കഥ കേൾക്കാനിഷ്ടമില്ലാത്ത കുട്ടികൾ അപൂർവ്വം. ഉണ്ണാൻ കഥ, ഉണരാൻ കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ? എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

ലാലലാ

കുഞ്ഞന് നല്ലോണം വഴക്കു കിട്ടി.
മായച്ചേച്ചി കുഞ്ഞനെ മലയാളം അക്ഷരമാല പഠിപ്പിക്കുകയായിരുന്നു.
കുഞ്ഞന് ഏറ്റവും ഇഷ്ടമുള്ള അക്ഷരം ഏതാണെന്നു ചോദിച്ചു അപ്പുറത്തെ വീട്ടിലെ ഒന്നാംക്‌ളാസുകാരി മായച്ചേച്ചി.
കുഞ്ഞനെപ്പോഴും പാടുന്ന ലാ ല ലാ പാട്ടിലെ ‘ല’ എന്നുത്തരം പറയാന്‍ കുഞ്ഞന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല.
‘ല’ എന്നു കുഞ്ഞന്‍ പറഞ്ഞതു കേട്ടതും ഇന്നു നമക്ക് ‘ല’ എഴുതാന്‍ പഠിച്ചിട്ടുതന്നെ കാര്യം എന്നായി മായച്ചേച്ചി.
ഒരു തേപ്പുപെട്ടി ആദ്യം വരയ്ക്കണം എന്നു പറഞ്ഞ് ചേച്ചി മണ്ണില്‍ വിരല്‍ കൊണ്ട് വരച്ചുകാണിച്ചു.
അത് പക്ഷേ കിളിത്തലയായാണ് കുഞ്ഞന് തോന്നിയത്.
തേപ്പുപെട്ടിയെങ്കില്‍ തേപ്പുപെട്ടി, കിളിത്തലയെങ്കില്‍ കിളിത്തല എന്നു പറഞ്ഞു ചേച്ചി.
എന്നിട്ടതില്‍ നിന്ന് താഴേയ്ക്ക് ഒരു കുഞ്ഞുവര വരച്ചു ചേച്ചി.
പിന്നേം രണ്ടു വര. എന്തത്ഭുതം! ‘ല’ കുട്ടന്‍ നല്ല കുട്ടപ്പനായി റെഡിയായിക്കഴിഞ്ഞിരിക്കുന്നു.
ഇനി കുഞ്ഞനാണ് ‘ല’ വരയ്‌ക്കേണ്ടത്.
ചേച്ചി വരയ്ക്കണത് കണ്ടപ്പോ എന്തെളുപ്പം എന്നാണ് കുഞ്ഞന് തോന്നിയത്.
പക്ഷേ കുഞ്ഞനെത്ര നോക്കിയിട്ടും ആ തേപ്പുപെട്ടി-കിളിത്തല ശരിയാകുന്നില്ല.
കുഞ്ഞന്‍ വരയ്ക്കുമ്പോ അതെന്തൊക്കെയോ ആയിപ്പോവുന്നു.
എത്ര നോക്കിയിട്ടും ‘ല’യുടെ തല വരയ്ക്കാന്‍ പറ്റാതെ വന്നപ്പോ കുഞ്ഞനെ, ചേച്ചി വഴക്കു പറഞ്ഞു. ശ്രദ്ധിക്കാഞ്ഞിട്ടാണ് എന്നും കുഞ്ഞനൊരു മടിയനാണ് എന്നും ചേച്ചി പറഞ്ഞു.
കുഞ്ഞന്‍ കരച്ചിലായി.
priya a s , story
വലിയ വായില്‍ കരച്ചിലായി.
അപ്പോഴാണ് അച്ഛന്‍ ഓഫീസില്‍ നിന്നു വന്നതും കുഞ്ഞന്റെ കരച്ചില്‍ മാറ്റാന്‍ കുഞ്ഞനെയും ചേച്ചിയെയും ഇരുത്തി കാറില്‍ ഒരു റൗണ്ടെടുക്കാന്‍ തീരുമാനിച്ചതും.
കാറില്‍ ചുറ്റിക്കറങ്ങി ഐസ്‌ക്രീം പാര്‍ലറില്‍ ഇരുന്ന് ഐസ്‌ക്രീം നുണയുമ്പോഴും കുഞ്ഞന്റെ സങ്കടം മാറിയിരുന്നില്ല.
‘ല’യുടെ കാര്യമൊക്കെ മറന്നു പോയി മായച്ചേച്ചി അവനെ മടിയിലെടുത്തു വച്ചിട്ടും കുഞ്ഞന്‍ ചിരിച്ചില്ല.
തിരിച്ച് കാറില്‍ കയറി ചൂട് പോകാന്‍ അച്ഛന്‍ കാറിന്റെ വിന്‍ഡോ ഗ്‌ളാസ് താഴ്ത്തിയപ്പോഴുണ്ട് എവിടുന്നോ അപ്പൂപ്പന്‍ താടിക്കൂട്ടം വന്ന് കാറിലേക്കു പറന്നു കയറി.
കുഞ്ഞന്റെ തലമുടിയിലും ചെവിക്കകത്തും അച്ഛന്റെ വാച്ചിലും മായച്ചേച്ചിയുടെ കണ്ണടക്കകത്തും വരെ അപ്പൂപ്പന്‍താടി.
അച്ഛനെ തൊട്ട് ചേച്ചിയെ തോണ്ടി കുഞ്ഞനെ ഉമ്മവച്ച് അപ്പൂപ്പന്‍ താടി പറന്നുകളിച്ചു കാറിനകത്ത്.
കുഞ്ഞന്‍ കൈ കൊട്ടിച്ചിരിച്ചു.
കുറേ അപ്പൂപ്പന്‍താടിയാളുകളെ പിടിക്കാന്‍ നോക്കി കുഞ്ഞന്‍ സീറ്റിലെണീറ്റുനിന്ന്.
കുറേപ്പേരെ കിട്ടി, കുറേപ്പേര് കുഞ്ഞനെ പറ്റിച്ചേ എന്ന് കാറിനകത്തു കൂടി പാഞ്ഞു പറന്നു നടന്നു.
കിട്ടിയവരെയൊക്കെ കുഞ്ഞന്‍ അമ്മയ്ക്ക് കാണിച്ചു കൊടുക്കാനായി പോക്കറ്റിലിട്ടു.
എന്തിനാണ് കുഞ്ഞന്‍ കുറച്ചുമുമ്പേ കരഞ്ഞത് എന്ന് അച്ഛന്‍ ചോദിച്ചു.
എന്തിനായിരുന്നു കരഞ്ഞത് എന്ന് കുഞ്ഞനോര്‍മ്മ വന്നതേയില്ല.
അതിന് നമ്മടെ കുഞ്ഞന്‍ കരഞ്ഞായിരുന്നോ എപ്പഴെങ്കിലും എന്ന് മായച്ചേച്ചി കള്ളച്ചിരിയോടെ ചോദിച്ചു.
ഇല്ല എന്ന് കുഞ്ഞന്‍ അപ്പൂപ്പന്‍ താടിയെ ഊതിപ്പറത്തി ചിരിച്ചു.
അപ്പോ ചേച്ചി ലാ ല ലാ എന്ന് പാടി.
കുഞ്ഞനും കൂടെ പാടി..ലാലലാ…

 

ഓന്തും മുല്ലപ്പൂവും പിന്നൊരു കാക്കച്ചനും

ഓന്ത്, പച്ചനിറമുള്ള ഓന്ത് മുല്ലവള്ളിയില്‍ ഇരിക്കുകയായിരുന്നു.
മുല്ലപ്പൂവ് ഓന്തിനെ നോക്കി.
ഓന്ത്, മുല്ലപ്പൂവിനെയും.
നീ ഏതാ, മുല്ലവള്ളിയില ഏതാ, എന്ന് തോന്നും. അത്രയ്ക്കും ഒരേ പോലെയാണല്ലോ നിന്റെയും ഇലയുടെയും പച്ചനിറം എന്ന് മുല്ലപ്പൂ അത്ഭുതത്തോടെ പറഞ്ഞു.
അപ്പോള്‍ മുല്ലവള്ളി പടര്‍ന്നു കയറിയിരിക്കുന്ന മാവില്‍ നിന്ന് കാറ്റത്ത് കുറേ മഞ്ഞമാവിലകള്‍ മുല്ലവള്ളിയിലേക്ക് വീണു.
മുല്ലപ്പൂവുിനും ഓന്തിനും മേലയും വീണു കുറേ പഴുത്തയിലകള്‍.
പിന്നെ വേറൊരു കാറ്റു വന്ന് മുല്ലപ്പൂവിന്റെ മേലെ കിടന്ന മാവിലയെ മാറ്റിയിട്ടു. ശ്വാസം മുട്ടിനിന്ന മുല്ലപ്പൂവിനാശ്വാസമായി. അത് ഹാവൂ എന്ന് പറയാന്‍ ഭാവിക്കുകയായിരുന്നു.
അതിനിടയിലാണ് മുല്ലപ്പൂവൊന്നു മുന്നിലേക്കു നോക്കിയത്.
അല്ലാ ആ പച്ച ഓന്ത് എവിടെപ്പോയി?
തനിക്കു കാണാവുന്നയിടത്തെല്ലാം മുല്ലപ്പൂ നോക്കി.
എവിടെയുമില്ല പച്ച ഓന്ത്.
പകരം ഒരു മഞ്ഞ ഓന്ത് ഇരിപ്പുണ്ട്. മഞ്ഞ മാവിലകള്‍ക്ക് നടുവില്‍ അതേ മഞ്ഞ മാവില നിറത്തില്‍.
ഇവിടൊരു പച്ച ഓന്തുണ്ടായിരുന്നു അവനെ കണ്ടോ എന്നു ചോദിക്കാന്‍ പോവുകയായിരുന്നു മുല്ലപ്പൂവ്.
അപ്പോഴേക്കും മഞ്ഞ ഓന്ത്, മുല്ലപ്പൂവിനോട് ഹായ് എന്നു കുഞ്ഞികൈ ഉയര്‍ത്തിവീശി.എന്നിട്ട് പറഞ്ഞു, ഞാന്‍ തന്നെയാണ് ആ പച്ച ഓന്ത്.
‘ഏ’ എന്ന് അന്തം വിട്ടുനിന്നു മുല്ലപ്പൂവ്.
priya a s , story
എടോ ,എനിക്ക് നിറം മാറാന്‍ പറ്റും. ശത്രുക്കളാണോ വരുന്നത് എന്നു സംശയം തോന്നുമ്പോഴൊക്കെ ഞാന്‍ ചെയ്യുന്ന സൂത്രപ്പണിയാ ഇത്…അവര് കാണാതെ ചുറ്റുമുള്ള അതേ നിറത്തിലൊളിക്കാന്‍ വേണ്ടി ചെയ്യുന്ന സൂത്രവിദ്യയാ ഈ നിറം മാറല്‍.
മുല്ലപ്പൂ അത്ഭുതപ്പെട്ടു, ഈ ഒാന്തൊരു വീരന്‍ തന്നെ…ഇവനെയാരാണീ സൂത്രങ്ങളൊക്കെ പഠിപ്പിച്ചത്!

എന്തായാലും എനിക്കീ വെള്ള നിറം മതി. അമ്മിണിക്കുട്ടി എന്നെ പറിച്ചു കൊണ്ടു പോയി, ഹായ് എന്തു മണം എന്നു വീണ്ടും വീണ്ടും മണത്തുനോക്കുമ്പോള്‍ എനിക്കെന്തൊരു സന്തോഷമാണ്…

അവള്‍ പറയാന്‍ വിചാരിച്ചത് അറിയാതെയാണെങ്കിലും ഓന്തും പറഞ്ഞു, നീ നിറം മാറണ്ട. നിനക്കെന്തൊരു വെള്ള നിറമാണ്, ഭംഗിയാണ്. നിനക്കെന്തൊരു മണമാണ്. ഒരു വെള്ള ഓന്താകാന്‍, നല്ല മണമുള്ള ഒരു വെള്ള ഓന്താകാന്‍ എനിക്ക് ഈ ജന്മത്ത് കഴിയില്ല.

ഓരോരുത്തർക്കും ഓരോ കഴിവ്, ഓരോ ഭംഗി, ഓരോ തരം ജീവിതം എന്ന് ‘കാ കാ’ എന്നു ഒച്ച വെച്ചുകൊണ്ട് ഒരു കാക്കച്ചന്‍ മുല്ലവള്ളിപ്പടർപ്പിനു മേലെ കൂടി പറന്നു പോയി.

Read More: വേനലൊഴിവിന് പ്രിയ എ എസിന്‍റെ കുഞ്ഞു കഥകള്‍, വായിക്കാം, കേള്‍ക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook