കഥ കേൾക്കാനിഷ്ടമില്ലാത്ത കുട്ടികൾ അപൂർവ്വം. ഉണ്ണാൻ കഥ, ഉണരാൻ കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ? എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

കഥ വരുന്ന വഴി

ആമയും മുയലും കഥ കേട്ട് കുഞ്ഞന് മടുത്തു. എപ്പഴും അതില് മുയല് ഉറങ്ങും, ആമ ജയിക്കും. ആമയും മുയലും ഒരിക്കൽ കൂടി എന്ന കഥയും കുഞ്ഞന് കേട്ടു മടുത്തു. അതില് ഇത്തവണ ജയിക്കുമെന്നുറപ്പിച്ചു മുയല് ആമയുമായി പിന്നേം വാതുവച്ച് വേറെ എന്തെങ്കിലും മണ്ടത്തരം കാണിച്ച് പിന്നേം തോൽക്കും. ഇനി അഥവാ മുയല് മിടുക്കനായി മണ്ടത്തരത്തിലൊന്നും ചെന്നു ചാടാതെ ജയിക്കണ കഥയാണെങ്കിലും കുഞ്ഞന് കേക്കണ്ട.

എന്നും ഒരു ആമയും മുയലും അല്ലെങ്കിൽ മുയലും ആമയും. ലോകത്തെങ്ങും വേറൊരു ജീവികളില്ലാത്ത പോലെ. അങ്ങനെയാണ് കുഞ്ഞൻ, അമ്മ പറയണ്ട കഥ, ഞാമ്പറയാം ഇന്നു കഥ എന്ന് പ്രഖ്യാപിച്ചത്.

എന്നിട്ടു കുഞ്ഞൻ, ജിറാഫും മയിലും കൂടി ഓട്ടമത്സരത്തിനു പോയ കഥ വിസ്തരിച്ചു. മേഘമായിരുന്നു പന്തയം ജഡ്ജ് ചെയ്തത്. നാലുകാലും പൊക്കി പറ പറ എന്ന് പൊരിവെയിലത്ത് ജിറാഫ് ഓടണത് കണ്ട് ഹ, ഹ, ഹാ എന്നു മേഘം ആർത്തു വിളിച്ചപ്പോഴാണ് ഇടി ഉണ്ടായത്.

മയിൽ എന്ന സുന്ദരപുരുഷൻ നീളമുള്ള പീലി ഭാരമൊക്കെ ഒതുക്കി പ്പിടിച്ച് ഓടാൻ നോക്കിയപ്പോ നല്ല ഭംഗി വന്നതല്ലാതെ ഓട്ടത്തിനുണ്ടോ വേഗത വരുന്നു! മേഘം ആ മയിലഴക് നോക്കി പൊട്ടിച്ചിരിച്ചപ്പോഴാണ് മഴ തൂളിയതും മഴവില്ല് തെളിഞ്ഞതും.

മഴ തൂളിയതും മയില് പതുക്കെ പീലി വിരിച്ചു കൊണ്ട് ഓട്ടമായി. ആദ്യമായി മഴവില്ല് കാണുന്ന ജിറാഫ്‌, കഴുത്തു നീട്ടി മഴവില്ലിനെത്തന്നെ നോക്കി ഹായ് എന്നു പറഞ്ഞ് ഓട്ടം മറന്ന് നിൽപ്പായി.

പിന്നെ മഴ വല്യ തുള്ളി മഴയായി വല്യ മഴയായി.ആദ്യമായൊരു വല്യ മഴ കൊള്ളുന്ന മയിൽ, ഓട്ടം നിർത്തി വട്ടത്തിൽ കറങ്ങി കറങ്ങി നൃത്തം ചെയ്തു. അതു കണ്ട് ജിറാഫ്‌ ഓട്ടക്കാരൻ പുറകോട്ടോടി വന്ന് മയിൽ നൃത്തക്കാരനെ കെട്ടിപ്പിടിച്ചു. അവര് ഓട്ടമത്സരത്തിന്റെ കാര്യം മറന്നേ പോയി. അല്ലെങ്കിലും മഴയത്തെന്ത് മത്സരം അല്ലേ, അമ്മേ എന്ന് ചോദിച്ച് കുഞ്ഞൻ കഥ നിർത്തി.

അമ്മ കുഞ്ഞന് ഉമ്മ കൊടുക്കുകയും കൈയടിക്കുകയും ചെയ്തു. മയിലും ജിറാഫും കൂടി മാർക്കറ്റിൽ നാളെ ഓറഞ്ച് വാങ്ങാൻ പോണ കഥ നാളെ പറഞ്ഞു തരാം എന്ന് കുഞ്ഞൻ പറഞ്ഞു. അല്ലെങ്കിൽ തത്തമ്മയും കീരിയും കൂടി സിനിമ കാണാൻ പോയ കഥ പറയാം നാളെ എന്ന് കുഞ്ഞൻ അമ്മയെ ഉമ്മ വച്ചു.

എപ്പഴും ആമയും മുയലും കഥ തന്നെ പറയുന്ന അമ്മ, “അയ്യോ ഞാനെന്തൊരു മണ്ടി, ഈ ലോകത്തെന്തെല്ലാം തരം കഥകളാണ് ഉള്ളതെ”ന്നു വിചാരിച്ചു നാണിച്ച് കുഞ്ഞനെ ഒന്നു കൂടി ഉമ്മ വച്ചു.

Read More: Priya A S Stories for Children: പ്രിയ എഎസിന്റെ കുട്ടിക്കഥകൾ read aloud stories for children, stories for children, children stories children stories in malayalam, priya a s, priya a s stories, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ദോശയുമ്മ

അമ്മ ദോശ ഉണ്ടാക്കുകയായിരുന്നു.എങ്ങനെയാ ദോശമാവുണ്ടാക്കണത് എന്ന് കുഞ്ഞനറിയാം. അമ്മൂമ്മ പറഞ്ഞു കൊടുത്തിട്ടുണ്ട് അതൊക്കെ കുഞ്ഞന്.

ആദ്യം ഉഴുന്നും അരിയും അളന്ന് വെള്ളത്തിലിട്ടു വയ്ക്കും കുറച്ചു നേരം. പിന്നെ വെള്ളം ഊറ്റിക്കളഞ്ഞ് മിക്സീലിട്ട് അരയ്ക്കും. ഇടയ്ക്ക് മിക്സി ഗ്ർ എന്ന് ഇത്തിരി ഇത്തിരി ദേഷ്യപ്പെടും. അപ്പോ ഇത്തിരി ഇത്തിരി വെള്ളം ഒഴിച്ചു കൊടുക്കണം. ഉഴുന്നും അരിയും കാണാതാകും വരെ അരയ്ക്കണം. നെറ്റിയിൽ തൊടുന്ന ചന്ദനം പോലെ അരയ്ക്കണം. തവികൊണ്ട് കോരിയെടുക്കാൻ പാകത്തിലരയ്ക്കണം.

നല്ല മയത്തിലരച്ചു വച്ച മാവ് പുളിയ്ക്കാൻ വയക്കണം. പിന്നെ ദോശക്കല്ല് അടുപ്പത്ത് വയക്കണം. അടുപ്പ് കത്തിക്കണം.മാവ് തവിയിലെടുത്ത് ദോശക്കല്ലിന്റ നടുവിലേക്ക് ഒഴിക്കണം. പപ്പടവട്ടത്തിൽ പരത്തണം. പിന്നേം വലുതാക്കി പരത്തി അമ്പിളി വട്ടത്തിലാക്കണം. നെയ്യ് സ്പൂണിൽ ദോശേടെ മേത്ത് പുരട്ടണം.

 

ശൂ എന്ന് ഒച്ചവെച്ച് ദോശ മൊരിയുമ്പോ അത് ചട്ടുകം കൊണ്ട് മറിച്ചിടണം. അയ്യോ, പറ്റുന്നില്ലേ? ദോശക്കല്ലില് അത് ഒട്ടിപ്പിടിച്ചോ? തീ കൂടീട്ടൊന്നുമല്ല മണ്ടിയമ്മേ, ദോശ അങ്ങനെയായത്. ഒത്തിരി സ്നേഹം വരുമ്പോ കുഞ്ഞൻ അമ്മക്കുട്ടിയെ ഉമ്മ വയ്ക്കുമ്പോലെ ദോശക്കുഞ്ഞൻ ദോശക്കല്ലമ്മയെ ഉമ്മ വച്ചതാ.

അതെയെന്നേ,ദോശ മകനാണെന്നേ. ദോശക്കല്ലമ്മയുടെ പുന്നാര മകൻ. അവരുമ്മ വച്ചു കഴിഞ്ഞതും , ദാ കണ്ടോ ദോശ ദോശക്കല്ലിൽ നിന്നു വിട്ടു വരുന്നത്? ഇനി അമ്മ മാറ്, അച്ഛനുണ്ടാക്കിപ്പഠിക്കട്ടെ ദോശ.

കുഞ്ഞൻ ദോശയുണ്ടാക്കാത്തതേ, കുഞ്ഞൻ കുഞ്ഞല്ലേ, അടുപ്പു വരെ കുഞ്ഞന്റെ കൈ എത്തൂല്ലല്ലോ, കുഞ്ഞൻ വെറുമൊരു പാവം കുഞ്ഞനല്ലേ?read aloud stories for children, stories for children, children stories children stories in malayalam, priya a s, priya a s stories, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Read More: പ്രിയ എ എസിന്റെ കുട്ടിക്കഥകള്‍ മഴത്തവളയും മഴക്കൈനീട്ടവും, വരാൽക്കുളം എന്നിവ കേള്‍ക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook