കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ? എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

കടല്‍ത്തീരത്ത്

ജോര്‍ജ്ജിന്റെയും ജീനയുടേയും മാമന്‍, ജോര്‍ജ്ജിനെയും അയല്‍വക്കത്തുള്ള എല്ലാ കുട്ടികളെയും ഇന്നോവയിലേക്ക് പെറുക്കിയിട്ടു ഒരു വൈകുന്നേരം. എന്നിട്ട് ബീച്ചില്‍ പോയി.

കടലിന്റെ തീരത്തിനാണ് ബീച്ചെന്നു പറയുക. അന്ധകാരനഴി ബീച്ചിലാണ് പോയത്.

‘സുനാമി വന്നപ്പോ പലയിടത്തും കടൽ പല തരത്തിൽ പെരുമാറി’ എന്ന് മാമൻ പറഞ്ഞു.

‘ആരാണ് സുനാമി ?’ എന്നു ചോദിച്ചു ജീന. ‘അത് ഒരാളല്ല എന്റെ മണ്ടീ’ എന്ന് ജോർജ് പറഞ്ഞു.

‘കടലിന്റെ സാധാരണ രീതികളപ്പാടെ മാറി, കടൽ ഒരു ഭീകരരാക്ഷസനെപ്പോലെ താന്തോന്നിത്തവും അക്രമവും കാണിക്കുന്നതിനെയാണ് സുനാമി എന്നു പറയുക’ എന്ന് മാമൻ പറഞ്ഞു.

ചിലയിടത്ത് കടൽ മുന്നോട്ടു കയറി വന്ന് ബീച്ച് ചെറുതായി, ചിലയിടത്ത് കടൽ പിൻവലിഞ്ഞ് ബീച്ച് വലുതായി എന്നു മാമന്‍ പറഞ്ഞു.

‘അതെന്താണങ്ങനെ?’ എന്നു ചോദിച്ചപ്പോള്‍ മാമന്‍ പറയുവാ, ‘ജോര്‍ജ്ജിന്റെയും ജീനയുടെയും ക്‌ളാസിലെ മുസ്തഫ ജോര്‍ജ്ജിനോട് കൂട്ടാണ്, ജീനയോടല്ല എന്നു പറയുമ്പോലെ, അത്രേയുള്ളു’ എന്ന്.

അതു ശരിയാണ്, ഒരേ ആളുകള്‍ പലരോട് പല തരത്തില്‍ പെരുമാറും. അതു പോലെയാവും കടല്‍. ഫോർട്ട്കൊച്ചിയില്‍ ഒരു സ്വഭാവം. അന്ധകാരനഴിയില്‍ വേറൊരു സ്വഭാവം. അത്രേയുള്ളു കാര്യം.

ഒരു ഞണ്ട്, സുതാര്യയെ കടിച്ചേനെ അതിനിടയ്ക്ക്. ജോര്‍ജ്, ഞണ്ടിന്റെ വരവു കണ്ട് അവളെ പിടിച്ചു മാറ്റിയിരുന്നില്ല എങ്കില്‍ കാണാമായിരുന്നു! ഞണ്ട് എന്നിട്ട്, ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ അതിന്റെ മാളത്തിലേക്കു കയറിപ്പോയി. മണ്ണില് മുഴുവന്‍ കുഴിയുണ്ടാക്കി മാളമാക്കിയിരിക്കുകയാണ് ഞണ്ടുകുട്ടപ്പന്മാര്‍.priya a s ,childrens stories,iemalayalam
അജിത്തിന്റെ പോക്കറ്റു മുഴുവന്‍ പച്ചക്കക്കള്‍ കൊണ്ട് നിറഞ്ഞു തൂങ്ങി. ‘കടലമ്മ കള്ളി’ എന്നവരെല്ലാം കൂടി മണ്ണിലെഴുതിയത് കടലമ്മയ്ക്കിഷ്ടപ്പെട്ടില്ല. എഴുതി മുഴുമിയ്ക്കും മുമ്പേ, അത് കടലമ്മ വന്ന് മായ്ച്ചു കളഞ്ഞു. മുഴുവനുമെഴുതി ഉമ്മു കൈകൊട്ടിച്ചിരിച്ചപ്പോള്‍ ഒരു തിരയായി വന്ന് കടല്‍, ഉമ്മുവിനെ ആകെ നനച്ചു കുളിപ്പിച്ചു.

ഇപ്പോ ഉമ്മുവിനെ കണ്ടാല്‍ ഒരു നനഞ്ഞ കാക്കച്ചിയെപ്പോലെയുണ്ട്, തീരത്തു നിന്നാല്‍ മതി, ഒരു പാടു ദൂരേക്കിറങ്ങരുത്, എപ്പോഴാണ് കടലിന്റെ സ്വഭാവം മാറുക എന്നറിയില്ല എന്ന് മാമന്‍ പറഞ്ഞു.

ഒരിയ്ക്കല്‍ ചെറായി ബീച്ചില്‍ വച്ച് കടലിന് കലി വന്നതും ഒരു കുട്ടിയെ കടലലറി വന്ന് തിരയില്‍ മുക്കി കൊണ്ടു പോയതും അവളുടെ അച്ഛന്‍ പുറകേ നീന്തിച്ചെന്ന് അവളെ രക്ഷിച്ചതും തിര അവളടെ ഉടുപ്പ് തോരണം പോലെ കീറിയിരുന്നു അപ്പോഴെന്നും സുതാര്യ പറഞ്ഞതു കേട്ടപ്പോള്‍, ജീനയ്ക്ക് പിന്നെ കടലിലിറങ്ങാന്‍ പേടിയായി.

അപ്പോള്‍ പേടിയ്ക്കണ്ട എന്നു പറഞ്ഞ്, കടല്‍ നല്ല ഒരാളാണ് എന്നു പറഞ്ഞ് കടലിനെ ഉമ്മ വച്ച് ചോപ്പു സൂര്യന്‍ ആകാശത്തുനിന്നിറങ്ങി വന്നു. പിന്നെ സൂര്യന്‍ കടലിലെ മാളികയിലേക്കോ മറ്റോ ഉറങ്ങാന്‍ പോയി.

പിന്നെ ജോര്‍ജ്ജും ജീനയും സുതാര്യയും അജിത്തും ഉമ്മുവും മാമനും കൂടി കപ്പലണ്ടിക്കാരന്റെ ചീനച്ചട്ടിയില്‍ നിന്നു ചൂടോടെ വാങ്ങിയ കപ്പലണ്ടി കൊറിയ്ക്കുകയും പിന്നെ പട്ടം പറത്തുകയും ചെയ്തു.

ഇരുട്ടായിത്തുടങ്ങിയപ്പോള്‍ ആകെ കടല്‍ത്തീരമണ്ണില്‍ കുളിച്ച കുറച്ചു കുട്ടികളുമായി ഒരു ഇന്നോവ മടങ്ങിപ്പോയത് നീങ്ങളുടെ ആരുടെയെങ്കിലും വീടിനു മുന്നിലൂടെയാണോ? എങ്ങനെ വൃത്തിയാക്കിക്കാണും മാമന്‍, ആ മണ്‍വണ്ടി ?priya a s,childrens stories,iemalayalam

അമ്മക്കുട്ടിക്ക് ഒരു കഥ

എന്നും രാത്രി അല്ലിയ്ക്ക് അമ്മയാണല്ലോ കഥ പറഞ്ഞു കൊടുക്കാറ്… പാവം അമ്മയ്ക്ക് കഥ പറഞ്ഞു കൊടുക്കാനാരുമില്ലല്ലോ എന്ന് ആലോചിച്ചു ഒരു ദിവസം അല്ലി.

‘വാ വന്ന് മടിയില്‍ക്കിടക്ക്, ഞാന്‍ കഥ പറഞ്ഞുറക്കാം’ എന്നു പറഞ്ഞു അല്ലി. ‘അല്ലിയുടെ കുഞ്ഞിക്കാല്‍ വേദനിക്കില്ലേ അമ്മ തല വച്ചാല്‍’ എന്നു ചോദിച്ചു അമ്മ.

അല്ലി അപ്പോ കുഞ്ഞിപ്പഞ്ഞിത്തലയിണ എടുത്തു കൊണ്ടു വന്ന് മടിയില്‍ വച്ചിട്ട് അതില്‍ അമ്മയെ കിടത്തി. അപ്പോ കിടക്കാന്‍ അമ്മയ്ക്കും എളുപ്പമായി, കിടത്താന്‍ അല്ലിയ്ക്കും എളുപ്പമായി.

അല്ലി, അമ്മയുടെ കവിളിലും തലമുടിയിലും തലോടി അമ്മയുടെ മടിയില്‍ അല്ലി കിടക്കുമ്പോള്‍ അമ്മ ചെയ്യുമ്പോലെ. ഫാനിന്റെ നേരെ അടിയില്‍ കിടന്നാല്‍ ജലദോഷം വരും എന്നു പറഞ്ഞ് അല്ലി ,അമ്മയെ ഇത്തിരി നീക്കിക്കിടത്തി.

പിന്നെ കഥ പറയാന്‍ തുടങ്ങി.

ഒരിടത്തൊരിടത്ത് വെയില്‍ എന്നു പറഞ്ഞ ഒരു കുട്ടിയായിരുന്നു. സൂര്യനാണ് അവന്റെ അച്ഛന്‍. ആകാശമാണ് അവന്റെ അമ്മ. അവനും മഴയും ഇരട്ടക്കുട്ടികളായിരുന്നു.priya a s,childrens stories,iemalayalam
മഴ, പക്ഷേ മടിയനായിരുന്നു. അവന്‍, അവന് തോന്നുമ്പോഴൊക്കെയേ ഭൂമി-സ്‌ക്കൂളില്‍ പോകൂ. അവന്‍ വലിയ വഴക്കാളിയുമായിരുന്നു. അവന്‍ വെയിലിനെ ഠും ഠും എന്ന് ഇടിക്കുമായിരുന്നു. അതു കൊണ്ട് അവരെ വേറെ വേറെ സ്‌ക്കൂളിലാണ് ചേര്‍ത്തത് അച്ഛനുമമ്മയും.

ഇത്രേയുള്ളുു കഥ എന്നു പറഞ്ഞു അല്ലി.

ബാക്കി കൂടി പറയ്, ഇതു കുഞ്ഞു കഥയായിപ്പോയി എന്ന് പരാതി പറഞ്ഞു ചിണുങ്ങി, അമ്മ. രാത്രിയായില്ലേ, മഴയും വെയിലും ഉറങ്ങാന്‍ പോയി, ഇനി നാളെ അവരുണരുമ്പോ ബാക്കി കഥ പറയാം, നല്ല കുട്ടിയായി ഉറങ്ങ്, വേഗമുറങ്ങ് അമ്മ ക്കുട്ടി എന്ന് അമ്മയെ പുന്നാരിച്ചു അല്ലിക്കുട്ടി.

നാളെ കഥ പറയുമ്പോ മഴയും വെയിലും – അവര് രണ്ടു പേരും നല്ല കൂട്ടാവുന്ന ഒരു കഥ പറയണേ എന്നു അമ്മ കൊഞ്ചി.

‘കൊഞ്ചിയതു മതി,നേരത്തോ ഉറങ്ങി നേരത്തേ എണീറ്റ് പല്ലു തേച്ച് പാലൊക്കെ കുടിച്ചാലല്ലേ അമ്മ വലുതായി നല്ല മിടുക്കി അമ്മക്കുട്ടിയാവൂ’ എന്നു പറഞ്ഞു അല്ലി.

അമ്മ, തലയാട്ടി. പിന്നെ വേഗം അല്ലിയെ അനുസരിച്ചു കണ്ണടച്ചുറക്കവുമായി. തലയിണ ചരിച്ച് അമ്മക്കുട്ടിയെ കിടക്കയിലേക്ക് കിടത്തി, നെഞ്ചു വരെ പുതപ്പിച്ച്, ‘നല്ല സ്വപ്നം കണ്ടുറങ്ങിക്കോ, നാളേം പറഞ്ഞുതരാം കഥ’ എന്നു പറഞ്ഞ്, പിന്നെ അമ്മക്കുട്ടിയെ കെട്ടിപ്പിടിച്ച്, ‘നാളെ ഒരു പപ്പടത്തിന്റെ കഥ പറയാം’ എന്നു വിചാരിച്ച് അല്ലിയും ഉറക്കമായി.

ഇന്ന് നിങ്ങളും അമ്മയ്ക്ക് ഒരു കഥ പറഞ്ഞു കൊടുക്കണേ…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook