കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ?

എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം.

വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

കൊമ്പേപ്പിടി, വാലേപ്പിടി

കുഞ്ഞന്റെ വീട്ടില്‍ എല്ലാവരും പുസ്തകം വായിക്കും. കുഞ്ഞന്റെ അപ്പൂപ്പനും അമ്മൂമ്മയും അച്ഛനും അമ്മയും എല്ലാം.

അപ്പൂപ്പന്‍, പത്രക്കാരന്‍ കൊണ്ടു വരുന്ന ആഴ്ചപ്പതിപ്പുകളാണ് വായിക്കുക. അച്ഛന്‍, പത്രങ്ങളാണ് വായിക്കുക. പത്രങ്ങളില്‍ ന്യൂസ് എഴുതുന്നയാളല്ലേ അച്ഛന്‍, അപ്പോ ഒരുപാട് പത്രങ്ങള്‍ വായിക്കണം, കാര്യങ്ങളെല്ലാം വിശദമായി മനസ്സിലാക്കണം എന്നാണ് അച്ഛന്‍ പറയുക.
അമ്മ, അമ്മയേക്കാള്‍ വലിയ പുസ്തകങ്ങളും അമ്മയേക്കാള്‍ ചെറിയ പുസ്തകങ്ങളും വായിയ്ക്കും. ‘പാത്തുമ്മയുടെ ആടി’ന്റെ കഥ, രണ്ടു കാലില്‍ എത്തി വലിഞ്ഞു നിന്ന് ചാമ്പയ്ക്കാ തിന്നുന്ന ആ ആടിന്റെ കഥ, അമ്മ പറഞ്ഞുകൊടുത്തപ്പോ കുഞ്ഞന് ഒത്തിരി ഇഷ്ടായി.

അവള്‍0, ആ ആട് ‘ശബ്ദങ്ങള്‍’ എന്ന പുസ്തകവും തിന്നു. അബി ഇട്ട നിക്കറിന്റെ മുന്‍വശവും തിന്നു.

അപ്പോഴാണ് അബിയും കൂട്ടുകാരും കൂടി ‘കൊമ്പേപ്പിടി, വാലേപ്പിടി’ എന്നു പറഞ്ഞത്. കുഞ്ഞന്‍ വികൃതി കാണിക്കുമ്പോ, കുഞ്ഞന് വാലില്ല എങ്കിലും കൊമ്പില്ല എങ്കിലും അമ്മ പറയും, ‘കൊമ്പേപ്പിടി, വാലേപ്പിടി’.

അതു കേള്‍ക്കുമ്പോഴാണ് കുഞ്ഞന് ഇപ്പോ കാണിച്ചത് കുസൃതിയാണെന്ന് മനസ്സിലാവുക.
അമ്മൂമ്മ, രാമായണവും ഭാഗവതവും വായിച്ച് അതിലെ കഥകള്‍ വായിച്ചു കൊടുക്കും കുഞ്ഞന്. ഹനുമാനെയാണ് കുഞ്ഞനേറ്റവും ഇഷ്ടം.

അതിലെന്താ അത്ഭുതം, നീയും ഹനുമാനെപ്പോലെയല്ലേ, എപ്പഴും ചാട്ടവും ഓട്ടവും തന്നെ ഹനുമാനെപ്പോലെ എന്നാണ് അമ്മൂമ്മ പറയുക.

എല്ലാവരും എപ്പഴും എന്തെങ്കിലും വായിക്കുന്നതു കണ്ടു കണ്ട്,  അക്ഷരമൊന്നുമറിയില്ലെങ്കിലും, കുഞ്ഞനും എപ്പോഴും വായനയാണ്.

അപ്പൂപ്പന്റെ മടിയില്‍ കയറിയിരുന്ന്, അപ്പൂപ്പന്റെ ആഴ്ചപ്പതിപ്പ് ‘ആഴ്ച്ചപ്പരം’ എന്നു പറഞ്ഞ്, തല തിരിച്ചു പിടിച്ച് പേജു മറിച്ചു കൊണ്ടേയിരിക്കുന്നതാണ് കുഞ്ഞന്റെ ഹോബി. എന്നിട്ടതിലെ ചിത്രങ്ങള്‍ക്കനുസരിച്ച് കുഞ്ഞന്‍, കുഞ്ഞനു തോന്നുന്ന പോലെ ഒരു കഥ വായിക്കും.

priya a s ,childrens stories, iemalayalamഒരു ഓട്ടോ എങ്ങാണ്ടേക്ക് പോവുകായായിരുന്നു. ഒരമ്മ ഉണ്ടായിരുന്നു അതില്‍. അമ്മ, അമ്മയുടെ കുഞ്ഞനെ കാണാന്‍ പോവുകയായിരുന്നു.

കുഞ്ഞന്‍ വലുതായി കുറേ പഠിക്കാനായി അപ്പുറത്തെ മോളിച്ചേച്ചിയെപ്പോലെ കോളേജില്‍ പോയിരിക്കുകയായിരുന്നു. കുഞ്ഞന്‍ അപ്പുറത്തെ മോളിച്ചേച്ചിയെപ്പോലെ തന്നെ ഹോസ്റ്റലിലായിരുന്നു താമസം.

അങ്ങു ദൂരെയാണ് ഹോസ്റ്റല്‍. കുഞ്ഞനെ കാണാന്‍ വരട്ടേ എന്നു ചോദിച്ച് ആദ്യം ഒരു പൂച്ച, വഴിയില്‍ നിന്ന് ഓട്ടോയില്‍ കയറി. അതു കണ്ടപ്പോ പുല്ലു തിന്നു കൊണ്ട് വഴിയില്‍ നിന്നിരുന്ന ആട്ടിങ്കുട്ടിക്കും കുഞ്ഞനെ കാണണമെന്നായി.അവളും ഓട്ടോയില്‍ കയറി.

അപ്പോഴുണ്ട് അതിലേ ചുമ്മാ കറങ്ങി നടന്ന പശുക്കിടാവും അവളുടെ മേലിരുന്ന കുഞ്ഞിക്കിളികള്‍ നാലെണ്ണവും കൂടി തിക്കിത്തിരക്കി ഓട്ടോയില്‍ കയറി. കുറച്ചു കഴിഞ്ഞപ്പോ ഓട്ടോക്കാരന്‍ പറഞ്ഞു-ഇപ്പോ ഒരു വലിയ മഴ വരാന്‍ പോകുന്നുണ്ട്. നമുക്ക് നാളെ പോവാം കുഞ്ഞനെ കാണാന്‍ എന്ന്.

അതു ശരിയാ, അമ്മയ്ക്കു മാത്രമല്ലേ കുടയുള്ളൂ, എന്നാ അമ്മ പോയിട്ടു വരട്ടെ എന്നു പറഞ്ഞ് അവരെല്ലാം ഓട്ടോയില്‍ നിന്ന് താഴെയിറങ്ങി. എന്നിട്ട് അമ്മയ്ക്ക് റ്റാ റ്റാ പറഞ്ഞു.

അക്ഷരമൊന്നുമറിയില്ലെങ്കിലും ആഴ്ച്ചപ്പതിപ്പിലെഴുതിയിരിക്കുന്ന കഥ അസ്സലായി വായിക്കാറായല്ലോ എന്നു പറഞ്ഞ് അപ്പൂപ്പന്‍ കുഞ്ഞനെ കെട്ടിപ്പിടിച്ചു പറഞ്ഞു. എന്നിട്ട് ആഴ്ച്ചപ്പതിപ്പ് തല തിരിച്ചു പിടിച്ച്, അക്ഷരമൊന്നുമറിയാതെ നടത്തിയ വായനയ്ക്ക് പകരമായി അപ്പൂപ്പന്റെ മേശയിലെ ചില്ലു ഭരണി തുറന്ന് രണ്ടു നാരങ്ങാ മിഠായികള്‍ കുഞ്ഞന് സമ്മാനമായി കൊടുത്തു.

ഒന്ന് ഓറഞ്ച് നിറത്തിലെ. പിന്നൊന്ന് മഞ്ഞനിറത്തിലെ. നല്ല സ്വാദും ഭംഗിയുമാണ് നാരങ്ങാ മിഠായിക്ക് എന്ന് കുഞ്ഞന്‍ ആഴ്ച്ചപ്പരത്തിലെ കഥയോട് പറഞ്ഞു.

കഥ,കുഞ്ഞനെ നോക്കി അക്ഷരപ്പല്ലുകള്‍ കാണിച്ച് നല്ല ഒരു ചിരി ചിരിച്ചു.priya a s ,childrens stories, iemalayalam

വിരല്‍ക്കളി

ഉമ്മുഖൊല്‍സു ഒരു മൂലയിലിരുന്ന് കളിക്കുകയായിരുന്നു.

വിരലുകള്‍ കൊണ്ടാണ് കളി. തള്ളവിരല്‍, സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്. അതിനു തൊട്ടിപ്പുറത്തുള്ള വിരല്‍, രഥമോടിക്കുന്നയാള്‍.

നടുവിലെ വിരലാണ് രാജകുമാരി. അപ്പുറത്തുള്ള വിരല്‍ ക്‌ളാസ് റ്റീച്ചര്‍. ചെറിയ വിരല്‍ രാജകുമാരിയുടെ തോഴി.

നടുവിലെ വിരലിനാണ് ഏറ്റവും ഭംഗി. അതാണ് അവളെ ഉമ്മു രാജകുമാരിയാക്കിയത്. തള്ള വിരലിന് വല്ലാത്ത ഗൗരവമാണ്.അതാണ് ഉമ്മു അവളെ ഹെഡ്മിസ്ട്രസ് ആക്കിയത്. ചെറുവിരല്‍ ഒരു പാവത്താനാണ്, അതു കൊണ്ടാണവളെ തോഴിയാക്കിയത്. ക്‌ളാസ് റ്റീച്ചര്‍ വിരലിന് ആവശ്യത്തിന് ഗൗരവവുമുണ്ട്, ആവശ്യത്തിന് ചിരിയുമുണ്ട്.

ഇപ്പോ തുടങ്ങിയിട്ടേയുള്ളു സ്‌ക്കൂള്‍. രാജകുമാരി മാത്രമേ ഇപ്പോ പഠിക്കുന്നുള്ളു. ബാക്കി കുട്ടികളും കൂടി വന്നിട്ടു മാത്രമേ ക്‌ളാസുകള്‍ ശരിയ്ക്കും തുടങ്ങൂ. അതു വരെ രാജകുമാരി രഥത്തിലാണ് വരിക സ്‌ക്കൂളില്‍.

സ്‌ക്കൂളില്‍ കുറേ കുട്ടികള്‍ ചേരുമ്പോള്‍, സ്‌ക്കൂള്‍വാന്‍ ഒക്കെ വേണ്ടി വരും . അപ്പോ രാജകുമാരി രഥത്തില്‍ വരുന്നതു നിര്‍ത്തി സ്‌ക്കൂള്‍വാന്‍കാരിയാകും മറ്റു കുട്ടികളെപ്പോലെ.
അപ്പോ രാജകുമാരിയും മറ്റു കുട്ടികളെപ്പോലെ നീലയും വെള്ളയും യൂണിഫോമും ഇടാന്‍ തുടങ്ങും.

അതു വരെ പാട്ടും ഡാന്‍സും മാത്രമേ റ്റീച്ചര്‍ പഠിപ്പിക്കൂ. ഒരു രഹസ്യമുണ്ട്.priya a s ,childrens stories,iemalayalam
രാജകുമാരി, രാജാവ്-അച്ഛനോട് സ്‌ക്കൂളില്‍പ്പോകണം എന്നു വാശി പിടിച്ചപ്പോ രാജാവ് തുടങ്ങിയതാണല്ലോ ഈ സ്‌ക്കൂള്‍…

അതെന്തിനാണെന്നോ വാശി പിടിച്ചത്, മറ്റു കുട്ടികളുടെ കൂടെ ചിരിക്കാനും വര്‍ത്തമാനം പറയാനും കളിക്കാനും വഴക്കു കൂടാനും തല്ലു കൂടി പൊത്തോന്ന് വീഴാനും ഒക്കെയാണ്. കൊട്ടാരത്തിലിതൊന്നും പറ്റില്ലല്ലോ.

എപ്പോഴും കുറേ തോഴിമാര്‍, എന്തു വേണം രാജകുമാരി എന്നു ചോദിച്ച് പിന്നാലെ നടക്കും.  രാജകുമാരിയെ ഒന്നു തള്ളിയിടാനോ വഴക്കു കൂടി പിച്ചാനോ ഒരു കുട്ടി പോലുമില്ല അവിടെ.

അങ്ങനെ മടുത്തപ്പോഴാണ് രാജകുമാരി സ്‌ക്കൂള്‍ തുടങ്ങച്ഛാ എന്നു വാശി പിടിച്ചത്. ആ നോക്ക്, അപ്പുറത്തെ കൈയിലെ കുട്ടികളൊക്കെ സക്കൂളില്‍ ചേരാന്‍ എത്തിയവരാണ് കേട്ടോ.

ഇനി ഇപ്പോ നല്ല ബഹളമാവും സ്‌ക്കൂളില്‍. ചിരീം കരച്ചിലും പിണക്കവും മാന്തും പിച്ചും കടിയും അടിയു ഒക്കെ ഉണ്ടാവും.

രാജകുമാരി ഇനി പച്ചയും വെള്ളയും യൂണിഫോമിടേണ്ടി വരും സാധാരണ കുട്ടികളെപ്പോലെ.
അതിന് രാജാവ് സമ്മതിക്കുമോ ആവോ ?

ദേ നോക്ക്, രാജകുമാരിയെ ബും ബും എന്ന് ഇല്ലാവണ്ടി ഓടിച്ചു വന്ന കുട്ടി ഇടിച്ചു താഴെയിട്ടു കഴിഞ്ഞു.

ആ കുട്ടി, മറ്റേക്കെയിലെ ചെറിയ വിരലാണ്. ഇനി അവനെ രാജകുമാരി തള്ളിത്താഴെയിടും. അവനും തിരിച്ചെന്തെങ്കിലും ചെയ്യും രാജകുമാരിയെ .

കൈകള്‍ രണ്ടും കൂടി ആകെ കോലാഹലമാകുന്നതും നോക്കി ഉമ്മുഖൊല്‍സു ഇരുന്നു.

നമ്മള്‍ വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ ആയല്ലോ. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് ഇരുപത്തിനാല് വരെ കഥകളായി നമ്മളെത്തി നില്‍ക്കുന്നു.

നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത്, ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞു തരാനാവൂ.

നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ ചേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ?  കഥകള്‍ക്ക് താഴെ കമന്റ്‌ ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു… 

Read More Stories for Children by Priya AS here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook