കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ?

എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം.

വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

കിളിപ്പെണ്ണും പാമ്പും

അമ്മിണി രാവിലെ കണ്ണും തിരുമ്മി കിടക്കയില്‍ നിന്ന് എണീക്കാന്‍ പോകുന്നതേ ഉണ്ടായിരുന്നുള്ളു. കുഞ്ഞിക്കിളി, ജനല്‍ കമ്പിയില്‍ വന്നിരുന്ന് ‘മടിച്ചി, മടിച്ചി’ എന്നു ചിലച്ചപ്പോള്‍ അമ്മിണിക്ക് ദേഷ്യം വന്നു. ‘നീയാണ് മടിച്ചിക്കോത’ എന്നു പറഞ്ഞ് അവളെ കൈയോങ്ങി ഓടിക്കാന്‍ തുടങ്ങുകയായിരുന്നു അമ്മിണി.

അപ്പോഴാണ് അമ്മിണി കണ്ടത്, സൈഡ് റ്റേ ബിളിലിരിക്കുന്ന റ്റേ ബിള്‍ ലാംപിന്റെ ഒരു വശത്തു കൂടി ഒരു കുഞ്ഞു കറുത്ത പാമ്പ് പത്തി ഇളക്കി ആടുന്നു. അമ്മിണി, ‘അയ്യോ അമ്മേ’ എന്നു കരഞ്ഞു കൂവിയതു കേട്ട് അമ്മ ഓടി വന്നു.

അമ്മിണി കൈ ചൂണ്ടിപ്പറഞ്ഞു, ‘ദേ പാമ്പ്’. അമ്മ ചിരിച്ചു കൊണ്ട് പാമ്പിനടുത്തേക്കു പോയി അതിനെ പിടിച്ചപ്പോ, അയ്യോ അമ്മേ അത് കൊത്തും എന്ന് അമ്മിണി ഞെട്ടിക്കരഞ്ഞു.

‘നോക്ക്’ എന്നമ്മ അതിനെ തൊട്ടു കൊണ്ടു പറഞ്ഞപ്പോഴല്ലേ അമ്മിണിയ്ക്കു കാര്യം പിടി കിട്ടിയത്… അത് റ്റേബിള്‍ ലാംപിന്റെ കറുത്ത വയറും പ്‌ളഗ്പിന്നും ആയിരുന്നു.

അമ്മിണി അയ്യടാന്നായി. ‘നാണിച്ചു പോയേ’ എന്ന് അപ്പോള്‍ കുഞ്ഞിക്കിളി പറന്നു വന്ന് ഒച്ച വെച്ചു ജനിലിലിരുന്നു. അമ്മിണി, ‘പോ കിളിപ്പെണ്ണേ’ എന്നവളോട് കളിയായി, തിരിച്ചും ഒച്ച വെച്ചു.priya a s ,childrens stories, iemalayalam

തോണിയാത്ര

പാത്തു, വള്ളത്തിൽ അച്ഛനൊപ്പം അക്കരക്ക് പോവുകയായിരുന്നു. അക്കരെയാണ് അച്ഛന്റെ വീട്. അങ്ങോട്ടിടയ്ക്കൊക്കെ പോയിപ്പോയി, പാത്തുവിന് കായലിലെ വെള്ളത്തിൽ ആടിയാടി നിൽക്കുന്ന വള്ളത്തിൽ കയറ്റമൊക്കെ എളുപ്പമായിക്കഴിഞ്ഞിരുന്നു.

വള്ളത്തിന് തോണി എന്നും വഞ്ചി എന്നും പേരുണ്ട്. കയറുമ്പോൾ അങ്ങോട്ടിങ്ങോട്ട് ആടിപ്പോവാതെ, ആരും കൈപിടിക്കാതെ വള്ളത്തിൽ കയറുമ്പോ പാത്തു, എന്റെ മിടുക്ക് എല്ലാവരും കാണണില്ലേ എന്ന മട്ടിൽ ചുറ്റും നോക്കും. എന്നിട്ട് അഭിമാനത്തോടെ വള്ളപ്പടിയിൽ അച്ഛനൊപ്പമിരിക്കും. അച്ഛനവളെ ചേർത്തു പിടിക്കും.

പാത്തു ഇരുന്ന് ആകാശം നോക്കും. മേഘങ്ങൾ തെന്നിത്തെന്നി നീങ്ങുന്നത് നോക്കി നോക്കി ഇരിക്കുമ്പോൾ ആകാശം ഒരു കാടാണെന്ന് പാത്തുവിനു തോന്നും.

ആ നീണ്ട മേഘം ഒരു ചീങ്കണ്ണിയാണ്, വെയിൽ കായാൻ പുഴവക്കത്ത് വന്നു കിടക്കുകയാണ്. ഒരു കുഞ്ഞുമേഘം അതിലെ കൂടി വരുന്നതു കണ്ടോ, അതൊരു കുഞ്ഞു മുയലാണ്. അവനെ മുതല ദാ നോക്ക് പിടിച്ചു കഴിഞ്ഞു. ശ്ശോ, കഷ്ടമായി പോയി.ഇതൊന്നും ശ്രദ്ധിക്കാതെ വരുന്ന ആ മേഘമില്ലേ, അത് ചെവിയാട്ടി, വാലാട്ടി തുമ്പിക്കൈയാട്ടി വരുന്ന ആനക്കൂറ്റനാണ്. അരികത്തു കൂടി വരുന്ന കുഞ്ഞ് മേഘം അത് തല നീട്ടിപ്പിടിച്ച ഒരാമയാണ്.

ഇവരാരും അറിയാതെ പുറകേ പതുങ്ങി നിൽക്കുന്ന തോക്കു പിടിച്ച വേട്ടക്കാരനാണ് കാട്ടിലെ വലിയ പ്രശ്നം. അയാളെ തൂക്കിയെടുത്തു പറക്കുകയാണ് ആനറാഞ്ചിപ്പക്ഷി. അപ്പോഴത്തേക്ക് കാട്ടിൽ സൂര്യനുദിച്ചു. ആ വെളിച്ചത്തിൽ, ഇളകുന്ന ഒരു നീളൻ വെള്ളിനിറപ്പട്ടുസാരി പോലെ തോന്നി പാത്തുവിന് കായൽ.

പിന്നെ പാത്തു വള്ളത്തിൽ നിന്ന് കൈയിട്ട് വെള്ളത്തിൽ തൊട്ട് അച്ഛനെ നോക്കി ചിരിച്ചു. ഒരു തേങ്ങ ഒഴുകി നടപ്പുണ്ടായിരുന്നു. താറാക്കൂട്ടം ‘ക്വാക് ക്വാക്’ എന്നു പറഞ്ഞ് താറാവുകാരനെ അനുസരിച്ച് വരി തെറ്റാതെ നീന്തി. അപ്പോഴേക്ക് കടവെത്തി.

ആദ്യം വള്ളത്തിൽ നിന്നിറങ്ങിയത് പാത്തു. ആ… ‘നമ്മടെ പാത്തു അല്ലേ ഇത്’ എന്നു ചോദിച്ചു കായൽവക്കത്ത് നിന്ന ഓറഞ്ചും പച്ചയും ഇലകളും വെള്ളപ്പൂക്കളുമുള്ള ഒതള മരം. തൊട്ടരികിൽ ഇളകിക്കളിച്ചു നിന്ന കരിങ്ങാട്ടക്കുല, ഏതോ കഥയിലെ യക്ഷിയുടെ നീളൻ കമ്മലാണെന്നു തോന്നി പാത്തുവിന്.

കടവത്തു കൂടെ അച്ഛന്റെ കൈ പിടിച്ച് അച്ഛന്റെ വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ, ഇന്ന് യക്ഷിയുടെ കഥയാവുമോ രാത്രിയിൽ അച്ഛമ്മ പറയുക എന്നാലോചിച്ചു.priya a s ,childrens stories, iemalayalam

നമ്മള്‍ വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ ആയല്ലോ. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് പത്തൊന്‍പതു വരെ കഥകളായി നമ്മളെത്തി നില്‍ക്കുന്നു.

നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത് ,ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞു തരാനാവൂ…

നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ ചേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ?  കഥകള്‍ക്ക് താഴെ കമന്റ്‌ ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു… 

Read More Stories for Children by Priya AS here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook