കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ? എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

മെട്രോയിലെ മഞ്ചാടിക്കുരുവും കുന്നിക്കുരുവും

മഞ്ചാടിക്കുരുവോ കുന്നിക്കുരു മണിയോ കാണാൻ ഭംഗിയുള്ളത്‌?- നവമി ചോദിച്ചു കളിക്കിടയിൽ കുഞ്ഞാമിയോട്.
രണ്ട് ഓട്ടുരുളികളിൽ ആയി പെറുക്കി സംഭരിച്ചു വച്ചിരിക്കുന്ന തന്റെ കുന്നിമണികളെയും മഞ്ചാടിമണികളെയും കുഞ്ഞാമി ഒന്നുമാറി മാറി നോക്കി.
എന്നെക്കാളും നിന്നെക്കാണാൻ ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ എന്ന് മഞ്ചാടിക്കുരു, കുന്നിക്കുരുവിനോട് പറയുന്നത് അപ്പോൾ സത്യായും കുഞ്ഞാമി കേട്ടെന്നേ…
അതു കൊണ്ടല്ലേ കുന്നിക്കുരു, കുന്നിക്കുരു തന്നെയാണ് സുന്ദരി എന്ന് കുഞ്ഞാമി പറഞ്ഞത്! സഖികളിൽ സുന്ദരി കുന്നിക്കുരു എന്ന് മഞ്ചാടിക്കുരു പാടണതും കുഞ്ഞാമി കേട്ടെന്നേ.
ഇതൊന്നും ഞാൻ കേട്ടില്ലല്ലോ എന്ന് പറഞ്ഞു മുഖം വീർപ്പിച്ചു നവമി. കുഞ്ഞാമി നുണച്ചിക്കോതയാണ് എന്നും നവമി പറഞ്ഞു.
അതു കേട്ടപ്പോ കുഞ്ഞാമിയക്ക് ഒത്തിരി സങ്കടം വന്നു.
കുഞ്ഞാമി നുണ പറയണ കുട്ടിയല്ലല്ലോ.
അതും കുഞ്ഞാമിയുടെ ഏറ്റവും നല്ല കൂട്ടുകാരിയായ നവമിയോട് കുഞ്ഞാമി നുണ പറയുമോ? കുഞ്ഞാമി കരച്ചിലായി.
കുഞ്ഞാമി കരഞ്ഞപ്പോ നവമിയും കരച്ചിലായി.
അപ്പോ കുഞ്ഞാമിയുടെ മാമൻ വന്ന് എന്താ ഇവിടെ ഒരു കൂട്ടക്കരച്ചില് എന്നു ചോദിച്ചു.
കാര്യമൊക്കെ അറിഞ്ഞപ്പോ മാമൻ പറഞ്ഞു, ഭാവനയുള്ള കുട്ടിയായതുകൊണ്ടാ കുഞ്ഞാമി കുന്നിമണി സംസാരിക്കുന്നത് കേട്ടത്, അല്ലാതെ കുഞ്ഞാമി നുണ പറഞ്ഞതൊന്നുമല്ല എന്ന്.
അപ്പോ നവമിക്ക് വല്യ സംശയമായി, അപ്പോ എന്താണ് ഈ നുണ?
നുണ എന്നു വച്ചാൽ,ആരെയെങ്കിലും ഉപദ്രവിക്കാൻ പറയുന്നതാണ് നുണ. സത്യം മറച്ചു പിടിക്കാൻ പറയുന്നതാണ് നുണ.
നുണ ചീത്തയാണ്.priya a s , story
പക്ഷേ ഭാവന നല്ലതാണ്. ഭാവനയുള്ളവരാണ് കഥയെഴുതുക.
എന്നിട്ട് മാമൻ കുഞ്ഞാമിയ്ക്കും നവമിയ്ക്കും ഒരു കഥ ഒരു കഥാപ്പുസ്തകം വായിച്ച് പറഞ്ഞുകൊടുത്തു.
മണ്ണാക്കട്ടയും കരിയിലയും കൂടി കാശിക്കു പോയ കഥ.
അപ്പോൾ കുഞ്ഞാമി, കറുത്ത തൊപ്പി വച്ച കുന്നിക്കുരുവും ചുവന്ന ഉടുപ്പിട്ട് ചുവന്ന തൊപ്പി വച്ച മഞ്ചാടിക്കുരുവും കൂടി മെട്രോയിൽ കയറി ആലുവയിൽ നിന്ന് എറണാകുളത്തേക്കു പോയ കഥ പറഞ്ഞു.
വാതിൽപ്പടിയിൽ നിൽക്കരുത് എന്ന് ഇംഗ്ലീഷിൽ പറഞ്ഞത് മനസ്സിലാവാതെ കുന്നിക്കുരുവും മഞ്ചാടിക്കുരുവും വാതിലിനരികെത്തന്നെ നിന്നതും മെട്രോ പാളത്തിലേക്ക് വീഴാൻ പോയതും കുഞ്ഞാമി എന്ന കുട്ടി കാര്യമൊക്കെ മലയാളത്തിൽപ്പറഞ്ഞ് മനസ്സിലാക്കി അവരെ രക്ഷിച്ച് വീട്ടിൽ കൊണ്ടുവന്ന് ഉരുളിയിൽ സൂക്ഷിച്ചതും അപ്പോൾ കുഞ്ഞാമി വിസ്തരിച്ചു. ഇതാണ് കഥ എന്ന് മാമൻ നവമിയോട് പറഞ്ഞു.
രസിപ്പിക്കാൻ പറയുന്നതാണ് കഥ. കഥ കേൾക്കാൻ ഇഷ്ടം തോന്നും, നുണ കേൾക്കുമ്പോഴോ ദേഷ്യം വരും, വെറുപ്പ് വരും.
നവമി മാമനോട് ചോദിച്ചു-തോട്ടരികിൽ നിന്ന് കിട്ടിയ മഞ്ചാടിമണികളെയും കുന്നിമണികളെയും കുഞ്ഞാമി ഭാവനയിൽ കയറ്റി വിട്ടപ്പോഴാണ് മഞ്ചാടിയും കുന്നിമണിയും സഞ്ചരിക്കുന്ന മെട്രോ ഉണ്ടായത് അല്ലേ?
മാമൻ ചിരിച്ചു.
കുഞ്ഞാമിയും.
നവമി പിന്നെ മിണ്ടാതിരുന്നു.
എങ്ങനെ മിണ്ടും?ഒരു കഥ ഉണ്ടാക്കാനുള്ള ആലോചനയിലാണല്ലോ ഇപ്പോൾ നമ്മുടെ നവമിക്കുട്ടി…

 

പൂമ്പാറ്റമരം

ഗൗരിക്കുട്ടി മുറ്റമായ മുറ്റം മുഴുവന്‍ എന്തൊക്കെയോ തിരഞ്ഞുനടക്കുന്നത് അമ്മ കാണുന്നുണ്ടായിരുന്നു.
‘ എന്താ ഗൗരിയമ്മേ ഒരു തപ്പിത്തിരയല് ? എന്തു വികൃതി ഒപ്പിയ്ക്കാനാ ഭാവം ?’ എന്നു ചോദിച്ചു അമ്മ.
അപ്പോ അമ്മു പറഞ്ഞതെന്താന്നെറിയാമോ?
പൂമ്പാറ്റയുടെ കുരു തപ്പി നടക്കുകയാണത്രെ.
പൂമ്പാറ്റക്കുരു നട്ട് പൂമ്പാറ്റയെ കിളിര്‍പ്പിക്കാനാണത്രെ.
മുറ്റത്തൊരു പൂമ്പാറ്റമരം വളര്‍ത്താനാണത്രെ.
അമ്മ മൂക്കത്തു വിരല്‍ വച്ചു നിന്നുപോയി.
പൂമ്പാറ്റയ്‌ക്കോ , കുരുവോ എന്നു ചിരിച്ചു.
പൂമ്പാറ്റയെയോ, നട്ടു കിളിര്‍പ്പിക്കാനോ എന്നും ചോദിച്ചു പിന്നെയും ചിരിച്ചു.
അപ്പോ ഗൗരിക്കുട്ടിക്ക് ദേഷ്യം വന്നു.
മന്ദാരത്തിന്റെ കുരു നട്ടല്ലേ വെള്ള മന്ദാരച്ചെടി കിളിപ്പിക്കണത് ?
മാങ്ങയുടെ കുരു നട്ടല്ലേ മാവ് കിളിപ്പിക്കണത്?
അതു പോലെ പൂമ്പാറ്റക്കുമില്ലേ കുരു ?
അമ്മ അതു കേട്ട് പിന്നെയും ചിരിച്ചു.
ഗൗരിക്ക് പിന്നെയും ദേഷ്യം വന്നു.
അമ്മ പറയുവാ,മാങ്ങയുടെ കുരു എന്നു പറയില്ല മാങ്ങാണ്ടി എന്നേ പറയൂ എന്ന്.
അങ്ങനെയെങ്കില്‍ അങ്ങനെ.പക്ഷേ പൂമ്പാറ്റയുടെ കുരുവിനെ എന്താ പറയുക? അതു നട്ടല്ലേ പൂമ്പാറ്റയെ കിളിര്‍പ്പിക്കുക ?
അമ്മ അപ്പോ ഗൗരിയെ ലില്ലിച്ചെടിയുടെ അടുത്തേക്കു കൊണ്ടുപോയി.priya a s , story
പൂമ്പാറ്റപ്പുഴുവിനെ കാണിച്ചു കൊടുത്തു.
പൂമ്പാറ്റക്ക് ലില്ലിച്ചെടിയുടെ പുറകില്‍ മുട്ടയിടാനാന്‍ ഒത്തിരി ഇഷ്ടമാണത്രെ.
ആ മുട്ട ,പഞ്ചാരത്തരി പോലെ ചെറുതാണ്.
കണ്ടുപിടിക്കാന്‍ പ്രയാസമാണ്.
മുട്ടവിരിഞ്ഞ് പൂമ്പാറ്റപപുഴുവാകും.
അവിടെയുമിവിടെയുമൊക്കെ ആരോ തിന്ന ലില്ലിയിലകള്‍ അമ്മ ഗൗരിക്ക് കാണിച്ചു കൊടുത്തു.
പൂമ്പാറ്റപ്പുഴുകള്‍ ഇല തിന്നാണ് വളരുക.അവര്‍ക്ക് ഒരുപാടിഷ്ടമുള്ള ഇലയാണ് ലില്ലിയില.
പിന്നെ അവര് പ്യൂപ്പ എന്നൊരു വീട് ഇലയുടെ പുറകിലുണ്ടാക്കി വച്ച് അതില്‍ കുറച്ചു ദിവസം ഉറങ്ങാന്‍ പോവും. കുറച്ചു ദിവസം കഴിയുമ്പോ പ്യൂപ്പത്തോട് പൊട്ടിച്ച് പുറത്തേക്ക് പറക്കും ഒരു പൂമ്പാറ്റ വിരുതനോ ഒരു പൂമ്പാറ്റ വിരുതത്തിയോ.
പൂമ്പാറ്റകളെയാണ് അന്നുറക്കത്തില്‍ ഗൗരി സ്വപ്‌നം കണ്ടത്.
പൂമ്പാറ്റകള്‍ ഇലകളായുള്ള ഒരു മരം ആണ് ഗൗരി സ്വപ്‌നം കണ്ടത്. എന്തു രസായിരിക്കുമല്ലേ അത്തരമൊരു മരം മുറ്റത്തുണ്ടെങ്കില്‍!
വാ, നമുക്ക് വരച്ചു നോക്കാം അത്തരമൊരു മരം, ഓടി വാ…

Read More: വേനലൊഴിവിന് പ്രിയ എ എസിന്‍റെ കുഞ്ഞു കഥകള്‍, വായിക്കാം, കേള്‍ക്കാം-11

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook