കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ?… എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ.
നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം.
വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…
ജോ
ജോ, പതിനേഴു നിലകളുള്ള ഫ്ളാറ്റിന്റെ പതിനഞ്ചാം നിലയിലാണ് താമസം.
ബാല്‍ക്കണിയില്‍ വന്നു നിന്ന് വൈകുന്നേരം പുറത്തേക്ക് നോക്കാന്‍ ജോയ്ക്ക് ഇഷ്ടമാണ്.
അപ്പോള്‍ ആകാശവും ജോയെ നോക്കും.
ചിലപ്പോള്‍, ആകാശം ഒരുപാടമ്പലങ്ങളില് പോയി വന്ന ഒരാളെപ്പോലെയുണ്ടാവും. ആകാശത്തിന്റെ നെറ്റിയില്‍ മഞ്ഞ, ചുവപ്പ്, ചാരം, ഓറഞ്ച് ഒക്കെ നിറത്തില്‍ കുറികള്‍ കാണാം അപ്പോള്‍.
ചിലപ്പോള്‍ ആകാശം ജോയുടെ അമ്മാവന് പടം വരച്ചു കഴിഞ്ഞ് പെയിന്റ് ബ്രഷ് തുടക്കുന്ന വെളുത്ത തുണി പോലാവും. നിറയെ നിറങ്ങള്‍ ഒരടുക്കും ചിട്ടയുമില്ലാതെ കാണാം അപ്പോള്‍ ആകാശത്ത്.
ചിലപ്പോള്‍ ജോയ്ക്ക് ആകാശത്തെ കടിച്ചു തിന്നാന്‍ തോന്നും. അതൊരു മുറിച്ച തണ്ണിമത്തനോ പപ്പായയോ പോലെ ‘വാ, വന്നെന്നെ തിന്ന്’ എന്ന് പറഞ്ഞ് ജോയെ വിളിയ്ക്കും. ജോ എന്താ സ്വപ്നം കാണുകയാണോ എന്നു ചോദിച്ച് അപ്പോള്‍ അമ്മ വന്ന് ജോയുടെ തലമുടിയിലൂടെ വിരലോടിയ്ക്കും.
ദൂരെ മരങ്ങള്‍ വഴിയുടെ ഇരുവശവും നിന്ന്, അവരുടെ പച്ചത്തലകള് കൂട്ടിമുട്ടിച്ച് ‘മുട്ടുമുട്ട്’ കളിക്കുന്ന ചെറിയ കുട്ടികളെപ്പോലെ നില്‍ക്കുന്നത് അപ്പോള്‍ ജോ അമ്മയെ കാണിച്ചു കൊടുക്കും. പിന്നെ ജോയും അമ്മയും നടക്കാന്‍ പോകും.
ബാല്‍ക്കണിയില്‍ നിന്നു ലോകം കണ്ടാല്‍പ്പോര, മുറ്റത്തുകൂടെ ഇറങ്ങി നടക്കണം എന്നാണ് അമ്മ പറയുക. താഴെ ജോ ചെല്ലുമ്പോള്‍ കുട്ടികള്‍ കളിക്കാന്‍ ഒത്തു കൂടിയിട്ടുണ്ടാവും. നതാഷയും ജാസ്മിനും ദേവിയും വരുണും ആലിയയും പപ്പനും ടോമും എല്ലാം ചേര്‍ന്നുള്ള ബഹളത്തിനെന്തു ബഹളമാണെന്നോ !
കോമ്പൗണ്ടിലെ മരങ്ങളില്‍ കയറുകയും സൈക്കിളോടിക്കുകയും പൂക്കള്‍ പെറുക്കി മാല കോര്‍ക്കുകയും ചെയ്യും പിന്നെ എല്ലാവരും, വിയര്‍ത്തു കുളിച്ച് തിരികെ വീട്ടിലെത്തുമ്പോള്‍ അമ്മ, പൂവാങ്കുരുന്നില ഇട്ട് കാച്ചിയ എണ്ണ തേച്ച് കുളിപ്പിക്കും ജോയെ.
കുഞ്ഞു കമ്മല്‍ പോലെയുള്ള, വയലറ്റ് പൂവുള്ള പൂവാങ്കുരുന്നില്‍ അമ്മ ബാല്‍ക്കണിയിലെ ചെടിച്ചട്ടിയില്‍ നട്ടിട്ടുണ്ട്. കൂടാതെ തുമ്പ, മുക്കുറ്റി, ചെത്തി, തഴുതാമ ഒക്കെ ഏതെങ്കിലുമൊക്കെ വഴിയിലൂടെ നടക്കുമ്പോള്‍ പറിച്ചു കൊണ്ടു വന്ന് അമ്മ നട്ടു വളര്‍ത്തുന്നുണ്ട്.
ഇതൊക്കെ അറിയണം ജോ, എന്നാണമ്മ പറയുക.
മണ്ണിന്റെ മണമുള്ള കുട്ടികള്‍ ആകാശത്തേക്കു നോക്കുമ്പോഴാണ് നക്ഷത്രം ഉണ്ടാവുക എന്നമ്മ പറഞ്ഞു.
ജോയ്ക്ക് ഒരുപാടിഷ്ടമാണ് നക്ഷത്രങ്ങളെ.
എന്നും ആകാശത്ത് നക്ഷത്രങ്ങള്‍ വിരിയാന്‍ വേണ്ടിയാണ് ജോ എന്നും ഭൂമിയിലൂടെ നടക്കുന്നതും ഓരോ ചെടിയും തൊട്ടു നോക്കുന്നതും ഓരോന്നും തിരിച്ചറിയാന്‍ പഠിക്കുന്നതും ഓരോന്നിന്റെയും പേരു പഠിക്കുന്നതും.
പറയ് കേള്‍ക്കട്ടെ, നിങ്ങള്‍ നടക്കാറുണ്ടോ മണ്ണിലൂടെ, ചെരുപ്പില്ലാതെ, ഭൂമിയെ തൊട്ട്, ചെടിയുടെ ഇലകളില്‍ തൊട്ട്, പൂക്കളുടെ മണം പിടിച്ച് ?
നക്ഷത്രങ്ങളെപ്പോലെയുള്ള കുട്ടികള്‍ ആയി കുട്ടികള്‍ മാറുന്നത് അപ്പോഴാണ്, പറയ്, എന്തു തോന്നുന്നു ?
പേരറിയാക്കുട്ടി
നീലും അച്ഛനും കൂടി ഫുട്ബോള്‍ കളിക്കുകയായിരുന്നു. ഡെക്കാത്തലോണിന്റെ സമ്മര്‍ വെക്കേഷന് ഫുട്ബോള്‍ കോച്ചിങ് ക്ളാസില്‍ രാവിലെ പോകുന്നുണ്ട് നീല്‍. നീലിന് ഡിഫന്ഡറാകാനാണ് ഇഷ്ടം.
എതിരാളികള്‍ തീര്‍ക്കുന്ന ഡിഫെന്‍സിന്റെ കളിക്കോട്ട ഭേദിച്ച് അവരെ കബളിപ്പിച്ച് എങ്ങനെ പന്ത് പാസ് ചെയ്യാം എന്ന് അച്ഛന്, നീലിനെ വൈകിട്ട് കാണിച്ചു കൊടുക്കുകയായിരുന്നു. പന്ത് കാല്‍പ്പാദങ്ങള്‍ക്കിടയില്‍ തട്ടിപ്പിടിച്ചു നിര്‍ത്തി ഞാനിതിങ്ങോട്ട് തട്ടിത്തെറിപ്പിക്കും എന്ന് ധാരണ കൊടുത്ത്, എതിരാളിയെ പന്ത് ഡിഫെന്‍ഡ് ചെയ്യാന്‍ ആ വശത്തേക്കു വന്നു നില്ക്കുന്നതാവും നല്ലതെന്ന് ധരിപ്പിച്ച്, പക്ഷേ അവസാനം എതിരാളി നില്‍ക്കുന്നതിന്റെ നേര് എതിര് വശത്തേക്ക്, അയാള്ക്കുദ്ദേശിക്കാനാകാത്ത വിധം വേഗത്തില്‍ പന്തു പായിക്കുന്നതെങ്ങനെയെന്ന് അച്ഛന് വിശദീകരിക്കുന്ന നേരത്താണ് അവന് വന്നത്.
ഒരു കീറിയ ഉടുപ്പിട്ട, ഏതാണ്ട് നീലിന്റെ അതേ പ്രായമുള്ള കുട്ടി. അവന് എന്തിനാണ് ആ വഴിയേ വന്നത് എന്നറിഞ്ഞു കൂടാ. അവനിത്തിരി നേരം നിന്ന് കളി കണ്ടു. പിന്നെ അച്ഛന് എതിരാളിയെ പറ്റിച്ച് പന്ത് പാസ് ചെയ്യാന്‍ നീല്‍ നോക്കുന്നതിനിടയിലേക്ക് ഓടിപ്പാഞ്ഞു കയറി, പന്ത് അച്ഛന് കിട്ടാത്തവിധം തട്ടി ദൂരേക്ക് തെറിപ്പിച്ചു.
അത് പോയ ഉയരത്തിലേക്കു നോക്കി ക്രിക്കറ്റിലായിരുന്നുവെങ്കില് അതൊരു സിക്സറായേനെയല്ലോ എന്ന് നീല്‍ ഓര്‍ത്തു. അച്ഛന് അതിശയപ്പെട്ട് നിന്നു പോയി ആ പേരറിയാക്കുട്ടിയുടെ കളിയിലെ ഇടപെടലിന്റെ വേഗവും ഭംഗിയും കണ്ട്. നീലിന് പക്ഷേ ദേഷ്യം വരുന്നുണ്ടായിരുന്നു.
ആരോട് ചോദിച്ചിട്ടാണ് അവന് ഞങ്ങളുടെ പന്ത് തട്ടിയത്, ഞങ്ങളുടെ കളിക്കിടയില്‍ കയറിയത്?
അവനെ പിടിച്ചു നിര്‍ത്തി അങ്ങനെ ചോദിക്കും അച്ഛന് എന്നു തന്നെയാണ് നീല്‍ കരുതിയത്.
അച്ഛന് അവനെ പിടിച്ചു നിര്‍ത്തുക തന്നെ ചെയ്തു. എന്നിട്ട് ചോദിച്ചു. ഇവിടെയടുത്താണോ താമസം ?
അടുത്ത് കോളനിയില്‍ മീന്കാരന്റെ മകനാണ് എന്നവന് പറഞ്ഞു. പാല് വാങ്ങാന്‍ പോവുകയാണ് അപ്പുറത്തെ കടയില്‍ എന്നും.
നീല്‍ ഇഷ്ടക്കേടോടെ അച്ഛനെ നോക്കി.
നീ സമ്മര്‍ വെക്കെഷന് ഏത് ഫുട്ബോള്‍ കോച്ചിങ്ങ് ക്ളാസിലാണ് പോകുന്നത് എന്നു ചോദിച്ചു പോയി നീല്‍ ഇത്തിരി അസൂയയോടെ.
കോളനിക്കു പുറകിലെ പാടത്ത് കോളനിയിലെ കുട്ടികളുടെ കൂടെ സമയം കിട്ടുമ്പോഴെല്ലാം കളിക്കും, അതേ ചെയ്യാറുള്ളു എന്നവന് പറഞ്ഞു.
അലിയുടെ മകനാണോ എന്നു ചോദിച്ചു അച്ഛന്. അവന് തലയാട്ടി.
അവന് ഗോളിയാകാനാണിഷ്ടം.
പിറ്റേന്ന് മുതല്‍ അച്ഛന് അവനെയും കൂട്ടി ഫുട്ബോള്‍ കോച്ചിങ് ക്ളാസിലേക്ക്. അവന്റെ അച്ഛന് എന്ന മീന്കാരന് അലിയുടെ സമ്മതത്തോടെ.
അപ്പോള്‍ നീലിന് അവനെ ഒരു പാടിഷ്ടമാണ്. അവന് നീല്‍ അവന്റെ ഉടുപ്പുകള്‍ കൊടുത്തു. കളിയോടുള്ള നീലിന്റെ ഇഷ്ടത്തെ ഉരുട്ടി മിനുക്കിയെടുത്താല്‍ അവന് ഒരിയ്ക്കല്‍ ഇന്‍ഡ്യയ്ക്കു വേണ്ടി ലോകഫുട്ബോളില് കളിയ്ക്കും എന്ന് അച്ഛനും നീലും ഇപ്പോള്‍ അവനു വേണ്ടി സ്വപ്നം കാണുന്നുണ്ട്.
അവനിപ്പോള്‍ പേരറിയാക്കുട്ടിയല്ല അവര്‍ക്ക്.
അവന്റെ പേര് അലിക്കുഞ്ഞ് എന്നാണ്.
ഒരിയ്ക്കല്‍ ലോക മഴുവന്‍, ഫുട്ബോള്‍ ഗാലറിയിലിരുന്ന്, ‘അലിക്കുഞ്ഞ്’ ‘അലിക്കുഞ്ഞ്’ എന്ന് കൈയ്യടിക്കും ആര്‍ത്തുവിളിയ്ക്കും എന്ന് നീലിന്റെ അച്ഛന് അലിമാമനോട് പറഞ്ഞു.
അലിമാമന് അപ്പോള്‍ വലിയ ഒരു ചിരി ചിരിച്ചു, വലിയ ഒരു മീന്‍ ആകൃതിയില്‍…
അവന്, അലിക്കുഞ്ഞ് ഒരു വലിയ ഗോളിയാകും, ഉറപ്പാണ് നീലിന്
നമ്മള് വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് രണ്ടാഴ്ചയായി. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് ഒന്നു വരെ കഥകളായി നമ്മളെത്തി നില്ക്കുന്നു.
നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത് ,ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞുതരാനാവൂ…
നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ പേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ? കഥകള്‍ക്ക് താഴെ കമന്റ് ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു…
Read More Stories for Children by Priya AS here