കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ? എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

അപ്പുസ്ക്കൂൾ

അപ്പുവിന്റെ സ്കൂൾ തുറന്നു. ഇനി രണ്ടു മാസമായി കാണാതിരുന്ന കുട്ടിക്കൂട്ടുകാരെ മുഴുവൻ കാണാം, അവരോടൊപ്പം ചിരിച്ചു രസിച്ചു ഓടിപ്പാഞ്ഞുകളിച്ചു രസിക്കാം അപ്പുവിന്.

ഒഴിവുകാലത്ത് അപ്പു ,അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വീട്ടിലായിരുന്നു. അവിടെ അടുത്ത വീടുകളിലെങ്ങും അപ്പുവിന്റെ കളിപ്രായത്തിലെ കുട്ടികളുണ്ടായിരുന്നില്ല. അതു കൊണ്ട് അമ്മൂമ്മ വളർത്തുന്ന താറാവും കോഴിയും ആടും പശുവും മുറ്റത്തു കൂടി സവാരി നടത്തുന്ന അസംഖ്യം കിളികളും അണ്ണാനും കീരിയും ചേരയും പൂച്ചകളും അപ്പുവിന്റെ കൂട്ടുകാരായി.

അങ്ങനെ അവരോടു മിണ്ടിയും പറഞ്ഞും ആണ് അപ്പുവിന് ജന്തുജാലങ്ങളുടെ ഭാഷ പഠിക്കാൻ പറ്റിയത്. ഒഴിവുകാലം കഴിഞ്ഞതു കൊണ്ട് ഇനി അപ്പു, അച്ഛന്റെയും അമ്മയുടെയും കൂടെ ഫ്ലാറ്റിലാണ് നിൽക്കുക. ഇനി സ്ക്കൂളിൽ ചെന്നാൽ മനുഷ്യരുടെ ഭാഷയാണ് അപ്പു പഠിക്കുക.

priya a s ,childrens stories, iemalayalam

കണക്കു കൂട്ടാനും കത്തെഴുതാനും കഥ പറയാനുമുള്ള 1234, Abcd, അ ആ ഇ ഈ അതൊക്കെ റ്റീച്ചർമാര് അപ്പുവിനെ പഠിപ്പിക്കും. ഇടയ്ക്ക് പരീക്ഷയുണ്ടാവും. അപ്പോ മാർക്ക് വാങ്ങണം മിടുക്കനായി.

ഇടയ്ക്ക് സ്‌ക്കൂളിലെ ഞാവൽ മരക്കൊമ്പത്തു വന്നിരുന്ന് ഒരണ്ണാനോ മഞ്ചാടിമരത്തിൽ വന്നിരുന്ന് ഒരു ഓന്തോ അപ്പുവിന്റെ ക്ലാസ് മുറിയുടെ ജനാലയിലൂടെ, ‘എന്തു വിശേഷം അപ്പൂ ?’ എന്ന് ചോദിക്കും. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്തു നിന്ന് വരുന്നവരാണ് അവർ.

അപ്പു, അവർക്ക് അവന്റെ മനുഷ്യക്കൂട്ടുകാരെ അന്ന, അരവിന്ദ്, ഇഷാൻ, ഗീവർഗ്ഗീസ്, പവി, കത്രീന, നന്ദിത എന്നൊക്കെ പരിചയപ്പെടുത്തിക്കൊടുക്കും. അപ്പോഴേക്ക് ഇന്റർവെൽ കഴിഞ്ഞ് അടുത്ത പീരിഡിനായുള്ള ബെല്ലടിക്കും.

അപ്പോ അപ്പു, മനുഷ്യ ഭാഷ പഠിക്കാനായി മനുഷ്യക്കൂട്ടുകാരോടൊപ്പം ക്ലാസിന് അകത്തേക്ക് ഓടും, ‘ജന്തുഭാഷ പഠിക്കാനായി അടുത്ത വെക്കേഷന് വരാമേ നാട്ടിലേക്ക്’ എന്നു പുറത്തെ ഓന്തിനോടും അണ്ണാരക്കണ്ണനോടും വിളിച്ചു പറഞ്ഞു കൊണ്ടാവും ഓട്ടം.

നാട്ടിൽപ്പോയി അപ്പുവിന്റെ ബാക്കി മുറ്റം- കൂട്ടുകാരോട് അപ്പുവിന്റെ കാര്യങ്ങൾ പറയാനായി ഓന്തും അണ്ണാനും അവരും പതുക്കെ സ്ഥലം വിടും. അവര്, നാട്ടിൽ നിന്നിങ്ങോട്ടേക്കുള്ള ട്രെയിനിന്റെ മുകളിൽ കയറിയിരുന്നാണ് അപ്പുവിനെ കാണാൻ വന്നത്.

മനുഷ്യ ഭാഷ പഠിക്കാൻ സ്ക്കൂൾ, ജന്തുഭാഷ പഠിക്കാൻ ഒഴിവുകാലം എന്നപ്പു പറഞ്ഞു കൊടുത്തത് ആടിപ്പാടി നാട്ടിൽ തിരികെ ചെല്ലുമ്പോഴേക്ക് അവർ മറക്കുമോ ആവോ ?

സ്കൂൾ തുറക്കുമ്പോൾ

ഒഴിവുകാലത്ത് നിറയെ മാങ്ങയും കശുമാങ്ങയുമൊക്കെ തിന്ന് നടന്ന് പാത്തു വലുതായതു കൊണ്ടാവും പാത്തുവിന്റെ സ്ക്കൂൾ യൂണിഫോം ചെറുതായി. സ്കൂൾ ബാഗ്, അതാണേൽ പഴയതായി. പുതിയ പെൻസിലും ഇല്ല പാത്തുവിന്. പഴയതെല്ലാം മാറ്റി പുതിയത് വാങ്ങാൻ പാത്തുവിന്റെ അമ്മേടെ കൈയിൽ കാശുമില്ല. പാത്തുവിനാണെങ്കിൽ സങ്കടം വന്നിട്ട് വയ്യ.

അപ്പോഴാണ് അപ്പുറത്തെ പുതിയ വീട്ടിൽ താമസമായ മാമനും മാമിയും അടുത്ത വീടുകളിലൊക്കെ ചെന്ന് സ്ക്കൂൾ കുട്ടികളുള്ള വീടാണോ, അവർക്ക് എന്തെങ്കിലും ആവശ്യമുണ്ടോ എന്നെല്ലാം ചോദിച്ചതും പാത്തുവിനും വേറെ ഒരുപാട് കുട്ടികൾക്കും ബാഗ്, ചെരുപ്പ്, കുട, പെൻസിൽ, സ്കെയിൽ, റെയിൻ കോട്ട്, യൂണിഫോം, നെയിം സ്ലിപ് ഇതൊക്കെ വാങ്ങിക്കൊടുത്തതും.

ഇന്ന് പാത്തുവിന് സ്കൂൾ തുറക്കും. നല്ല സന്തോഷക്കുട്ടിയായിട്ടാണ് പാത്തു നല്ല പാകമുള്ള യൂണിഫോമിട്ട് , പുതിയ ബാഗിൽ പുതിയ പുസ്തകങ്ങളുമായി സ്ക്കൂളിൽ പോവുക.

സ്കൂളിൽ പോയി പഠിച്ച് പാത്തുവിന് വലുതാകുമ്പോ നല്ല ജോലി കിട്ടും. അപ്പോ പാത്തുവും ഏതൊക്കെ സ്കൂൾ കുട്ടിക്കാണ് വീട്ടിൽ കാശില്ലാതെ പുതിയതൊന്നും വാങ്ങിക്കാൻ പറ്റാതെ വിഷമിക്കുന്നത് എന്നന്വേഷിച്ച് അവർക്ക് സ്ക്കൂളിലേക്ക് വേണ്ടതെല്ലാം വാങ്ങിക്കൊടുത്ത് അവരെ സന്തോഷക്കുട്ടികളാക്കും.

അതിനു വേണ്ടിയാണ് പാത്തു മിടുക്കിക്കുട്ടിയായി പഠിക്കുന്നത്. അവനവനെയും മറ്റുള്ളവരെയും സഹായിക്കാൻ വേണ്ടിയാണ് നമ്മളൊക്കെ പഠിക്കേണ്ടത് എന്നാണല്ലോ ആ മാമനും മാമിയും പാത്തുവിന്റെ വീട്ടിൽ വന്നപ്പോ പറഞ്ഞത്….priya a s ,childrens stories, iemalayalam

നമ്മള്‍ വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ ആയല്ലോ. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് ജൂണ്‍ മൂന്നു വരെ കഥകളായി നമ്മളെത്തി നില്‍ക്കുന്നു.

നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത്, ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞു തരാനാവൂ.

നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ ചേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ? കഥകള്‍ക്ക് താഴെ കമന്റ്‌ ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു…

Read More Stories for Children by Priya AS here

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook