കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ? എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

അമ്മ- ഗവൺമെന്റ്

അമ്മുവും കൂട്ടരും മുറ്റത്തിരുന്ന് വീടുണ്ടാക്കി കളിക്കുകയായിരുന്നു. അമ്മയുടെ കൂടെയിരുന്ന് ഫാനി ചുഴലിക്കാറ്റ് വർത്തമാനങ്ങൾ റ്റിവി യിൽ കണ്ട് മടുത്തപ്പോഴാണ് വീടിനടുത്തുള്ള കൂട്ടുകാരെ സംഘടിപ്പിച്ച് അമ്മു കളി തുടങ്ങിയത്.

അപ്പുവിന്റെ ക്രിക്കറ്റ് കളിയുടെ സ്റ്റംപുകൾ തൂണുകളാക്കി അമ്മയുടെ ഷാൾ അതിന്മേൽ വലിച്ചു കെട്ടി – അങ്ങനെയൊക്കെയായിരുന്നു അവരുടെ കളിവീട്.

അവരങ്ങനെ രസിച്ചിരിക്കുമ്പോഴാണ് കാറ്റു വന്നത്. മഴയ്ക്കു മുൻപുള്ള കാറ്റായിരുന്നു അത്. ഇലകളൊക്കെ പറന്നവരുടെ വീടിന്റെ തുണിമേൽക്കൂരയിൽ വീണു.

ക്രിക്കറ്റ് സ്റ്റംപ് തൂണുകളിളകി വീടപ്പാടെ മറിഞ്ഞു വീണു. വീട്ടുകാർ സങ്കടത്തിലായി, ചിലർ കരഞ്ഞു.

അപ്പോൾ അമ്മു അവരെ സമാധാനിപ്പിച്ചു. ഇപ്പോൾ ഗവൺമെന്റിൽ നിന്ന് രക്ഷാ പ്രവർത്തകർ വരും, നമ്മളെ രക്ഷിക്കും,  ക്യാമ്പിൽ കൊണ്ടുപോയി താമസിപ്പിക്കും.

അപ്പോൾ അമ്മ, മഴച്ചാറ്റലിനിടയിലൂടെ നടന്നു വന്ന് ‘വാ, അകത്തേയ്ക്ക്, മഴ കഴിഞ്ഞിട്ട് പോയാൽ മതി കേട്ടോ’ എന്നു പറഞ്ഞ് എല്ലാവരെയും കൂട്ടി അകത്തേക്കു നടന്നു.

‘വീടു പോയത് സാരമില്ല, വേറെ വീടുണ്ടാക്കാൻ പഴയ സാരിയോ പുതപ്പോ തരാം നാളെ’ എന്നമ്മ പറഞ്ഞു. എന്നിട്ട് അമ്മ അവർക്കെല്ലാം ദോശ ചുട്ടു കൊടുത്തു.

‘ഫാനി ചുഴലിക്കാറ്റിൽ വീടു നഷ്ടപ്പെട്ട അഭയാർത്ഥികളാണ് ഞങ്ങൾ, നിങ്ങൾ ഞങ്ങൾക്കു ചെയ്തു തരുന്ന എല്ലാ സഹായങ്ങൾക്കും നന്ദി’ എന്ന് അമ്മു പറഞ്ഞു. അമ്മ -ഗവൺമെന്റ് അപ്പോൾ, ‘റ്റിവി കാണുന്നതു കൊണ്ട് അപ്പോ ഗുണമുണ്ടല്ലേ’ എന്നു പറഞ്ഞ് കുടുകുടെ ചിരിച്ചു.priya a s, childrens stories,iemalayalam

ബലൂൺ

അന്നയുടെ പിറന്നാളായിരുന്നു. ‘ഹാപ്പി ബർത്ഡേ’ എന്ന് പാടാനും കേക്കു മുറിയ്ക്കാനും പിറന്നാൾ സദ്യയുണ്ണാനും അടുത്ത വീടുകളിലെ കുട്ടികളെല്ലാം വന്നിരുന്നു.

അവരെല്ലാം പിന്നെ കളിയോട് കളിയായി. വീർപ്പിച്ചിട്ടിരുന്ന പല തരം ബലൂണുകളുടെ കടലിലൂടെ ബലൂണുകൾ തട്ടിത്തെറിപ്പിച്ചും എറിഞ്ഞു കളിച്ചും ചവിട്ടിപ്പൊട്ടിച്ചും അവർ ഓടിക്കൊണ്ടേയിരുന്നു.

‘കളിക്കുന്നതിനിടെ ബലൂണുകൾ തട്ടിപ്പൊട്ടിക്കോട്ടെ, പക്ഷേ പൊട്ടിക്കണം എന്നു വിചാരിച്ച് പൊട്ടിക്കരുത്’ എന്നു പറഞ്ഞ് അമ്മ അപ്പോൾ അങ്ങോട്ടു കടന്നു വന്നു.

‘ഒറ്റ ബലൂണും കളിക്കാൻ കിട്ടാത്ത ഒരു പാടു കുട്ടികളുണ്ട് ഈ നാട്ടിൽ’ എന്നമ്മ പറഞ്ഞു. പെട്ടെന്നവരെല്ലാം നിശബ്ദരായി, ബലൂണുകൾ കുത്തിയും ചവിട്ടിയും പൊട്ടിയ്ക്കുന്നത് നിർത്തി അവരെല്ലാം ശാന്തരായി.

ബലൂണുകൾ കാറ്റത്ത് അവർക്കിടയിലൂടെ പറന്നു നടക്കുന്നതും നോക്കി അവർ നിന്നു. ഇപ്പോൾ വരും ഒരു കുട്ടി, ‘എനിയ്ക്കൊരു ബലൂൺ തരുമോ ?’ എന്നു ചോദിച്ച് എന്ന് പെട്ടെന്ന് അന്നയ്ക്ക് തോന്നി.

അന്ന, അവൾ വരുന്നുണ്ടോ എന്ന് നോക്കി ഒരു ബലൂണും പിടിച്ച് ജനലരികിൽ പോയി നിന്നു. അങ്ങനെ ഒരു കുട്ടി വരുമായിരിക്കും ഇല്ലേ…?priya a s, childrens stories,iemalayalam

നമ്മള്‍ വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ ആയല്ലോ. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് പതിനാലു വരെ കഥകളായി നമ്മളെത്തി നില്‍ക്കുന്നു.

നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത് ,ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞുതരാനാവൂ…

നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ പേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ?  കഥകള്‍ക്ക് താഴെ കമന്റ്‌ ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു… 

Read More Stories for Children by Priya AS here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook