കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ?… എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ.

നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം.

വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

കുട്ടിക്കഥകളും ചിത്രങ്ങളും

ചാരു വീട്ടിലെ ഒറ്റക്കുട്ടിയാണ്.

അടുത്ത വീടുകളിലെങ്ങും ചാരുവിന് കളിക്കാന്‍ പാകത്തില്‍ കുട്ടിക്കൂട്ടുകാരില്ല. പക്ഷേ ചാരുവിന് തനിച്ചിരുന്ന് ബോറടിക്കാറേയില്ല. ചാരു എപ്പോഴും കഥാപ്പുസ്തകം നിവര്‍ത്തി, ഓരോ താളും മറിച്ചു മറിച്ച് പടം നോക്കും. അപ്പോള്‍ ചാരുവിന്റെ കൂടെ കഥാപ്പുസ്തകത്തിലെ ഓരോ ആളും ഓരോ കുട്ടിയും ഓരോ ജീവിയും കളിക്കാന്‍ വരും.

റഷ്യന്‍ പുസ്തകമായ കുട്ടിക്കഥകളും ചിത്രങ്ങളിലെയും ജീവികളുടെയും കൂടെ കളിക്കാനാണ് ചാരുവിനേറ്റവുമിഷ്ടം. അതില്‍ ഒരു താറാക്കുഞ്ഞും കോഴിക്കുഞ്ഞും ഉണ്ട്. താറാക്കുഞ്ഞു ചെയ്യുന്നതെല്ലാം ചുമ്മാ അതേപടി, ‘ഞാനും, എനിയ്ക്കും’ എന്നു പറഞ്ഞ് ചെയ്യുന്ന ഒരു മണ്ടന്‍ കോഴിക്കുഞ്ഞാണതില്‍ ഉള്ളത്.

അവസാനം താറാക്കുഞ്ഞ് നീന്താന്‍ പോയി. ഞാനും എന്നു പറഞ്ഞ് ഉടനെ വെള്ളത്തിലേക്കിറങ്ങിയല്ലോ നമ്മുടെ കോഴിക്കുഞ്ഞും ! കോഴികള്‍ക്ക് നീന്താനറിയാമോ ! ഇല്ലല്ലോ !

എന്നിട്ടവസാനം കോഴിക്കുഞ്ഞ് വെള്ളത്തില്‍ മുങ്ങി ചാകാറായപ്പോള്‍, താറാക്കുഞ്ഞ് അതു കണ്ട് വേഗം നീന്തി വന്ന് അവന്റെ തലയിലെ നനഞ്ഞ പൂടയില്‍ പിടിച്ചു കൊണ്ട് കഷ്ടപ്പെട്ട് നീന്തി അവനെ കരയിലെത്തിച്ചു.

അവന്‍ മുങ്ങിച്ചാകാന്‍ പോകുന്നത് താറാക്കുഞ്ഞ് കണ്ടത് ഭാഗ്യം.

ആരെങ്കിലും എന്തെങ്കിലും ചെയ്യണതു കണ്ട് ഉടനെ ‘ഞാനും, എനിയ്ക്കും’ എന്നു പറഞ്ഞ് ചാടിപ്പുറപ്പെടാമോ?

നന്നായി ആലോചിയ്ക്കാതെ ഒന്നും ചെയ്യരുത് എന്ന് അതോടെ പഠിച്ച കോഴിക്കുഞ്ഞും അവനെ സഹായിച്ച താറാക്കുഞ്ഞുമാണ് ചാരുവിന്റെ ഏറ്റവും നല്ല കളിക്കൂട്ടുകാര്‍.priya a s , childrens stories,iemalayalam

ആ കഥ, ചാരുവിന്റെ മുത്തച്ഛനാണ് ചാരുവിന് പറഞ്ഞു കൊടുത്തത്. ചാരുവിന്റെ അമ്മ ഓഫീസീന്നു വരുമ്പോ ചാരുവിന്റെ മുത്തച്ഛനും ചാരുവും കൂടി, കോഴിക്കുഞ്ഞിനും താറാക്കുഞ്ഞിനുമൊപ്പം ചാരു എന്തൊക്കെ കളിച്ചു എന്ന് വിസ്തരിച്ചു പറയും.

അതാണ് കഥ കേട്ടാലുള്ള ഗുണം. കഥയിലെ ജീവികളും ആളുകളും കുട്ടികളും നമ്മുടെ കൂടെ മിണ്ടാനും കളിക്കാനും വരും.

ഇന്ന് കോഴിക്കുഞ്ഞും താറാക്കുഞ്ഞും ചാരുക്കുഞ്ഞും കൂടി ഡാന്‍സ് ചെയ്തു. ചാരു ഇപ്പോള്‍ രണ്ട് റഷ്യന്‍ പേരിട്ടുണ്ട് അവര്‍ക്ക്. കോഴിക്കുഞ്ഞിന്റെ പേര് താന്യ. താറാക്കുഞ്ഞിന്റെ പേര് കോല്യ. മുത്തച്ഛനാണ് ആ റഷ്യന്‍ പേരൊക്കെ ചാരുവിന് പറഞ്ഞു കൊടുത്തത്.

ചാരു തനിച്ചിരുന്ന് വര്‍ത്തമാനം പറഞ്ഞല്ല കളിയ്ക്കുന്നതെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ ? കുട്ടിക്കഥകളിലെ ദുശ്ശീലമുള്ള പൂച്ചയും മഞ്ഞപ്പൂപ്പനും ഫെര്‍മരവും എല്ലാം ചാരുവിന്റെ കൂടെയുണ്ട് എപ്പോഴും.

കളിയ്ക്കാന്‍ നിങ്ങള്‍ക്കും വേണോ അവരെയെല്ലാം കൂട്ടുകാരായി ? വേഗം വായിച്ചോളൂ , കുട്ടിക്കഥകളും ചിത്രങ്ങളും…

 

നൈനയുടെ കളികള്‍

നൈന മുറ്റത്ത് കളിച്ചു നടക്കുകയായിരുന്നു. അപ്പോഴാണ് അവള്‍ കൊന്നപ്പൂമരത്തിലിരിക്കുന്ന ഓലേഞ്ഞാലിക്കിളിയെ കണ്ടത്. അവള്‍ ശരിക്കും ഒരു കറുത്ത കിളിയായിരുന്നു കാണും പണ്ട് എന്ന് നൈനയ്ക്ക് തോന്നി.

രാവിലെ അമ്മ അവള്‍ക്ക് കുടിയ്ക്കാന്‍ കൊടുത്ത ഇളം ചൂടു പാല്‍, അവള്‍ മേത്തേക്ക് മറിച്ചിട്ടു കാണും, അതാണ് കറുപ്പു നിറത്തിനിടയില്‍ വെള്ള നിറവും വരാന്‍ കാരണം.

അപ്പോ അവളുടെ അമ്മൂമ്മ വന്ന്, ബാക്കിയുള്ള ഇത്തിരി പാല്‍ കൊണ്ട് ചായയുണ്ടാക്കി ചായ ആറ്റി അവള്‍ക്ക് കൊടുത്തു. ഇത്തിരി കുടിച്ച്, അതിനിടയില്‍ ഓരോ അഭ്യാസങ്ങള്‍ കാണിക്കാന്‍ പോയപ്പോള്‍ അതും മറിഞ്ഞു വീണു അവളുടെ മേത്തേക്ക്.

അങ്ങനെയാണ് അവള്‍ക്കിത്തിരി ഇളം തവിട്ടുനിറവും കിട്ടിയത്. കുസൃതിയും വികൃതിയും കാണിയ്ക്കാതെ അടങ്ങിയിരുന്നു കൂടെ എന്ന് നൈന, ഓലേഞ്ഞാലിയോട് ചോദിച്ചു. അവളത് കേട്ടിട്ട് ഇഷ്ടപ്പെടാത്ത മട്ടില്‍ കൊന്നപ്പൂമരത്തിലിരുന്ന് ഒന്നു കുനിഞ്ഞ് നൈനയെ നോക്കി, നിന്നോട് കൂടൂല്ല എന്നു പറയുമ്പോലെ ഒച്ചവെച്ചു.priya a s , childrens stories,iemalayalam

ഇനി അവളെങ്ങാന്‍ താഴേക്കു പറന്നു വന്ന് കൊത്തുമോ എന്നു തോന്നിപ്പോയി നൈനയ്ക്ക്.
പെട്ടെന്നു തന്നെ നൈന, രണ്ട് കൊന്നപ്പൂങ്കുല പറിച്ച് രണ്ടു നീളന്‍ കമ്മലുകളായി കാതില്‍ തൂക്കി.

ഇതേതാ ഈ നീളന്‍ മഞ്ഞപ്പൂക്കമ്മലണിഞ്ഞ കുട്ടി എന്നു സംശയിച്ച്, ആ ഉപദേശി നൈന എവിടെപ്പോയി എന്നു സംശയിച്ച് അവിടെയുമിവിടെയും ഒന്നു നോക്കി ഓലേഞ്ഞാലി ഇത്തിരി കഴിഞ്ഞപ്പോള്‍ പറന്നു പോയി.

അവളെ പറ്റിച്ച സന്തോഷത്തില്‍ നൈന കളി തുടര്‍ന്നു.

നമ്മള്‍ വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് രണ്ടാഴ്ചയായി. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് ഏഴു വരെ കഥകളായി നമ്മളെത്തി നില്‍ക്കുന്നു.

നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത് ,ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞുതരാനാവൂ…

നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ പേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ?  കഥകള്‍ക്ക് താഴെ കമന്റ്‌ ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു… 

Read More Stories for Children by Priya AS here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook