കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ? എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…
മഞ്ചാടി സ്ക്കൂൾ
നീലു, അമ്മേടേം റീമച്ചേച്ചീടേം കൂടെ റീമച്ചേച്ചീടെ സ്ക്കൂളിൽപ്പോയി. ചേച്ചി അഞ്ചാം ക്ലാസിൽ നിന്ന് ആറാം ക്ലാസിലേക്കു ജയിച്ചു. അപ്പോപ്പിന്നെ ആറാം ക്ലാസിലെ സ്കൂൾ ഫീസടയ്ക്കണ്ടേ? എന്നാലല്ലേ ആറാം ക്ലാസിൽ പഠിക്കാൻ പറ്റൂ…
അമ്മ, ഫീസടയ്ക്കുന്നതിനായുള്ള ക്യൂവിൽ നിന്നപ്പോൾ, റീമച്ചേച്ചി അവരുടെ ക്ലാസിലെ ഏതോ കുട്ടിയെ കണ്ട് ആ കുട്ടിയോട് ചിരിച്ചു വർത്തമാനം പറയാൻ പോയി.
ക്യൂവിൽ അമ്മയുടെ വിരലിൽ തൂങ്ങി നിന്ന് നീലുവിന് മടുത്തു. മെല്ലെ അമ്മേടെ കൈ വിടീച്ച് നീലു സ്ക്കൂൾ മുറ്റത്ത് കറങ്ങി നടന്നു.
‘ദൂരെയെങ്ങും പോവരുത്’ എന്നമ്മ വിളിച്ചു പറഞ്ഞു. നീലു തലയാട്ടി.
അപ്പോഴാണ് നീലു കണ്ടത്. അവിടെയുമിവിടെയുമൊക്കെ മഞ്ചാടിക്കുരു ചോപ്പുവീരനായി അങ്ങനെ കണ്ണും മിഴിച്ചു കിടക്കുന്നു, ‘എന്നെയെടുത്തോ, എന്നെയെടുത്തോ’ എന്നു പറഞ്ഞ്.
നീലു മുറ്റത്ത് കുത്തിയിരുന്നു മഞ്ചാടിക്കുരു പെറുക്കാൻ തുടങ്ങി. പിന്നെ മുറ്റത്ത് ചടഞ്ഞിരുന്നായി മഞ്ചാടി ചെറുക്കൽ. പിന്നെ അമ്മ നോക്കുമ്പോഴുണ്ട് മുറ്റത്തു കമിഴ്ന്നു കിടന്ന് മഞ്ചാടിക്കുരു പെറുക്കലായി നീലുച്ചാര്.
അപ്പോഴേയ്ക്കമ്മ സ്കൂൾ ഫീസടച്ചു കഴിഞ്ഞിരുന്നു. ‘വാ, പോകാം’ എന്നു പറഞ്ഞ് റീമച്ചേച്ചി വന്ന് നീലുവിനെ മണ്ണൊക്കെ കൊട്ടിക്കളഞ്ഞെഴുന്നേൽപ്പിച്ചു. ‘എനിക്കിനീം മഞ്ചാടിക്കുരു പെറുക്കണം, ഒരു പോക്കറ്റ് കൂടി നിറയാനുണ്ട്’ എന്നു ചിണുങ്ങി നീലു.
‘അടുത്ത കൊല്ലം നീലു അഞ്ചു വയസ്സായി ഈ സ്കൂളിൽത്തന്നെ ചേരുമല്ലോ, അപ്പോ ഇഷ്ടം പോലെ മഞ്ചാടിക്കുരു പെറുക്കാമല്ലോ’ എന്നു പറഞ്ഞ് നീലുവിനെ പിടിച്ചെഴുന്നേൽപ്പിച്ചു അമ്മ.
നീലു വരും വരെ മഞ്ചാടിക്കുരുവെല്ലാം, ‘ഇപ്പോ വരും നീലു, എന്നിട്ട് നമ്മളെ കുഞ്ഞി വിരലു കൊണ്ട് പെറുക്കിയെടുത്ത് ബാഗിലിട്ട് വീട്ടിൽ കൊണ്ടു പോകും ‘എന്നു പറഞ്ഞ് കാത്തു കിടക്കും എന്നു കൂടി പറഞ്ഞു അമ്മ. ‘കാത്തു കിടക്കണേ, വേറെ എവിടേം പോകല്ലേ, വേറാരു വിളിച്ചാലും പോകല്ലേ’ എന്നു തിരിഞ്ഞു നിന്ന് മഞ്ചാടിക്കുരുവിനോടെല്ലാം പറഞ്ഞ് നീലു കാറിൽ കയറി.
‘കാത്തു കിടക്കാം’ എന്നു പറഞ്ഞ് മഞ്ചാടിക്കുരു നീലുവിനെ നോക്കി ഒരു മഞ്ചാടിച്ചിരി, ചോപ്പു ചിരി ചിരിച്ചു. നീലു, മഞ്ചാടിമണികളെ നോക്കി ‘റ്റാ, റ്റാ’ എന്ന് കൈ വീശി.
നീലുവിന്റെ ചോന്ന കാറ് അതിന് കൈയില്ലാത്തതിനാൽ, വൈപ്പറനക്കി ‘റ്റാ, റ്റാ’ പറഞ്ഞ് മുന്നോട്ട് കുതിച്ചു. കാറ്, ഒരു വലിയ ചോപ്പു മഞ്ചാടിക്കുരുവാണെന്ന് തോന്നി നീലുവിന്.
മഞ്ചാടി സ്കൂളിന് നീലു ഒരു ഫ്ലൈയിങ്ങ് കിസ് കൊടുത്തു. അതു പിടിക്കാനായി സ്ക്കൂൾ പെട്ടെന്ന് ഇത്തിരി മുന്നോട്ടാഞ്ഞു.
പാവം, സ്കൂളിന് നീലു തിരിച്ചു പോകുന്നത് സങ്കടായിക്കാണും. ‘കരയണ്ട മഞ്ചാടി സ്ക്കൂളെ, ഞാൻ വേഗം അഞ്ചു വയസ്സുകാരിയായി ഇങ്ങോട്ടോടി വരാം കേട്ടോ’ എന്ന് നീലു, സീറ്റിൽ കയറി തിരിഞ്ഞു നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.
ഉക്കുരു
‘സിനിമ കാണാൻ പോകാം, റെഡിയായി നിൽക്കൂ’ എന്ന് ഓഫീസിൽ നിന്ന് വൈകുന്നേരം വിളിച്ച പറഞ്ഞു അച്ഛൻ.
അമ്മ, മണിദീപയെയും മണിവീണയെയും വേറെ ഉടുപ്പൊക്കെ ഇടീച്ച് കണ്ണെഴുതിച്ച് പൊട്ടു തൊടീച്ച് ഒരുക്കാൻ തുടങ്ങി.
‘ഉക്കുരൂ, എപ്പഴും ഇങ്ങനെ കമിഴ്ന്നു കിടന്ന് കൈകാലിട്ടടിച്ചാലെങ്ങനെയാ, വേഗം വലുതാക് ഉക്കുരു, എന്നിട്ട് ഏതുടുപ്പ് വേണം എന്ന് എന്നെപ്പോലെ ഓടിച്ചാടി വന്ന് അമ്മയോട് പറയ് ഉക്കുരൂ’ എന്ന് മണിദീപച്ചേച്ചി പറഞ്ഞു മണിവീണയോട്.
മണിവീണാ- അനിയത്തിയെ ‘ഉക്കുരു’ എന്നാണ് മണിദീപച്ചേച്ചി വിളിക്കുന്നത്. ഉക്കുരു, ഏതു ഭാഷയിലെ വാക്കാണ് എന്നു ചോദിച്ചവരോടൊക്കെ, കുഞ്ഞുങ്ങളുടെ വാക്കുകൾ മാത്രം ഉള്ള ഡിക്ഷ്ണറിയിലെ വാക്കാണതെന്ന് മണിദീപ പറഞ്ഞു.
മണിദീപയ്ക്ക് കുട്ടികളുടെ ഡിക്ഷണറിയിൽ ‘ഡുണ്ടു’ എന്നാണ് വാക്ക്, അതു കൊണ്ടല്ലേ ‘എന്നെ ഡുണ്ടു എന്ന് വിളിച്ചാൽ മതി എന്നു ഞാൻ പറയുന്നത് എല്ലാവരോടും’ എന്ന് പറഞ്ഞു മണിദീപ.
ഉക്കുരു, അമ്മേടെ പാലു കുടിക്കും. പിന്നെ അമ്മൂമ്മയുണ്ടാക്കുന്ന കുറുക്കും കഴിക്കും. ചപ്പാത്തിയും ദോശയും ചോറുമൊക്കെ കഴിക്കുമ്പോഴേ, ഉക്കുരു വളർന്ന് വലുതാവൂ.
പല്ലുണ്ടെങ്കിലേ അതൊക്കെ കഴിക്കാമ്പറ്റൂ. പല്ലു കിളുത്തു തുടങ്ങുന്നതേയുള്ളു ഉക്കുരുവിന്.
പല്ലു കിളിക്കുമ്പോഴാണോ വലുതാവുക അതോ വലുതാകുമ്പോഴാണോ പല്ലു കിളിർക്കുക എന്ന് ഡുണ്ടുവിന് നല്ല സംശയമുണ്ട്. പക്ഷേ അങ്ങനെ സംശയിച്ചു നിൽക്കാനൊന്നും നേരമില്ല.
ഉക്കുരുവിനെയും ഡുണ്ടുവിനെയുംഒരുക്കിയ ശേഷം സാരിയൊക്കെ ഉടുത്ത് മിടുക്കിയാവാൻ തുടങ്ങുന്ന അമ്മ ശ്രദ്ധിക്കാത്ത തക്കം നോക്കി, ഉക്കുരു അമ്മേടെ ബാഗും കട്ടലിന്റെ കാലും തലയിണയും ഒക്കെ നക്കാരം തിന്നാനുമുള്ള പുറപ്പാടാണ്. അമ്മ, സാരിയുടുത്തുകഴിയും വരെ ഉക്കുരു, ഓരോ തോന്നിയവാസം ചെയ്യുന്നുണ്ടോ എന്ന് നോക്കൽ ഡുണ്ടുവിന്റെ പണിയാണ്.
വലുതാകുമ്പോഴാണോ ഉക്കുരു കണ്ണിൽക്കണ്ടതൊക്കെ തിന്നാതെയാവുക അതോ കണ്ണിൽക്കണ്ടതൊക്കെ തിന്നാതെയാവുമ്പോഴാണോ ഉക്കുരു വലുതാവുക?’അതാണ് ഡുണ്ടുവിന്റെ സംശയം.
നോക്ക്, അതിനിടെ ഉക്കുരു, അമ്മേടെ ബാഗും കുടയും തിന്നാൻ നോക്കുന്നതു കണ്ടില്ലേ? ഓ, ഇവളെന്നാണോ ഒന്നു വലുതാവുക? എന്നിട്ട് കുട, കട്ടിൽ, തലയിണ ഇതൊക്കെ തിന്നാതിരിക്കുകയും ഇഡ്ഡലിയും ദോശയുമൊക്കെ തന്നെ സാധാരണ മനുഷ്യരെപ്പോലെ കഴിക്കുകയും ചെയ്യുക എന്നാവും?
വല്യതാകുമ്പോൾ, ഉക്കുരു എന്ന് വിളിക്കണ്ട, മണിവീണ എന്നു വിളിച്ചാൽ മതി എന്നു പറയും അവള് എന്നാണമ്മ പറയുന്നത്. ഡുണ്ടുവിന് തോന്നണില്ല അവളങ്ങനെ പറയും എന്ന്.
അവളങ്ങനെ പറഞ്ഞാൽ, ഡുണ്ടു അവളോട് കൂട്ടുവെട്ടും, ഒറപ്പായും കൂട്ടുവെട്ടും. പറയ്, കുട്ടികളുടെ ഡിക്ഷണറിയിലെ വാക്കുകൾക്കല്ലേ ശരിയ്ക്കും ഭംഗി?
നമ്മള് വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ ആയല്ലോ. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് മുപ്പത്തിയൊന്നു വരെ കഥകളായി നമ്മളെത്തി നില്ക്കുന്നു.
നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത്, ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞു തരാനാവൂ.
നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ ചേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ? കഥകള്‍ക്ക് താഴെ കമന്റ് ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു…
Read More Stories for Children by Priya AS here