കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ? എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

ചെമ്പരത്തി നടുന്നവർ

അമ്മയും കുഞ്ഞനും കൂടി ചെമ്പരത്തി നട്ടു. കുഞ്ഞനാണ് കുഞ്ഞിത്തൂമ്പാ കൊണ്ട് ചെമ്പരത്തിക്കമ്പുനടാനായി മണ്ണ് കിളച്ച് തടമെടുത്തത്.

ആദ്യം കുഴിയൊന്ന് നനച്ച് പിന്നെ കമ്പ് നട്ട് ഒന്നു കൂടി നനച്ച്, പിന്നെ ചെടി, വെയിലത്ത് വാടാതിരിക്കാനായി വേലിപ്പത്തലൊടിച്ചു കൊണ്ടു വന്ന് തണൽ കുത്തി കുഞ്ഞനുമമ്മയും.

ഇനി കുറച്ചു നാൾ കൊണ്ട് ചെമ്പരത്തിക്കമ്പിന് വേരു വരും. പിന്നെ പുതിയ ഇലകൾ, കമ്പുകൾ ഒക്കെ വന്ന് ചെമ്പരത്തി വലുതാവും. പിന്നെ നിറയെ ചെമ്പരത്തിപ്പൂവുണ്ടാവും.

priya a s ,childrens stories, iemalayalam

നിറയെ തേൻ കിളികൾ തേൻ കുടിക്കാൻ വരും. പൂമ്പാറ്റകളും വരും.

അപ്പോ എല്ലാരും ചോദിക്കും. ആരാ ഇത് നട്ടത്? അപ്പോ കുഞ്ഞൻ അവർക്ക്‌ ചെമ്പരത്തിപ്പൂ സ്ക്വാഷുകൊടുത്ത് അത്ഭുതപ്പെടുത്തും.

എങ്ങനെയാണത് ഉണ്ടാക്കുന്നതെന്ന് അവര് അമ്പരന്നു നിൽക്കും. അപ്പോ ചെമ്പരത്തി സ്ക്വാഷുണ്ടാക്കുന്നതെങ്ങനെയെന്ന് എല്ലാരും കുഞ്ഞനോട് ചോദിക്കും.

കുഞ്ഞൻ പറഞ്ഞു കൊടുക്കൂല്ല. ഐസ്ക്രീം വാങ്ങിത്തന്നാല് പറഞ്ഞു കൊടുക്കാമെന്നു പറയും… എങ്ങനെയുണ്ട് കുഞ്ഞന്റെ പ്ലാൻ?

ചിലന്തിവലക്കൊട്ടാരം

ചിലന്തി, പേരമരത്തിന്റെ ഒരു കൊമ്പിൽ നിന്ന് മറ്റൊരു കൊമ്പിലേക്ക് വല കെട്ടി ഒത്തനടുക്ക് കള്ളത്തപസ്സിരിക്കുകയായിരുന്നു. ഏതെങ്കിലും പ്രാണിയോ തുമ്പിയോ ഈച്ചയോ ആ വഴി വന്നു വരും, നേർത്തു നനുത്ത വല കണ്ണിൽപ്പെടാതെ അതിൽ വന്ന് തട്ടി അതിലൊട്ടിപ്പിടിച്ച് കുരുങ്ങിക്കിടക്കും, അപ്പോ കള്ളത്തപസ്സു നിർത്തി ആ ജീവിയെ പിടിച്ച് നൊട്ടിനുണഞ്ഞ് സാപ്പിടാം എന്നാണവന്റെ ആശ.

അപ്പോഴാണ് ഘോര മഴ വന്നതും അവന്റെ നൂൽക്കൊട്ടാരം മഴവെള്ളത്തുള്ളിയുടെ ഊക്കൻ വരവിൽപ്പെട്ട് പൊട്ടിത്തകർന്നതും. നൂൽക്കൊട്ടാരം പൊട്ടിയതും ചിലന്തി ഓടി തേക്കിലയുടെ അടിയിൽ കയറി മഴ കൊള്ളാതെ പതുങ്ങിയിരുന്നു.

ഇതെല്ലാം കണ്ടു കൊണ്ട് ജനാലയരികിൽ നിന്നിരുന്ന താഷിയ്ക്ക് ചിലന്തിയോട് പാവം തോന്നി. മറ്റു ജീവികളെ പിടിക്കാൻ കെണി വച്ച് പതുങ്ങിയിരുന്ന ദുഷ്ടനാണ് ചിലന്തി എങ്കിലും എത്ര നാൾ കഷ്ടപ്പെട്ടിട്ടാണ് അവനാ ഭംഗിയുള്ള വലക്കൊട്ടാരം നെയ്തത്! പാവം ഇനി എത്ര നാൾ വേണം അവനങ്ങനെ ഒരു കൊട്ടാരം പണിയാൻ!

അതിനിടയിലെപ്പോഴോ മഴ തീർന്നു പോയിരുന്നു. ഒരു പൊട്ടിയ വലക്കഷണം, അതിൽ പറ്റിപ്പിടിച്ച രണ്ടു മൂന്നു വെള്ളത്തുള്ളികളുമായി തൂങ്ങിക്കിടക്കുന്നത് കണ്ട് ഒരു കാക്ക വന്ന് പേരമരക്കൊമ്പത്തിരുന്ന് അതിലേക്ക് ചാഞ്ഞും ചെരിഞ്ഞും നോക്കി. പിന്നെ പറന്നു പോയി.

ചിലന്തി പാവം ഇനി എവിടെ വലകെട്ടണം എന്നാലോചിച്ച് തേക്കിലയുടെ അടിയിൽ തപസ്സു തുടർന്നു. ഇത്തവണ അവന്റെ തപസ്സ് കള്ളത്തപസല്ല ശരിത്തപസ്സാണെന്ന് താഷി, അമ്മയോട് പറഞ്ഞു.priya a s ,childrens stories, iemalayalam

നമ്മള്‍ വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ ആയല്ലോ. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് മുപ്പത് വരെ കഥകളായി നമ്മളെത്തി നില്‍ക്കുന്നു.

നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത്, ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞു തരാനാവൂ.

നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ ചേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ? കഥകള്‍ക്ക് താഴെ കമന്റ്‌ ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു…

Read More Stories for Children by Priya AS here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook