കഥ കേൾക്കാനിഷ്ടമില്ലാത്ത കുട്ടികൾ അപൂർവ്വം. ഉണ്ണാൻ കഥ, ഉണരാൻ കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ? എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

കുര്‍ കുര്‍ പ്രാവമ്മ

പ്രാവിന് ചാരനിറമായിരുന്നു.
കഴുത്തു കണ്ടാല്‍ത്തോന്നും മഴവില്ലെടുത്ത് വട്ടത്തില്‍ പതിച്ചുവച്ചിരിക്കുകയാണെന്ന്.
സൂര്യരശ്മി തട്ടുമ്പോള്‍ തിളങ്ങുന്ന തന്റെ കഴുത്തു ചെരിച്ച് പ്രാവ് ഗമയോടെ നോക്കും.
മുറ്റത്തു കൊത്തിപ്പെറുക്കിനടക്കുന്ന മറ്റുകിളികളെയും ഓടിപ്പാഞ്ഞു നടക്കുന്ന അണ്ണാരക്കണ്ണനെയും ചാഞ്ഞുചെരിഞ്ഞു നോക്കുന്ന കാക്കച്ചിയെയും ആണ് നോട്ടം.
നിങ്ങക്കൊന്നും ഒരു ഭംഗീമില്ല, എന്നെക്കാണാന്‍ എന്തു ഭംഗിയാണ് എന്നാണ് ആ നോട്ടത്തിന്റെ അര്‍ത്ഥം.

പ്രാവ് ഗമയോടെ ആരെ വേണമെങ്കിലും നോക്കിക്കോട്ടെ, പക്ഷേ അപ്പൂന്റെ വീട് വൃത്തികേടാക്കാമോ ഈ പ്രാവുകള്? അതെയെന്നേ,അപ്പൂന്റെ വീടിന്റെ ടെറസില്‍ ആണ് ഈ പ്രാവുകളുടെ താമസം. എന്നിട്ട് ബാല്‍ക്കണിയില്‍ വന്നിരുന്ന് താമസിച്ച് നിലമൊക്കെ വൃത്തികേടാക്കും. ഈ പ്രാവുകള്‍ക്ക് മറ്റു കിളികളെപ്പോലെ മരത്തില്‍ കൂടുവച്ചുകൂടെ?
മരത്തിലിരുന്ന് കാഷ്ഠിച്ചുകൂടെ? മറ്റുള്ളവരുടെ വീട് വൃത്തികേടാക്കാന്‍ ആരാണ് ഈ പ്രാവുകള്‍ക്കധികാരം കൊടുത്തത്?priya a s, story
പക്ഷേ,എല്ലായിടവും വൃത്തികേടാക്കുന്ന വൃത്തികെട്ട ജീവികള്‍ എന്നുറക്കെ വഴക്കു പറഞ്ഞ് വേലായുധമ്മാമന്‍ ടെറസ് വൃത്തിയാക്കുന്നതിനിടെ പ്രാവിന്‍ മുട്ടകള്‍ എടുത്തു കളയാന്‍ തുടങ്ങിയപ്പോള്‍,വേണ്ടാ, വേണ്ടാ എന്ന് അപ്പു ഉറക്കെ കരഞ്ഞു.
മുട്ട കാണാതായാല്‍ പ്രാവമ്മയ്ക്ക് സങ്കടം വരില്ലേ?
തന്നെയുമല്ല വലിയവര്‍ ചെയ്യുന്ന തെറ്റിന് കുട്ടികളെ ശിക്ഷിക്കാന്‍ പാടുണ്ടോ?
ഏതായാലും മുട്ട വിരിഞ്ഞോട്ടെ വേലായുധമ്മാമാ, കുഞ്ഞുങ്ങള്‍ വളര്‍ന്ന് വലുതായി അവരും നമ്മുടെ വീട് വൃത്തികേടാക്കാന്‍ തുടങ്ങിയാല്‍ നമുക്കപ്പോ പ്രാവ് കോടതിയില്‍ കേസ് കൊടുക്കാം എന്ന് അപ്പു പറഞ്ഞതു കേട്ട് വേലായുധമ്മാമന്‍ കുറേ ചിരിച്ചു.
അപ്പോള്‍ പ്രാവമ്മ കുര്‍, കുര്‍ എന്ന് കുറുകി.
താങ്ക് യു, താങ്ക് യു എന്നാണത് പറഞ്ഞത് എന്ന് അപ്പുവിന് നല്ലോണമറിയാം.
നോക്ക്,  ഇപ്പോ ഗമയോടെയല്ല ഒത്തിരി ഇഷ്ടത്തോടെയാണ് പ്രാവമ്മ അപ്പുവിനെ നോക്കുന്നത്.
പാവം, പ്രാവമ്മ…

കുമിളകള്‍

അമ്മുവിനെ അമ്മ കുളിപ്പിക്കുകയായിരുന്നു.
സോപ്പുപതച്ച് മേത്തു തേച്ചു അമ്മ. അതിനിടെ അമ്മുവിന് ഒരു വലിയ സോപ്പു കുമിള കിട്ടി.
അതെടുത്ത് വിരലറ്റത്തു പിടിച്ച് അമ്മു കുമിളയിലൂടെ അമ്മയെ നോക്കി.
അനങ്ങാതെ നില്‍ക്കുകയാണ് ്അമ്മ എങ്കിലും കുമിള ഇളകുമ്പോള്‍ അമ്മയും ഇളകുന്നതായി തോന്നുന്നത് അമ്മുവിന് നല്ലോണം രസിച്ചു പെട്ടെന്ന് സോപ്പു കുമിള പൊട്ടിപ്പോയി.
അമ്പരന്ന് കരയണോ എന്നാലോചിച്ചു നിന്നഅമ്മുവിനോട് അമ്മ പറഞ്ഞു.
പൊട്ടിപ്പൊകാനുള്ളതാണ് സോപ്പുകുമിള. അലിഞ്ഞുതീരാനുള്ളതാണ് സോപ്പ്.
വളര്‍ന്നു വലുതായി മിടുക്കിയാകാനുള്ളയാളാണ് അമ്മു്.
അമ്മ നുണ പറയാറില്ല. അപ്പോപ്പിന്നെ അമ്മ പറയുന്നത് സത്യമാകുമായിരിക്കും.
അമ്മു വളര്‍ന്ന് സാരി ചുറ്റി, കമ്മലിട്ട്, ജോലിക്കുപോയി, ശമ്പളം വാങ്ങിച്ച്, കാറോടിച്ച്, അമ്മയ്ക്ക് കഥാപ്പുസ്തകം വായിച്ചു കൊടുത്ത് വലുതാകുമായിരിക്കും.
പക്ഷേ ഇങ്ങനെ ചെറുതായിരിക്കാനാണോ അതോ വലുതാകാനാണോ രസം എന്ന് അമ്മുവിന് എത്ര ആലോചിച്ചിട്ടും തീരുമാനിക്കാനായില്ല.priya a s, story

Read More: വേനലൊഴിവിന് പ്രിയ എ എസിന്‍റെ കുഞ്ഞു കഥകള്‍, വായിക്കാം, കേള്‍ക്കാം

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook