കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ? എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

ഇല്ലാക്കാര്‍

പാറു, കാറോടിക്കുകയായിരുന്നു. ശരിയ്ക്കുള്ള കാറല്ല, കളിക്കാറുമല്ല. ഇല്ലാക്കാറാണ് പാറു ഓടിച്ചു കൊണ്ടിരുന്നത്.

ഇല്ലാക്കാര്‍ എന്നു വച്ചാല്‍ ഇല്ലാത്ത കാര്‍. അതിങ്ങനെ വളച്ചു തിരിച്ച് പാറു ഓടിക്കുമ്പോഴാണ് മഞ്ഞ സിഗ്നല്‍ വന്നത്. പാറു, ഉടനെ കാര്‍ പതുക്കെയാക്കി.

ഇത്തിരി നേരത്തിനകം സിഗ്നല്‍ ചുവപ്പ് ആയപ്പോ പാറു, കാര്‍ ഓഫ് ചെയ്തു. പിന്നെ സിഗ്നല്‍ പച്ച ആയപ്പോഴാണ് പാറു, കാര്‍ പിന്നെയും സ്റ്റാര്‍ട്ടാക്കിയത്.

ഭാഗ്യം, കുറച്ചു നേരമേ ചോപ്പ് സിഗ്നല്‍ വന്നുള്ളു. പിന്നേം പാറു, കാര്‍ വളച്ചു തിരിച്ച് ഓടിക്കുമ്പോഴാണ് വെള്ള വെള്ള വരകള്‍ ഉള്ള ഒരിടം. അതു കണ്ടാല്‍, വണ്ടി നിര്‍ത്തി കാല്‍നടയാത്രക്കാരെ റോഡ് ക്രോസ് ചെയ്യാന്‍ സമ്മതിയ്ക്കണം. അതും ചെയ്തു പാറു.

പാറുവിന്റെ അപ്പൂപ്പന്‍ എപ്പോഴും നടന്നാണ് ഓരോ ഇടത്തും പോവുക. പിന്നെ പാറു വലതു വശത്തെ നിരയില്‍ കൂടി പോയപ്പോള്‍, കീ കീ എന്ന് പുറകില്‍ നിന്ന് വേറൊരു കാര്‍ ഹോണടിച്ചപ്പോള്‍,  പാറു ഇല്‍ഡിക്കേറ്ററിട്ട് വണ്ടി, ഇടതു വശത്തെ വരിയിലൂടെയാക്കി.

വലതു വശം ഓവര്‍റ്റേക് ചെയ്യാനുള്ളതാണ് എന്ന് പാറുവിന് നല്ലോണമറിയാം. priya a s ,childrens stories,iemalayalam
പിന്നെ ആംബുലന്‍സ് അപകടസൈറണ്‍ മുഴക്കി വന്നപ്പോ, പാറു വണ്ടി നല്ലോണം ഒതുക്കിക്കൊടുത്ത് അതിന് പോകാന്‍ ഇടം കൊടുത്തു. മുറിവു പറ്റിയവരും അസുഖം വന്നവരുമൊക്കെയാണ് ആംബുലന്‍സില്‍. അവനെ വേഗം ആശുപത്രിയിലാക്കാനുള്ള സൗകര്യം നമ്മള്‍ വണ്ടിക്കാര്‍ ചെയ്തു കൊടുക്കണ്ടേ ?

പിന്നെ പാറു ഒരിയ്ക്കലും ഓവര്‍സ്പീഡെടുത്തുമില്ല. സീറ്റ് ബെല്‍റ്റ് ഇട്ടിട്ടുമുണ്ടായിരുന്നു പാറു.

പാറു വളരെ നന്നായി ഡ്രൈവ് ചെയ്തു അല്ലേ എന്നു ചോദിച്ചു അമ്മയോട് പാറു. ബ്രേക്കിടുന്നത് ഇത്തിരി മെല്ലെ വേണം എന്ന് അമ്മ പറഞ്ഞു.

ഇനി ഓടിക്കുമ്പോ ശ്രദ്ധിക്കാമേ എന്നു പറഞ്ഞ് ഇല്ലാക്കാര്‍ നിര്‍ത്തി ഇറങ്ങി പാറു, ഇഡ്ഢലി കഴിക്കാനിരുന്നു അമ്മയുടെ അടുത്ത്.

അണ്ണാരക്കണ്ണന്റെ കസര്‍ത്തുകള്‍

കാക്ക, ഒരു മാമ്പഴം കൊത്തിക്കൊത്തി തിന്നുകയായിരുന്നു. അപ്പോഴാണ് ഒരണ്ണാരക്കണ്ണന്‍ വന്ന് വേറൊരു മാമ്പഴം കാരിക്കാരിത്തിന്നാന്‍ തുടങ്ങിയത്. അവന്‍ മാമ്പഴത്തില്‍ തൂങ്ങിക്കിടന്നു മാങ്ങാക്കസര്‍ത്ത് നടത്തിയപ്പോഴുണ്ട് അവനും മാങ്ങയും കൂടെ ദേ കിടക്കണു താഴെ.

അവന്‍ വീണത് വൈയ്‌ക്കോല്‍ക്കുനയിലേക്കായതു കൊണ്ട് ഭാഗ്യം, അവനൊന്നും പറ്റിയില്ല.
വൈക്കോല്‍ക്കൂനപ്പുറത്ത് തലയുയര്‍ത്തി നിന്ന പൂവന്‍കോഴി അവന്റ വീഴ്ച കണ്ട് കൊക്കകക്കോ എന്ന് കൂവിച്ചിരിച്ചു.priya a s ,childrens stories,iemalayalamപതുക്കെ തിന്നാപ്പോരായിരുന്നോ ചങ്ങാതീ ,എന്തിനാ ഇത്ര ആക്രാന്തം കാണിക്കാന്‍ പോയേ എന്ന് കാകാ ഭാഷയില്‍ ചോദിച്ച് കാക്ക താഴേെേക്കാന്നു കുനിഞ്ഞു നോക്കി. അണ്ണാരണ്ണന്‍ നാണിച്ച്, ചില്‍ ചില്‍ എന്നു ചിലച്ച് സ്ഥലം വിട്ടു.

അവനന്ന് പിന്നെ എന്തു തിന്നു വിശപ്പുമാറ്റിയോ ആവോ !

ചിലപ്പോ വീട്ടിലെ പാറുക്കുട്ടി, അവന് തേങ്ങാക്കൊത്തോ നെല്ലോ കൊടുത്തു കാണും.
അണ്ണാരക്കണ്ണന്‍ നെല്ലെടുത്ത് കൈയില്‍ പിടിച്ച്, ആരെങ്കിലും കാണുന്നുണ്ടോ എന്ന് ചുറ്റും ചുറ്റും നോക്കി വേഗത്തില്‍ വേഗത്തില്‍ തിന്നുന്നത് കാണാന്‍ വേണ്ടി പാറു, അവന് നെല്ലു തന്നെയായിരിക്കും കൊടുത്തു കാണുക.priya a s ,childrens stories,iemalayalam

 

നമ്മള്‍ വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ ആയല്ലോ. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് ഇരുപത്തിയേഴു വരെ കഥകളായി നമ്മളെത്തി നില്‍ക്കുന്നു.

നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത്, ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞു തരാനാവൂ.

നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ ചേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ? കഥകള്‍ക്ക് താഴെ കമന്റ്‌ ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook