും ഫ്‌ലാറ്റില്‍ നിന്ന് ഇങ്ങോട്ട് നാട്ടിലേക്ക് താമസം മാറ്റിയാല് മുറ്റമടിച്ചു തളിക്കാന്‍ ആളു വേണ്ടേ? അതു ശരിയാണല്ലോ എന്നു പറഞ്ഞു ചിരിച്ചു കൊണ്ട് ദേവകിയമ്മ നിന്നു മുറ്റത്തെ കുഞ്ഞു ചൂല്‍പ്പാടുകളെ നോക്കിക്കൊണ്ട്…priya a s , childrens stories,iemalayalam

കണ്ണെഴുതിയ കുന്നിക്കുരു

കുഞ്ഞന്റെ വീട്ടില്‍ വലിയ ഒരു ഉരുളിയുണ്ട്. അതില്‍ നിറയെ കുന്നിമണിയാണ്. കുഞ്ഞന്‍ കുഞ്ഞല്ലേ, വല്ല മിഠായിയാണോ എന്നു കരുതി എടുത്തു വായിലിട്ടാലോ എന്നാണ് അമ്മയുടെ പേടി. അതു കൊണ്ട് അത് അമ്മയെടുത്ത് പതാതയപ്പുരയില്‍ വച്ചിരിക്കുകയാണ്.

നേന്ത്രക്കുലവെട്ടി പഴുപ്പിക്കാനായി പത്തായത്തിനകത്തു വയ്ക്കാന്‍ അച്ഛന്‍ കേറിയപ്പോള്‍ കുഞ്ഞനതിനകത്തേക്ക് അച്ഛന്റെ പുറകേ നീന്തിച്ചെന്നു. എന്നിട്ട് കുന്നിമണി വച്ചിരിക്കുന്ന ഉരുളിയ്ക്കകത്തേക്ക് കൈ ചൂണ്ടി, ഉരുളിയില്‍ പിടിച്ചെഴുന്നേറ്റു നിന്ന് ചുമ്മാ ചിണുങ്ങാന്‍ തുടങ്ങി.

പറ്റില്ല പറ്റില്ല, അതു വാരാനൊന്നും പറ്റില്ല, അമ്മ നമ്മളെ രണ്ടു പേരേയും നാടു കടത്തും, വേണേല്‍ അച്ഛനതില്‍ കാലു കൊണ്ടു തൊടിക്കാം എന്നു പറഞ്ഞ് അച്ഛന്‍ കുഞ്ഞനെ രണ്ടു കൈയിലും തൂക്കിയെടുത്ത് ഉരുളിയിലെ കുന്നിമണിക്കൂമ്പാരത്തില്‍ നിര്‍ത്തി.

അച്ഛന്‍, രണ്ടു കുഞ്ഞിക്കൈയിലും പിടിച്ചിരിക്കുന്നതു കൊണ്ട് കുന്നിമണി വാരാന്‍ പറ്റിയില്ലെങ്കിലെന്ത് ഇഷ്ടം പോലെ കുന്നിമണി കാലു കൊണ്ട് ഇളക്കിമറിച്ചു കുഞ്ഞന്‍.

എന്താ അവിടെ അച്ഛനും മോനും കൂടി ഒരു കള്ളത്തരം, രണ്ടിന്റെയും ഒച്ച കേള്‍ക്കുന്നില്ലല്ലോ എന്നമ്മ വിളിച്ചു ചോദിച്ചപ്പോ മതി, മതി കുന്നിമണി ചവിട്ടിക്കളിയ്ക്കല്‍ എന്നു പറഞ്ഞ് അച്ഛന്‍, കുഞ്ഞനെയുമെടുത്ത് പുറത്തേക്കു പോയി.

അച്ഛന്‍, പത്തായം പൂട്ടുന്നതും നോക്കി കുഞ്ഞന്‍ അച്ഛന്റെ എളിയിലിരുന്നു. priya a s , childrens stories,iemalayalam
അപ്പോ അമ്മ വന്ന് കുഞ്ഞനെ ഊണു കഴിപ്പാക്കാനായി അച്ഛന്റെ കൈയില്‍ നിന്നു വാങ്ങിക്കൊണ്ടു പോയി. ഊണ് കൊടുക്കുമ്പോഴല്ലേ അമ്മ കണ്ടത്, കുഞ്ഞന്‍ അവന്റെ കാല്‍വിരലുകളെല്ലാം മടക്കിയിറുക്കിപ്പിടിച്ചിരിക്കുന്നത്!

നോക്കട്ടെ, ഇതെന്താ ഇങ്ങനെ പിടിച്ചിരിക്കുന്നത്, എന്തെങ്കിലും മുറിവുണ്ടോ എന്നൊക്കെ പേടിച്ച് അമ്മ, കാല്‍ വിരലുകളുടെ മടക്കു നിവര്‍ത്തുമ്പോഴല്ലേ കണ്ടത് കുഞ്ഞിക്കാല്‍ വിരലിനിടയിലെല്ലാം കുന്നിമണി !

അപ്പോ ഇതായിരുന്നല്ലേ പത്തായപ്പുരയില് പണി അച്ഛനും മോനും കൂടി എന്നമ്മ കുഞ്ഞന്റൈ ചെവിയ്ക്കു പിടിച്ചു, കളിയായി.

അപ്പോ അമ്മൂമ്മ വന്നവനെ, അമ്പട വീരാ എന്നു വിളിച്ചു.

എന്നിട്ട് കുന്നിക്കുരുവിന്റെ വലിയ ചുവപ്പു നിറത്തിന്റെയറ്റത്തെ ചെറിയ കറുപ്പു നിറത്തില്‍ തൊട്ട്, ഒരമ്മപെറ്റ മക്കളെല്ലാം കണ്ണെഴുതിക്കണ്ണെഴുതി എന്ന് ഈണത്തില്‍ പാടി.

അപ്പോ കുഞ്ഞന്‍ ,അമ്മയുടെ വലിയ കണ്ണിലേക്ക് നോക്കി. എന്നിട്ട് അമ്മക്കണ്ണിലെ കണ്ണെഴുത്തില്‍ വിരല്‍ കൊണ്ട് തൊട്ടു.

അപ്പോഴവന്റെ കൈയിലപ്പിടി കണ്‍മഷിയായി. കണ്‍മഷി തൊട്ട വിരല്‍ കൊണ്ടവന്‍, അവന്റെ കുഞ്ഞിവയറ്റത്ത് കുത്തി വരച്ചു, എന്നിട്ട് അവനു പറ്റും പോലെ പാടി – ഒരമ്മപെറ്റ മക്കളെല്ലാം കണ്ണെഴുതിക്കണ്ണെഴുതി…

നമ്മള്‍ വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ ആയല്ലോ. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് ഇരുപത്തിമൂന്നു വരെ കഥകളായി നമ്മളെത്തി നില്‍ക്കുന്നു.

നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത്, ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞു തരാനാവൂ.

നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ ചേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ?  കഥകള്‍ക്ക് താഴെ കമന്റ്‌ ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു… 

Read More Stories for Children by Priya AS here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook