കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ?… എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ.

നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം.

വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

അമ്മൂമ്മയുടെ കാക്കകള്‍

സ്വന്തമായി കാക്കകള്‍ നാലുണ്ട് അമ്മൂമ്മയ്ക്ക്.
ഇന്ദിര, ത്രേസ്യാമ്മ, ജോസഫ്, അക്ബര്‍ എന്നിങ്ങനെയാണ് അമ്മൂമ്മ അവരെ വിളിക്കുന്നത്.
തടിച്ചവന്‍ ജോസഫ്. മെലിഞ്ഞത് അക്ബര്‍.
കരിങ്കാക്ക ത്രേസ്യാമ്മ.
ചാരനിറക്കാക്ക ഇന്ദിര.
്അങ്ങനെയാണ്അമ്മൂമ്മ പറയാറ്.
അമ്മൂമ്മയാണ് രാവിലെ ആദ്യമുണര്‍ന്ന് അടുക്കളയില്‍ കയറുന്നത്.
തലേ ദിവസത്തെ ചോറോ ദോശയോ ഇരിക്കുന്നതെടുത്ത് അമ്മൂമ്മ അടുക്കളക്കു പുറകിലെ മുറ്റത്തുള്ള നാരകത്തിന്റെ ചോട്ടില്‍ കൊണ്ടു ചെന്നിടും.
നാലു കാക്കകള്‍ അപ്പോള്‍ ആരോ വിളിച്ചതു പോലെ പറന്നു വരും.  അമ്മുമ്മയെ നോക്കി ‘കാ കാ എന്ന് താങ്ക് യു താങ്ക് യു എന്നു പറയുമ്പോലെ ഒച്ചവെക്കും. എന്നിട്ട് ദോശപ്പൊട്ടും ചോറുവറ്റുമൊക്കെ കൊത്തിയെടുത്ത് മതിലിന്മേലിരുന്ന് അതൊക്കെത്തിന്നും.
അല്ലെങ്കില്‍ ചിലപ്പോള്‍ വാവ കാക്കുഞ്ഞുങ്ങളുടെ കുഞ്ഞി വായിലേക്ക് വച്ചു കൊടുക്കാനായി അവര്‍ പറന്നു പോകും.
ചിലപ്പോള്‍ കൊടുത്തതൊന്നും തിന്നാതെ ,ത്രേസ്യാമ്മ പിന്നെയും കാ കാ എന്നു കരയും .
അപ്പോള്‍ അമ്മൂമ്മ ചോദിക്കും. വെള്ളം വേണോ ?
അപ്പോള്‍ ത്രേസ്യാമ്മ അമ്മൂമ്മയുടെ മുഖത്തു നോക്കി കാകാ എന്നു പറയും.
അതു ശരി, നിനക്ക് ദാഹമുണ്ടല്ലേ എന്നു ചോദിച്ച് അമ്മൂമ്മ ചെന്ന് മുറ്റത്തുവച്ചിരിക്കുന്ന മണ്‍പാത്രം നോക്കും .അതു ശരി,വെള്ളം തീര്‍ന്നു അല്ലേ എന്നു ചോദിച്ച് വെള്ളം കൊണ്ടുപോയി അതില്‍ നിറയ്ക്കും. ജോസഫിനോട് അമ്മൂമ്മ ചോദിയ്ക്കും കുഞ്ഞുങ്ങളൊക്കെ വലുതായോ ?
അക്ബര്‍, അമ്മൂമ്മ മുറ്റത്തേക്കിറങ്ങിയാല്‍ അമ്മൂമ്മയുടെ തലയ്ക്കിട്ട് ഒരു കളിക്കൊത്തു കൊടുക്കും.വികൃതി കൂടുന്നുണ്ട് എന്നപ്പോ അമ്മൂമ്മ അവനോട് ചിരിയ്ക്കും.priya a s , story, childrens stories,iemalayalam
ഇന്ദിരയോട് എന്താ ഒരു സങ്കടം,മുട്ട വിരിഞ്ഞില്ലേ ,വിരിയും കേട്ടോ എന്നു പറഞ്ഞ് സമാധാനിപ്പിക്കും.
ഇവരുടെയൊക്ക ഭ3ഷ അമ്മൂമ്മയ്‌ക്കെങ്ങനെ മനസ്സിലാകുന്നുവെന്ന് നിധിക്കുട്ടിയ്ക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായിട്ടില്ല.
ഇന്നാളൊരു രസമുണ്ടായി.
രാവിലെ എണീറ്റ് യൂണിഫോമൊക്കെയിട്ട് നിധി സ്‌ക്കൂളില്‍പ്പോകാന്‍ തയ്യാറായി പുറത്തേക്കു വന്നപ്പോഴുണ്ട് ടെലഫോണ്‍ വയറില്‍ അമ്പിളി വട്ടത്തില്‍ എന്തോ ഒന്ന്. ആദ്യം നിധി വിചാരിച്ചത് ആരാണ് ഇത്ര ഉയരത്തിലെ ടെലിഫോണ്‍വയറില്‍ തുണി ഉണക്കാന്‍ കൊണ്ടിട്ടിരിക്കുന്നത് എന്നാണ് .
ശ്രദ്ധിച്ചപ്പോഴല്ലേ മനസ്സിലായത് ,അതൊരു മുഴുവന്‍ ദോശയാണ്.
അതിട്ടയാള് അടുത്തിരിപ്പുണ്ട്.ഇന്ദിരക്കാക്ക…!
നിധി ,അമ്മൂമ്മേ ഇതു കണ്ടോ എന്നു അകത്തേക്കു നോക്കി വിളിച്ചുപറഞ്ഞു.
എന്നും അമ്മൂമ്മ ദോശ കൊടുക്കുന്നതിനു പകരം ദേ ഇന്ന് ഇന്ദിര അമ്മൂമ്മയ്ക്ക് ദോശ കൊണ്ടുവന്നിരിക്കുന്നു.
അമ്മൂമ്മ അതു കണ്ട് കുടുകുടെ ചിരിച്ചു. നേരാണോ ഇന്ദിരേ എന്നു വിളിച്ചു ചോദിച്ചു. അവള്‍ കാകാ എന്നു പറഞ്ഞു.
ഞാന്‍ മാത്രമല്ല ,ജോസഫും അക്ബറും ത്രേസ്യാമ്മയും ഉണ്ടായിരുന്നു കൂട്ടത്തില്‍ എന്നാണവള്‍ പറഞ്ഞതെന്ന് അമ്മൂമ്മ പറഞ്ഞു.
നിധി അന്നു മുഴുവന്‍ ആലോചിച്ചു,അമ്മൂമ്മയെ ആരാണ് കാക്കകളുടെ ഭാഷ പഠിപ്പിച്ചത്?
കുറേനാള്‍ കഴിയുമ്പോള്‍ നിധിക്കും അതു മനസ്സിലാകും എന്ന് അന്ന് വൈകുന്നേരം നിധിയോട് അമ്മൂമ്മ പറഞ്ഞു.

 പത്തിരി

ഞായറാഴ്ചയായിരുന്നു.
എനിക്കിന്ന് രാത്രിയിലേക്ക് ആഹാരം ഉണ്ടാക്കാന്‍ തോന്നുന്നില്ല എന്ന് അമ്മ, അച്ഛനോട് പറഞ്ഞു. പുറത്തു പോയി കഴിച്ചാലോ എന്നു ചോദിച്ചു അച്ഛന്‍.

തേങ്ങാപ്പാലില്‍ മുക്കിയ നനുനനാ പത്തിരിയുള്ള അടുത്ത റെസ്‌റ്റോറന്റില്‍ പോയി അവര്‍ മൂന്നാളും. മാങ്‌ഗോ സ്മൂത്തിയും കൂടി കഴിച്ചപ്പോള്‍ വാങ്ങിയ നാല് പത്തിരിയും കുറച്ച് ചിക്കന്‍ 65 ഉം ബാക്കിയായി. ഭക്ഷണം പാഴാക്കാന്‍ പാടില്ല എന്നാണ് അച്ഛന്‍ പറയാറ്.

അത് പാക് ചെയ്‌തോളൂ എന്ന് അക്കു വെയിറ്ററിനോട് പറഞ്ഞു.അങ്ങനെ ഫുഡ് പാക്കറ്റും പിടിച്ച് അവര്‍ സ്റ്റെപ്പിറങ്ങുമ്പോഴാണ് താഴെ കാര്‍ പാര്‍ക്കിനരികില്‍ ഒരു പൂച്ചയമ്മ, പൂച്ചക്കുഞ്ഞിന് പാലു കൊടുത്തു കൊണ്ട് കിടക്കുന്നതു കണ്ടത്.
ഒരു വളയം പോലെ കിടന്ന് ആ വളയത്തിനകത്ത് ആ കുഞ്ഞനെ പൊതിഞ്ഞു പിടിച്ചിരിക്കുകയാണ് പൂച്ചയമ്മ.
അക്കു ഒന്നു നിന്ന് എത്തിനോക്കി.
എന്നിട്ട് അച്ഛനെയും അമ്മയെയും കാണിച്ചു കൊടുത്തു.
എന്നിട്ട് ചോദിച്ചു. ഞാന്‍ പോയി ഒന്നു നോക്കിക്കോട്ടെ അടുത്തു ചെന്ന് ?
പ്രസവിച്ചു കിടക്കുന്ന പൂച്ചയാണ്, അറിയാത്ത ആരെങ്കിലും അടുത്തുചെന്നാല്‍ അവളുടെ കുഞ്ഞിനെ ആക്രമിക്കാന്‍ ചെല്ലുകയാണെന്നു വിചാരിക്കും അവള്, മാന്തൊന്നും കിട്ടാതെ നോക്കണേ എന്നമ്മ പറഞ്ഞു.
അടുത്ത് ചെന്ന് അക്കു നിന്നപ്പോള്‍, പൂച്ചയമ്മ തിരിഞ്ഞ് അവളുടെ മുഖം നീട്ടി.
നക്കാനാണോ മാന്താനാണോ എന്ന് അക്കൂന് സംശയം വന്നുവെങ്കിലും അക്കു അവിടെത്തന്നെ നിന്നു.എന്നിട്ട് കുനിഞ്ഞ് അവളെ തൊട്ടു. എന്നിട്ട് കഴുത്തിലെ രോമത്തില്‍ തലോടി.priya a s , story, childrens stories
അവള്‍ അനങ്ങാതെ ഇരുന്നു കൊടുക്കുന്നതു കണ്ടപ്പോള്‍ അമ്മയ്ക്ക് ആശ്വാസമായി.
പെട്ടെന്ന് അക്കു ചോദിച്ചു ,ആ പത്തിരി അവള്‍ക്കു കൊടുക്കട്ടെ അമ്മേ ?
സില്‍വര്‍ ഫോയില്‍ തുറന്ന് അമ്മ കൊടുത്ത പത്തിരി അക്കു പൂച്ചയമ്മയുടെ മുമ്പില്‍ കഷണങ്ങളാക്കി വച്ചു കൊടുത്തു. പത്തിരിയില്‍ നിന്ന് ഇറ്റുന്ന തേങ്ങാപ്പാല്‍ നക്കി നക്കി,  അക്കുനോട് നന്ദി പറയുമ്പോലെ മുഖമുയര്‍ത്തി അവളിരിക്കുകയും പൂച്ചക്കുഞ്ഞന്‍ അമ്മയുടെ പാല്‍ നുണഞ്ഞ് കുടിക്കുകയും ചെയ്തു.
അവളത് മുഴുവന്‍ തിന്നു കഴിഞ്ഞപ്പോള്‍ അക്കു ,മെല്ലെ മെല്ലെ അവളെ തിരിഞ്ഞുനോക്കി തിരിച്ചു കയറിപ്പോന്നു.
അവള്‍ക്ക് വല്ലാതെ വിശക്കുന്നുണ്ടായിരുന്നു എന്നു തോന്നുന്നു എന്ന് അമ്മ പറഞ്ഞു.
പാവം എന്ന് അച്ഛനും.
നാളെയും ഇവിടെ വന്ന് നമുക്കിവള്‍ക്ക്, ഈ ഇക്കുക്കുവിന് ആഹാരം കൊടുത്താലോ എന്ന് അക്കു ചോദിച്ചു കാറിലേക്കു കയറുമ്പോള്‍.
ആഹാ ,അതിനിടെ നീ അവള്‍ക്ക് പേരുമിട്ടോ എന്നു ചോദിച്ച അമ്മ .
നല്ല പേരല്ലേ എന്നു ചോദിച്ചു അക്കു.
പൂച്ചമ്മയുടെ  പൂച്ചക്കുഞ്ഞന് പറ്റിയ ഒരു പേര് ആലോചിക്കാന്‍ തുടങ്ങി.
പത്തിരി തിന്ന അമ്മയുടെ കുഞ്ഞന് , ഇത്തിരി എന്നു പേരിട്ടാലോ നമുക്ക് എന്നു ചോദിച്ചു അച്ഛന്‍…
പറയ്, അതു മതിയോ പേര് നമ്മുടെ കഥയിലെ പൂച്ചക്കുഞ്ഞന് ?

നമ്മള്‍ വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് രണ്ടാഴ്ചയായി. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് ഒന്നു വരെ കഥകളായി നമ്മളെത്തി നില്‍ക്കുന്നു.

നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത് ,ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞുതരാനാവൂ…

നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ പേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ?  കഥകള്‍ക്ക് താഴെ കമന്റ്‌ ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു… 

Read More Stories for Children by Priya AS here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook