Latest News
ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന് ജാമ്യം

വേനലൊഴിവിന് പ്രിയ എഎസിന്‍റെ കുഞ്ഞു കഥകള്‍, വായിക്കാം, കേള്‍ക്കാം-52

ഇന്ന് ലോക പരിസ്ഥിതി ദിനം. നമ്മുടെ ഈ യാത്രയുടെ അവസാനം ഭൂമി പച്ചപ്പോടെ ബാക്കിയാകാൻ നമ്മുടെ കുട്ടികൾക്കും ചെയ്യാൻ പറ്റും ചെറിയ വലിയ കാര്യങ്ങൾ എന്നു പറഞ്ഞ് ഇന്ന് കഥകൾ

priya a s , childrens stories, iemalayalam

വിഷുദിവസം മുതല്‍ കുഞ്ഞുകൂട്ടുകാര്‍ക്കായി ഓഡിയോ സഹിതം പ്രിയ എ എസ് അവതരിപ്പിച്ച വേനല്‍ക്കാലഒഴിവുകഥകള്‍ തീരുകയാണ് ഇന്നത്തേതോടെ. നാളെ സ്കൂൾ തുറക്കുകയാണല്ലോ…

കൊച്ചുകൂട്ടുകാര്‍ ഇക്കഥകളെല്ലാം രസിച്ചിരുന്നു കേട്ടുകാണും, നിങ്ങളുടെ ഊണുനേരങ്ങള്‍ക്കും ഉറക്കനേരങ്ങള്‍ക്കും ഈ കഥകള്‍ അകമ്പടി വന്നുകാണും എന്നും വിശ്വസിക്കുന്നു. കേട്ട കഥകളുടെ കേള്‍ക്കാത്ത ബാക്കി, കുട്ടികള്‍ അവരുടെ കുഞ്ഞു ഭാവനകളാല്‍ മെനയുന്നതായിരുന്നു ഞങ്ങളുടെ സങ്കല്പവും ലക്ഷ്യവും. അതേറെക്കുറെ സംഭവിച്ചിട്ടുണ്ടാവുമെന്നു തന്നെ വിശ്വസിക്കുന്നു. അവര്‍ ഇതുവരെ കാണാത്തതരം ജീവജാലങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും ഈ കഥകളിലൂടെ വന്നുപോയപ്പോള്‍, അവരുടെ ലോകവും കാഴ്ചപ്പാടും ചിന്തകളും ഒന്നു കൂടി വലുതായിട്ടുണ്ടാവണം.

കുട്ടിക്കഥകള്‍ കുട്ടികളെ വലുതാക്കും, വലിയവരെ ചെറുതാക്കും.
വലിയവരും വന്ന് ഇക്കഥകള്‍ വായിച്ചു അവരുടെ കുട്ടിക്കാലങ്ങളിലേക്ക് തിരിച്ചുപോയതായി മനസ്സിലാവുന്നുണ്ട് ഈ കഥാപരമ്പരക്ക് കിട്ടിയ പ്രതികരണങ്ങളിലൂടെ. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ ഈ കുട്ടിക്കഥ പറച്ചില്‍ ഇവിടെ തീരുന്നില്ല. തീരുന്നത് വേനല്‍ഒഴിവു കഥകള്‍ മാത്രമാണ്.

ആഴ്ചയവസാനങ്ങളിലെ ശനിയാഴ്ചയും ഞായറാഴ്ചയും കഥാരസമയമാക്കാന്‍ ഇനിയും  പ്രിയ എത്തുന്നതാണ്…

ഭാവിയിലേക്കുള്ള ജീവിതവള്ളങ്ങള്‍ തുഴയാനുള്ള തുഴകളായി തീരട്ടെ ഈ താളുകളില്‍ പറയുന്ന ഓരോ കഥയും. ഇന്നു കാണുന്ന ലോകത്തിന്റെ പരിക്കുകള്‍ മാറ്റി ലോകത്തെ പുതുതായെഴുതാനുള്ള ഇന്ധനമാണ് ഓരോ കുട്ടിയ്ക്കും കഥ. കുട്ടികള്‍ നിറയെ കഥകേട്ട്  വളരട്ടെ. ലോകത്തെ പുതുക്കിപ്പണിയട്ടെ.

ചെടിക്കുട്ടികളും അമ്മക്കുട്ടികളും

ആൻമേരി, ബിൽഡിങ് ബ്ലോക്സ് കൊണ്ട് ഒരു പാലം ഉണ്ടാക്കിക്കളിക്കുകയായിരുന്നു. അപ്പോഴാണ് അപ്പൂപ്പനുണ്ടോ എന്നു ചോദിച്ച് ഒരു കൂട്ടം മാമന്മാർ വാതിൽ മണിയടിച്ചത്.

ആൻ ഓടിപ്പോയി അകത്ത് ചാരുകസേരയിൽ കിടന്ന് വായിച്ചു കൊണ്ടിരുന്ന അപ്പൂപ്പനെ വിളിച്ചു കൊണ്ടുവന്നു. ‘ഓ ഇതാരൊക്കെയാ വന്നിരിക്കുന്നത്’ എന്നു ചോദിച്ച് അവരെ ഓരോരുത്തരെയും അപ്പൂപ്പൻ കെട്ടിപ്പിടിക്കുന്നതും അവർ, അപ്പൂപ്പന്റെ കാൽ തൊട്ടു തൊഴുന്നതും നോക്കി ആൻ നിന്നു.

അപ്പൂപ്പൻ പണ്ട് സ്കൂളിൽ പഠിപ്പിച്ച കുട്ടികളാണ് മോളേ ഞങ്ങളെല്ലാം എന്നു പറഞ്ഞ് അതിലൊരു മാമൻ ആനിനെ ചേർത്തു പിടിച്ചു. പിന്നെ അവരെല്ലാം കസേരകളിലിരുന്ന് അപ്പൂപ്പനോട് സംസാരിച്ചു.

വഴിയോരങ്ങളിൽ തണൽമരങ്ങൾ നടാൻ തയ്യാറെടുത്ത് വന്നവരായിരുന്നു അവർ. ‘പൊടി മാത്രമായിക്കിടക്കുന്ന നമ്മുടെ വഴിയോരങ്ങളിൽ മരം നട്ട് തണലും തണുപ്പും ഓക്സിജനും നിറക്കാം, അല്ലേ മോളേ’ എന്നവർ ചോദിച്ചു.

ആദ്യത്തെ മരം ‘മോളുടെ അപ്പൂപ്പനെക്കൊണ്ട് നടീക്കാനാണ് ഞങ്ങൾ വന്നത് എന്നവർ പറഞ്ഞപ്പോൾ ആൻ അപ്പൂപ്പന്റെ കൈയിൽ പിടിച്ചു അഭിമാനത്തോടെ. പക്ഷേ അപ്പൂപ്പൻ പറഞ്ഞു, ‘ഞങ്ങളെപ്പോലെ വയസ്സു ചെന്നവരല്ലല്ലോ ഇനി മരം നടേണ്ടതും വഴിയോരങ്ങൾ ഭംഗിയായി കാത്തു സൂക്ഷിക്കേണ്ടതും ഭൂമിയെ സ്നേഹിക്കേണ്ടതും, അതിനി ഇവരെ പോലെയുള്ള കുഞ്ഞുങ്ങളാണ് ചെയ്യേണ്ടത്, ഭാവി ഇനി ഇവരുടെ കൈകളിലാണ്.’

അങ്ങനെയാണ് അപ്പൂപ്പനും ആ മാമന്മാരും സാക്ഷി നിൽക്കെ ആൻ വീടിനു മുമ്പിലെ റോഡരികിൽ ഞാവൽമരം നട്ടത്. ഞാവൽമരം വളരും വരെ അതിനെ സൂക്ഷിക്കാനായി ആ മാമന്മാർ വച്ച ട്രീ ഗാർഡിനിടയിലൂടെ കുഞ്ഞിക്കൈയിട്ട് ആൻ അതിന്, ‘കുഞ്ഞിത്തൈയ്യേ, വളര് വളര്’ എന്ന് പാടിപ്പാടി വെള്ളമൊഴിച്ചു.

priya a s , childrens stories, iemalayalam

ആൻ എന്നും രാവിലെ എഴുന്നേറ്റ് പാൽ കുടിക്കാൻ പോകുമ്പോത്തന്നെ ചെടിക്ക് കുടിക്കാനും വെള്ളം കൊടുക്കണം, ചെടിക്കുട്ടിയുടെ അമ്മക്കുട്ടിയായ ആൻ കുട്ടിയാണതിനെ ശ്രദ്ധിച്ചു വളർത്തേണ്ടതെന്നും അപ്പൂപ്പൻ പറഞ്ഞു.

അടുത്ത വീടുകളിലെ കുട്ടികളും ആനിനെപ്പോലെ അവരുടെ വീടിനു മുന്നിൽ ആ മാമന്മാർ കൊടുത്ത ചെടിക്കുട്ടികളെ നട്ട് അവരുടെയെല്ലാം അമ്മക്കുട്ടിമാരായി. ആനും കൂട്ടുകാരും അമ്മക്കുട്ടിമാരായി ചെടി നനയ്ക്കുന്നത് കാണാൻ ആനിന്റെ അപ്പൂപ്പനും പ്രകൃതിയമ്മയ്ക്കും എന്തിഷ്ടമാണെന്നോ!

വലുതാകുമ്പോൾ ആനും കൂട്ടുകാരും ആ മാമന്മാരെപ്പോലെ കഴുകി വൃത്തിയാക്കിയ മിൽമാ കവറുകളിൽ മാങ്ങാണ്ടിയും ഞാവൽക്കുരുവും കശുവണ്ടിയും നട്ടു കിളിർപ്പിച്ച് വേറെ വഴിയോരങ്ങളിൽ വേറെ കുട്ടികളെക്കൊണ്ട് നടീക്കാൻ പോവുമല്ലോ.

യാത്രയുടെ അവസാനം

ശ്രീക്കുട്ടിയും കൂട്ടുകാരും റ്റീച്ചേഴ്‌സും സ്ക്കൂളിൽ നിന്ന് വേമ്പനാട്ട് കായലിൽ ബോട്ടിങ്ങിന് പോയി. ഒച്ചയിൽ പാട്ടു പാടിയും കൂവിയും ആർത്തുവിളിച്ചും ഒരു കാര്യവുമില്ലാതെ ബഹളം വച്ചും അവരിരുന്നു.

ബോട്ട് മുന്നോട്ടു കുതിക്കുമ്പോൾ വീതിയുള്ള വെള്ളിപ്പാദസരം പോലെ വെള്ളിപ്പത, ബോട്ടിനോട് തൊട്ടുരുമ്മി കായൽ വെള്ളത്തിൽ പതഞ്ഞു നിറയുന്നത് കാണാൻ ശ്രീക്കുട്ടി, തല നീട്ടി പുറത്തേക്ക് തന്നെ നോക്കിയിരുന്നു. അവർക്ക് ദാഹിക്കുകയും വിശക്കുകയും ചെയ്തപ്പോൾ സ്കൂളിൽ നിന്നേ തയ്യാറാക്കി കൊണ്ടുവന്ന മാങ്ങാ ജ്യൂസും ബിസ്ക്കറ്റുകളും പേരയ്ക്കയും മിഠായികളും ചിപ്സും റ്റീച്ചേഴ്സ് അവർക്ക് കൊടുത്തു.

പ്ലാസ്റ്റിക് കഴിയുന്നതും ഒഴിവാക്കിയാണ് അവർ ആഹാരസാധനങ്ങൾ കൊണ്ടു വന്നിരുന്നത്. എന്നാലുമുണ്ടായി മിഠായി റാപ്പറുകൾ പോലെ ചില പാഴ് വസ്തുക്കൾ.

അവ കായലിലേക്കെറിയാൻ തുടങ്ങുകയായിരുന്നു ശ്രീക്കുട്ടിയും കൂട്ടുകാരും.. അപ്പോ ക്രാഫ്റ്റ് സർ എണീറ്റു വന്ന് പച്ചോല കൊണ്ടു നെയ്തുണ്ടാക്കിയ വെയ്സ്റ്റ് ബിൻ എടുത്തു കൊണ്ടുവന്ന് അവരുടെ മുന്നിൽ വച്ചു. അവരോട്, അവർ ആഹാരം കഴിച്ചപ്പോൾ ബാക്കിയായ പ്ലാസ്റ്റിക് വസ്തുക്കളെല്ലാം അതിലേക്കിടാൻ സർ പറഞ്ഞു.

‘ഓ, ഇതിനാണല്ലേ സർ സ്ക്കൂളിൽ വച്ചിന്നലെ ഞങ്ങളെയും കൂട്ടി വലിയ ഓലക്കൂടകൾ നെയ്തത് എന്നവർ ചോദിച്ചു.

സ്ക്കൂളിൽ നിന്ന് യാത്ര പുറപ്പെടുമ്പോൾ, ‘ഏലേലയ്യാ എലേസാ’ എന്ന് പാടി ബസിലേക്ക് ഓലക്കൂടകൾ എടുത്തു വച്ചത് യാത്രയിലുണ്ടാവുന്ന വെയ്സ്റ്റ് അവിടെയുമിവിടെയും എറിഞ്ഞു കളയാതിരിക്കാൻ വേണ്ടിയാണല്ലേ എന്നവർ, ക്രാഫ്റ്റ് സാറിനോട് തിരക്കിയപ്പോൾ, സർ തലയാട്ടിച്ചിരിച്ചു.

പ്ളാസ്റ്റിക് കുപ്പിയും പ്ലാസ്റ്റിക് കടലാസും യാത്രക്കാർ യാത്രയുടെ അവസാനം കായലിലേക്കെറിഞ്ഞതു കാരണം പ്രകൃതിയമ്മയ്ക്കും കായൽ മകൾക്കും സങ്കടമാണ് എന്ന് ക്രാഫ്റ്റ് മാഷ് പറഞ്ഞു. ‘ശരിയാണല്ലോ, ഈ കായൽ മുഴുവൻ ചപ്പും ചവറു മാണല്ലോ, ഇതിന്റെ പേര് വേമ്പനാട്ട് കായലെന്നാണോ ചപ്പുചവറു കായലെന്നാണോ’ എന്ന് ശ്രീക്കുട്ടി അമ്പരന്നു.

കായൽ, നേരാംവണ്ണം ശ്വസിക്കാൻ പറ്റാതെ കുപ്പികൾക്കും പ്ലാസ്റ്റിക് കവറിനുമിടയിലൂടെ കഷ്ടപ്പെടുന്നുണ്ടെന്ന് ശ്രീക്കുട്ടി, കൂട്ടുകാരെ വിളിച്ചു കാണിച്ചു കൊടുത്തു. പ്ലാസ്റ്റിക്, വെള്ളത്തിലും മണ്ണിലുമൊന്നും അലിയാതെ കിടക്കും, ഭൂമിയാകെ വൃത്തികേടാക്കും, പിന്നെ ആടും പശുവുമൊക്കെ അത് തിന്നാൻ നോക്കി പ്ലാസ്റ്റിക് വയറ്റിൽ കെട്ടിക്കിടന്ന് ചത്തു പോവും എന്ന് ക്രാഫ്റ്റ് സർ അവർക്ക് പറഞ്ഞു കൊടുത്തു.

പ്ലാസ്റ്റിക് ഉപയോഗം കഴിയുന്നത്ര കുറയ്ക്കാനാണ് നമ്മൾ കടകളിൽ കിട്ടുന്ന പാക്കറ്റ് ജ്യൂസുകൾ വാങ്ങാതിരുന്നതും ജ്യൂ സ് കുടിക്കാനായി സ്റ്റീൽ ഗ്ലാസുകൾ കൊണ്ടു വന്നതും എന്ന് സർ പറഞ്ഞു. ബോട്ടിൽ നിന്നിറങ്ങുമ്പോൾ ഓലക്കൂടകൾ ‘ഏലേലയ്യാ ഏലേസാ’ വിളിച്ച് അവർ ബസിന്റെ പുറകിലേക്കെടുത്തു വച്ചു.

സ്കൂളിൽ ചെല്ലുമ്പോൾ അവരതെടുത്ത് പ്ലാസ്റ്റിക് സംഭരിക്കാൻ വരുന്ന കുടുംബശ്രീക്കാർക്ക് കൊടുക്കും. അവരത് പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്ത് ഉപകാരമുള്ള വസ്തുക്കളാക്കുന്ന ഇടങ്ങളിലേൽപ്പിക്കും. അപ്പോ ഭൂമിയമ്മ സന്തോഷം വന്ന് ക്രാഫ്റ്റ് മാഷ്ക്കും കുട്ടികൾക്കും കുറേ പഴുത്ത മാങ്ങകൾ സ്ക്കൂളിലെ മാവിൽ നിന്ന് താഴേക്കിട്ടു കൊടുക്കുകയോ അവർക്ക് പെറുക്കി രസിക്കാനും നക്കിനുണയാനും എറിഞ്ഞു കളയാനുമായി നിറയെ ആലിപ്പഴങ്ങളുള്ള ഒരു മഴ പെയ്യിക്കുകയോ ചെയ്യും.

ശ്രീക്കുട്ടി ആലോചിച്ചു, ആർക്കായിരിക്കും ഭൂമിയമ്മ ഏറ്റവും കൂടുതൽ ആലിപ്പഴങ്ങൾ കൊടുക്കുക?priya a s , childrens stories, iemalayalam

നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത്, ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞു തരാനാവൂ.

നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ ചേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ? കഥകള്‍ക്ക് താഴെ കമന്റ്‌ ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു…

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Read aloud stories for children priya a s chedikuttykalum ammakuttykalum yathravasanam

Next Story
വേനലൊഴിവിന് പ്രിയ എഎസിന്‍റെ കുഞ്ഞു കഥകള്‍, വായിക്കാം, കേള്‍ക്കാം-51priya a s ,childrens stories, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X