കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ? എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

അല്ലികള്‍

അണ്ണാറക്കണ്ണന്‍ നോക്കി മാവിന്‍കൊമ്പത്തിരുന്ന്.
അല്ലിയുടെ അമ്മയുടെ കമ്മല്‍ പോലെ നീണ്ടു കിടന്ന് കാറ്റത്താടിക്കളിയ്ക്കുന്നു വേറൊരു ചില്ലയില്‍ ഒരു മാങ്ങാക്കുല.
ഒരു കുലയില്‍ നാലെണ്ണം.
നല്ലോണം മൂത്തു പഴുത്തിട്ടുണ്ട്.
വിശപ്പൊക്കെ മാറിയിരിക്കുകയാണ് സപ്പോട്ടക്ക തിന്ന്.
പക്ഷേ ചുമ്മാ ഇരിക്കുവല്ലേ, ഒരു രസമൊക്കെ വേണ്ടേ, പഴുത്തമാങ്ങാ ഒന്ന് കടിച്ചുനോക്കിയേക്കാം.
അണ്ണാരക്കണ്ണന്‍ ഈ മാവിന്‍ കൊമ്പത്തുനിന്ന് മറ്റേ മാവിന്‍ കൊമ്പത്തേക്ക് ഒരു ചാട്ടം. പക്ഷേ ചാട്ടത്തിന്റെ ഉന്നം ശരിയായില്ല.
ദേ കിടക്കണു പടുക്കോന്ന് നമ്മടെ അണ്ണാരക്കണ്ണന്‍ നടുവും തല്ലി മുറ്റത്ത്. കൂടെ ആ പഴുത്ത മാങ്ങയും വീണു.
നൊന്തിട്ട് വയ്യ. കാലാണോ തലയാണോ നടുവാണോ വേദനിക്കുന്നത് ആവോ ?
അപ്പോഴുണ്ട് അല്ലി വരുന്നു !
ഓറഞ്ചുടുപ്പിട്ട് ഒരോറഞ്ച് അല്ലിപോലെയാണ് അല്ലിയുടെ വരവ്…
അണ്ണാരക്കണ്ണന് പേടിയായി, ഇന്നാളൊരു ദിവസം,  ഞാന്‍ നോക്കി വച്ച മാങ്ങാ കാരിത്തിന്നു നീയ് അല്ലേ പോക്കിരീ എന്നു ചോദിച്ച്, ഞാന്‍ നിന്നെ കല്ലെടുത്തെറിയുമേ എന്നു പറഞ്ഞ കുട്ടിയാണ് ഈ അല്ലി.priya a s , story
പക്ഷേ ഇപ്പോഴോ,  അവന്റെ കിടപ്പു കണ്ടതും അയ്യോടാ, എന്തു പറ്റി, ചാട്ടം പിഴച്ചോ, നിനക്കു വിശന്നോ എന്നെല്ലാം ചോദിച്ച് അല്ലി അവനെ പുന്നാരിച്ചു കൈയിലെടുത്തു.
എന്നിട്ട് അവളുടെ കുഞ്ഞിക്കൈകൊണ്ട് അവനു വേദനിക്കാതെ മെല്ലെ തിരുമ്മിക്കൊടുത്തു.
പിന്നെ അവനെ മാവിലേക്കു തന്നെ ഓടിക്കയറാന്‍ വിട്ടു. പിന്നെ താഴെ വീണ മാങ്ങാ എടുത്തകത്തു കൊണ്ടുപോയി പൂളി ചെറിയ കഷണങ്ങളാക്കി ചവിട്ടുപടിയിലിരുന്ന് തിന്നാന്‍ തുടങ്ങി.

ഒരു ചിരട്ടയെടുത്ത്, അണ്ണാരക്കണ്ണനുള്ള പങ്ക്, ഇത് നീയല്ലേ പറിച്ചത് എന്റെ മഹാനേ എന്നു ചിരിച്ച് മാവിന്‍ ചുവട്ടില്‍ കൊണ്ടുപോയി വച്ചു കൊടുത്തു.
വിശക്കുന്നില്ലായിരുന്നെങ്കിലും അല്ലിയോട് സ്‌നേഹം വന്നിട്ട് വയ്യായിരുന്നു അണ്ണാരക്കണ്ണന്. അതുകൊണ്ടാവും അവന്‍ വയ്യാത്ത നടുവും വച്ചാണെങ്കിലും അമ്മു മുറിച്ച മാങ്ങ തിന്നാന്‍ ഓടിപ്പാഞ്ഞിറങ്ങിവന്നത്.  എത്ര സ്‌നേഹഅല്ലികളാണ് നമുക്കു ചുറ്റിലും,അല്ലേ!

 

ഉമ്മുഖൊല്‍സു

ഉമ്മുഖൊല്‍സുവിന് കമ്മലോ മാലയോ മുക്കുത്തിയോ വളയോ കൊലുസോ ഒന്നുമില്ലായിരുന്നു.

അവള്‍ താമസിക്കുന്നയിടത്തെ കുട്ടികള്‍ക്കാര്‍ക്കും അത്തരം ആഭരണങ്ങളൊന്നുമില്ലായിരുന്നു.
അതൊരു അനാഥാലയമായിരുന്നു.
പെണ്‍കുട്ടികള്‍ക്കുമാത്രമുള്ള അനാഥാലയം.

ആരുമില്ലാത്ത കുട്ടികളെയാണ് അനാഥര്‍ എന്നു പറയുന്നത്.അനാഥരുടെ വീടിനാണ് അനാഥാലയം എന്നു പറയുക. ആലയം എന്നാല്‍ വീട് എന്നാണര്‍ത്ഥം.
നല്ല പെരുമാറ്റവും നല്ല വകതിരിവും നല്ല ബുദ്ധിയുമൊക്കെയുള്ളവരല്ലേ നിങ്ങള്‍, അതൊക്കെത്തന്നെയാണ് ഏറ്റവും നല്ല ആഭരണങ്ങള്‍ എന്ന് സിസ്റ്റര്‍ കൊച്ചുത്രേസ്യ അവരോട് പറഞ്ഞു.

അനാഥാലയത്തിനു തൊട്ടരികിലെ മാവിന്‍ കൂട്ടത്തിലെ മിന്നാമിനുങ്ങുകള്‍ രാത്രിയില്‍ കൂട്ടമായി കുട്ടികളുടെ മുറിയിലേക്ക് വന്ന് അവരെ ആര്‍ക്കുമില്ലാത്തതരം ആഭരണങ്ങളണിയിക്കുന്നത് അവര്‍ക്കും സിസ്റ്ററിനും മാത്രമേ അറിയൂ.priya a s, story
പാത്തുവിന് മുക്കിന്മേല്‍ ഒരു മൂക്കുത്തി മിന്നാമിന്നി.
ലില്ലിയ്ക്ക് ലോക്കറ്റായി ഒരു മിന്നാമിന്നി.
മിഴിയ്ക്ക് കമ്മലായി രണ്ടു കാതിലും ഓരോ മിന്നാമിന്നി.
ചക്കരയ്ക്ക് വളയായി ഓരോ കൈയിലും ഒരു കൂട്ടം മിന്നാമിന്നി.
മിന്നാമിന്നികള്‍ ആഭരണം ചാര്‍ത്തിക്കൊടുക്കുന്ന കുട്ടികളാണ് ലോകത്തേക്കു വച്ചേറ്റവും ഭാഗ്യമുള്ളവര്‍ എന്ന് സിസ്റ്റര്‍ പറഞ്ഞു.

ഇനി മിന്നാമിന്നികളെ കണ്ടാല്‍ ശ്രദ്ധിക്കണേ.
അവര്‍ ഉമ്മുഖൊല്‍സുവിന്റെയും കൂട്ടരുടെയും അടുത്തുന്നു വരുന്നതായിരിക്കും.
നിങ്ങളോട് ഖൊല്‍സുവിന്റെയും ചക്കരയുടെയും മിഴിയുടെയും ലില്ലിയുടെയും വിശേഷം പറയാന്‍ വരുന്നതായിരിക്കും.
ചിലപ്പോള്‍ അവര്‍ പറഞ്ഞിട്ട് നിങ്ങളെയും മിന്നാമിന്നി മൂക്കുത്തിയോ ലോക്കറ്റോ അണിയിക്കാന്‍ വരുന്നതാവും.  അതുകൊണ്ട് ഇനി മിന്നാമിന്നികളെക്കണ്ടാല്‍, പണ്ടുള്ളതിനേക്കാള്‍ സ്‌നേഹത്തോടെ അവരെ നോക്കണേ…

Read More: വേനലൊഴിവിന് പ്രിയ എ എസിന്‍റെ കുഞ്ഞു കഥകള്‍, വായിക്കാം, കേള്‍ക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook