കഥ കേൾക്കാനിഷ്ടമില്ലാത്ത കുട്ടികൾ അപൂർവ്വം. ഉണ്ണാൻ കഥ, ഉണരാൻ കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ? എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം.വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

കുഞ്ഞാമി വീട്

കുഞ്ഞാമി, ഓലയും കമ്പും കോലും ഉണക്കയിലയും പച്ചിലയും ഈർക്കിലും ചേർത്ത് വീടുണ്ടാക്കി.
ഇനി ഊണുണ്ടാക്കണ്ടേ?
പ്ലാവിലയിൽ ഈർക്കിലി കുത്തി കലം, ചീനച്ചട്ടി, ഗ്ലാസ് ഒക്കെ റെഡിയാക്കി കുഞ്ഞാമി.
കുത്തിയിരുന്ന് തുമ്പപ്പൂ പറിച്ച് പിന്നെ ചോറുണ്ടാക്കി.
മുക്കുറ്റിപ്പൂ, പരിപ്പാക്കി.
അപ്പോ പരിപ്പിലൊഴിച്ചുകൂട്ടാൻ നെയ് വേണ്ടേ?
അമ്മേടെ ചെടിച്ചട്ടിയിലെ മഞ്ഞ ജമന്തിപ്പൂ ഒരെണ്ണം പറിച്ചെടുത്ത് ഇതളടർത്തിയപ്പോൾ, ഒന്നാന്തരം നെയ്യായി.
അയ്യോ, പപ്പടം കാച്ചീല്ല.
തോടിന്റെ വക്കത്തു നിന്ന് പപ്പടപ്പച്ചില രണ്ടെണ്ണം വലുതു നോക്കി പറിച്ചെടുത്തപ്പോ പപ്പടക്കാര്യോം ശരിയായി.
ഉപ്പിനാണോ ക്ഷാമം?
ഒരു നുള്ള് മണ്ണ് പോരേ?
പ്ലേറ്റായിട്ട് വാഴയിലയുമുണ്ട്.
അപ്പോഴേക്ക് ഒരുറുമ്പു വന്നു അതിഥിയായി.
പിന്നൊരു തേൻകിളിയും.
“അതിഥികൾ വന്നത് കണ്ടില്ലേ, ആഹാരം കൊടുക്ക് വീട്ടുകാരേ” എന്ന് ഉപ്പൻ വിളിച്ചു പറഞ്ഞു.

പ്രിയ എഎസിന്റെ കുട്ടിക്കഥകൾ ഇവിടെ വായിക്കാംpriya a s , storyകുഞ്ഞാമി പ്ലേറ്റിൽ ചോറും പരിപ്പും പപ്പടവും നെയ്യും ഉപ്പും വിളമ്പി. അവിയലില്ലേ, സാമ്പാറില്ലേ, തോരനില്ലേ എന്നു ചോദിച്ചു ഉറുമ്പ്. കാളനില്ലേ, ഉപ്പേരിയില്ലേ, പഴമില്ലേ, പായസ
മില്ലേ എന്നു ചോദിച്ചു കിളി .
“എനിക്കിത്രേ ഉണ്ടാക്കാനറിയൂ” എന്നും “എനിക്ക് പരിപ്പും നെയ്യും കൂട്ടി ചോറുണ്ണാനേ ഇഷ്ടമുള്ളു” എന്നും കുഞ്ഞാമി പറഞ്ഞു.
“അതു ശരി” എന്നുമ്പറഞ്ഞ് ഊണും കഴിഞ്ഞ്, ഉറുമ്പതിഥി മിന്തിമിന്തിയും കിളിയതിഥി പറന്നു പറന്നും പോയി.
വേറെ ഉറുമ്പിനേം വേറെ കിളിയേം കൂട്ടിക്കൊണ്ടു വരാനായിരിക്കും അവർ പോയത്.
അങ്ങനെ വിചാരിച്ച് ആമി വാഴയിലയിൽ മുഖം വച്ചുറങ്ങിപ്പോയി. തുമ്പപ്പൂവും ജമന്തിപ്പൂവും മണ്ണും പറ്റിയത് തൂത്തുകളഞ്ഞ് അമ്മ അവളെ എടുത്തോണ്ടു പോയി കിടക്കയിൽ കിടത്തി.

 

വേനലിന്റെ ദാഹം

പുല്ലിനിടയിൽ ചാടിക്കളിക്കുന്ന പച്ചക്കുതിരയ്ക്കും നുണയാൻ വെള്ളമില്ല.
സപ്പോട്ടക്കാ തിന്നാൻ വരുന്ന അണ്ണാന് നക്കിക്കുടിക്കാനും വെള്ളമില്ല. അങ്ങനെയിങ്ങനെ പാഞ്ഞു നടക്കുന്ന കീരികൾക്കും കിട്ടിയില്ല വെള്ളം.
വഴിയിലൂടെ നിര നിരയായും അല്ലാതെയും നടക്കുന്ന പശുക്കൾക്കുമില്ല വെള്ളം.
എല്ലാവർക്കും ദാഹം തന്നെ ദാഹം.
വേനലാണ് വേനൽ.
കടുത്ത വേനൽ.
കിണറും കുളവുമൊക്കെ വറ്റുന്ന വേനൽ.
പാത്രം കഴുകാനും കുളിക്കാനുമൊക്കെ എല്ലാവരും വെള്ളം കുറച്ചു മാത്രമെടുക്കുന്ന വേനൽ.
ടാപ്പുകളെല്ലാം എല്ലാവരും ഇറുക്കെയsച്ച് വെള്ളമിറ്റിറ്റു വീഴാതെയാക്കുന്ന വേനൽ.
അപ്പോഴാണ് അമ്മ പറഞ്ഞിട്ട് കുഞ്ഞൻ ഒരു മൺചട്ടി നിറയെ വെള്ളം കൊണ്ടു വന്ന് വഴിയരികിൽ വെച്ചത്.
കാക്കയും കിളികളും അണ്ണാരക്കണ്ണനും പൂച്ചയും പച്ചക്കുതിരയും കീരിയും പശുക്കളും പട്ടിക്കുട്ടന്മാരും എങ്ങാണ്ടു നിന്നൊക്കെയോ ഓടി വന്നു.
പച്ചക്കുതിര ചുണ്ട് വെള്ളത്തിൽ തൊടുവിച്ചു. priya a s ,story
പൂച്ച വെള്ളം നക്കിക്കുടിച്ചു.
മടുമടാന്ന് വെള്ളം കുടിച്ചത് പശു.
നാവു വെള്ളത്തിലേക്കു നീട്ടിയിട്ടത് പട്ടിക്കുട്ടന്മാര്.
അങ്ങനെയങ്ങനെ എത്ര പെട്ടെന്നാണ് വെള്ളം തീർന്നത്!
കുഞ്ഞന്റെ പോക്കറ്റിൽ കയറിയിരുന്നു പച്ചക്കുതിര.
പശുവമ്മ കുഞ്ഞനെ നോക്കി ‘ഉംബേ’ എന്ന് ഒരു ചിരി പാസ്സാക്കി.
കാക്കച്ചൻ പഴുത്ത മാങ്ങാ കൊത്തിത്താഴെയിട്ടു കൊടുത്തു കുഞ്ഞന്.
പട്ടിക്കുട്ടൻ വാലാട്ടി.
പൂച്ച, കുഞ്ഞനെ ഉരുമ്മി.
അമ്മ അതെല്ലാം നോക്കി നിന്നു.
“ഇത്തിരി കൂടി വെള്ളമൊഴിച്ച് നിറച്ചു വയ്ക്ക് കുഞ്ഞാ ആ പാത്രം” എന്നു പറഞ്ഞു അമ്മ.
കുഞ്ഞനുമമ്മയും പിന്നെ വഴിയേ പോകുന്ന മനുഷ്യർക്ക് കുടിക്കാനായി, ഇഞ്ചിയും കറിവേപ്പിലയും കാന്താരിമുളകും ഉപ്പും ചേർത്തു നേർപ്പിച്ച മോര് എന്ന ‘മോരും വെള്ളം’ ടാപ്പുള്ള മൺകൂജയിൽ ഗേറ്റിന്റെ തൂണിനു മുകളിൽ കൊണ്ടു വച്ചു.

Read More: മഴവിൽ സൈക്കിൾ, ഒരിലയും കുഞ്ഞു പൂമ്പാറ്റയും എന്നീ കഥകള്‍ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook