കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ?
എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.
വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം.
വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…
ചപ്പാത്തി വീട്
അമ്മ, ഗോതമ്പുമാവ് ചപ്പാത്തിയുണ്ടാക്കാനായി കുഴച്ചു വച്ചു.
‘ഞാൻ മാവുരുളകൾ ഉരുട്ടി വച്ചു തരാം, അപ്പോ അമ്മയ്ക്ക് നല്ല എളുപ്പത്തിൽ, വേഗത്തിൽ ചപ്പാത്തി പരത്താൻ പറ്റും അമ്മയ്ക്ക്’ എന്നു പറഞ്ഞു പാറു. അമ്മ അതിനിടെ പാറുവിന്റെ അനിയൻ പാച്ചുക്കുട്ടനെ പല്ലു തേപ്പിക്കാൻ പോയി.
പാറു, ചപ്പാത്തിയുരുള നിർമ്മാണത്തിൽ മുഴുകി. രണ്ടു മൂന്ന് ഉരുള ഉരുട്ടിക്കഴിഞ്ഞപ്പോൾ, പാറുവിന് തോന്നി ഒരു ഉരുള കൈയിൽ വച്ച് ഒന്നു പരത്തി, അരികിലൊക്കെ ചെറുതായി ഡിസൈൻ ചെയ്താൽ ഒരു പൂവായല്ലോ. പൂവിതളുകളിൽ പാറു അവിടവിടെയായി ഓരോ കടുകു വച്ച് നല്ല ഭംഗിയാക്കി.
പൂവുണ്ടാക്കിക്കഴിഞ്ഞപ്പോ പാറുവിന് തോന്നി ഇനിയൊരെണ്ണം കൊണ്ട് സൂര്യനെ ഉണ്ടാക്കാം. സൂര്യരശ്മിയായി തീപ്പെട്ടിക്കോലുകൾ വച്ചപ്പോൾ ചപ്പാത്തി സൂര്യൻ ഉഗ്രനായി. ഇനിയൊരു പാമ്പിനെയുണ്ടാക്കാം എന്നു വിചാരിച്ച് ചപ്പാത്തിമാവിനെ കൈയിലിട്ടുരുട്ടി നീളത്തിലാക്കി, ഒരറ്റം പരത്തി പത്തിയാക്കി പാമ്പിൻ കണ്ണായി രണ്ടു കുരുമുളക് വച്ചു പാറു.
പിന്നെ ഒരു ഉരുളയെ കുഞ്ഞു കുഞ്ഞുരുളകളാക്കി അത് ഒന്നിനു മേലെ ഒന്നായി ചേർത്തു വച്ചപ്പോ ഒരു ഭീകരൻ പുഴുവായി ചപ്പാത്തി മാവ്. പിന്നൊരു ചപ്പാത്തി വീട്. അതിന് പുകക്കുഴലായി പച്ചമുളക് വച്ച് വാതിലും ജനലിനുമായി എന്ത് തെരഞ്ഞെടുക്കണം എന്നാലോചിയ്ക്കുമ്പോ അമ്മ, പാച്ചുവിനെ അച്ഛനെ ഏൽപ്പിച്ച് തിരിച്ചു വന്നു.
അടുക്കളയിലെ ചപ്പാത്തിപ്പുഴുവിനെയും ചപ്പാത്തി വീടിനെയും ചപ്പാത്തി സൂര്യനെയും ചപ്പാത്തിപ്പൂവിനെയും കണ്ടന്തം വിട്ടു നിന്നു അമ്മ ഇത്തിരി നേരം. പിന്നെ ഒരു കള്ളച്ചിരിയോടെ, ചപ്പാത്തി വീടിന്റെ ജനാലയ്ക്കായി രണ്ടു കഷണം കാരറ്റും വാതലിനായി മുരിങ്ങക്കയും മുറിച്ചു കൊടുത്തു.
‘ആഹാ, ഇന്നൊന്നുമില്ലേ കഴിയ്ക്കാൻ ?’ എന്നു ചോദിച്ച് അച്ഛൻ, പാച്ചുവിനെയും എടുത്ത് അടുക്കളയിൽ വന്നപ്പോ അമ്മ ചിരിച്ചു.
എന്നിട്ട്, ‘ഇന്ന് നമുക്ക് ദോശയുണ്ടാക്കാം, ചപ്പാത്തി മാവിൽ നിന്ന് ഞങ്ങൾ ഒരു കിളിയെയും കൂടി ഉണ്ടാക്കിക്കോട്ടെ പ്ലീസ്’ എന്നു പറഞ്ഞു. പാച്ചു, അച്ഛന്റെ ഒക്കത്തിരുന്ന് ആർക്കും മനസ്സിലാകാത്ത കുഞ്ഞു ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു.
‘എനിക്കും താഴെയിറങ്ങണം, ഒരു ചപ്പാത്തിക്കാറുണ്ടാക്കണം’ എന്നായിരിക്കുമോ അവൻ പറഞ്ഞത്? അവനേറ്റവും ഇഷ്ടമുള്ള കളിപ്പാട്ടം കളിക്കാറുകളാണല്ലോ!
കുഞ്ഞിക്കിളി
കുഞ്ഞന്റെ വീടിനകത്ത് ഇന്നാള് വന്നതാരാന്നറിയാമോ? ഒരു കുഞ്ഞിക്കിളി.
‘അവൾ വഴി തെറ്റി വന്നു കയറിയതാണ്, പാവം’ എന്നു പറഞ്ഞു അമ്മ അവളുടെ പേടിച്ചുള്ള പരക്കംപാച്ചിലും നിർത്താതെയുള്ള ചിലയ്ക്കലുമൊക്കെ കണ്ട്. ‘നമ്മളവളെ ഉപദ്രവിക്കുമോന്നാ അവൾക്കു പേടി’ എന്നും അമ്മ പറഞ്ഞു. ‘ഞങ്ങള്‍ നല്ല ആളുകളാ, കുഞ്ഞിക്കിളീ ഞങ്ങളാരേം ഉപദ്രവിക്കില്ല’ എന്നു വിളിച്ചു പറഞ്ഞു കുഞ്ഞൻ.
എന്നിട്ട് കുറേ ജനാലകൾ തുറന്നിട്ട്, ‘ദേ ഇതിലേതിലെങ്കിലും കൂടി പൊക്കോ’ എന്നു പറഞ്ഞു. അവൾക്കുണ്ടോ അതു വല്ലതും മനസ്സിലാവുന്നു… അവൾ ഫാനിലിടിക്കാതിരിക്കാൻ അമ്മ, ഫാനൊക്കെ ഓഫ് ചെയ്തു.
ഫാനിലെ കറൻറിൽത്തട്ടിയാൽ അവൾ ചത്തു പോവൂല്ലേ.? കണ്ണും മൂക്കുമില്ലാതെ പേടിച്ചു പറക്കലിന്റെ അവസാനം അവൾ ഭിത്തിയിൽ ചെന്നിടിച്ച് വീണു… ഉടനെ തന്നെ ഒരു മാസിക കൊണ്ട് അവളെ മെല്ലെ കോരിയെടുത്ത് കുഞ്ഞൻറമ്മ ജനലിലൂടെ പറത്തി വിട്ടു.
അവൾ ആശ്വാസത്തോടെ പറന്നു പോയതെന്തു വേഗത്തിലാണെന്നോ… എന്നിട്ട് ആ ഇലുമ്പൻ പുളിമരത്തിൽ ചെന്നിരുന്ന് ഒരു നീളൻ സന്തോഷപ്പാട്ടു പാടി…
കുഞ്ഞൻ പഠിക്കാനിരിക്കുമ്പോ, കുഞ്ഞന്റെ മുറിയുടെ ചില്ലു ജനാലയിൽ വന്ന് കൊത്തുന്നതവളാണ് എന്നാണ് കുഞ്ഞന്‍ തോന്നുന്നത്. ‘ഞാനിവിടെയൊക്കെത്തന്നെയുണ്ടേ’ എന്നവൾ കുഞ്ഞനോട് പറയുകയാവാം എന്നാണ് കുഞ്ഞന്റെ അമ്മ പറയുന്നത്. ശരിയായിരിക്കും അല്ലേ?
നമ്മള് വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ ആയല്ലോ. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് ഇരുപതു വരെ കഥകളായി നമ്മളെത്തി നില്ക്കുന്നു.
നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത് ,ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞു തരാനാവൂ…
നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ ചേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ? കഥകള്‍ക്ക് താഴെ കമന്റ് ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു…
Read More Stories for Children by Priya AS here