കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ? എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

 

ജോർജിന്റെ വാലാട്ടം

അമ്മയുടെ കൂടെ പാർക്കിൽ പോയിട്ട് വരുമ്പോൾ അപ്പുവിന് വഴിയിൽ നിന്ന് ഒരു പട്ടിക്കുട്ടിയെ കിട്ടി.

ആരും കുട്ടിനില്ലാതെ പട്ടിക്കുട്ടൻ കരയുകയായിരുന്നു. അവൻ ജനിച്ചിട്ട് കുറച്ചു ദിവസമേ ആയിട്ടുണ്ടാവൂ, ഏതോ വീട്ടുകാർ അവർക്ക് വേണ്ടാഞ്ഞിട്ട് കൊണ്ടു കളഞ്ഞതാവും എന്നു പറഞ്ഞ് അമ്മ അവനെ നോക്കി.

‘വേണ്ടാ, വേണ്ടാ, എടുക്കണ്ട അതിനെ’ എന്നമ്മ പറഞ്ഞിട്ടും അപ്പു അവനെ ‘ജോർജ്, ഞാൻ നിന്നെ എന്റെ വീട്ടിക്കൊണ്ടു പോവാം’ എന്നു പറഞ്ഞ് എടുത്തു നെഞ്ചോടു ചേർന്നു.

priya a s ,childrens atories, iemalayalam

എന്നിട്ട്, ‘നെനക്കിഷ്ടായോ ഞാനിട്ട നിന്റെ പേര്’ എന്നു ചോദിച്ചു അവന്റെ തലയിൽ തലോടി. ‘അപ്പോ അവൻ, ഇഷ്ടായി’ എന്നു പറയുമ്പോലെ ഒരൊച്ച കേൾപ്പിച്ചു. എന്നിട്ട് ‘എനിക്കാരുമില്ലാഞ്ഞിട്ടല്ലേ അമ്മേ, ഞാനും കൂടെ പോന്നോട്ടെ’ എന്നു അമ്മയെ നോക്കി വേറൊരൊച്ച കൊണ്ട് ചോദിച്ചു.

‘നീയാണോ ജോർജ്’ എന്നു ചോദിച്ച് അമ്മ, അവനെ ഇഷ്ടത്തോടെ നോക്കി. അവൻ അമ്മയുടെ വിരലിൽ നക്കി. അപ്പുവിനെ നോക്കി കുഞ്ഞിവാൽ ആട്ടി.

പച്ചത്തൂവൽ

‘പച്ചക്കിളീ, നിനക്കെന്തു പറ്റിയതാണ്’ – സൈറ ചോദിച്ചു.

പച്ചക്കിളി മുറ്റത്ത് ചുരുണ്ടു കൂടി ചരിഞ്ഞു കിടന്നു. ‘അവളെ പ്രാപ്പിടിയൻ കിളിയോ മറ്റോ റാഞ്ചാൻ നോക്കിയതാവും’ എന്ന് പറഞ്ഞ് സൈറയുടെ ചേട്ടൻ സന്ദീപ് കളിയ്ക്കാൻ പോയി. സൈറ, കിളിയെ മെല്ലെയെടുത്ത് കൈയിൽ വച്ചു. അവളാകെ പേടിച്ചു പോയതു പോലെയുണ്ട്.

‘പേടിക്കണ്ട കേട്ടോ’ എന്നു പറഞ്ഞ് സൈറ അവളുടെ കുഞ്ഞിച്ചിറകിൽ തലോടി. അവളുടെ തലയിലാണ് പ്രാപ്പിടിയൻ കിളി കൊത്തിയത് എന്ന് തോന്നി സൈറയ്ക്ക്. അവിടെ രണ്ടു മൂന്നു തൂവലുകൾ ചിതറി നിൽക്കുന്നത് സൈറ ശ്രദ്ധിച്ചു.

പിന്നെ സൈറ അവളെയും കൊണ്ടകത്തേക്കു പോയി, ഫ്രിഡ്ജിൽ നിന്ന് ഐസെടുത്ത് ചെറിയ കഷണം തുണിയിൽ പൊതിഞ്ഞ് അവളുടെ കുഞ്ഞിത്തലയിൽ അതു വച്ച് തലോടി. തണുപ്പിന്റെ സുഖത്തിൽ അവൾ തലപൊക്കി അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നോക്കി.

‘നിനക്ക് വെള്ളം വേണോ’ എന്നു ചോദിച്ചു സൈറ. അമ്മ, കുഞ്ഞിപ്പാത്രത്തിൽ കൊണ്ടു വന്ന വെള്ളം ഇത്തിരി കുടിച്ചതോടെ കിളിപ്പെണ്ണ് ഉഷാറായി. അവൾ ‘ക്വീ ക്വീ’ എന്ന് ചിലച്ചു.

‘നിന്നെ കാണാതെ നിന്റെ അമ്മ വിഷമിക്കുന്നുണ്ടാവും അല്ലേ’ എന്നു ചോദിച്ച് അവളുടെ കുഞ്ഞിത്തലയിൽ ഒരുമ്മയും കൊടുത്ത് സൈറ, അവളെ മുരിങ്ങ മരത്തിന്റെ താണകൊമ്പിൽ കൊണ്ടു വച്ചപ്പോൾ അവൾ ഒന്നു ചിറക് കുടഞ്ഞു. പിന്നെ പറന്നു പോയി.

ഇപ്പോൾ എന്നും രാവിലെ സൈറ സ്ക്കൂളിൽ പോകാൻ നേരം അവൾ വരും. എന്നിട്ട് ഒരു കിളിപ്പാട്ടു പാടി സൈറയെ യാത്രയാക്കും.

ഇന്നാൾ സൈറ നോക്കുമ്പോഴുണ്ട് സൈറയുടെ മുറിയുടെ ജനൽപ്പടിയിൽ ഒരു പച്ചത്തൂവൽ. എന്നെ രക്ഷിച്ചതിന് നന്ദി എന്നു പറഞ്ഞ് സമ്മാനമായി പച്ചക്കിളി കൊണ്ടിട്ടതാണ് അത് എന്നമ്മ പറഞ്ഞു.

‘കിളികളുടെ താങ്ക് യു ആണ് അവർ നമുക്കു തരുന്ന തൂവൽ, അല്ലേ അമ്മേ’ എന്നു ചോദിച്ചു അപ്പോൾ സൈറ. എന്നിട്ട് പച്ചത്തൂവലെടുത്ത് സൂക്ഷിച്ചു വച്ചു.priya a s ,childrens stories, iemalayalam

നമ്മള്‍ വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ ആയല്ലോ. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് മുപ്പത്തിയൊന്നു വരെ കഥകളായി നമ്മളെത്തി നില്‍ക്കുന്നു.

നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത്, ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞു തരാനാവൂ.

നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ ചേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ? കഥകള്‍ക്ക് താഴെ കമന്റ്‌ ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു…

Read More Stories for Children by Priya AS here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook