കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ?
എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.
വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം.
വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…
ചങ്ങാത്തം
കൊക്കും ആമച്ചാരും കൂടെ വർത്തമാനം പറഞ്ഞു കൊണ്ട് കുളത്തിനരികെ നിൽക്കുകയായിരുന്നു.
പനിയും ശ്വാസം മുട്ടലും കൊണ്ട് കൊക്ക് നേരെ നിൽക്കാൻ വയ്യാതെ വിഷമിക്കുന്നതു കണ്ട്, വയ്യാതിരുന്നിട്ടും ‘നീയെന്താ തണുത്ത കാറ്റുള്ള ഈ കുളത്തിന്റെ വക്കത്ത് വന്നു നിൽക്കുന്നതെന്നു’ ചോദിച്ചു ആമച്ചാര്.
‘പനിയാണെങ്കിലും എനിക്ക് നല്ല വിശപ്പുണ്ട് ചങ്ങാതീ, രണ്ട് മീനിനെ പിടിക്കാം’ എന്നു വിചാരിച്ച് നിൽക്കുകയാണ് എന്നു പറഞ്ഞു കൊക്ക്.
കൊക്കങ്ങനെ പറഞ്ഞത് കേട്ട ആമച്ചാര്, കരയിലിരുന്നുള്ള അവന്റെ വെയിൽ കായൽ മതിയാക്കി, ‘ഇപ്പോ വരാമേ’ എന്നു പറഞ്ഞ് ഉടനെ വെള്ളത്തിനടിയിലേക്ക് പാഞ്ഞു പോയി അവന്റെ മീൻ’ചങ്ങാതിമാരോട് ,’ഒരു അപകടം മണക്കുന്നുണ്ട്, കുറച്ചു നേരത്തേക്ക് നിങ്ങളാരും വെള്ളത്തിന്റെ മുകളിലേക്ക് വരണ്ട’ എന്നു പറഞ്ഞു. മീനുകൾ പേടിച്ച് വെള്ളത്തിനകത്തേക്ക് ഊളിയിട്ടു.
പിന്നെ ആമച്ചാര് വെള്ളത്തിൽ നിന്ന് തല നീട്ടി, കൊക്കിനോട് പറഞ്ഞു, ‘പനിയുള്ളപ്പോ മീൻ കഴിച്ചാൽ പനി കൂടും’.
‘അതെയോ, അങ്ങനെയാണോ’ എന്ന് സംശയിച്ചു ചോദിച്ചു കൊക്ക്. ‘അതെ, അതെ അങ്ങനെയാണ്’ എന്നുറപ്പിച്ചു പറഞ്ഞു ആമച്ചാര്. ‘അപ്പോപ്പിന്നെ ഞാനെന്തു തിന്ന് വിശപ്പാറ്റും ?’ എന്ന് സങ്കടപ്പെട്ടു കൊക്ക്.
‘കുളത്തിനു പുറകിലെ വീട്ടുകാര്‍ വാഴച്ചോട്ടിൽ കൊണ്ടു വന്നിട്ട പഴഞ്ചോറ്, അതു മതിയല്ലോ നിനക്ക് വയറു നിറയാൻ’ എന്നു പറഞ്ഞ് ആമച്ചാര് കൊക്കിനെ വാഴ നിൽക്കുന്നയിടത്തേക്ക് കൂട്ടിക്കൊണ്ടു പോയി.
‘എനിക്കു ചോറൊന്നും തിന്ന് ശീലമില്ല മീനൊക്കെ കഴിച്ചാണ് ശീലം, പക്ഷേ മീൻ തിന്നാൽ പനി കൂടിയാലോ?’ എന്നൊക്കെ തന്നത്താൻ പറഞ്ഞു കൊണ്ട് കൊക്ക് ചോറ് കൊത്തിപ്പെറുക്കാൻ തുടങ്ങി.
ചോറ് തിന്നുന്ന കൊക്കിന്റെ ക്ഷീണിച്ച നിൽപ്പു കണ്ട്, ‘നീയിതെന്താ ചോറൊക്കെ തിന്നു നിൽക്കുന്നത്, വയ്യേ നിനക്ക് ?’ എന്നു ചോദിച്ചു വീട്ടിലെ അമ്മ. എന്നിട്ട് നല്ല ഇളംചൂടു കഞ്ഞി വെള്ളം ഒരു ചരുവത്തിലാക്കി വച്ചു കൊടുത്തു.
അത് കൊക്ക്, അതിന്റെ നീളൻ ചുണ്ടുകൊണ്ട് വലിച്ചു കുടിക്കുന്നത് നോക്കി ആമച്ചാരു ചോറു വറ്റ് നൊട്ടിനുണഞ്ഞു. മീനുകളും മീനുകളെ തിന്നുന്ന കൊക്കും ഒരേ പോലെ സുഹൃത്തുക്കളായതുകൊണ്ട് വലിയ പാടാണ് അല്ലേ നിനക്ക് എന്ന് വാഴയിലയിൽ ഇതൊക്കെ കണ്ടു കൊണ്ടിരുന്ന കാക്കച്ചി ചോദിച്ചു.
‘ശരിയാ, കൊക്ക്, മീനിനെ തിന്നുകയുമരുത്, എന്നാലോ കൊക്കിന്റെ വിശപ്പു മാറുകയും വേണം, എന്റെ ഒരു കഷ്ടപ്പാട്’ എന്നു പറഞ്ഞു ആമച്ചാര്.
വലിയ പാടാണ് ഈ ലോകത്തു ജീവിച്ചു പോകാൻ എന്ന് കാക്കച്ചി തത്വം പറഞ്ഞു. കഞ്ഞി വെള്ളം കുടിച്ചു വയറു നിറഞ്ഞ ക്ഷീണം മാറിയ കൊക്ക്, ഇനി ഇത്തിരി നേരം വിശ്രമിക്കട്ടെ എന്നു പറഞ്ഞു പറന്നു പോയി.
കൊക്ക് പറന്നു പോകുന്നതിന്റെ ചിറകടിയൊച്ച കേട്ട് മീനുകൾ വീണ്ടും വെള്ളത്തിനു മുകളിലൂടെ തുള്ളിച്ചാടി നടന്നു. ഇനി നാളെയും കൊക്ക്, മീൻ പിടിച്ചു തിന്നാനായി വരുമല്ലോ, അപ്പോ എന്തു പറഞ്ഞാണ് മീനുകളെ രക്ഷിക്കുക എന്ന് ആമച്ചാര് ആലോചനയിലായി.
എപ്പോഴും ഇളകി മറിയുന്ന ഒരു മീനിനെപ്പോലെയാണ് ചങ്ങാത്തം, അങ്ങോട്ടിങ്ങോട്ടിളകാതെ നിന്ന ഇടത്തു തന്നെ നിർത്താൻ വലിയ പാടാണ് എന്ന് പറഞ്ഞു കാക്കച്ചി. ശരിയാണ്, ചങ്ങാത്തം ഒരു മീനാണ് എന്നു തല കുലുക്കി സമ്മതിച്ചു ആമച്ചാര്.
വെളുമ്പിപ്പൂച്ചയുടെ പ്രാർത്ഥന
വെളുമ്പിപ്പൂച്ച, അടുക്കള വശത്തെ മുറ്റത്തു കൂടി കറങ്ങി നടന്നു. അടുക്കളയിൽ ബാക്കി വന്ന എന്തെങ്കിലും വീട്ടുകാർ, പപ്പായച്ചോട്ടിലോ വാഴച്ചോട്ടിലോ ഇട്ടിട്ടുണ്ടാവും എന്ന് വിചാരിച്ച് വെളുമ്പി അവിടെയുമിവിടെയും ഒക്കെ സൂക്ഷിച്ചു നോക്കി.
കുഞ്ഞിക്കിളിക്കു കൊത്തിത്തിന്നാൻ പാകത്തിലൊരു വറ്റുപോലും കാണാനില്ല ഒരിടത്തും. ഈ വീട്ടുകാർ ആഹാരം ഉണ്ടാക്കുന്നത് നിർത്തിക്കാണുമോ എന്നാലോചിച്ചു നോക്കി വെളുമ്പി.
വീട്ടിലെ സുറുമിക്കുട്ടിയെയും കാണാനില്ല. അവളാണ് പ്ലേറ്റിലെ ആഹാരം, ആരും കാണാതെ പാത്തുപതുങ്ങി മുറ്റത്തേക്കെറിഞ്ഞു കളയുന്ന ആള്. സുറുമീടെ സ്ക്കൂളടച്ചെന്നും അവളെയും കൂട്ടി അച്ഛനുമമ്മയും നാട്ടിലേക്ക്, അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്തേക്ക് പോയെന്നും അപ്പോഴതു വഴി വന്ന അണ്ണാരക്കണ്ണൻ പറഞ്ഞു.
പാത്രമടക്കുന്നതും തുറക്കുന്നതുമൊക്കെയേ വെളുമ്പിക്കറിയാമായിരുന്നുള്ളു. അടക്കാനും തുറക്കാനുമൊക്കെ പറ്റുന്ന ഈ സ്ക്കൂൾ എത്ര വലിയ ഒരു പാത്രമാണ് എന്നു ചോദിച്ചു അപ്പോ വെളുമ്പി.
‘മണ്ടീ,സ്ക്കൂളെന്നു വച്ചാൽ പാഠങ്ങൾ പഠിപ്പിക്കുന്നയിടം’ എന്നു അണ്ണാരക്കണ്ണൻ പറഞ്ഞു കൊടുത്തിട്ടും വെളുമ്പിക്ക് ഒന്നും മനസ്സിലായില്ല. ‘നീ ഓർക്കണില്ലേ ഇന്നാളു വരെ സുറുമി സ്ക്കൂളിലേക്ക് എന്നും രാവിലെ സ്ക്കൂൾ വാനിൽ പോകുന്നത്’ എന്നു അണ്ണാരക്കണ്ണൻ ചോദിച്ചിട്ടും വെളുമ്പിക്കുണ്ടോ ഓർമ്മ വരുന്നു!
സുറുമി ആരും കാണാതെ കളയുന്ന മീൻ തുണ്ടും കേക്കു കഷണവും ചിക്കൻ കഷണവും മാത്രമേ അവൾക്ക് ഓർമ്മ വന്നുള്ളു. സ്ക്കൂൾ എന്നു വച്ചാൽ എന്താണെന്നു ഒട്ടും മനസ്സിലായില്ല എങ്കിലെന്ത് അവൾ മ്യാവു ഭാഷയിൽ ഉറക്കെ, ‘എന്റെ സ്ക്കൂൾ ഭഗവാനേ, വേഗം തുറക്കണേ സ്കൂൾ, സ്കൂൾ തുറന്ന് വേഗം സുറുമി പ്രത്യക്ഷപ്പെടണേ, അടുക്കളമുറ്റത്ത് കഴിക്കാനുള്ള തെന്തെങ്കിലും കൊണ്ടിടാൻ സുറുമിയ്ക്ക് തോന്നണേ’ എന്നു പ്രാർത്ഥിക്കാൻ തുടങ്ങി.
അണ്ണാരക്കണ്ണന് ‘ചിൽ ചിൽ’ എന്ന് ചിരി വന്നു. അവൻ, ‘മണ്ടിപ്പെണ്ണേ’ എന്നു വിളിച്ച് മാവിൻ തുഞ്ചത്തേക്ക് കയറിപ്പോയി.
നമ്മള് വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ ആയല്ലോ. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് ഇരുപത്തിയൊന്‍പത് വരെ കഥകളായി നമ്മളെത്തി നില്ക്കുന്നു.
നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത്, ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞു തരാനാവൂ.
നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ ചേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ? കഥകള്‍ക്ക് താഴെ കമന്റ് ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു…
Read More Stories for Children by Priya AS here