കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ?

എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം.

വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

ഭാവനാരാജകുമാരി

ആലോല, ജനലരികിലെ സോഫയിൽ തനിച്ചിരുന്ന് ഇനി എന്തു ചെയ്യണം എന്ന് ആലോചിക്കുകയായിരുന്നു. വെറുതെ ഇരിക്കാൻ പറ്റുമോ നിനക്കെന്നു നോക്കട്ടെ എന്നു പറഞ്ഞമ്മ എടുത്തു കൊണ്ടിരുത്തിയതാണ്.

മേശപ്പുറത്തമ്മ ഉണ്ടാക്കി വച്ച ചപ്പാത്തിയെടുത്ത് താഴെ നിലത്തു നിരത്തി വച്ച് ചായപ്പെൻസിൽ കൊണ്ട് ആലോല നിറം കൊടുത്തായിരുന്നു കുറച്ചു മുൻപ്. ‘എനിക്കീ നിറം മടുത്തു, എനിക്കിതിഷ്ടമല്ല’ എന്ന് ആലോല കഴിക്കാനായി പ്ലേറ്റിലേക്കെടുത്തിട്ടപ്പോൾ ചപ്പാത്തി, പരാതി പറഞ്ഞു.

ചപ്പാത്തിയെ ഉടനെ തന്നെ നിറമൊക്കെ കൊടുത്ത് പരാതിയൊക്കെ തീർത്ത് സന്തോഷിപ്പിച്ചപ്പോ, അമ്മ ദേഷ്യക്കാരിയായി പരാതിക്കാരിയായി ആലോലയെ എടുത്തു കൊണ്ടു വന്ന് സോഫയിലിരുത്തി. എന്നിട്ട് ഇനി എന്തിനു കൊള്ളും ഈ ചപ്പാത്തിയൊക്കെ എന്ന് കലിതുള്ളി ചോദിച്ച് അതെല്ലാമെടുത്ത് വാഴച്ചോട്ടിലേക്കിട്ടു. അപ്പോ കുറേ കാക്കകൾ വന്നു എങ്ങാണ്ടു നിന്ന്. ചപ്പാത്തിയിലെ നിറം കണ്ട്, ഇതെന്തു പുതിയ തീറ്റ സാധനമാണ് എന്നു പിടികിട്ടാതെ നിൽക്കുന്ന കാക്കകളെ, ആലോല സോഫയിലെഴുന്നേറ്റു നിന്ന് ജനലിലൂടെ നോക്കി.

അപ്പോഴാണ് ഒരു കുഞ്ഞിക്കാറ്റ് വന്നത്. പെട്ടെന്ന് വാഴയിലകൾ ഡാൻസ് ചെയ്യാൻ തുടങ്ങി. കാറ്റ് ഒരു കുഞ്ഞിപ്പാട്ടു മൂളുന്നത് നല്ലോണം ശ്രദ്ധിച്ചപ്പോൾ, ആലോല കേട്ടു. കാറ്റിന്റെ പാട്ടും വാഴയിലയുടെ നൃത്തവും കണ്ടു രസിച്ചു നിന്ന ആലോലയെ, അമ്മ കുറച്ചു കഴിഞ്ഞപ്പോ വന്ന് അമ്മ അപ്പോഴുണ്ടാക്കിയ ഉപ്പുമാവ് കഴിക്കാനായി എടുത്തു കൊണ്ടു പോയി.

ഇനി ഉപ്പുമാവിനും നിറം കൊടുത്ത് എനിക്ക് വീണ്ടും പണിയുണ്ടാക്കാനാണോ രാജകുമാരി ആലോചിക്കുന്നത് എന്നു ചോദിച്ചു അമ്മ. കാറ്റ് പാട്ടു മൂളിയതും വാഴയില പച്ച നൃത്തം ചെയ്തതും ആലോല പറഞ്ഞു കേൾപ്പിച്ചപ്പോ അമ്മ അവളെ, ‘ഓ എന്റെ ഭാവനാ രാജകുമാരീ’ എന്നു വിളിച്ചുമ്മ വച്ചു.

ആലോലയ്ക്ക് ആ പേര് നല്ലോണമിഷ്ടമായി. എന്നെ സ്ക്കൂളിൽ ചേർക്കുമ്പോ ‘ഭാവനാരാജകുമാരി’ എന്ന് പേരിട്ടാൽ മതി എന്നവൾ പറഞ്ഞതു കേട്ട് ചിരിച്ചു കൊണ്ട് അച്ഛനപ്പോൾ കുളിച്ചു തോർത്തിക്കൊണ്ട് അങ്ങോട്ട് വന്നു.priya a s ,childrens stories, iemalayalam

ഗോലികൾ സാക്ഷി

പാച്ചുവിന് അച്ഛൻ പല നിറത്തിലുള്ള കുറെ ഗോലികൾ വാങ്ങിക്കൊടുത്തു. കുഞ്ഞുഭൂഗോളം പോലിരിക്കുന്ന ഗോലിയുടെ ഉള്ളിലെ , ആർക്കും തൊടാനാവാത്ത ഭംഗിയിലേക്ക് നോക്കി നോക്കി പാച്ചു ഇരുന്നു. കണ്ണിനു തൊട്ടുമുന്നിലും കുറച്ചകലെയുമൊക്കെയായി ഗോലി പിടിച്ച്, ഒരു കണ്ണടച്ചും അടയ്ക്കാതെയും സൂക്ഷിച്ചു നോക്കി പാച്ചു. ഗോലിയുടെ മനസ്സാണ് അതിനുള്ളിൽ കാണുന്നത് എന്ന് അച്ഛൻ പറഞ്ഞു.പിന്നെ ഗോലി
ഉരുട്ടിക്കളിച്ചു പാച്ചുവും അപ്പുറത്തെ വീട്ടിലെ ജഹ നാരയും കൂടി. ഉരുണ്ടുരുണ്ടു പോകുന്ന ഗോലികളുടെ പുറകെ ഓടുമ്പോൾ ,ചിലപ്പോൾ അവരതിൽ തട്ടി തെന്നി വീണു.എന്നിട്ടവർ കാര്യമില്ലാതെ ചിരിച്ചു.പിന്നെ ഇരുട്ടു വന്നു തുടങ്ങിയപ്പോൾ അവർ ഗോലികൾ, കാട്ടിലെ മൃഗങ്ങളുടെ കണ്ണിലെ തിളങ്ങുന്ന കൃഷ്ണമണികളാണെന്നു സങ്കൽപ്പിച്ചു.കാട്ടിൽ പെട്ടു പോയ, വിറകിനായി ചുള്ളിക്കമ്പു പെറുക്കാൻ വന്നരണ്ടു കുട്ടികളാണവരെന്ന് അവർ അച്ഛനോടു പറഞ്ഞു. കളി കണ്ടു കൊണ്ടിരുന്ന അച്ഛൻ അപ്പോൾ വനദേവനായി വന്ന് അവരെ രക്ഷിച്ചു. വന്യമൃഗങ്ങളിൽ നിന്ന് രക്ഷിച്ചതിന് നന്ദി ദേവാ എന്നു പറഞ്ഞ് അവർ രണ്ടാളും ദേവന്റെ കാലിൽ വീണ് നമസ്ക്കരിച്ചു.ദേവൻ അവരെ അനുഗ്രഹിക്കുന്ന രംഗത്തിന് ഗോലികൾ സാക്ഷികളായിpriya a s,childrens stories, iemalayalam

നമ്മള്‍ വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ ആയല്ലോ. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് പതിനാറു വരെ കഥകളായി നമ്മളെത്തി നില്‍ക്കുന്നു.

നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍, നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത്, ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞു തരാനാവൂ…

നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ ചേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ?  കഥകള്‍ക്ക് താഴെ കമന്റ്‌ ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു… 

Read More Stories for Children by Priya AS here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook