scorecardresearch
Latest News

വേനലൊഴിവിന് പ്രിയ എ എസിന്‍റെ കുഞ്ഞു കഥകള്‍, വായിക്കാം, കേള്‍ക്കാം-28

പരീക്ഷയും മാർക്കും, ജീവിതവും തമ്മിലുള്ള വ്യത്യാസമാണിന്ന് കഥയിൽ. കുഞ്ഞൻ ഉമ്മകൾ കൊണ്ട് തീർക്കുന്ന പൂക്കൾ മറ്റൊരു കഥയിൽ

വേനലൊഴിവിന് പ്രിയ എ എസിന്‍റെ കുഞ്ഞു കഥകള്‍, വായിക്കാം, കേള്‍ക്കാം-28

കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ?… എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ.

നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം.

വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

ഉമ്മ

ഒരിടത്തൊരു അമ്മ. അമ്മയെക്കാരു പുന്നാരക്കുഞ്ഞുമകൻ. അമ്മേം കുഞ്ഞനും ഇഷ്ടം.

കൂടുതൽ ഇഷ്ടം വന്നപ്പോ അമ്മ, കുഞ്ഞനെ കുഞ്ഞൻ സായിപ്പേ, കുഞ്ഞാലി മരയ്ക്കാരേ, ഡിങ്കപ്പൻ ഡിങ്ക, ആത്തിന്തോ, അബ്ദുൾ ഖാദറേ എന്നെല്ലാം വിളിച്ചു. എന്നിട്ട് കുഞ്ഞന്റെ കവിളിലുമ്മ വച്ചു.

എന്തുമ്മയാ ? കുഞ്ഞൻ ചോദിച്ചു.

അമ്മ പറഞ്ഞു പച്ചയുമ്മ. പച്ച നിറം പച്ചക്കുതിരയ്ക്ക്. കുഞ്ഞൻ സായിപ്പ് അമ്മേടെ മൂക്കിൻ തുമ്പത്ത് ഉമ്മ വച്ചു.

അമ്മ ചോദിച്ചു എന്തുമ്മയാ?

കുഞ്ഞൻ പറഞ്ഞു. നീലയുമ്മയാ. നീലനിറം നീലപ്പൊന്മാന്.

അമ്മ കുഞ്ഞൻ ചുണ്ടത്തുമ്മ വച്ച് വെള്ളയുമ്മ തീർന്നു. വെള്ള നിറം വെള്ളത്താമരയ്ക്ക്.

കുഞ്ഞൻ, അമ്മ നെറ്റീലുമ്മ വച്ച് മഞ്ഞയുമ്മയും തീർന്നു. മഞ്ഞനിറം മഞ്ഞക്കോളാമ്പിയ്ക്ക്.

അമ്മ ,കുഞ്ഞന്റെ താടീലെ കറുത്ത മറുകിലുമ്മ വച്ച് കറുത്ത ഉമ്മയും തീർന്നു. കറുപ്പു നിറം കാക്കയ്ക്ക്.

പെട്ടെന്നവരോർത്തു. അയ്യോ അച്ചയ്ക്ക് കൊടുക്കണ്ടേ ഉമ്മ?

ചുവപ്പുമ്മ, ചോന്ന ചെമ്പരത്തിയുമ്മ ബാക്കിയുണ്ടല്ലോ. അതു കൊടുക്കാം അച്ചയ്ക്ക്. കുഞ്ഞൻ പറഞ്ഞു. എന്നിട്ടവര് അച്ച വരുന്നതും കാത്തിരുന്നു.priya a s , childrens stories, iemalayalam

ജോപ്പന്റെ പരീക്ഷകൾ

ജോയുടെ ചേട്ടന്‍ ജോസഫിന് ഇന്ന് ഇത്തിരി സങ്കടമാണ്, എങ്ങനെ സങ്കടം വരാതിരിക്കും ?
അപ്പുറത്തെ കീര്‍ത്തനയ്ക്കും ശങ്കുവിനും ഹന്നയ്ക്കും മാത്യൂവിനും പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് കിട്ടി.

സാരമില്ല, ജയിച്ചല്ലോ എന്നു അച്ഛനും അമ്മയും ജോസഫ് ചേട്ടനെ സമാധാനിപ്പിച്ചു. ഇനീം എക്സാം വരുമല്ലോ, അപ്പോ മാര്‍ക്ക് കൂടുതല്‍ വാങ്ങാമല്ലോ എന്നു പറഞ്ഞു അപ്പൂപ്പന്‍.

പരീക്ഷ എന്താണെന്നറിയില്ലെങ്കിലും മാര്‍ക്കെന്നു വച്ചാലെന്താണെന്നറിയില്ലെങ്കിലും ജോയും ചെന്നു ചേട്ടനെ സമാധാനിപ്പിയ്ക്കാന്‍.

ജോപ്പന്‍ എന്നാണ് ജോ ഒത്തിരി സ്‌നേഹം വരുമ്പോ ജോസഫിനെ വിളിയ്ക്കാറ്. ജോപ്പന്‍ സങ്കടപ്പെടണ്ട എന്നു പറഞ്ഞു ജോ.

ജോപ്പന് കേടായ റേഡിയോ നന്നാക്കാനറിയാം, മുന്തിരിക്കൃഷിയും പാവല്‍ക്കൃഷിയും ചെയ്യാനറിയാം, മുന്തിരിവള്ളിയ്ക്കും പാവല്‍വള്ളിയ്ക്കും പടര്‍ന്നു കയറി വളരാന്‍ പന്തലിട്ടു കൊടുക്കാനറിയാം, ചൂണ്ടയിട്ട് മീന്‍ പിടിക്കാനറിയാം ,പച്ചോല കൊണ്ട് പീപ്പിയും തൊപ്പിയും കിളിയും പന്തും വാച്ചും ഉണ്ടാക്കാനറിയാം, ഇതൊന്നും കീര്‍ത്തനച്ചേച്ചിയ്ക്കും ശങ്കുച്ചേട്ടനും ഹന്നച്ചേച്ചിയ്ക്കും മാത്യുച്ചേട്ടനും അറിയില്ലല്ലോ എന്നു ചോദിച്ചു ജോ.

അവരൊക്കെ റേഡിയോ കേടായാല്‍ ജോപ്പന്റെ അടുത്തല്ലേ നന്നാക്കാന്‍ കൊണ്ടു വരാറ് ജോ ചോദിച്ചു.

അവരൊക്കെ ജോപ്പന്റെ പാവല്‍വള്ളിയിലെ പാവയ്ക്ക കൊണ്ടല്ലേ തീയല്‍ വയ്ക്കുന്നത് ? അവരൊക്കെ ജോപ്പന്റെ മുന്തിരിങ്ങകള്‍ വാങ്ങിയല്ലേ വൈനുണ്ടാക്കുന്നത് ? അവരുടെ കുളത്തിലെ മീന്‍ പിടിക്കാന്‍ സഹായത്തിന് അവരെല്ലാം വിളിക്കുന്നത് ജോപ്പനെയല്ലേ ?
അവര്‍ക്ക് ഓല കൊണ്ട് എന്തെങ്കിലും ഉണ്ടാക്കാനറിയാമോ ?priya a s , childrens stories, iemalayalamപാവയ്ക്കായും മുന്തിരിയും വിറ്റു കിട്ടിയ കാശു കൊണ്ട് സ്വന്തമായി ഫുട്‌ബോളും സൈക്കിളും വാങ്ങിച്ചയാളല്ലേ ജോപ്പന്‍ ? പിന്നെ ജോപ്പനോളം നന്നായി പാടാനും വരയ്ക്കാനും അവര്‍ക്ക് പറ്റുമോ ?

ശരിയാണല്ലോ ഈ കുഞ്ഞിപ്പെണ്ണ് പറയുന്നത് എന്നോര്‍ത്തു ജോസഫ്. എന്നിട്ട് സങ്കടപ്പെടുന്നതു മതിയാക്കി ജോയെയും കൂട്ടി മുറ്റത്തേക്കിറങ്ങി ഒരു മുന്തിരി പറിച്ച് ജോയുടെ വായിലേക്കിട്ടു കൊടുത്തു. എന്നിട്ട് ഈര്‍ക്കിലിയും വെള്ളയ്ക്കയും കൊണ്ട് അവള്‍ക്ക് ഒരു കളിവണ്ടി ഉണ്ടാക്കിക്കൊടുത്തു.

എന്നാ ഒരു ശരിക്കുമുള്ള കാര്‍ ജോപ്പനുണ്ടാക്കുക എന്നു ചോദിച്ചു ജോ. നമക്കെന്നിട്ട് എങ്ങോട്ട് പോണം എന്നു ചോദിച്ചു ജോസഫ്. നിറയെ മഞ്ഞുള്ള ഒരിടത്തേക്ക് എന്നു പറഞ്ഞ് ജോ, ജോപ്പന്റെ മടിയില്‍ കയറി ഇരുന്നു.

നമ്മള്‍ വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് രണ്ടാഴ്ചയായി. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് ഏഴു വരെ കഥകളായി നമ്മളെത്തി നില്‍ക്കുന്നു.

നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത് ,ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞുതരാനാവൂ…

നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ പേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ?  കഥകള്‍ക്ക് താഴെ കമന്റ്‌ ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു… 

Read More Stories for Children by Priya AS here

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Read aloud stories for children priya a s joppante pareekshakal umma